DCBOOKS
Malayalam News Literature Website

പാലസ്തീനിലെ മാറ്റങ്ങള്‍: ഡോ. പി. ജെ. വിൻസെന്റ്

ഇന്നത്തെ ഇസ്രായേല്‍, ഗാസ, വെസ്റ്റ് ബാങ്ക്, ഗൊലാന്‍ കുന്നുകള്‍, സീനായ്, തെക്കന്‍ ലബനന്‍ എന്നീ പ്രദേശങ്ങളടങ്ങിയ പാലസ്തീന്‍ ഒന്നാം ലോകമഹായുദ്ധം വരെ (1914-18) തുര്‍ക്കി സാമ്രാജ്യത്തിന്‍റെ ഭാഗമായിരുന്നു. തിയോഡോര്‍ ഹെര്‍സല്‍ എഴുതിയ ‘യഹൂദരാഷ്ട്രം’ (ഠThe Jewish State-1896) എന്ന ഗ്രന്ഥം പാലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കണമെന്ന ആശയം മുന്നോട്ടുവച്ചു. 1897-ല്‍ ഈ ലക്ഷ്യം നേടുന്നതിന് സ്വിറ്റ്സര്‍ലന്‍റിലെ ബേസല്‍ നഗരത്തില്‍ ‘ലോക സയണിസ്റ്റ് കോണ്‍ഗ്രസ്’ വിളിച്ചു ചേര്‍ത്തു. ഇതേത്തുടര്‍ന്ന് പാലസ്തീനിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് യൂറോപ്പില്‍നിന്ന് ജൂതന്മാര്‍ സംഘടിതമായി കുടിയേറി.

ഒന്നാം ലോകമഹായുദ്ധകാലത്ത് ബ്രിട്ടണിലെ സമ്പന്നജൂതരില്‍നിന്നും സാമ്പത്തിക സഹായം ലഭിക്കുന്നതിനായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ആര്‍തര്‍ ബാല്‍ഫര്‍ ഒരു പ്രഖ്യാപനം നടത്തി. ഇതനുസരിച്ച് പാലസ്തീനില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കാന്‍ ബ്രിട്ടന്‍ പരിശ്രമിക്കുമെന്ന് ഉറപ്പു നല്‍കി. “തുര്‍ക്കി സാമ്രാജ്യത്തിന്‍റെ ഭാഗമായ 90 ശതമാനത്തോളം അറബികള്‍ അധിവസിക്കുന്ന പാലസ്തീന്‍ ബ്രിട്ടന്‍ ജൂതന്മാര്‍ക്ക് നല്‍കിയിരിക്കുന്നു” എന്നതാണ് ‘ബാല്‍ഫര്‍ പ്രഖ്യാപനം’. ചരിത്രത്തിലെ ഏറ്റവും യുക്തിരഹിതമായ ഒരു നയപ്രഖ്യാപനമാണിത്. പക്ഷേ, ഇതിന്‍റെ ഫലമായി അറബികള്‍ക്ക് അവരുടെ മാതൃഭൂമി നഷ്ടപ്പെട്ടു. ജനിച്ച മണ്ണില്‍ അവര്‍ അഭയാര്‍ത്ഥികളായി.

