DCBOOKS
Malayalam News Literature Website

‘പുതിയ ടീച്ചറും പുതിയ കുട്ടിയും’ കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആശയപരമായ സംഭാവന നല്‍കുന്ന കൃതി: വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: കേരളത്തിലെ ജനകീയ വിദ്യാഭ്യാസ മുന്നേറ്റത്തിന് ആശയപരമായ സംഭാവനയാണ് എ.കെ അബ്ദുല്‍ ഹക്കീം രചിച്ച പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതിയെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ്. പ്രളയാനന്തരം കേരളത്തിലെ പൊതുവിദ്യാഭ്യാസ രംഗത്തിന്റെ പരിവര്‍ത്തനത്തിന് പുതിയ മാനിഫെസ്‌റ്റോ കൂടിയാണ് ഈ രചനയെന്ന് പുസ്തകപ്രകാശന കര്‍മ്മം നിര്‍വ്വഹിച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ന് രാവിലെ കോഴിക്കോട് വെച്ച് നടന്ന ചടങ്ങില്‍ സാഹിത്യ അക്കാദമി വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ഖദീജാ മുംതാസ് പുസ്തകം ഏറ്റുവാങ്ങി.

എ. പ്രദീപ് കുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ എസ്.എസ്.എ ജില്ലാ പ്രൊജക്ട് ഓഫീസര്‍ എം.ജയകൃഷ്ണന്‍ പുസ്തക പരിചയം നടത്തി. പുസ്തകപ്രകാശനത്തോട് അനുബന്ധിച്ച് വിദ്യാഭ്യാസ സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. എസ്.എസ്.എയുടെ സംസ്ഥാന പ്രൊജക്ട് ഡയറക്ടര്‍ ഡോ. എ.പി കുട്ടിക്കൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തും. കെ.സി ഹരികൃഷ്ണന്‍, കെ. ശകുന്തള, ഇ.കെ. സുരേഷ് കുമാര്‍, അജിത് കെ.ആര്‍ ഷൂജ എസ്.വൈ, എ.കെ അബ്ദുള്‍ ഹക്കീം എന്നിവര്‍ സെമിനാറില്‍ സംസാരിക്കും.

കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വര്‍ത്തമാനകാലനിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന കൃതിയാണ് എ.കെ അബ്ദുള്‍ ഹക്കീമിന്റെ പുതിയ ടീച്ചറും പുതിയ കുട്ടിയും എന്ന കൃതി. കേരളസമൂഹത്തിന്റെ ക്രിയാത്മക വിമൃഷ്ടി എന്ന നിലയിലും ഈ കൃതി പ്രസക്തമാണ്. ഡി.സി ബുക്‌സാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.