DCBOOKS
Malayalam News Literature Website

ഈ വര്‍ഷത്തെ വയലാര്‍ അവാര്‍ഡ് ബെന്യാമിന്

നാല്പത്തിയഞ്ചാമത് വയലാര്‍ അവാര്‍ഡ് ബെന്യാമിന്. മാന്തളിരിലെ ഇരുപതു കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍ എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്പന ചെയ്ത ശില്പവുമാണ് പുരസ്‌കാരം.

ഓര്‍ത്തഡോക്‌സ് ക്രിസ്തീയ സഭയിലെ ഭിന്നിപ്പും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പരിമാണങ്ങളും അവയെല്ലാം ജനജീവിതത്തിലുണ്ടാക്കുന്ന സംഘര്‍ഷങ്ങളും ഹൃദ്യമായും നര്‍മ്മബോധത്തോടെയും അവതരിപ്പിക്കുന്ന നോവലാണ് മാന്തളിരിലെ ഇരുപത് കമ്മ്യൂണിസ്റ്റ് വര്‍ഷങ്ങള്‍. വിമോചന ദൈവശാസ്ത്ര പ്രസ്ഥാനം, കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പ്, അടിയന്തരാവസ്ഥ, മന്നം ഷുഗര്‍മില്ലിന്റെ വളര്‍ച്ചയും തളര്‍ച്ചയും എന്നിവയെല്ലാം നോവലില്‍ ചിത്രീകരിച്ചിട്ടുണ്ട്. ചെഗുവേര, പാട്രിക് ലുമുംബ, എം.എന്‍ ഗോവിന്ദന്‍ നായര്‍, ടി.വി തോമസ്, ഗൗരിയമ്മ, ഇ.എം.എസ് എന്നിവരും നോവലിലെ സാന്നിദ്ധ്യമാണ്. തിരുവല്ല, കോഴഞ്ചേരി പ്രദേശങ്ങളിലെ ജനജീവിതം സ്പര്‍ശിച്ചെഴുതിയതാണ് നോവല്‍.

കെ.ആര്‍ മീര, ഡോ. ജോര്‍ജ് ഓണക്കൂര്‍, ഡോ.സി ഉണ്ണികൃഷ്ണന്‍ എന്നിവരടങ്ങുന്ന ജൂറിയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഒക്ടോബർ 27ന് പുരസ്കാരം സമ്മാനിക്കും.

Comments are closed.