DCBOOKS
Malayalam News Literature Website

‘ബിരിയാണി’ക്ക് പ്രദർശനാനുമതി നിഷേധിച്ചു; സാംസ്കാരിക ഫാസിസമെന്ന് സംവിധായകന്‍ സജിന്‍ ബാബു

വിവിധ അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ സജിന്‍ ബാബു ചിത്രം ‘ബിരിയാണി’ ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ച് ആശീര്‍വാദ് സിനിമാസ്. സംവിധായകന്‍ തന്നെയാണ് വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. സദാചാര പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് തീരുമാനം. കോഴിക്കോട് മോഹൻലാലിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്‌തിരുന്നതായും എന്നാൽ അവസാന നിമിഷം സിനിമ പ്രദർശിപ്പിക്കാൻ സാധിക്കില്ലെന്ന് തിയറ്റർ മാനേജ്‌മെന്റ് അറിയിച്ചതായും സജിൻ ബാബു പറയുന്നു. സംഭവം വിവാദമായതിനെതുടർന്ന്​ വെള്ളിയാഴ്​ച വൈകീട്ട്​ സിനിമ പ്രദർശിപ്പിക്കാമെന്ന്​ തിയറ്ററുടമ സമ്മതിച്ചു.

സംവിധായകന്റെ ഫേസ്ബുക് പോസ്റ്റ് വായിക്കാം

ദേശീയ, സംസ്ഥാന, അന്തർ ദേശിയ അംഗീകാരങ്ങൾ നേടിയ രാജ്യത്തെ സെൻസർ ബോർഡ് ‘A’ സർട്ടിഫിക്കറ്റോടുകൂടി ക്ലിയർ ചെയ്ത ഞങ്ങളുടെ ചിത്രം ‘ബിരിയാണി’ കോഴിക്കോട് മോഹൻലാൽ സാറിന്റെ ഉടമസ്ഥതയിലുള്ള ആശിർവാദ് ആർപി മാളിൽ രണ്ട് പ്രദർശനങ്ങൾ ചാർട്ട് ചെയ്യുകയും, പോസ്റ്റർ ഒട്ടിക്കുകയും, കാശ് അടക്കുകയും ചെയ്തതിന് ശേഷം സിനിമ പ്രദർശിപ്പിക്കില്ല എന്ന് അറിയിച്ചിരിക്കുകയാണ്. കാരണം അന്വേഷിച്ചപ്പോൾ മാനേജർ പറയുന്നത് സദാചാര പ്രശ്‌നമാണ് (സെക്ഷ്വൽ സീനുകൾ കൂടുതലാണത്രെ). ഇതുതന്നെയാണോ യഥാർത്ഥ കാരണം? അതോ കുരു പൊട്ടിയ മറ്റാരുടേയെങ്കിലും ഇടപെടലാണോ? ഇങ്ങനെയുള്ള ഒരു തീരുമാനത്തിന് പ്രേരിപ്പിച്ചത് എന്ന് മനസ്സിലാകുന്നില്ല.

തിയറ്ററുകൾ ‘A’ സർട്ടിഫിക്കറ്റ് കിട്ടിയ പടങ്ങൾ പ്രദർശിപ്പിക്കില്ല എങ്കിൽ അത് ആദ്യമേ വ്യക്തമാക്കേണ്ടതാണ്. അല്ലാതെ സദാചാര പൊലീസ് കളിക്കുകയല്ല വേണ്ടത്. ഈ ജനാധിപത്യ രാജ്യത്ത് സൂപ്പർ സെൻസർ ബോർഡ് ആകാൻ തിയറ്ററുകൾക്ക് എന്താണ് അധികാരം..? ഇത് ഒരുതരത്തിൽ സാംസ്കാരിക ഫാസിസം തന്നെയാണ്.

 

Comments are closed.