രോഗാവസ്ഥകളിലെ മനുഷ്യജീവിതം: സി.വി. രമേശന്‍
നവംബർ ലക്കം പച്ചക്കുതിരയില്‍
1924 സെപ്തംബര്‍ 27-ന് തോമസ്മന്‍ ദ മാജിക് മൗണ്ടന്‍ എഴുതി പൂര്‍ത്തിയാക്കി. താമസിയാതെ ജര്‍മ്മനിയില്‍ പ്രസിദ്ധീകരിച്ച നോവല്‍, 1927-ല്‍ ഇംഗ്ലിഷിലും അധികം വൈകാതെ ലോകത്തിലെ മറ്റ് പ്രധാന ഭാഷകളിലും പരിഭാഷപ്പെടുത്തപ്പെട്ടു.നോവല്‍ ചലച്ചിത്രമായി. 2024 നവംബറോടെ മാജിക് മൗണ്ടന്‍ രചനയുടെ 100 വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുന്നു.
The experience of death must ultimately be the experience of life, or else it is only a wraith-Thomas Mann രോഗവും മരണമടക്കമുള്ള ജീവിതാവസ്ഥകളിൽ തെളിഞ്ഞു വരുന്ന പുതിയ ജീവിതവെളിച്ചങ്ങൾ ആവിഷ്കരിക്കുന്ന അപൂർവ്വരചനയായ ദ മാജിക് മൗണ്ടൻ (The Magic Mountain) പ്രസിദ്ധീകരിക്കപ്പെട്ടിട്ട് നൂറ് വർഷം പൂർത്തിയാകുന്നു. മരണത്തെക്കുറിച്ച് എഴുതുമ്പോൾ ജീവിതംതന്നെയാണ് പരാമർശിക്കപ്പെടുന്നതെന്ന പാഠം വായനാലോകത്തിന് നൽകിയ ജർമ്മൻ എഴുത്തുകാരൻ തോമസ് മൻ (Thomas Mann, 1875-1955) 1924-ലാണ് എഴുനൂറിലധികം പേജുകളിലായുള്ള ഈ നോവൽ പൂർത്തിയാക്കുന്നത്. ലോകപ്രസിദ്ധനായ മറ്റൊരു ജർമ്മൻ എഴുത്തുകാരൻ കാഫ്ക അന്തരിച്ച വർഷമാണ് “ദ മാജിക് മൗണ്ടൻ’ പ്രസിദ്ധീകരിക്കുതെന്നത് വായനക്കാർക്ക് മറക്കാൻ കഴിയാത്തൊരു ആകസ്മികതയാണ്. ക്ഷയരോഗബാധിതനായി ആസ്ട്രിയൻ തലസ്ഥാനമായ വിയന്നയ്ക്കടുത്ത് കീർലിങ്ങിലെ സാനിറ്റോറിയത്തിൽ അവസാനനാളുകൾ ചെലവഴിച്ച കാഫ്കയെ, ദ മാജിക് മൗണ്ടൻ എഴുതുമ്പോൾ തീർച്ചയായും തോമസ്മൻ ഓർമ്മിച്ചു കാണും. കാരണം, സ്വിറ്റ്സർലണ്ടിലെ ആൽപ്സ് പർവ്വതനിരപ്രദേശമായ ദാവോസിലെ ബെർഘോഫ് ക്ഷയരോഗസാനിറ്റോറിയത്തിലെ അപൂർവ്വജീവിതചിത്രങ്ങളാണ് ദ മാജിക് മൗണ്ടൻ ആവിഷ്കരിക്കുന്നത്. അക്കാലത്ത് യൂറോപ്പിൽ വ്യാപകമായിരുന്ന ക്ഷയരോഗത്തിനിരയായിരുന്ന കാഫ്ക, ബെർഘോഫ് സാനിറ്റോറിയത്തിൽ ചികിൽസ ആഗ്രഹിച്ചിരുന്നെങ്കിലും യാത്രാരേഖകൾ ലഭിക്കാൻ പ്രയാസം നേരിട്ടതിനാൽ സ്വിറ്റ്സർലണ്ടിലെത്താൻ അദ്ദേഹത്തിനു കഴിഞ്ഞില്ല. ജർമ്മൻഭാഷയിലെ രണ്ട് അപൂർവ്വപ്രതിഭകളുടെ ജീവിതവും എഴുത്തും ഈ രീതിയിൽ ബന്ധപ്പെടുന്നുവെന്നത് തികച്ചും കൗതുകകരവും ദുഃഖകരവുമായൊരു ആകസ്മികതയാണ്. ഇതിലുമുപരിയായി, രണ്ട് വ്യത്യസ്ത സാനിറ്റോറിയങ്ങളിൽ ചികിൽസയ്ക്കുവിധേയരായ കാഫ്കയ്ക്കും ദ മാജിക് മൗണ്ടനിലെ കേന്ദ്രകഥാപാത്രം ഹാൻസ് കാസ്റ്റോർപ്പിനും പൊതുവായ പല സവിശേഷതകൾ കണ്ടെത്താനും കഴിയും. 1917 മുതൽ 1924 വരെ ചികിൽസയ്ക്കു വിധേയനായ കാഫ്കയ്ക്ക് രോഗത്തോടും ചികിൽസകരോടും സഹരോഗികളോടും സാനിറ്റോറിയത്തിലെ അന്തരീക്ഷത്തോടുമുണ്ടായിരുന്ന വൈകാരികാഭിമുഖ്യംതന്നെയാണ് കാസ്റ്റോർപ്പിനുമുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ 1907 മുതൽ 1914 വരെ ഏഴ് വർഷം സാനിറ്റോറിയത്തിൽ കഴിഞ്ഞ നോവലിലെ കാസ്റ്റോർപ്പ്, കാഫ്കയെ ഓർമ്മിപ്പിക്കുന്നു.
