DCBOOKS
Malayalam News Literature Website

കഥകള്‍ക്കുമപ്പുറമുള്ള കൗടില്യനായ ചാണക്യന്‍

ടി. നസീര്‍ഖാന്‍ സാഹിബ്

മഹാപുരുഷന്‍മാരുടെ ചരിത്രങ്ങളെക്കുറിച്ച് വിശ്വസിക്കാവുന്നതിനുമപ്പുറം വിസ്മയനീയമായ വിചിത്ര കഥകളുണ്ടായി പെരുകുന്നത് ഏതുനാട്ടിലും സാധാരണംതന്നെ. ഭാരതത്തിലാണിത് വളരെ കൂടുതല്‍. അതിനാല്‍ ഒരു ചരിത്രപുരുഷനെപ്പറ്റിത്തന്നെ വ്യത്യസ്തങ്ങളും വിരുദ്ധങ്ങളുമായ ഭട്ടേല്‍ക്കഥകള്‍ ദേശാനുദേശം വ്യാപിച്ചു യഥാര്‍ത്ഥ ചരിത്രത്തെ മറച്ചുകളയുന്നു.

സര്‍വ്വകാലപ്രതിഭയായ ചാണക്യനെ സംബന്ധിച്ചും കഥയിതുതന്നെ. അദ്ദേഹത്തിനു നാമധേയങ്ങള്‍പോലും
പലതാണ്. ചാണക്യന്‍, കൗടല്യന്‍,കൗടില്യന്‍, വിഷ്ണുഗുപ്തന്‍, ദ്രാമിളന്‍, അംഗുലന്‍, എന്നിങ്ങനെ… കൗടല്യനാണോ കൗടില്യനാണോ എന്നതുപോലും തീര്‍ച്ചയായിട്ടില്ല. ചണകദേശക്കാരനാകയാല്‍ ചാണക്യനായെന്നും
ചണകപുത്രനാകയാല്‍ ചാണക്യനായി എന്നും പക്ഷങ്ങളുണ്ട്. കുടലന്‍ എന്ന ഋഷിയുടെ ഗോത്രത്തില്‍പ്പെട്ടതിനാല്‍ കൗടില്യനായി എന്നും, കുടിലബുദ്ധിയാകയാല്‍ കൗടില്യനായി എന്നുമൊക്കെ പറയപ്പെടുന്നുണ്ട്. ”ചാണക്യ കൗടില്യ ഇതി ജയമങ് ഗലദ്യേ ജന്മഭൂമി ഗോത്ര നിബന്ധനേ” എന്ന് കാമന്ദകീയ നീതിസാരത്തിന്റെ
Textവ്യാഖ്യാനമായ ജയമംഗലയില്‍ കാണുന്നുണ്ട്. വിശാഖദത്തന്റെ മുദ്രാരാക്ഷസത്തിനു ഡുണ്ഠിരാജനെഴുതിയ വ്യാഖ്യാനമനുസരിച്ചു നീതിശാസ്ത്രകാരനായ ചണകന്‍ എന്ന വേദപണ്ഡിതന്റെ പുത്രനായ ചാണക്യന്‍ എന്ന വിഷ്ണുഗുപ്തനാണ് കൗടല്യന്‍, കൗടില്യന്‍ എന്നീ പേരുകളിലും പ്രസിദ്ധനായ ആള്‍. ചണകാത്മജന്‍ എന്നും പലയിടത്തും കാണുന്നു. അച്ഛനമ്മമാര്‍ ആദ്യം നല്‍കിയ പേരായിരിക്കണം വിഷ്ണുഗുപ്തന്‍. ആ പേരില്‍ മാറ്റവുമില്ല.

എന്നാലും ചാണക്യന്‍, കൗടില്യന്‍ എന്നീ പേരുകള്‍ക്കാണ് പ്രചാരവും പ്രിയവും. ചാണക്യതന്ത്രം, ചാണക്യനീതി, ചാണക്യരാജനീതി, ചാണക്യസൂത്രം, കൗടിലീയം എന്നിവ പ്രസിദ്ധമാണല്ലോ. തന്ത്രജ്ഞത, കുടിലത, കൂടപ്രയോഗം, ബുദ്ധിവൈഭവം തുടങ്ങിയവയില്‍ അഭിരമിക്കുന്ന എക്കാലത്തെയും ജനം ഇത്തരം
നാമങ്ങളെയേ കൂടുതല്‍ താലോലിക്കാനിടയുള്ളു… വിഷ്ണുഗുപ്തന്‍ എന്ന പ്രായേണ യഥാര്‍ത്ഥമായ നാമം ഗുപ്തമായിത്തന്നെ നില്‍ക്കുന്നു.

അദ്ദേഹം പിറന്ന ദേശത്തെപ്പറ്റിയുമുണ്ട് ഇതുപോലെ വികല്പങ്ങളനേകം. മഗധയിലാണ്, പാടലീ പുത്രത്തിലാണ് എന്ന് ചിലര്‍. കുസുമപുരത്തിലാണ് എന്ന് വേറെ ചിലര്‍. തക്ഷശിലയ്ക്കടുത്താണെന്നു ബൗദ്ധസാഹിത്യം. ‘ദ്രാമിളന്‍’ എന്ന നാമത്തെ അവലംബിച്ച് അദ്ദേഹം ദക്ഷിണഭാരതത്തിലെ കാഞ്ചീപുരത്ത് പിറന്നു വളര്‍ന്ന മുന്‍ കുടുമക്കാരായ ബ്രാഹ്മണനായിരുന്നുവെന്നും കേരളീയനായ നമ്പൂതിരിയായിരുന്നുവെന്നുമൊക്കെ ഊഹിക്കപ്പെടുന്നുണ്ട്…കാലവും അങ്ങനെതന്നെ.

ജനിച്ച ദേശമേതായാലും വിഷ്ണുഗുപ്തനും കൗടില്യനുമായ ചാണക്യന്‍, ലോകത്തിന്, ‘ഭാരതമെന്ന മാതാവ്’ നല്‍കിയ മഹാനും ധര്‍മ്മിഷ്ഠനുമായ പുത്രനാണ്. ചാണക്യനും കൗടില്യനും ഒരാളല്ല രണ്ടു പേരാണ് എന്ന പാശ്ചാത്യ പണ്ഡിതന്‍മാരുടെ അഭിപ്രായങ്ങള്‍ തള്ളിക്കളയാവുന്നതേയുള്ളൂ.

ഈ പുസ്തകത്തിലൂടെ അതിന് ലഘുവായ വഴികള്‍ തുറക്കപ്പെടാം. ചാണക്യന്റേതെന്നു പ്രസിദ്ധമായ
ശ്ലോകങ്ങളും വചനങ്ങളും അവിടവിടെ ഉചിതമായി ഉദ്ധരിച്ചുകൊണ്ടാണ് ഗ്രന്ഥകാരന്‍ ആ മഹാജീവിതത്തിന്റെ അംഗലേശങ്ങള്‍ ആഖ്യാനം ചെയ്തു പോകുന്നത്. ഒരു ലഘുകഥ വായിക്കും മട്ടില്‍ ഇതു വായിക്കാം. കൂടുതല്‍ കൂടുതല്‍ കാണാനുള്ള കണ്ണുകള്‍ വിടര്‍ത്താന്‍ ഇതു സഹായിക്കാതിരിക്കില്ല.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.