ബാല്‍ഫര്‍ പ്രഖ്യാപനത്തിന്‍റെ 100-ാം വാര്‍ഷികമാണ് 2017-ല്‍ കടന്നുപോയത്. 4 മേജര്‍ യുദ്ധങ്ങളും എണ്ണമറ്റ സംഘര്‍ഷങ്ങളും ലക്ഷക്കണക്കിനാളുകളുടെ ജീവഹാനിയും 50 ലക്ഷം അഭയാര്‍ത്ഥികളെയും സൃഷ്ടിച്ച അറബ്-ഇസ്രായേല്‍ സംഘര്‍ഷത്തിന്‍റെ അടിസ്ഥാനം ബാല്‍ഫര്‍ പ്രഖ്യാപനമാണ്.
ബാല്‍ഫര്‍ പ്രഖ്യാപനം വന്നതോടെ പാലസ്തീനില്‍ അറബ്-ജൂത സംഘര്‍ഷം ആരംഭിച്ചു. 1922-ല്‍ ബ്രിട്ടീഷ് മാന്‍ഡേറ്ററി ഭരണം പാലസ്തീനില്‍ സ്ഥാപിച്ചതോടെ ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ സഹായത്തോടെ ജൂതര്‍ അറബികളുടെ ഭൂമി പിടിച്ചെടുത്തും വിലയ്ക്കു വാങ്ങിയും കോളനികള്‍ സ്ഥാപിച്ചു. 1918-ല്‍ 56,000 മാത്രമായിരുന്ന ജൂതജനസംഖ്യ 1948-ല്‍ 6,08,230 ആയി വര്‍ദ്ധിച്ചു. നുണപ്രചാരണത്തിലൂടെയാണ് സയണിസ്റ്റുകള്‍ ജൂതന്മാരെ പാലസ്തീനില്‍ കുടിയിരുത്തിയത്. യഹോവ (Yahweh) ജൂതന്മാര്‍ക്ക് നല്‍കിയ പാലസ്തീന്‍ ദേശത്ത് ‘ജനവാസ’മില്ലെന്നും (A land without people) ആയതിനാല്‍ അത് ‘രാജ്യമില്ലാത്ത ജനതയായ ജൂതര്‍ക്ക്’ (A people without land) അവകാശപ്പെട്ടതാണെന്നും അവര്‍ പ്രചരിപ്പിച്ചു. ‘ഹഗാന, സ്റ്റേണ്‍ ഗാങ്, ഇര്‍ഗം’ തുടങ്ങിയ ജൂത ഭീകര സംഘങ്ങളെ ഉപയോഗിച്ച് കൂട്ടക്കൊല നടത്തിയും ഭീഷണിപ്പെടുത്തിയും, പിടിച്ചുപറിച്ചും, വിലയ്ക്കു വാങ്ങിയും അറബികളുടെ ഭൂമി സ്വന്തമാക്കിയാണ് സയണിസ്റ്റുകള്‍ ഇസ്രായേല്‍ സ്ഥാപിച്ചത്. ഒരു colonial settler state ആണ് ഇസ്രായേല്‍.

അറബികളുടെ മാതൃഭൂമി പിടിച്ചെടുത്ത് സ്ഥാപിച്ച കോളനി രാഷ്ട്രമായതിനാലാണ് ഭാരതം ഇസ്രായേലിനെ അംഗീകരിക്കാതിരുന്നത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പാലസ്തീനികളുടെ സ്വാതന്ത്ര്യസമരത്തിന് പിന്തുണ നല്‍കി. 1936-ലെ മഹത്തായ അറബ് സമരത്തിന്‍റെ കാലത്ത് INC പാലസ്തീന്‍ ദിനം ആചരിച്ചു. ഇന്ത്യയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം പാലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥകളും സമ്മേളനങ്ങളും സംഘടിപ്പിച്ചു. ഇന്ത്യയുടെ ഐക്യദാര്‍ഢ്യം ഇപ്പോഴും തുടരുകയാണ്. എന്നാല്‍ പാലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമായിട്ടില്ല. ട്രംപിന്‍റെ എംബസി മാറ്റപ്രഖ്യാപനത്തോടെ 90 ശതമാനത്തിലധികം അറബികളുള്ള കിഴക്കന്‍ ജറുസലേം കൂടി 2017-ന്‍റെ അവസാനത്തില്‍ അവര്‍ക്ക് നഷ്ടപ്പെടാനുള്ള സാഹചര്യമൊരുങ്ങി.

ലോകത്തില്‍ ഇപ്പോഴും തുടരുന്ന ദേശീയ സ്വാതന്ത്ര്യ സമരമാണ് പാലസ്തീന്‍ സമരം. സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളാക്കപ്പെട്ട ജനത ഇപ്പോഴും പോരാട്ടത്തിന്‍റെ പാതയിലാണ്. വീടുകളില്‍നിന്ന് പല ഘട്ടങ്ങളിലായ ആട്ടിപ്പായിക്കപ്പെട്ട പാലസ്തീനികള്‍ 7 ദശാബ്ദങ്ങള്‍ക്കുശേഷവും അമൂല്യനിധിപോലെ തങ്ങളുടെ വീടിന്‍റെ താക്കോലുകള്‍ സൂക്ഷിച്ചിരിക്കുകയാണ്. എന്നെങ്കിലും മടങ്ങിപ്പോകാമെന്ന പ്രതീക്ഷയില്‍.

