DCBOOKS
Malayalam News Literature Website

പി.കെ.സി. : പുന്നപ്ര-വയലാറിന്റെ ഇതിഹാസം: പിണറായി വിജയൻ

ആര്‍ കെ ബിജുരാജിന്റെ ‘ചെങ്കോടി- കമ്യൂണിസ്റ്റ് സമരനായകന്‍ പി കെ ചന്ദ്രാനന്ദന്റെ ജീവിതകഥ’ എന്ന പുസ്തകത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതിയ മുന്‍കുറിപ്പില്‍ നിന്നും

സമാനതകളില്ലാത്ത വിപ്ലവധീരതകളുടെ വ്യക്തിത്വങ്ങളുണ്ട്. ആ നിരയിലാണ് സ. പി.കെ. ചന്ദ്രാനന്ദൻ എന്ന സ. പി.കെ.സിയുടെ സ്ഥാനം. പോരാട്ടങ്ങളും സഹനങ്ങളും ത്യാഗങ്ങളുമായി സ്വന്തം ജീവിതത്തെ മാറ്റിയ അനുപമനായ കമ്യൂണിസ്റ്റുനേതാവാണദ്ദേഹം. വെള്ളത്തിൽ മത്സ്യമെന്നപോലെ എന്നും ജനങ്ങൾക്കിടയിൽ അവരിലൊരാളായി നിന്ന് അവരെ സംഘടിപ്പിച്ച്, കമ്യൂണിസ്റ്റു പ്രസ്ഥാനം കെട്ടിപ്പടുത്ത് അസാമാന്യമായ സംഘാടനശേഷിയോടെ, അച്ചടക്കത്തികവോടെ നേതാവായി ഉയർന്നുവന്ന സഖാവ്.

പുന്നപ്ര-വയലാർ പോരാട്ടങ്ങളുടെ പ്രതീകമായിക്കഴിഞ്ഞ പേരാണ് പി.കെ.സി. എന്നത്. ദിവാൻഭരണത്തിന്റെ സാമ്രാജ്യവാഴ്ചയുടെ നിഷ്‌ഠൂര അടിച്ചമർത്തലിനെതിരേ, പകരംവയ്ക്കാനില്ലാത്ത വീറുറ്റ പോരാട്ടത്തെ നയിച്ചാണ് പി.കെ.സി. എന്നും ചരിത്രത്തിന്റെ വിപ്ലവേതിഹാസങ്ങളുടെ ഭാഗമായി മാറിയത്. തൊഴിലാളിയുടെ സ്വാതന്ത്ര്യവും ആത്മാഭിമാനവും അവകാശവും മനുഷ്യത്വവും സ്ഥാപിച്ചെടുക്കാൻ, അതോടൊപ്പം ദേശീയ സ്വാതന്ത്ര്യ സമരചരിത്രത്തെ പുതുകുതിപ്പു നൽകി മുമ്പോട്ടു കൊണ്ടുപോകാനുള്ള ത്യാഗോജ്വലമായ പോരാട്ടമായിരുന്നു പുന്നപ്രയിലും വയലാറിലും മറ്റും നടന്നത്. ഉരുക്കിനോടു പച്ചമാംസം ഏറ്റുമുട്ടിയ പോരാട്ടം. നിരവധി സമരധീരർ രക്തസാക്ഷിത്വത്തിലൂടെ അനശ്വരരായ പോരാട്ടം.

പുന്നപ്രയിലെ ആ സമരത്തിന്റെ ഒരു സ്‌ക്വാഡിന്റെ ലീഡറായിരുന്നു പി.കെ.സി. സർ സി.പിയുടെ ചോറ്റുപട്ടാളത്തോട്, അതിന്റെ തീയുണ്ടകളോട് മൂർച്ചയേറിയ വാരിക്കുന്തവുമായി നേർക്കുനേർ നിന്നു പോരാടിയ ആ ചരിത്രത്തിനു സമാനതകളില്ല. ഒരേസമയം തൊഴിലാളിവർഗ്ഗ അവകാശസംരക്ഷണത്തിനുള്ളതും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാവുന്നതുമായ പോരാട്ടമായിരുന്നു അത്. ദിവാൻഭരണം ബ്രിട്ടീഷ് ആധിപത്യത്തിന്റെ തണലിൽ ഭീകരത പടർത്തിയ ഗ്രാമങ്ങളിൽ തൊഴിലാളികളെ സംഘടിപ്പിച്ച്, പട്ടാള തേർവാഴ്ചയെ ചെറുക്കാനുള്ള പരിശീലനം കൊടുത്ത് അണിനിരത്തി, വീറുറ്റ ഈ സമരനായകൻ.

