DCBOOKS
Malayalam News Literature Website

കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ അന്തരിച്ചു

കോഴിക്കോട്: കഥകളി ആചാര്യൻ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ  അന്തരിച്ചു. 105 വയസ്സായിരുന്നു.  പുലർച്ചെ നാലു മണിയോടെ കോഴിക്കോട് കൊയിലാണ്ടി ചേലിയയിലെ വീട്ടിൽ വച്ചായിരുന്നു അന്ത്യം. ഭരതനാട്യം, കേരളനടനം എന്നീ കലാ രൂപങ്ങളിലും അദ്ദേഹത്തിന് പ്രാവീണ്യം ഉണ്ടായിരുന്നു.

പതിനഞ്ചു വയസുമുതൽ കഥകളി രംഗത്ത് സജീവമായിരുന്നു ഗുരു ചേമഞ്ചേരി.  പത്മശ്രീ പുരസ്കാരം, വയോജന ശ്രേഷ്ഠ പുരസ്കാരം, കലാമണ്ഡല പുരസ്കാരം, ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ അദ്ദേഹത്തെ തേടിയെത്തി. കഥകളിയിലെ തെക്ക് വടക്ക് സമ്പ്രദായങ്ങളെയും ഭരതനാട്യത്തിലെയും മറ്റും ചില ഘടകങ്ങളെയും സമന്വയിപ്പിച്ച് തന്റേതായ ശൈലി അദ്ദേഹം രൂപപ്പെടുത്തിയിരുന്നു.

മടൻകണ്ടി ചാത്തുകുട്ടിനായരുടേയും അമ്മുക്കുട്ടിയമ്മയുടെയും പുത്രനായി 1916 ജൂൺ 26ന്‌ ജനിച്ച്‌ 15 വയസ്സിൽ വാരിയംവീട്ടിൽ നാടകസംഘത്തിന്റെ “വള്ളിത്തിരുമണം” നാടകത്തോടെ രംഗപ്രവേശം നടത്തിയ ചേമഞ്ചേരി കുഞ്ഞിരാമൻ നായർ നൃത്തം, കഥകളി, കേരളനടനം എന്നിവയിലെല്ലാം അസാമാന്യ പാടവം പ്രദർശിപ്പിച്ചു. 1977-ൽ ഇദ്ദേഹം മലബാർ സുകുമാരൻ ഭാഗവതരോടൊപ്പം പൂക്കാട്‌ കലാലയവും 1983-ൽ ചേലിയ കഥകളി വിദ്യാലയവും സ്ഥാപിച്ചു.

പത്തു കൊല്ലം കേരളസർക്കാർ നടനഭുഷണം എക്‌സാമിനറായും മൂന്നു വർഷം തിരുവനന്തപുരം ദൂരദർശൻ നൃത്തവിഭാഗം ഓഡീഷൻ കമ്മിറ്റി അംഗമായും രണ്ടു വർഷം സംഗീത നാടക അക്കാദമി ജനറൽ കൗ‌ൺസിൽ അംഗമായും സേവനമനുഷ്ടിച്ചു.

 

Comments are closed.