1948-ലെ പാലസ്തീന്‍ വിഭജന പദ്ധതിയില്‍ ഐക്യരാഷ്ട്രസഭ ഒരു ജൂതരാഷ്ട്രം, അറബ് രാഷ്ട്രം, അന്താരാഷ്ട്ര പദവിയുള്ള ജറുസലേം നഗരം എന്നിങ്ങനെയാണ് പാലസ്തീനെ വിഭജിച്ചത്. 1948-ലെ അറബ്-ഇസ്രായേല്‍ യുദ്ധത്തെത്തുടര്‍ന്ന് കിഴക്കന്‍ ജറുസലേം ജോര്‍ദ്ദാനും പടിഞ്ഞാറന്‍ ജറുസലേം ഇസ്രായേലും പിടിച്ചെടുത്തു. 1967-ലെ യുദ്ധത്തില്‍ കിഴക്കന്‍ ജറുസലേം ഇസ്രായേല്‍ അധീനതയിലായി. 1993-ലെ ഓസ്ലോ ഉടമ്പടി പ്രകാരം അഞ്ച് വര്‍ഷത്തിനുള്ളില്‍ കിഴക്കന്‍ ജറുസലേം തലസ്ഥാനമായി സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രമുണ്ടാകേണ്ടതാണ്. അത് സംഭവിച്ചില്ല. ‘കരാറുകള്‍ ലംഘിക്കാനുള്ളതാണ്’ എന്നാണ് സയണിസ്റ്റ് മന്ത്രം.

യാസര്‍ അരഫാത്തിന്‍റെ നേതൃത്വത്തില്‍ PLO നടത്തിയ ഐതിഹാസിക സമരം ചരിത്രത്തില്‍ സമാനതകളില്ലാത്തതാണ്. ഒരു മതേതര പുരോഗമന ദേശരാഷ്ട്രം സ്ഥാപിക്കാനാണ് യാസര്‍ അറഫാത്ത് പരിശ്രമിച്ചത്. അദ്ദേഹത്തെ ഭീകരവാദിയായി മുദ്രകുത്തി കൊലപ്പെടുത്താന്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസദ് നിരവധി തവണ പരിശ്രമിച്ചു. ട്രംപിന്‍റെ എംബസി മാറ്റപ്രഖ്യാപനം ട്രംപ്-സയണിസ്റ്റ് കൂട്ടുകെട്ട് സ്വതന്ത്ര പാലസ്തീന്‍ രൂപീകരണത്തെ തകര്‍ക്കാനാണ് ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിച്ചത്. അല്‍-അഖ്സ പള്ളി തകര്‍ത്ത് സോളമന്‍റെ ദേവാലയം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്ന ജൂത ഭീകരസംഘമായ ‘ടെമ്പിള്‍ മൗണ്ട് വിശ്വാസ സംഘ’ത്തിന് ട്രംപ് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായി.

പാലസ്തീന്‍ – ഇസ്രായേല്‍ സംഘര്‍ഷം പശ്ചിമേഷ്യ മുഴുവന്‍ വിഴുങ്ങുന്ന മാനങ്ങളിലേക്ക് വളര്‍ത്താന്‍ ലക്ഷ്യമിട്ടുകൊണ്ടാണ് ജറുസലേമിനെ ഇസ്രായേലിന്‍റെ തലസ്ഥാനമായി അംഗീകരിക്കുന്ന പ്രഖ്യാപനം ഡൊണാള്‍ഡ് ട്രംപ് നടത്തിയത് ഡിസംബര്‍ 6-ന് വൈറ്റ് ഹൗസില്‍ നടത്തിയ 12 മിനിറ്റ് പ്രസംഗത്തിലാണ് ടെല്‍ അവീവില്‍ നിന്നും പടിഞ്ഞാറന്‍ ജറുസലേമിലേക്ക് അമേരിക്കന്‍ എംബസി മാറ്റുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതേത്തുടര്‍ന്ന് അന്താരാഷ്ട്രരംഗത്ത് അമേരിക്ക ഒറ്റപ്പെട്ടു.