നേടാൻ വിജയമോ, അല്ലെങ്കിൽ മരണമോ മാത്രം എന്ന ഉറപ്പോടെ, തന്റെ ജീവിതം സമൂഹത്തിനുവേണ്ടിയാണെന്നും ആത്മാഭിമാനത്തോടെയല്ലാതെ ജീവിച്ചിട്ടു കാര്യമില്ലെന്നുമുള്ള ഉറപ്പോടെ നടത്തിയ ആ മുന്നേറ്റം ഇന്ത്യാചരിത്രത്തിൽ തന്നെ അടയാളപ്പെടുത്തപ്പെട്ടു. ലോകമാകെ അതു ശ്രദ്ധിക്കപ്പെട്ടു. വാരിക്കുന്തവുമായി ഇഴഞ്ഞിഴഞ്ഞു ചെന്നാണ് സർ സി പിയുടെ പട്ടാളത്തെ പി.കെ.സിയുടെ നേതൃത്വത്തിലുള്ള ധീരനായകർ നേരിട്ടത്. അന്ന് പട്ടാളം വർഷിച്ച തീയുണ്ടകളിൽനിന്നു പി.കെ.സി. രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

Textമധ്യതിരുവിതാംകൂറിൽ കമ്യൂണിസ്റ്റുപാർട്ടി കെട്ടിപ്പടുക്കുന്നതിൽ ചരിത്രപരമായ പങ്കാണ് പി.കെ.സി. വഹിച്ചത്. ദീർഘകാലം ഒളിവിലിരുന്നു പാർട്ടി കെട്ടിപ്പടുത്തു. ഭാസ്‌കരൻ നായർ എന്നതായിരുന്നു ഒളിവിലെ പേര്. തിരുവല്ലയിലും മറ്റും ഭാസ്‌കരൻ നായർ എന്നു പറഞ്ഞാൽമാത്രം പി.കെ.സിയെ മനസ്സിലാവുന്ന ആളുകളുണ്ടായിരുന്നു. ബ്രാഹ്മണകുടുംബങ്ങളിലും കൊട്ടാരങ്ങളിലും കർഷകത്തൊഴിലാളികുടിലുകളിലും ഒക്കെ മാറി മാറി അദ്ദേഹം ഒളിവിൽ കഴിഞ്ഞു. എത്രയോ പാർട്ടി സംസ്ഥാന സമ്മേളനങ്ങളിൽ, ഏറ്റവും കൂടുതൽ കാലം ഒളിവിൽ കഴിഞ്ഞ വ്യക്തി എന്ന നിലയിൽ ക്രഡൻഷ്യൽ റിപ്പോർട്ട് ഉയർത്തിക്കാട്ടിയതു പി.കെ.സിയെയാണ്. 1946-ലും ’65-ലുമായി പതിമൂന്നര വർഷമാണ് പി.കെ.സി. ഒളിവിൽ കഴിഞ്ഞത്.

കാൽനടയായും സൈക്കിളിലും മധ്യതിരുവിതാംകൂറിലാകെ സഞ്ചരിച്ച പി.കെ.സി. ഓരോ വീടും കയറിയിറങ്ങി ഓരോരുത്തരെയുമറിഞ്ഞ് പാർട്ടി കെട്ടിപ്പടുത്തു. ഊടുവഴികൾപോലും കൈവെള്ളയിലെ രേഖകളെന്നോണം പി.കെ.സിക്ക് അറിയാമായിരുന്നു. ഓരോ കുടുംബത്തിന്റെയും ചരിത്രം, ഓരോ വ്യക്തിയുടെയും ബന്ധുവിവരങ്ങൾ എന്നിവയൊക്കെ ഹൃദിസ്ഥമായിരുന്നു. ഓരോ വ്യക്തിയെയും മനസ്സിലാക്കിയുള്ള സംഘടനാപ്രവർത്തനത്തിന്റെ മാതൃകാശൈലിയായിരുന്നു പി.കെ.സി. മുമ്പോട്ടുവച്ചത്.

