DCBOOKS
Malayalam News Literature Website

വായനയുടെ വേറിട്ടൊരു മായിക ലോകം സൃഷ്ടിക്കുന്ന നോവല്‍!

മനോഹൻ. വി.പേരകം എഴുതിയ “ചാത്തച്ചൻ” എന്ന നോവലിന് സത്യന്‍കുറ്റുമുക്ക് എഴുതിയ വായനാനുഭവം

മനോഹൻ. വി.പേരകം എഴുതിയ “ചാത്തച്ചൻ” എന്ന നോവൽ ആണ്, ഞാനെന്ന പണിയൊന്നും അറിയാത്ത തച്ചന്റെ മനസ്സിലേക്ക്, മുഴക്കോലും, ഉളിയും, ചുറ്റികയും, മുളതോതുകളുമായി പാലം കടവിലെ പുഴ കടന്ന്, ഉയർന്നു നിൽക്കുന്ന ചവിട്ടുപ്പടികൾ എണ്ണിയെണ്ണി , കാറ്റിനോടൊപ്പം ഈ ലോക്ഡൗൺ കാലത്താണ് കയറി വന്നത്….! പറഞ്ഞത് കഥ തന്നെയാണ്. പാലംകടവിന്റെ കഥ.

വികസനത്തിന്റെ ചുവന്ന അധികാര പട്ടടയുടെ ഹുങ്ക് കാണിച്ചു, പാലം കടവിൽ നിന്നും കുഴിക്കോട്ടുകോണത്തേക്ക്, ഇഷ്ടമില്ലെങ്കിലും മാറ്റി പാർപ്പിക്കുവാൻ വിധേയരായ കുറെ മനുഷ്യ ജന്മങ്ങളുടെ അതിജീവനത്തിന്റെ കഥ. പാലം കടവിലെ Textപുഴയിലേക്ക് നോക്കി കഥയുടെ മിന്നലോളങ്ങൾ മനസിലേക്ക് ആവാഹിച്ചു, സ്വന്തം തലമുറയുടെ പാരമ്പര്യക്കഥകൾ പറയുവാൻ താത്പര്യം കാണിച്ച അച്ഛൻ! കഥകൾ കേൾക്കുവാൻ ഇഷ്ടപ്പെട്ട മകൻ! കഥ പറയുന്നതിനും, അവ കേൾക്കുന്നതിനും കഥയുടെ ഇടനാഴിയായി നിന്നത് മുൻക്കാല അച്ചാച്ചന്മാരുടെ കഥകൾ! തച്ചു ശാസ്ത്രത്തിൽ അഗ്രകണ്യന്മാരായ പിൻതലമുറക്കാരായ അച്ചാച്ചന്മാരുടെ കഴിവിനെ കുറിച്ചും, സുഖലോലുപതയിൽ കഴിഞ്ഞ അവർക്കു അകിലാണത്ത്‌ കുട്ടി (പരമ ശിവന്റെ ഭൂതകണങ്ങളിൽ വക ഭേദം വന്ന മുന്തിയ ചാത്തൻ )യെന്ന പാരമ്പര്യ കുലദൈവത്തെ സേവിച്ചതിനാലാണ് മുഴുവൻ ജീവിതവും സമ്പന്നമായതെന്ന കുടിയനും മടിയനുമായ അച്ഛന്റെ വീമ്പു പറച്ചിൽ, പുതിയ തലമുറയിൽപെട്ട മകന് നിർവികാരതയോടെ കേൾക്കുവാനേ സാധിച്ചിരുന്നുള്ളു. നല്ല പണിയറിയാവുന്ന തച്ചനായിട്ടുപോലും, മൂക്കറ്റം കുടിച്ച് വീട്ടിൽ തല്ലും വഴക്കും ഉണ്ടാക്കുന്ന അച്ഛനോട് അമ്മയ്ക്കും മകനും ഒരു പരിധി വരെ വെറുപ്പാണ്. ‘ഈ കുടി കുലം മുടിപ്പിക്കും ‘ എന്ന് അടുക്കളയിലെ അഷ്ടിക്ക് വേണ്ടിയുള്ള പരാക്രമത്തിൽ പഴി പറയുന്നുണ്ടെങ്കിൽപോലും അവയെല്ലാം പ്രാകി പ്രാകി പുകയായി അലിഞ്ഞു പോകുകയായിരുന്നു.

