DCBOOKS
Malayalam News Literature Website

സാധാരണക്കാരില്‍ പരിഭ്രാന്തിയുണ്ടാക്കുന്ന ആ രോഗം ലോകജനസംഖ്യയുടെ 99.4 ശതമാനവും ഇല്ലാതാക്കും, സ്റ്റീഫന്‍ കിംഗിന്റെ പ്രവചനം കൊറോണയേക്കുറിച്ചോ!

ലോകരാജ്യങ്ങളൊക്കെ ഇന്ന് കൊറോണ എന്ന മഹാമാരിയെക്കുറിച്ചാണ് ചര്‍ച്ച ചെയ്യുന്നത്. കൊറോണ വൈറസിനെക്കുറിച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ചില പുസ്തകങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിരുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സില്‍വിയാ ബ്രൗണിന്റ എന്‍ഡ് ഓഫ് ഡെയ്‌സ്,ഡീന്‍ കൂന്‍ട്‌സിന്റെ ദ ഐയ്‌സ് ഓഫ് ഡാര്‍ക്‌നെസ് എന്നീ നോവലുകളിലാണ് കൊറോണയ്ക്ക് സമാനമായ രോഗങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരുന്നതായി കണ്ടെത്തിയത്.

ഇപ്പോഴിതാ പ്രശസ്ത അമേരിക്കന്‍ എഴുത്തുകാരനായ സ്റ്റീഫന്‍ കിംഗിന്റെ ‘ദി സ്റ്റാന്‍ഡ്’ എന്ന നോവലിലാണ് രോഗത്തെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട് വന്നിരിക്കുന്നത്. 16 വര്‍ഷം മുന്‍പാണ് ഈ നോവല്‍ പുറത്തിറങ്ങിയത്. ഹൊറര്‍, സസ്‌പെന്‍സ്, ഫാന്റസി നോവലുകളുടെ രചയിതാവാണ് സ്റ്റീഫന്‍ കിംഗ്.

കൊറോണ വൈറസുമായി സാമ്യമുള്ള ക്യാപ്ടന്‍ ട്രിപ്പുകള്‍ എന്ന സൂപ്പര്‍ ഫ്‌ലൂ പൊട്ടിപ്പുറപ്പെടുന്നതിനെ ചുറ്റിപ്പറ്റിയാണ് നോവലില്‍ പറയുന്നത്. ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്ന പകര്‍ച്ചവ്യാധിക്ക് കൊറോണ വൈറസുമായി പലരീതിയിലും സാമ്യതയുണ്ട്. ആഗോള ജനസംഖ്യയെ ബാധിക്കുന്ന ഈ വൈറസ് തുടക്കത്തില്‍ കുറഞ്ഞത് 3.3 ശതമാനം ആളുകളെയെങ്കിലും ഇല്ലാതാക്കുന്നുവെന്നും നോവലില്‍ പറയുന്നു. കൊറോണ വൈറസ് പോലെ, ഇത് മനുഷ്യനില്‍ നിന്ന് മനുഷ്യനിലേക്ക് പകരുന്നതിനാല്‍ ന്യൂമോണിയ അല്ലെങ്കില്‍ സീസണല്‍ ഇന്‍ഫ്‌ലുവന്‍സയ്ക്ക് സമാനമായ ലക്ഷണങ്ങളാണ് ആളുകളില്‍ ഉണ്ടാക്കുന്നത് എന്നും നോവലില്‍ വിവരിക്കുന്നു.

ലോകജനസംഖ്യയുടെ 99.4 ശതമാനം പേരെയും ഇല്ലാതാക്കുന്ന ഈ രോഗം സാധാരണക്കാരില്‍ വലിയതോതില്‍ പരിഭ്രാന്തിയുണ്ടാക്കുമെന്നും നോവലില്‍ പറയുന്നു. പേരിടാത്ത, തിരിച്ചറിയപ്പെടാത്ത വൈറസിനെ ഇതില്‍ പ്രോജക്റ്റ് ബ്ലൂ എന്നും, പിന്നീട് ക്യാപ്റ്റന്‍ ട്രിപ്പുകള്‍ എന്നും എഴുത്തുകാരന്‍ വിളിക്കുന്നു.

 

 

Comments are closed.