ട്രംപിന്‍റെ പ്രഖ്യാപനത്തിനെതിരെ സഖ്യകക്ഷികളും ആഗോളസമൂഹവും ശക്തമായി രംഗത്തുവന്നു. യൂറോപ്യന്‍ യൂണിയന്‍ ട്രംപിന്‍റെ നടപടിയെ വിമര്‍ശിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ജല മെര്‍ക്കല്‍, ഫ്രഞ്ച് പ്രസിഡന്‍റ് മാക്രോണ്‍ എന്നിവര്‍ അപക്വമായ നടപടിയെന്ന് കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിലെ അമേരിക്കന്‍ സഖ്യരാഷ്ട്രങ്ങളും എംബസിമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ചു. ആഭ്യന്തര രംഗത്തും ട്രംപിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങള്‍ ഉയരുകയുണ്ടായി.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ ട്രംപ് വിരുദ്ധര്‍ എംബസിമാറ്റത്തിനെതിരെ വിമര്‍ശനവുമായി രംഗത്തുവരികയും ചെയ്തു.

ഇതിനിടെ പാലസ്തീന്‍ രാഷ്ട്രത്തേയും അതിന്‍റെ തലസ്ഥാനമായി കിഴക്കന്‍ ജറുസലേമിനേയും അംഗീകരിക്കണമെന്ന് 57 മുസ്ലീം രാജ്യങ്ങളുടെ ഉച്ചകോടി ആവശ്യപ്പെട്ടു. ഇസ്രായേലിന്‍റെ തലസ്ഥാനമായി ജറുസലേമിനെ അംഗീരിച്ച നടപടി നിയമവിരുദ്ധവും യു.എന്‍. അംഗീകരിച്ച കരാറുകളുടെ ലംഘനമാണെന്നും ഇസ്താംബൂളില്‍ ചേര്‍ന്ന ഉച്ചകോടി പ്രഖ്യാപിച്ചു. പാലസ്തീന്‍ പ്രശ്നത്തില്‍ ഏകപക്ഷീയമായി ഇസ്രായേല്‍പക്ഷം ചേര്‍ന്ന അമേരിക്കയ്ക്ക് പശ്ചിമേഷ്യയിലെ സമാധാനപ്രക്രിയയില്‍ ഇനി പങ്കുണ്ടാവില്ലെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ വ്യക്തമാക്കി.

അറബ്-മുസ്ലീം ഭൂരിപക്ഷ പ്രദേശമായ കിഴക്കന്‍ ജറുസലേം 1967-ലെ യുദ്ധത്തില്‍ ഇസ്രായേല്‍ പിടിച്ചെടുത്ത പ്രദേശമാണ്. സ്വതന്ത്ര പാലസ്തീന്‍ രാഷ്ട്രം സ്ഥാപിതമാകുമ്പോള്‍ തലസ്ഥാനമായി കാണുന്നത് കിഴക്കന്‍ ജറുസലേമിനെയാണ്. അന്താരാഷ്ട്ര സമൂഹം പൊതുവില്‍ അംഗീകരിച്ച കാര്യമാണിത്. കിഴക്കന്‍ ജറുസലേം തലസ്ഥാനമാക്കാനുള്ള അവകാശം പാലസ്തീനുണ്ടെന്ന് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്‍റെ പ്രസ്താവന ട്രംപിന് തിരിച്ചടിയായി. സ്വതന്ത്ര പാലസ്തീന്‍ രൂപീകരിക്കണമെന്ന ആവശ്യം തികച്ചും ന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ചുരുക്കത്തില്‍ സഖ്യകക്ഷികളും അന്താരാഷ്ട്രസമൂഹവും അമേരിക്കയെ കൈവിട്ട അവസ്ഥയാണ് എംബസി മാറ്റ പ്രഖ്യാപനം മൂലം ഉണ്ടായത്.

