DCBOOKS
Malayalam News Literature Website

എന്റികോ ഫെര്‍മി: ന്യൂക്ലിയര്‍ റിയാക്ടറിന്റെ പിതാവ്

നവംബര്‍ 28- എൻറികോ ഫെര്‍മിയുടെ ചരമദിനം

ഡോ.എം.എ. ഇട്ടിയച്ചന്റെ നമ്മുടെ ശാസ്ത്രകാരന്മാര്‍ എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം

ശാസ്ത്രജ്ഞന്മാരെ രണ്ടു ഗണക്കാരായി പൊതുവേ തിരിക്കാം. തിയറിക്കാരും പരീക്ഷകരും. ഐന്‍സ്റ്റീന്‍, മാക്‌സ്‌വെല്‍ ഗിബ്‌സ്, ഡിറാക്ക്,
ഫെമാന്‍ മുതലായവര്‍ അടിയുറച്ച തിയറിക്കാരാണ്. എന്നാല്‍ ഫാരഡെ, റൂഥര്‍ ഫോര്‍ഡ്, മാഡം ക്യൂറി, ലോറന്‍സ് എന്നിവര്‍ പ്രധാനമായും
പരീക്ഷണകുതുകികളായിരുന്നു. ഇവരില്‍നിന്നും വ്യത്യസ്തന്മാരായ മറ്റു ചിലരെയും ഈ കൂട്ടത്തില്‍ കാണാം. തിയറിയിലും പരീക്ഷണത്തിലും ഒരുപോലെ വിദഗ്ദ്ധരായവര്‍. ചിക്കാഗോ സര്‍വ്വകലാശാലയിലെ കളിസ്ഥലത്ത് ലോകത്തിലെ ആദ്യ ന്യൂക്ലിയര്‍ റിയാക്ടര്‍ സ്ഥാപിച്ച പ്രസിദ്ധ ശാസ്ത്രജ്ഞനായ എന്റികോ ഫെര്‍മിയെ അവരില്‍ മുന്‍പനായി കരുതാം.

അദ്ദേഹം ഗവേഷണം തുടങ്ങിയത് ഒരു തിയറിക്കാരനായിത്തന്നെയായിരുന്നു. പൗളിയുടെ തിയറിയെ അടിസ്ഥാനപ്പെടുത്തി ആറ്റത്തിന്റെ ക്വാണ്ടം സ്ഥിതി പഠിക്കുകയാണ് ഫെര്‍മി ആദ്യം ചെയ്തത്. റേഡിയോ ആക്റ്റിവിറ്റിയില്‍നിന്നും പുറപ്പെടുന്ന ബീറ്റാകണങ്ങളെപ്പറ്റി പുതിയ തിയറി കരുപിടിപ്പിച്ച് അദ്ദേഹം ലോകശ്രദ്ധയെ ആകര്‍ഷിച്ചു. ആ മേഖലയില്‍തന്നെ ഗവേഷണം നടത്തിയിരുന്നെങ്കില്‍ ഫെര്‍മി ഒരു പക്ഷേ, ഐന്‍സ്റ്റീനെയോ ഡിറാക്കിനെയോപോലെ ഒരു തിയറിക്കാരനായേനെ. പക്ഷേ, ഇടയ്ക്കുവച്ച് അദ്ദേഹം പരീക്ഷണങ്ങളിലേക്കു തന്റെ ശ്രദ്ധ തിരിച്ചു. താന്‍തന്നെ കണ്ടുപിടിച്ച ന്യൂട്രോണ്‍ എന്ന ന്യൂക്ലിയര്‍ കണങ്ങള്‍ മൂലകങ്ങളിലേക്കു ശക്തിയായി പായിക്കുമ്പോഴുണ്ടാകുന്ന ഫലങ്ങളെപ്പറ്റി പഠിക്കുന്നതിലാണ് അദ്ദേഹം പിന്നെ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ പരീക്ഷണങ്ങളിലൂടെയാണ് ന്യൂക്ലിയര്‍ ചെയിന്‍ റിയാക്ഷന്‍ കണ്ടുപിടിച്ചതും ന്യൂക്ലിയര്‍ റിയാക്ടര്‍ പ്രാവര്‍ത്തികമാക്കിയതും.

