DCBOOKS
Malayalam News Literature Website

വൈലോപ്പിളളി ശ്രീധരമേനോന്റെ ജന്മവാര്‍ഷികദിനം

ജീവിതയാഥാര്‍ഥ്യങ്ങളെ പച്ചയായി ചിത്രീകരിക്കുന്ന കവിതകള്‍ എഴുതി ശ്രദ്ധേയനായ മലയാള സാഹിത്യകാരനായിരുന്നു വൈലോപ്പിള്ളി ശ്രീധരമേനോന്‍. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയില്‍ കൊച്ചുകുട്ടന്‍ കര്‍ത്താവിന്റെയും, നാണിക്കുട്ടിയമ്മയുടേയും പുത്രനായി 1911 മെയ് 11-നായിരുന്നു ജനനം. സസ്യശാസ്ത്രത്തില്‍ ബിരുദമെടുത്തതിനുശേഷം 1931-ല്‍ അധ്യാപനവൃത്തിയില്‍ പ്രവേശിച്ചു. 1966-ല്‍ ഹൈസ്‌കൂള്‍ പ്രധാനാദ്ധ്യാപകനായാണ് വിരമിച്ചത്.

മലയാളിയുടെ ഏറ്റവും സൂക്ഷ്മമായ രഹസ്യങ്ങളില്‍ രൂപകങ്ങളുടെ വിരലുകള്‍കൊണ്ട് സ്പര്‍ശിച്ച കവിയാണ് വൈലോപ്പിള്ളി. എല്ലാ മരുഭൂമികളെയും നാമകരണം ചെയ്തു മുന്നേറുന്ന അജ്ഞാതനായ പ്രവാചകനെപ്പോലെ മലയാളിയുടെ വയലുകള്‍ക്കും തൊടികള്‍ക്കും സഹ്യപര്‍വ്വതത്തിനും കയ്പവല്ലരിയ്ക്കും മണത്തിനും മഴകള്‍ക്കുമെല്ലാം കവിതയിലൂടെ അനശ്വരതയുടെ നാമം നല്‍കിയ വൈലോപ്പിള്ളി, കേരളത്തിന്റെ പുല്‍നാമ്പിനെ നെഞ്ചിലമര്‍ത്തിക്കൊണ്ട് എല്ലാ സമുദ്രങ്ങള്‍ക്കും മുകളില്‍ വളര്‍ന്നു നില്‍ക്കുന്നു.

മാമ്പൂവിന്റെ മണവും കൊണ്ടെത്തുന്ന വൃശ്ചികക്കാറ്റ് മലയാളിയുടെ ഓര്‍മ്മകളിലേക്ക് സങ്കടത്തിന്റെ ഒരശ്രുധാരയും കൊണ്ടുവരുന്നുണ്ട്. വൈലോപ്പിള്ളിയുടെ മാമ്പഴത്തിലൂടെ മലയാളി അനുഭവിച്ചറിഞ്ഞ ആ പുത്രദുഃഖം,ഒരു പക്ഷേ, ഭൂമിയുടെ അനശ്വരമായ മാതൃത്വത്തിലേക്ക് തിരിച്ചുപോയ പുത്രന്മാരുടെയും ജനപദങ്ങളുടെയും ഖേദമുണര്‍ത്തുന്നു.1985 ഡിസംബര്‍ 22-ന് അദ്ദേഹം അന്തരിച്ചു.

Comments are closed.