സൗമ്യനെങ്കിലും ആദർശങ്ങളിൽ, വിപ്ലവകാര്യങ്ങളിൽ, തരിമ്പും വിട്ടുവീഴ്‌ചചെയ്യാത്ത, പാർട്ടി അച്ചടക്കത്തിന്റെ കാർക്കശ്യക്കാരൻ കൂടിയായിരുന്നു പി.കെ.സി. തിരുവല്ലയിൽ പാർട്ടിനേതാവായിരുന്ന വെൺപാല രാമചന്ദ്രനുമായുള്ള സൗഹ്യറവും അടുപ്പവുമാണ് അദ്ദേഹത്തിന്റെ സഹോദരി ഭദ്രയുമായുള്ള വിവാഹത്തിലേക്ക് ചെന്നെത്തിയത്.

പി.കെ.സിക്ക് ഏറ്റവും വലിയ സ്ഥാനമുണ്ടായതു ജനങ്ങളുടെ മനസ്സിലാണ്. മരണത്തോടെ മായുന്നതല്ല അത്. തലമുറകൾ കൈമാറി നിലനിർത്തുന്ന ഐതിഹാസികമായ സ്ഥാനമാണത്. ആ സ്ഥാനമാവട്ടെ, അദ്ദേഹത്തിന്റെ ഇതിഹാസസമാനമായ ജീവിതത്തിൽനിന്നു കൈവന്നതാണുതാനും.

പാർട്ടിവിഭാഗീയത നേരിട്ട ഘട്ടങ്ങളിലൊക്കെത്തന്നെ യഥാർത്ഥ പാർട്ടി നിലപാടിനൊപ്പം നിന്ന ചരിത്രമാണ് പി.കെ.സിക്കുള്ളത്. വലതുപക്ഷ-തീവ്ര ഇടതുപക്ഷ വ്യതിയാനങ്ങൾക്കെതിരേ ശരിയായ നിലയിൽ മാർക്‌സിസം-ലെനിനിസത്തിന്റെ അടിത്തറയിൽ പാർട്ടിയെ ഉറപ്പിച്ചുനിർത്തുകയും വ്യതിയാനങ്ങൾക്കെതിരേ ശക്തമായ ചെറുത്തുനിൽപ്പ് സംഘടിപ്പിക്കുകയും ചെയ്തു‌. ഒരിക്കൽ അതിതീവ്ര നിലപാട് കൈക്കൊണ്ട് പാർട്ടിയിൽനിന്ന് അകന്നുപോയവർ പി.കെ.സിയെ വളഞ്ഞുവയ്ക്കുന്ന നിലപോലുമുണ്ടായി. എന്നാൽ അവരിൽ പലരെയും നയപരമായി തിരുത്തി ശരിയായ പാർട്ടി നിലപാടിലേക്കു കൊണ്ടുവരുന്ന വിധത്തിലായി അന്നു പി.കെ.സിയുടെ ഇടപെടൽ.

അറുപതുകളുടെ അവസാനത്തിൽ വിദ്യാർത്ഥിപ്രസ്ഥാന സംഘാടനവുമായി ബന്ധപ്പെട്ട് സംസ്ഥാനതലത്തിൽ പ്രവർത്തനം സംഘടിപ്പിക്കുന്ന വേളയിലാണ് പി.കെ.സിയെ കൂടുതൽ അറിയുന്നതിന് തുടക്കമായത്. അദ്ദേഹം ആലപ്പുഴ കേന്ദ്രീകരിച്ചു പാർട്ടിയെ നയിക്കുകയായിരുന്നു. ആ ഭാഗങ്ങളിൽ വിദ്യാർത്ഥി പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിലും മറ്റും പി.കെ.സിയുടെ സഹായം വിലപ്പെട്ടതായി. ആ രംഗത്തുമാത്രമല്ല, പൊതുവായ രാഷ്ട്രീയ പ്രവർത്തനത്തിലാകെ മാർഗ്ഗനിർദ്ദേശകമായി പി.കെ.സിയുടെ വ്യക്തിത്വം, എന്നെ സംബന്ധിച്ചിടത്തോളം, അത് ജീവിതത്തിൽ വളരെ വിലപ്പെട്ടതായി നിൽക്കുന്നു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.