DCBOOKS
Malayalam News Literature Website

എം മഞ്ജുവിന്റെ ‘ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ പ്രഭാവർമ്മ പ്രകാശനം ചെയ്തു

എം മഞ്ജുവിന്റെ ‘ചുവന്ന പുണ്യാളന്റെ വിശുദ്ധ സാക്ഷ്യങ്ങൾ’ എന്ന നോവൽ പ്രഭാവർമ , സി എസ്  സുജാതയ്ക്കു നൽകി പ്രകാശനം ചെയ്തു.

വിഖ്യാതമായ പുന്നപ്ര സമരത്തിന്റെ ചരിത്ര പശ്ചാത്തലത്തിലാണ് ഈ കൃതി Textരചിക്കപ്പെട്ടിരിക്കുന്നത്. ചരിത്രത്തില്‍ നിന്നുള്ള വ്യതിയാനത്തിന് അനുവദനീയമായ വഴികള്‍ ഇവിടെ പരിമിതമാണ്. ആ പരിമിതിയുടെ ചട്ടക്കൂട്ടിനുള്ളില്‍ കൃത്യമായി നിന്നുകൊണ്ട്, അപരിമേയമായ ഭാവനയുടെ മഹാചക്രവാളങ്ങളിലേക്ക് നോവല്‍ അനുവാചക മനസ്സുകളെ പറത്തിവിടുന്നുവെന്ന് പ്രഭാവര്‍മ പ്രകാശന ചടങ്ങില്‍ പറഞ്ഞു.

അതിഗംഭീരമായ ഗവേഷണത്തിന്റെ പശ്ചാത്തലമുണ്ട് ഈ കൃതിക്കു പിന്നില്‍, എന്നാല്‍ ആ ഗവേഷണം അനുവാചകനെ ഭ്രമിപ്പിക്കാനുള്ള കൃത്രിമമായ മൂലധനം നേടലല്ല. മറിച്ച് പുതിയ കാലത്തിന്റെ വിളക്കുകള്‍ തെളിക്കാനുള്ള പഴയ കാലത്തില്‍ നിന്നുള്ള ഊര്‍ജശേഖരണമാണ്. ചരിത്ര പുരുഷന്മാരെ ചരിത്രത്തില്‍ നിന്ന് അടര്‍ത്തിമാറ്റാതെ (decontextualise ചെയ്യാതെ) അവതരിപ്പിക്കുന്നു. സങ്കീര്‍ണമായ മനുഷ്യബന്ധങ്ങളിലൂടെയും മനസ്സുകടയുന്ന വൈകാരിക സന്ദര്‍ഭങ്ങളിലൂടെയുമാണു നോവല്‍ സഞ്ചരിക്കുന്നത്. കടലോരത്തിന്റെ ഭാഷ, ഒരുപക്ഷെ പുതിയ തലമുറ കേട്ടിട്ടില്ലാത്ത പഴയ മുദ്രാവാക്യങ്ങള്‍, മറവിയിലേക്കു വഴുതി വീഴുന്ന ചില വിപ്ലവഗാനശകലങ്ങള്‍ എന്നിവയൊക്കെ ചരിത്ര ഘട്ടങ്ങളെ പുനരുജ്ജീവിപ്പിക്കാനെന്ന നിലയില്‍ നോവലിസ്റ്റ് സമര്‍ത്ഥമായി ഉപയോഗിച്ചിരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ചരിത്രത്തില്‍ നിന്ന്, മനസ്സില്‍ നിന്ന്, കാലത്തില്‍ നിന്ന്, ജീവിതത്തില്‍ നിന്ന് ചീന്തിയെടുത്ത ഒരേട് എന്ന് ഈ നോവലിനെ നിസ്സംശയം അടയാളപ്പെടുത്താം. എന്നദ്ദേഹം കൂട്ടി ചേര്‍ത്തു.

ചടങ്ങില്‍ ഉഷവിനോദ് , എം ടി ബാബു , എം മഞ്ജു എന്നിവര്‍ പങ്കെടുത്തു.

Comments are closed.