DCBOOKS
Malayalam News Literature Website

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടും;കൊറോണ പ്രതിരോധത്തിന് സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍

 

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോളജുകളും പ്രൊഫഷണല്‍ സ്ഥാപനങ്ങളും, മദ്രസകളും, അങ്കനവാടികളും മാര്‍ച്ച് 31 വരെ പ്രവര്‍ത്തിക്കില്ല. പ്രത്യേക മന്ത്രിസഭാ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഒന്നു മുതല്‍ ഏഴു വരെയുള്ള ക്ലാസുകള്‍ മാര്‍ച്ച് മാസം പൂര്‍ണമായും അടച്ചിടും. എട്ട്, ഒമ്പത് ക്ലാസുകളില്‍ പരീക്ഷ നടക്കും. എസ്.എസ്.എല്‍.സി പരീക്ഷയ്ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന ജാഗ്രതയോടെയാകും ഈ പരീക്ഷകളും നടത്തുക. സ്‌പെഷ്യല്‍ ക്ലാസുകള്‍, ട്യൂഷന്‍ എന്നിവയും മാര്‍ച്ച് 31 വരെ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്.

കല്യാണങ്ങള്‍ ചെറിയ ചടങ്ങുകളായി ചുരുക്കണം. ജനങ്ങളെ വലിയ രീതിയില്‍ അണിനിരത്തുന്നത് ആരാധനാലയങ്ങള്‍ ഒഴിവാക്കണം. സര്‍ക്കാര്‍ പരിപാടികളും ഒഴിവാക്കും. നിയമസഭാ സമ്മേളനം നടത്തും.

രോഗം പരമാവധി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും രോഗവിവരം മറച്ചുവയ്ക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Comments are closed.