DCBOOKS
Malayalam News Literature Website

മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവന്റെ പരിമിതികളുടെയും നിസ്സഹായതയുടെയും ലോകം കണ്ടെത്തിയ എഴുത്തുകാരൻ ; ഗീദ്‌ മോപ്പസാങ്‌

കഥാസാഹിത്യത്തിലെ ചക്രവർത്തികുമാരനാണ്‌ ഫ്രഞ്ച്‌ നോവലിസ്‌റ്റും ചെറുകഥാകൃത്തുമായിരുന്ന ഗീദ്‌ മോപ്പസാങിന്റെ 170-ാം ജന്മദിനമായിരുന്നു ഇന്നലെ, ആഗസ്റ്റ് 5. മലയാളത്തിലെ നവോത്ഥാന കാഥികന്മാരെ ശക്തമായി സ്വാധീനിച്ച ഒരാളാണ്‌ അദ്ദേഹം. മനുഷ്യജീവിതത്തിന്റെ ഉള്ളറകളിലേക്ക് ഇറങ്ങിച്ചെന്ന് അവന്റെ പരിമിതികളുടെയും നിസ്സഹായതയുടെയും ലോകം കണ്ടെത്തുന്നതായിരുന്നു ആധുനിക ചെറുകഥയുടെ പിതാവെന്നറിയപ്പെടുന്ന മോപ്പസാങ്ങിന്റെ കഥകളുടെ പൊതുസ്വഭാവം. അത് മനുഷ്യനെന്ന യാഥാര്‍ത്ഥ്യത്തെ കാപട്യങ്ങളില്ലാതെ അഭിമുഖീകരിക്കുന്നുവെന്നതാണ്. ബന്ധങ്ങളുടെ കാപട്യവും അതിജീവനത്തിനായുള്ള ആസക്തിയും തീര്‍ക്കുന്ന പോര്‍മുഖങ്ങളിലേക്കാണ് മോപ്പസാങ് വായനക്കാരെ ആനയിക്കുന്നത്. സമ്മിശ്രവും സങ്കീർണ്ണവുമായ വികാരമണ്ഡലങ്ങളിലൂടെയാണ് അദ്ദേഹത്തിന്റെ കഥകൾ വായനക്കാരെ കൊണ്ടുപോകുന്നത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ പാശ്ചാത്യസാഹിത്യത്തിൽ നിറഞ്ഞു നിന്ന മോപ്പസാങ്ങിന്റെ കഥാശൈലിയുടെ സ്വാധീനം ലോകത്തെ മിക്ക ഭാഷകളിലുമുണ്ട്. നോർമൻ കാർഷിക ജീവിതവും ഫ്രാൻസും പ്രഷ്യയും തമ്മിലുണ്ടായ യുദ്ധവും ഫ്രാൻസിലെ ബൂർഷ്വാ വർഗ്ഗത്തിന്റെ ജീവിതവും ആധാരമാക്കി മോപ്പസാങ്ങ് എഴുതിയ Guy de Maupassant-Ishtathozhan (Viswasahithyatharavali)ചെറുകഥകളും നോവലുകളും വിശ്വവ്യാപകമായ ജനപ്രീതി നേടിയവയാണ്. മുന്നൂറോളം ചെറുകഥകളും ആറു നോവലുകളും മൂന്ന് സഞ്ചാരസാഹിത്യ കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്. ബൂൾ ദെ സൂഫ് എന്ന ചെറുകഥയാണ് ആണ് ഇദ്ദേഹത്തിന്റെ ഏറ്റവും മികച്ച രചനയായി കണക്കാക്കപ്പെടുന്നത്.
ഫ്രാൻസിന്റെ വടക്കു പടിഞ്ഞാറൻ മേഖലയിലെ നോർമണ്ഡിയിലുള്ള ദിയെപ്പ് എന്ന തുറമുഖ നഗരത്തിൽ 1850-ൽ മോപ്പസാങ്ങ് ജനിച്ചു. മോപ്പസാങ്ങിനു 11 വയസ്സുള്ളപ്പോൾ അച്ഛനമ്മമാർ വിവാഹബന്ധം വേർപെടുത്തി. നോർമണ്ഡിയിൽ അമ്മയോടൊപ്പമാണ് മോപ്പസാങ്ങ് വളർന്നത്. 1869-ൽ നിയമപഠനത്തിനായി പാരീസിൽ എത്തിയ മോപ്പസാങ്ങ് അടുത്ത വർഷം ഫ്രാങ്കോ-പ്രഷ്യൻ യുദ്ധത്തിൽ പങ്കെടുക്കുവാനായി പട്ടാളത്തിൽ ചേർന്നു.