എന്റികോ ഫെര്‍മി 1901-ല്‍ ഇറ്റലിയുടെ തലസ്ഥാനമായ റോമില്‍ ജനിച്ചു. അച്ഛന്‍ റെയില്‍വേ ഉദ്യോഗസ്ഥനും അമ്മ സ്‌കൂള്‍ അദ്ധ്യാപികയുമായിരുന്നു. മൂന്നു മക്കളില്‍ ഇളയവനായിരുന്നു ഫെര്‍മി. വെറും സാധാരണക്കാരായിരുന്ന അവരുടെ ചെറിയ വീടിന് തണുപ്പുകാലത്ത് വീടിനകം ചൂടായി സൂക്ഷിക്കാനുള്ള സംവിധാനങ്ങള്‍ പോലും ഉണ്ടായിരുന്നില്ല. ഫെര്‍മി പഠിക്കാനിരിക്കുന്ന സമയത്തു തണുപ്പില്‍നിന്നു രക്ഷപ്പെടുവാന്‍ തന്റെ കൈ എപ്പോഴും കോട്ടിന്റെ പോക്കറ്റില്‍ തിരുകുകയായിരുന്നു പതിവ്. പുസ്തകത്തിന്റെ താളുകള്‍ മറിക്കുന്നത് ചുണ്ടുകൊണ്ടായിരുന്നു. ഈ വിവരം ഫെര്‍മിയുടെ ഭാര്യ എഴുതിയ ‘വീട്ടില്‍ ഒരു ആറ്റം’ എന്ന പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഫെര്‍മി കുടുംബത്തില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയിരുന്നത് അമ്മയായ ഇഡയായിരുന്നു. അവര്‍ ബുദ്ധിമതിയും അതേസമയം വീട്ടിലെ Textകാര്യങ്ങള്‍ നേരാംവണ്ണം നടക്കണമെന്നതില്‍ നിര്‍ബ്ബന്ധബുദ്ധിക്കാരിയുമായിരുന്നു. മക്കള്‍ എല്ലാവരുംതന്നെ താന്‍ നിര്‍ദ്ദേശിച്ച ധാര്‍മ്മികമൂല്യങ്ങള്‍ക്കു പുറത്തേക്കു പോകാതിരിക്കുവാന്‍ അവര്‍ അങ്ങേയറ്റം ശ്രദ്ധിച്ചു.

എന്റികോയുടെ ജ്യേഷ്ഠസഹോദരനായ ഗലീലിയോയായിരുന്നു ഏറ്റവും അടുത്ത കൂട്ടുകാരന്‍. അവര്‍ രണ്ടുപേരും ചേര്‍ന്നാണ് കളിയും പഠനവുമെല്ലാം. അവരുടെ സ്‌നേഹബന്ധം പെട്ടെന്നാണ് മുറിയപ്പെട്ടത്. ചെറിയ ഒരു ഓപ്പറേഷനുവേണ്ടി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഗലീലിയോ മരണപ്പെട്ടു. ഈ സംഭവം എന്റികോയെ മാത്രമല്ല, കുടുംബത്തെ ആകമാനം ഉലച്ചു. ദുഃഖത്തില്‍നിന്നും കരകയറുവാന്‍ എന്റികോ പഠനത്തില്‍ ആണ്ടുതുടങ്ങി. ഗണിതശാസ്ത്രത്തിലും ഊര്‍ജ്ജതന്ത്രത്തിലുമായിരുന്നു കൂടുതല്‍ താത്പര്യം. ഈ വിഷയത്തില്‍ ലൈബ്രറിയില്‍ ഉണ്ടായിരുന്ന പുസ്തകങ്ങളില്‍ ശ്രദ്ധ ചെലുത്തി. ഒരു അടുക്കും ചിട്ടയുമില്ലാതെയാണ് പഠിച്ചത്. അക്കാലത്ത് അദ്ദേഹത്തെ ഏറ്റവും കൂടുതല്‍ സഹായിച്ചത് പിതാവിന്റെ അടുത്ത സുഹൃത്തായ അമിദിയായിരുന്നു. ഈ കൊച്ചു പയ്യന്റെ ജ്യോമട്രിയിലെ ചോദ്യങ്ങള്‍ കേട്ട അദ്ദേഹം അദ്ഭുതപ്പെട്ടു. അമിദി ത്രിമാന ജ്യോമട്രിയുടെ ഒരു പുസ്തകം ഫെര്‍മിക്കു കൊടുത്തു. രണ്ടുമാസം കഴിഞ്ഞ് ആ പുസ്തകം മടക്കിയത് അതിലെ എല്ലാ പാഠങ്ങളും ഹൃദിസ്ഥമാക്കിയും അവയിലെ വിഷമംപിടിച്ച പ്രശ്‌നങ്ങള്‍ക്ക് ഉത്തരം കണ്ടുപിടിച്ചിട്ടുമായിരുന്നു. ഇവയെല്ലാം പഠിച്ചിരുന്നത് സ്‌കൂളിലെ വിഷയങ്ങള്‍ക്കപ്പുറത്തായിരുന്നുവെന്നോര്‍ക്കണം. ജ്യോമട്രിയെ സംബന്ധിച്ചിടത്തോളം എന്റികോ ഒരു അദ്ഭുതശിശുവാണെന്ന് അമിദിക്കു തോന്നി.

അമിദി ഈ പയ്യന് ഗണിതശാസ്ത്രത്തിലും ഊര്‍ജ്ജതന്ത്രത്തിലും കിട്ടാവുന്ന പുസ്തകങ്ങളെല്ലാം എത്തിച്ചുകൊടുത്തു. ഒരു പുസ്തകം പഠിച്ചുകഴിഞ്ഞാല്‍ അതിലെ വിവരങ്ങള്‍ ഒരിക്കലും അദ്ദേഹം മറക്കാറില്ല.