ദാവോസിലെ ബെർഘോഫ് സാനിറ്റോറിയത്തിന് തോമസ് മന്നിന്റെ ജീവിതവുമായും അടുത്ത ബന്ധമുണ്ട്. 1912-ൽ അദ്ദേഹത്തിന്റെ പത്നി കാത്യയ്ക്ക് ക്ഷയരോഗമുണ്ടെന്ന് ഡോക്ടർമാർ സംശയിച്ചപ്പോൾ. ഇതേ സാനിറ്റോറിയത്തിലാണ് അവരെ പ്രവേശിപ്പിച്ചിരുന്നത്. 1912 മാർച്ച് 12 മുതൽ സെപ്തംബർ 25 വരെ അവിടെ ചികിൽസയിലുണ്ടായിരുന്ന അവരെ സന്ദർശിക്കാനെത്തിയ മൻ, മെയ് 15 മുതൽ ജൂൺ 13 അവർക്കൊപ്പം ബെർഘോഫിൽ താമസിച്ചു. മലമുകളിലെ കഠിനമായ തണുപ്പ് കാരണം ക്ഷയരോഗലക്ഷണങ്ങൾ കാണിക്കാൻ തുടങ്ങിയ അദ്ദേഹത്തെ പരിശോധിക്കാൻ സാനിറ്റോറിയത്തിലെ ഡോക്ടർ തീരുമാനിച്ചു. മന്നിന്റെ ശ്വാസകോശ എക്സ്റെയിൽ ഈർപ്പമുള്ള ഭാഗം കണ്ടെത്തിയ ഡോക്ടർ, കുറച്ചുകാലം അവിടെ താമസിച്ച് ആവശ്യമായ ചികിൽസ നടത്താൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അതിനു തയ്യാറായില്ല. അതിന് സമ്മതിച്ചിരുന്നെങ്കിൽ മറ്റൊരു ഹാൻസ് കാസ്റ്റോർപ്പായി, ജീവിതത്തിന്റെ നല്ലൊരു ഭാഗം തനിക്കവിടെ രോഗിയായി കഴിയേണ്ടിവരുമായിരുന്നെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. മന്നിന്റെ പത്നി കാത്യയുടെ രോഗം തെറ്റായി നിർണ്ണയിക്കപ്പെട്ടതായിരുന്നെന്നും ക്ഷയരോഗമുണ്ടായിരുന്നത് അദ്ദേഹത്തിനായിരുന്നെന്നും പിന്നീട് കണ്ടെത്തി. തോമസ് മന്നിന്റെ മരണശേഷം നടന്ന പോസ്റ്റ്മോർട്ടത്തിൽ ശ്വാസകോശത്തിലെ സുഷിരം കണ്ട് ഡോക്ടർമാർ അത്ഭുതപ്പെട്ടതായി അദ്ദേഹത്തിന്റെ ജീവിതരേഖ സൂചിപ്പിക്കുന്നു.
ബെർഘോഫിൽ താമസിച്ച ഏകദേശം ഒരു മാസക്കാലം അവിടത്തെ ജീവിതരീതിയും ഡോക്ടർമാരെയും രോഗികളടക്കമുള്ളവരെയും പരിചയപ്പെട്ട മൻ, അവയുടെ പശ്ചാത്തലത്തിൽ ഒരു ഹാസ്യകഥ എഴുതാൻ തീരുമാനിച്ചു. അതിനു തൊട്ടുമുമ്പ്, 1911-ൽ വികാരസാന്ദ്രമായ നോവല്ല ഡെത്ത് ഇൻ വെനീസ് (Death in Venice) പൂർത്തിയാക്കി പ്രസിദ്ധീകരിച്ചിരുന്നതിനാൽ, അടുത്തത് ലളിതമായൊരു രചനയായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. എന്നാൽ, 1913-ൽ എഴു തിത്തുടങ്ങിയ ആ ഹാസ്യകഥ, 1915 മെയ് ആയപ്പോഴേക്കും ഗൗരവമായ പ്രമേയമുള്ള നോവൽ ദ മാജിക് മൗണ്ടനായി മാറി. ബെർഘോഫ് സാനിറ്റോറിയം സന്ദർശിപ്പിച്ചപ്പോഴുണ്ടായ തന്റെ അനുഭവങ്ങളാണ് ദ മാജിക് മൗണ്ടന്റെ ആദ്യ അദ്ധ്യായം ”ദ അറൈവൽ’ (The Arraival) ചിത്രീകരിക്കുന്നതെന്ന് മൻ സൂചിപ്പിക്കുന്നു. ഇങ്ങനെയാണത് ആരംഭിക്കുന്നത്: “മദ്ധ്യവേനൽക്കാലത്ത്, ഒരു സാധാരണ ചെറുപ്പക്കാരൻ മൂന്നാഴ്ചക്കാലത്തെ സന്ദർശനത്തിനായി തന്റെ സ്വന്തം നഗരമായ ഹാംബർഗിൽനിന്ന് ദാവോസ്-പ്ലാറ്റ്സിലേക്ക് യാത്രചെയ്യുകയായിരുന്നു.” ഈ രീതിയിൽ, ഒരു ആഖ്യാതാവിന്റെ വിവരണമായാണ് തോമസ്മൻ നോവൽ മുമ്പോട്ടു കൊണ്ടുപോകുന്നത്.
പൂര്‍ണ്ണരൂപം 2024 നവംബർ ലക്കം പച്ചക്കുതിരയില്‍
ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക
ഡി സി / കറന്റ് പുസ്തകശാലകളിലും നവംബർ ലക്കം ലഭ്യമാണ്
Comments are closed.