57 മുസ്ലീം രാഷ്ട്രങ്ങള്‍, യൂറോപ്യന്‍ യൂണിയന്‍, ലാറ്റിനമേരിക്കന്‍ ബ്ലോക്ക്, ഇന്ത്യ, റഷ്യ, ചൈന എന്നീ രാജ്യങ്ങളെല്ലാം ട്രംപിന്‍റെ ജറുസലേം പ്രഖ്യാപനത്തിനെതിരെ രംഗത്തു വരികയുണ്ടായി. പാലസ്തീന്‍ സ്വാതന്ത്ര്യസമരം ഇപ്പോഴും തുടരുകയാണ്. അവസാനത്തെ ആത്മബോധവും ആയുധമാക്കി അവര്‍ പോരാടുകയാണ്.
‘അഭയാര്‍ത്ഥികള്‍ അഭയരഹിതമായ അവസ്ഥയില്‍
അഭയമന്വേഷിച്ചലയുമ്പോള്‍
നമ്മളവരെ എന്തു വിളിക്കും’ എന്ന ചോദ്യം പാലസ്തീനിന്‍റെ കാര്യത്തില്‍ ഏറ്റവും പ്രസക്തമാണ്.

പാലസ്തീനികള്‍ നമ്മുടെ സഹോദരന്മാരാണെന്നും ബ്രിട്ടീഷുകാര്‍ക്ക് ബ്രിട്ടണ്‍ പോലെ അറബികളുടെ മാതൃഭൂമിയാണ് പാലസ്തീനെന്നും ഗാന്ധിജി പറഞ്ഞു. ഈ സാഹോദര്യം ഉച്ചത്തില്‍ പ്രഖ്യാപിക്കുകയാണ് ഇന്ത്യയിലെ പുരോഗമനശക്തികള്‍. തങ്ങളുടെ പീഡിതമായ സ്വന്തം നിലനില്‍പ്പില്‍പോലും ആത്മവിശ്വാസം കൈവിടാതെ പാലസ്തീനിന്‍റെ ദേശീയകവി ദാര്‍വിഷ് പാടി

“തിന്നാന്‍ ഗോതമ്പും കുടിക്കാന്‍ വെള്ളവും
നമുക്ക് കിട്ടുന്നില്ലെങ്കില്‍
നമ്മള്‍ നമ്മുടെ സ്നേഹം തിന്നുകയും
കണ്ണുനീര്‍ കുടിക്കുകയും ചെയ്യും”

സ്നേഹം തിന്ന് കണ്ണുനീര്‍ കുടിച്ച് മരണത്തെ എപ്പോഴും പ്രതീക്ഷിച്ച് സ്വാതന്ത്ര്യത്തിനായി പൊരുതുന്ന പാലസ്തീനികളെ ഗാന്ധിജിയുടെ നാട് സ്വന്തം സഹോദരന്മാരായി കാണുക തന്നെ വേണം. പാലസ്തീന്‍ കുട്ടികള്‍ കുതിക്കുന്നത് കളിക്കളത്തിലേക്കില്ല. പടനിലങ്ങളിലേക്കാണ്. കൊച്ചുകുട്ടികള്‍ പറയുന്നത് “ഉമ്മാ എനിക്ക് രക്തസാക്ഷിയാകണം” എന്നാണ്. പോരാട്ടമല്ലാതെ മറ്റൊരു മാര്‍ഗ്ഗവും അവരുടെ മുന്നിലില്ല. “നഷ്ടപ്പെടുവാന്‍ ശവമഞ്ചങ്ങള്‍ മാത്രം” എന്നവര്‍ തിരിച്ചറിയുന്നു.

‘അവസാനത്തെ അതിര്‍ത്തിയും മുറിച്ചു കടന്ന്
ഞങ്ങളെവിടെപ്പോകാനാണ്?
അവസാനത്തെ ആകാശത്തിനുമപ്പുറത്തേക്ക്
പക്ഷികള്‍ എങ്ങോട്ടു പറക്കാനാണ്
നിങ്ങളീ വിതുമ്പലിന്‍റെ വലിവുകള്‍ കേള്‍ക്കുകയില്ലേ?
കുടിയിറക്കപ്പെടും കൂട്ടരെ പറയുവിന്‍’

എന്ന ദാര്‍വിഷിന്‍റെ കവിത ഹൃദയഭേദകമായ ചോദ്യമാണ്. ലോകത്തിലെ ഒരു ജനാധിപത്യ വിശ്വാസിക്കും മുഖം തിരിക്കാനാവാത്ത ചോദ്യം. ദാര്‍വിഷ് ഇസ്രായേലിനോടു പറയുന്നു