തരം കിട്ടിയാൽ അച്ഛനെപോലും വകവരുത്തണമെന്ന മകന്റെ ചിന്ത, അച്ഛൻ വീട്ടിലും അമ്മയോടും കാണിക്കുന്ന വിഷമം വിതറുന്ന പേക്കൂത്തുകൾ കണ്ടാണ്. കൈയിലുള്ള തച്ചന്റെ കഴിവിനെ തിരിച്ചറിയാതെ, ഒരു പണിക്കും പോകുവാൻ ഉത്സാഹം കാണിക്കാതെ, മണ്മറഞ്ഞു പോയ കുല ദൈവമായ അകിലാണത്തുകുട്ടിയെ വീട്ടിൽ പുനർപ്രതിഷ്ഠിച്ചാൽ സർവ ഐശ്വര്യങ്ങളും വന്നു ചേരും എന്ന അച്ഛന്റെ വിശ്വാസ പ്രമാണങ്ങളിലേക്ക്, “ചാത്തച്ചൻ” എന്ന നോവൽ ചാത്തൻ – തച്ചൻ – അച്ഛൻ എന്ന പൂരിപ്പിച്ച സമസ്യകളുടെ അന്ധവിശ്വാസ പ്രമാണങ്ങളിലേക്ക്, പുരോഗമന ചിന്താഗതികളുള്ള ഒരു മകന്റെ എതിർ മുഖങ്ങളും കാഴ്ചപ്പാടുകളും നിശബ്ദമായ മനോവ്യാപാരങ്ങളിലൂടെ ചോദ്യം ചെയ്യപ്പെടുകയാണ്. വീട്ടുകൂത്ത്, നാട്ടുകൂത്ത് എന്നിങ്ങനെ രണ്ടു ഭാഗങ്ങളായി എഴുതപ്പെട്ട ഈ നോവലിൽ ആദ്യ ഭാഗം വീട്ടിലെ അച്ഛൻ ചെയ്തു കൂട്ടുന്ന അസ്സഹനീയമായ സംഘർഷങ്ങളുടെ രംഗങ്ങളും അവയുടെ ചെറുത്തുനിൽപ്പും ‘വീട്ടുകൂത്തി’ലും, വികസനത്തിന്റെ ഭാഗമായി പാലം കടവിൽ നിന്നും മാറിതാമസിക്കേണ്ടി വരുന്നവരുടെ പ്രയാസങ്ങളും പ്രതിക്ഷേധങ്ങളും സമരപരിപാടികളും ജാഥകളും എല്ലാവരെയും വിഷമിപ്പിച്ചുകൊണ്ട് പിന്നെ അവിടെ നിന്നും മാറേണ്ടിവരുന്നതും ‘നാട്ടുക്കൂത്തി’ലും വിവരിക്കുന്നു. കഥാനന്തരം, കഥപറച്ചിലിന്റെ ബാക്കി പത്രത്തിൽ, തച്ചരുടെ അബദ്ധത്തിന്റെ മറ്റൊരു പുരാവൃത്തം ഇതളഴിഞ്ഞു, ഒഴിഞ്ഞു പോയ പാലം കടവിലേക്കു അച്ഛന്റെ മരണവാർത്ത അറിഞ്ഞു എത്തുന്ന ആ പഴയ കുറെ മുഖങ്ങൾ വീണ്ടും കാണുന്നു ….!

അത്യന്തം ഹൃദ്യമായ ഭാഷയിൽ കഥ പറഞ്ഞു പോകുന്ന മനോഹൻ വി പേരകം, ചാത്തച്ചനിലൂടെ വായനയുടെ വേറിട്ടൊരു മായിക ലോകംതന്നെയാണ് സൃഷ്ടിക്കുന്നത്. ഡിസി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.