യുദ്ധാനന്തരം പാരീസിലെത്തിയ മോപ്പസാങ്ങ് പ്രശസ്ത നോവലിസ്റ്റായ ഗുസ്താവ് ഫ്ലോബേറിന്റെ നേതൃത്വത്തിലുള്ള സാഹിത്യവൃത്തത്തിലേയ്ക്ക് ആകർഷിക്കപ്പെട്ടു. ഫ്ലോബേറിന്റെ രചനകളിൽ നിന്നാണ് മോപ്പസാങ്ങ് കഥയെഴുത്തിന്റെ കൗശലങ്ങൾ പഠിച്ചത്. ഒടുവിൽ അക്കാര്യത്തിൽ ഫ്ലോബേറീനെ കവച്ചുവെക്കുകയും ചെയ്തു. ലളിതവും ഹാസ്യാത്മകവുമായിരുന്നു മോപ്പസാങ്ങിന്റെ ശൈലി. 1872 മുതൽ 1880 വരെ അദ്ദേഹം സർക്കാർ സർവീസിൽ ജോലി ചെയ്തു. ആദ്യം സമുദ്രയാന വകുപ്പിലും പിന്നീട് വിദ്യാഭ്യാസവകുപ്പിലും. അദ്ദേഹം ഏറ്റവും വെറുത്തിരുന്ന കാര്യങ്ങളിലൊന്ന് ജോലിക്ക് പോക്കായിരുന്നു. 1880-ൽ ആദ്യത്തെ കഥയുമായി മോപ്പസാങ്ങ് ഫ്രഞ്ച് സാഹിത്യലോകത്തെ അമ്പരപ്പിച്ചു. പ്രഷ്യയുമായുള്ള യുദ്ധത്തെ അടിസ്ഥാനമാക്കിയുള്ള “ബാൾ ഓഫ് ഫാറ്റ്” ആയിരുന്നു ആദ്യത്തെ കഥ. 1939-ൽ ഈ കഥയെ അടിസ്ഥാനമാക്കി അമേരിക്കൻ സംവിധായകനായ ജോൺ ഫോർഡ് “സ്റ്റേജ് കോച്ച്” എന്ന ചലച്ചിത്രമെടുത്തിട്ടുണ്ട്. ആദ്യത്തെ കഥയുടെ വിജയത്തോടെ മോപ്പസാങ്ങ് തുടർച്ചയായി എഴുതാൻ തുടങ്ങി.

വില്പനയില്‍ ചരിത്രം സൃഷ്ടിച്ച നോവലാണ് അദ്ദേഹം രചിച്ച ‘ഇഷ്ടതോഴന്‍’. പരീസിയന്‍ ഉപരിവര്‍ഗത്തിന്റെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ തത്ത്വദീക്ഷയില്ലാതെ വിജയത്തിന്റെ പടവുകള്‍ കയറിപ്പോകുന്ന ജോര്‍ജ് ദുറോയ് എന്ന പത്രപ്രവര്‍ത്തകന്റെ കഥ തെളിഞ്ഞ റിയലിസ്റ്റ് ശൈലിയില്‍ മോപ്പസാങ് ഈ നോവലിലൂടെ അവതരിപ്പിക്കുന്നു. വിശ്വസാഹിത്യ താരാവലിയില്‍ ഉള്‍പ്പെടുത്തി ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചഇഷ്ടതോഴന്‍ ഇപ്പോൾ കേവലം 45 രൂപയ്ക്ക് വായനക്കാർക്ക് സ്വന്തമാക്കാം.

പുസ്തകം ഡൗൺലോഡ് ചെയ്യുന്നതിനായി സന്ദർശിക്കുക

Comments are closed.