‘So leave our land
our shore
our sea
our wheat
our salt
our wound’

തങ്ങളുടെ മുറിവുകളെങ്കിലും തങ്ങള്‍ക്കായി തരൂ എന്ന വിലാപത്തില്‍ അലയടിക്കുന്ന സമുദ്രശക്തി അളക്കുക അസാധ്യം. കവിതയിലും ഭാഷയിലും സംസ്കൃതിയിലും രാഷ്ട്രം പണിത ലോകത്തിലെ അപൂര്‍വ്വ ജനതയാണ് പാലസ്തീനികള്‍. ഒരു സ്വതന്ത്രരാഷ്ട്രമായിത്തീരാനുള്ള അവരുടെ അവകാശത്തെ ഇനിയും നിഷേധിക്കുന്നത് മാനവീകതയുടെ നിരാസമാണ്.

അടൂരിന്‍റെ ‘കഥാപുരുഷന്‍’ എന്ന സിനിമയില്‍ കഥാപുരുഷന്‍ ചോദിക്കുന്നുണ്ട്.
‘How can you be so sure that you will always win'(എപ്പോഴും നിങ്ങള്‍ തന്നെ ജയിക്കുമെന്ന് എന്താണുറപ്പ്)
നിരന്തരമായി തോല്പിക്കപ്പെടുമ്പോഴും എപ്പോഴും നിങ്ങള്‍ തന്നെ ജയിക്കുമെന്ന് കരുതരുത് എന്ന് സയണിസ്റ്റുകളെ നിരന്തരം ഓര്‍മ്മപ്പെടുത്തുകയാണ് പാലസ്തീന്‍ പോരാളികള്‍. ലോകത്തിലെ ലക്ഷണമൊത്ത വംശീയ – ഫാസിസ്റ്റ് രീതികള്‍ പ്രയോഗിക്കുന്ന ഇസ്രായേലിനും അവരെ അകമഴിഞ്ഞ് പിന്തുണയ്ക്കുന്ന അമേരിക്കയ്ക്കും തോല്‍ക്കേണ്ടിവരും. കാരണം പാലസ്തീനികള്‍ ശരിയുടെ പക്ഷത്താണ്.

ഇപ്പോഴും പാലസ്തീനികള്‍ പ്രതീക്ഷയോടെ കാണുന്ന രാജ്യം ഭാരതമാണ്. ഇസ്രായേല്‍-പാലസ്തീന്‍ സംഘര്‍ഷത്തില്‍ ഇന്ത്യയുടെ മധ്യസ്ഥതയാണ് തങ്ങള്‍ക്ക് ഏറ്റവും സ്വീകാര്യമെന്ന് പാലസ്തീന്‍ അതോറിറ്റി പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസ് ഇന്ത്യാ സന്ദര്‍ശനവേളയില്‍ പറയുകയുണ്ടായി. വിശുദ്ധ ഭൂമിയില്‍ രക്തച്ചൊരിച്ചില്‍ അവസാനിപ്പിക്കണം. പാലസ്തീനികളുടെ കോളനി വിരുദ്ധ – ദേശീയ വിമോചന സമരം വിജയിക്കണം. ഒപ്പം ഇസ്രായേലിന് നിലനില്‍ക്കാനും കഴിയണം. യാങ്കി-സയണിസ്റ്റ് കുതന്ത്രങ്ങള്‍ സമാധാനത്തിന് എതിരാണ്. നിരന്തരയുദ്ധവും വംശീയ ഉന്മൂലനവുമാണ് അവര്‍ ആഗ്രഹിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ ശരിയുടെ പക്ഷത്ത് അണിനിരന്നുകൊണ്ട് പാലസ്തീനികളുടെ സ്വാതന്ത്ര്യത്തിനുള്ള മൗലീകാവകാശത്തോട് ഐക്യപ്പെടുന്നത് ഭാരതത്തിന്‍റെ മഹത്തായ കോളനി വിരുദ്ധ-സാമ്രാജ്യത്വ വിരുദ്ധ പാരമ്പര്യത്തിനുള്ള ഒരടിക്കുറിപ്പാണ്.

Comments are closed.