DCBOOKS
Malayalam News Literature Website

ഇഷ്ടപുസ്തകങ്ങള്‍ ഇനി നിങ്ങളുടെ വീട്ടുമുറ്റത്ത് ; പുതിയ ഉദ്യമവുമായി ആലപ്പുഴ നഗരസഭ

പുസ്തകപ്രേമികളായ ആലപ്പുഴ നഗരവാസികള്‍ക്കായി ഇതാ ഒരു സന്തോഷവാര്‍ത്ത. പ്രിയ എഴുത്തുകാരുടെ പുസ്തകങ്ങള്‍ വീട്ടുമുറ്റത്ത് എത്തിച്ച് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ആലപ്പുഴ നഗരസഭ. ‘വിജ്ഞാനനഗരം- വായനശാലാ വാതിൽപ്പടിയിൽ’ എന്ന പദ്ധതിയുടെ ഭാഗമായാണ് ഓണ്‍ലൈനായി പുസ്തകങ്ങള്‍ ലഭ്യമാക്കുന്നത്.

ഗ്രന്ഥങ്ങളുടെ വിവരങ്ങള്‍ വായനക്കാരുടെ വിരല്‍ത്തുമ്പില്‍ ലഭ്യമാക്കാനും ഇവ സമയ ബന്ധിതമായി വായനക്കാരിലേയ്ക്കും തിരികെ ഗ്രന്ഥശാലയിലേയ്ക്കും എത്തിച്ചു നല്‍കാനും പദ്ധതി ലക്ഷ്യംവെയ്ക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകരാണ് ചെറിയ സര്‍വീസ് ചാര്‍ജ് ഈടാക്കി പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കുന്നത്. ഇതിനായി കുടുംബശ്രീ പ്രവര്‍ത്തകരെ പ്രത്യേകം നിയോഗിച്ചിട്ടുണ്ട്.  ഒരു പുസ്തകം വായി​ച്ചു കഴി​ഞ്ഞാൽ തിരികെ വാങ്ങി പുതിയ ഓർഡർ പ്രകാരമുള്ള പുസ്തകങ്ങൾ എത്തി​ച്ചു നൽകും. ഇതിനായി ചെറിയ സർവീസ് ചാർജ് ഈടാക്കും.
നവംബർ ഒന്നിനു പദ്ധതി നടപ്പാക്കാനാണു ലക്ഷ്യം.

ആദ്യഘട്ടമായി ആലപ്പുഴ മുനിസിപ്പൽ ലൈബ്രറിയുടെ 45000 പുസ്തകങ്ങൾ പൂർണമായും ഡിജിറ്റലൈസ് ചെയ്യും. തുടർന്നാകും ആപ്പുമായി ഗ്രന്ഥശാലയെ ബന്ധിപ്പിച്ചുള്ള പ്ലാറ്റ്ഫോം തയ്യാറാകുക.വി – കൺസോൾ എന്ന ആപ്പിലൂടെ കേന്ദ്ര സർക്കാരിന്റെ ഇന്ത്യ ഇന്നവേഷൻ ചലഞ്ച് അംഗീകാരം നേടിയ ടെക്ജെൻഷ്യ സൗജന്യമായി ആപ്പ് നിർമിച്ച്‌ നഗരസഭയ്ക്കു നൽകും. പുസ്തകത്തിന്റെ ഓർഡർ സ്വീകരിക്കാനും വിതരണം ചെയ്യാനുമുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോം തയ്യാറാക്കലാണ് അടുത്ത പടി.

വാർഡ് കൗൺസിലർ ചെയർമാനായി വാർഡുതല ഗ്രന്ഥശാലാ സമിതികൾ രൂപവത്‌കരിച്ച് അംഗത്വ കാമ്പയിൻ നടത്തും. നിയമപ്രകാരമുള്ള അംഗത്വ ഫീസ്, വരിസംഖ്യ എന്നിവ അംഗങ്ങൾ ഒടുക്കുന്നുണ്ടെന്നും വിതരണവും വായനയും തിരികെ ഏൽപ്പിക്കലും കൃത്യമായി നടക്കുന്നുണ്ടെന്നും വാർഡ് തല സമിതികൾ ഉറപ്പു വരുത്തും. പദ്ധതി നടപ്പിലാവുമ്പോൾ ഡിജിറ്റൽ ഓർഡറുകളിലൂടെ പുസ്തകങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ആദ്യ തദ്ദേശ സ്ഥാപനമായി ആലപ്പുഴ നഗരസഭ മാറും.

Comments are closed.