ഇടയ്ക്കു മറിച്ചുനോക്കുവാന്‍ പുസ്തകങ്ങള്‍ വീട്ടില്‍ സൂക്ഷിക്കേണ്ട ആവശ്യവും അദ്ദേഹത്തിനില്ലായിരുന്നു. ഫെര്‍മി ഒരിക്കല്‍ അമിദിയോട് പറഞ്ഞതായി അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ട്. അതിപ്രകാരമാണ്: ”കുറച്ചു കൊല്ലങ്ങള്‍ കഴിഞ്ഞാലും ഞാന്‍ വായിച്ച പുസ്തകങ്ങളിലെ ഉള്ളടക്കം മനസ്സില്‍നിന്നും മാഞ്ഞുപോകാറില്ല. അതിലുള്ള സമവാക്യങ്ങള്‍ എപ്പോള്‍ വേണമെങ്കിലും എനിക്കു വികസിപ്പിച്ചെടുക്കുവാന്‍ സാധിക്കും.” എന്റികോയുടെ കഴിവുകള്‍ കണ്ടറിഞ്ഞ അമിദി, തന്റെ സുഹൃത്തായ എന്റികോയുടെ പിതാവിനോട് അവനെ ഉന്നതപഠനത്തിനു പിസ്സാ നഗരത്തിലെ ഒരു സ്‌കൂളില്‍ ചേര്‍ക്കണമെന്ന് നിര്‍ദ്ദേശിച്ചു. ഇറ്റലിയിലെ ഏറ്റവും മിടുക്കന്മാരായ നാല്പതു വിദ്യാര്‍ത്ഥികളെ പ്രത്യേകം പഠിപ്പിക്കുന്നതിന് സ്ഥാപിച്ചതായിരുന്നു ഈ സ്‌കൂള്‍. അഡ്മിഷനുവേണ്ടി ഓരോ വിദ്യാര്‍ത്ഥിയും ഒരു പ്രബന്ധം അവതരിപ്പിക്കണമായിരുന്നു. എന്റികോ അവതരിപ്പിച്ച പ്രബന്ധം നാദത്തിന്റെ സ്വഭാവവിശേഷത്തെപ്പറ്റിയായിരുന്നു. ആധുനിക ഗണിതമുപയോഗിച്ചാണ് ഈ പ്രബന്ധം തയ്യാറാക്കിയത്. അതു വായിച്ച അദ്ധ്യാപകന്‍ അദ്ഭുതപ്പെട്ടു. ഇത്രയും മിടുക്കനായ ഒരു വിദ്യാര്‍ത്ഥി അതിനുമുമ്പ് അവിടെ ചേര്‍ന്നിട്ടുണ്ടായിരുന്നില്ല.

1922-ല്‍ ഫെര്‍മി പിസ്സാ വിട്ട് റോമിലേക്കു കുടിയേറി. റോം സര്‍വ്വകലാശാലയില്‍ ഊര്‍ജ്ജതന്ത്ര ബിരുദത്തിനു ചേര്‍ന്നു. അന്ന് ഊര്‍ജ്ജതന്ത്രവിഭാഗത്തിന്റെ മേധാവി ഓര്‍സോ മരിയോ കോര്‍ബിനോ എന്ന പ്രസിദ്ധ ശാസ്ത്രജ്ഞനായിരുന്നു. ഇറ്റലിയെ ഊര്‍ജ്ജതന്ത്രമേഖലയില്‍ ലോകത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒരാളായിരുന്നു അദ്ദേഹം. കോര്‍ബിനോ ഫെര്‍മിയില്‍ വേറൊരു ഗലീലിയോയെയാണ് കണ്ടത്. ആപേക്ഷികതാസിദ്ധാന്തത്തില്‍ ഗവേഷണം നടന്നിരുന്നുവെങ്കിലും മറ്റുള്ള മേഖലകളില്‍ വലിയ ഗവേഷണമൊന്നും ഇറ്റലിയില്‍ അന്നു നടന്നിരുന്നില്ല. ഫെര്‍മിറോം സര്‍വ്വകലാശാലയില്‍ നിന്നും ബിരുദം കരസ്ഥമാക്കിയതിനുശേഷം അവിടെത്തന്നെ ഗവേഷണത്തിനു ചേര്‍ന്നു. അക്കാലത്ത് ഫെര്‍മിപല പ്രാവശ്യം യൂറോപ്പിലെ പല ഗവേഷണകേന്ദ്രങ്ങളും സന്ദര്‍ശിച്ചു. മാക്‌സ്‌ബോണിന്റെ ഗോട്ടിജനിലെ ഇന്‍സ്റ്റിറ്റ്യൂട്ട്, പ്രൊഫസര്‍ ഏറന്‍ഫെസ്റ്റിന്റെ ഗവേഷണകേന്ദ്രം എന്നിവ അക്കാലത്ത് അദ്ദേഹം സന്ദര്‍ശിച്ചു.

തുടര്‍ന്ന് വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.