DCBOOKS
Malayalam News Literature Website

ലോക്ക് ഡൗണ്‍കാലത്തെ കുറ്റകൃത്യങ്ങള്‍: ലാജോ ജോസ് എഴുതുന്നു

ലോക്ക് ഡൗണ്‍കാലത്തെ കുറ്റകൃത്യങ്ങള്‍: ലാജോ ജോസ് എഴുതുന്നു

ലോക്ഡൗണ്‍ കാലത്ത് മനസ്സ് മുഴുവന്‍ ആകുലതകളാണ്. എത്രയോ ആളുകളാണ് മരിച്ചു കൊണ്ടിരിക്കുന്നത്! എത്രയോ കോടി ജനങ്ങളാണ് പട്ടിണിയിലേക്ക് വീണുകൊണ്ടിരിക്കുന്നത്. ആര്‍ത്തിയും അഹങ്കാരവും അതിജീവനത്തിന് വഴിമാറുന്ന കാഴ്ച്ചയാണ് ലോകമെങ്ങും. എത്ര പണവും പ്രതാപവും ഉണ്ടായിട്ടും ഒരു കാര്യവുമില്ലന്നുള്ള യാഥാര്‍ത്ഥ്യം ഓരോ നിമിഷവും നമ്മളെ ഓര്‍മ്മിപ്പിക്കുന്നുണ്ട്. താഴ്ന്ന വരുമാനത്തില്‍ ജീവിച്ചിരുന്ന ജനവിഭാഗത്തിന്റെ കാര്യമാണ് കഷ്ടം. എങ്ങനെയെങ്കിലും ഒരു ദിവസം തള്ളി നീക്കാന്‍ കഷ്ടപ്പെട്ടിരുന്നവര്‍ എങ്ങനെയാണ് ഇനി മുന്നോട്ടു പോവുക?

തയ്യാറെടുപ്പുകള്‍ക്ക് വേണ്ടി സമയം ചോദിക്കാനാണ് ലോക്ഡൗണ്‍ എന്നായിരുന്നു ഞാന്‍ കരുതിയിരുന്നത്. കാരണം, പ്രതിരോധ മരുന്ന് കണ്ടു പിടിക്കുന്നത് ഈ രോഗം പടര്‍ന്നു കൊണ്ടേയിരിക്കും എന്നാണ് ഇതുവരെയുള്ള സംഭവങ്ങള്‍ കാണിച്ചുതരുന്നത്. ഒരു ദിവസം ആയിരം, പതിനായിരം ആള്‍ക്കാര്‍ക്കൊക്കെ ഈ രോഗം വരാനുള്ള സാദ്ധ്യത വിദൂരമല്ല. ഇവരെയൊക്കെ ചികിത്സിക്കാന്‍ തക്ക തയ്യാറെടുപ്പുകള്‍ നമ്മുടെ രാജ്യത്തുണ്ടോ? നിസ്സഹായരായ ജനങ്ങള്‍ നമ്മുടെ കണ്മുന്നില്‍ മരിച്ചുവീഴില്ലേ? ലോക്ഡൗണ്‍ നീളുമ്പോള്‍ ജനങ്ങളുടെയും സര്‍ക്കാറിന്റെയും സാമ്പത്തിക സ്ഥിതി എന്താവും? നമ്മളിപ്പോഴും ഈ മഹാമാരിയുടെ പിടിയില്‍ അമര്‍ന്നിട്ടില്ല. ഇപ്പോഴും അത്യാവശ്യം കാര്യങ്ങള്‍ നടന്നു പോകുന്നുണ്ട്. ഈ ദിനങ്ങള്‍ നീണ്ടാല്‍?

പ്രകൃതി ചെയ്‌തൊരു പാപത്തിന് പ്രായശ്ചിത്തമല്ലേ ഈ രോഗം എന്നൊരു സംശയം. പരിണാമത്തിന്റെ ഉന്നതസൃഷ്ടി എന്ന അഹങ്കാരം തലയില്‍ വച്ചു നടന്ന മനുഷ്യന്‍ പ്രകൃതിയോട് എന്താണ് ചെയ്തത്? മനുഷ്യന്‍ നശിപ്പിക്കാത്ത, ചൂഷണം ചെയ്യാത്ത, മലിനമാക്കാത്ത എന്ത് പ്രകൃതിവിഭവമാണ് ഭൂമിയിലുള്ളത്? എത്രയോ ജീവജാലങ്ങളുടെ വംശനാശം വരുത്തിയിരിക്കുന്നു? കണക്കില്ലാതെ പെറ്റുപെരുകുന്ന, പെറ്റുപെരുകുന്നിടത്തെ വിഭവങ്ങള്‍ തീരുമ്പോള്‍ അടുത്ത സ്ഥലം തേടിപ്പോകുന്ന ഭൂമിയുടെ യഥാര്‍ത്ഥ വൈറസ് ആയ മനുഷ്യരാശിയ്ക്ക് കടിഞ്ഞാണിടാന്‍ പ്രകൃതി തന്നെ സൃഷ്ടിച്ച മറുമരുന്നല്ലേ ഈ കോവിഡ് 19 എന്ന സംശയത്തിന് ആക്കം കൂടുന്നു.

ലോക്ഡൗണ്‍ കാലത്ത് എല്ലാവരും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമാവും കുറ്റകൃത്യങ്ങളുടെ കുറവ്. യഥാര്‍ത്ഥത്തില്‍ അത് കുറ്റകൃത്യങ്ങളുടെ കുറവാണോ അതോ പുറംലോകം അറിയാത്തതോ? ലോക്ഡൗണിന് തലേന്ന് വരെ കുറ്റകൃത്യം ചെയ്തവര്‍, ചെയ്യാന്‍ തയ്യാറെടുത്തവര്‍ മാനസാന്തരപ്പെട്ടു എന്നാണോ? പിശാചുക്കള്‍ എന്നും പിശാചുക്കളാണ്. കുറ്റകൃത്യം ചെയ്തവര്‍ക്ക് തെളിവുകള്‍ നശിപ്പിക്കാനും ഒളിപ്പിക്കാനും ധാരാളം സമയം ഇപ്പോഴുണ്ട്. എത്രയോ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ടാകും? സ്വന്തം വീട്ടില്‍ എത്രയോ കുട്ടികള്‍, സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടാകും? എത്രയോ ആത്മഹത്യകള്‍ നടന്നിട്ടുണ്ടാകും? എത്രയോ പേര്‍ക്ക് മാനസികനില തെറ്റിയിട്ടുണ്ടാകും! നാം കണ്ടുകൊണ്ടിരിക്കുന്നത് മഞ്ഞുമലയുടെ ഒരു ഭാഗം മാത്രമാണ്. കോവിഡ് 19 കഴിഞ്ഞുള്ള പുതുലോകത്തില്‍ ആരൊക്കെ മിച്ചമുണ്ടാകും? അറിയില്ല.

ഈ കാലം നമ്മെ പഠിപ്പിച്ച പുതുപാഠങ്ങളുമായിട്ടാവുമോ നാം പുതിയ ഭൂമിയും ആകാശവും കാണുക? ഒരിക്കലുമില്ല. കാരണം നമ്മള്‍ മനുഷ്യരാശിയാണ്. അഹങ്കാരമാണ് നമ്മുടെ മുഖമുദ്ര.

Comments are closed.