DCBOOKS
Malayalam News Literature Website

സ്ത്രീമനസ്സിലെ കണ്ണീരുണങ്ങാത്ത കപിലവസ്തു

രാജേന്ദ്രന്‍ എടത്തുംകരയുടെ ഞാനും ബുദ്ധനും എന്ന പുസ്തകത്തിന് സജിന്‍ സതീശന്‍ എഴുതിയ വായനാനുഭവം

സൗഭാഗ്യത്തിന്റെ കൊടുമുടിയിലമര്‍ന്ന കപിലവസ്തുവില്‍ നിന്നും ബന്ധങ്ങളുടെ ബന്ധനങ്ങള്‍ പൊട്ടിച്ചെറിഞ്ഞ് ഈറ്ററയില്‍ തന്റെ പത്‌നിയായ ഗോപ പേറ്റുനോവില്‍ പിടഞ്ഞ അതേ രാത്രിയില്‍ രാജ്യമുപേക്ഷിച്ചു പുറപ്പെട്ടുപോയ ശുദ്ധോധനഗൗതമി പുത്രനായ സിദ്ധാര്‍ത്ഥ രാജകുമാരന്‍ ലോകബാന്ധവനായ മഹാബുദ്ധനായി പരിണമിച്ചു. എന്നാല്‍ ബുദ്ധനാല്‍ ആകര്‍ഷിക്കപ്പെട്ട് രാജ്യത്തെ ആയിരക്കണക്കിന് പുരുഷന്മാര്‍ തലമുണ്ഡനം ചെയ്ത് മഞ്ഞച്ചീവരവും മരയോടുകളും ശരണമന്ത്രവും സ്വീകരിച്ചപ്പോള്‍ നിര്‍ദ്ദയമായി അവരേല്‍പ്പിച്ച അനാഥത്വം ഏറ്റുവാങ്ങേണ്ടിവന്ന ബന്ധുത്വങ്ങളുടെ കരള്‍പിളര്‍ക്കുന്ന കഥ ബുദ്ധനോടുള്ള ഭക്തിപ്രഭാവത്തിന്റെ അഗ്‌നിയില്‍ ആരോരുമറിയാതെ പ്രാണന്‍ കരിഞ്ഞുവീണത് നമ്മളില്‍ എത്രപേര്‍ക്കറിയാം? ഭൗതിക സന്തോഷങ്ങളില്‍ നിന്നും മുക്തി നേടി സമാധാനത്തിന്റെ പടികള്‍ കയറാന്‍ മനുഷ്യനെ പഠിപ്പിക്കുന്ന ബുദ്ധന്‍ ഉപേക്ഷിച്ചു പോയ കപിലവസ്തുവിന് പിന്നീട് എന്തു സംഭവിച്ചുവെന്ന് രാജേന്ദ്രന്‍ എടത്തുംകര ഞാനും ബുദ്ധനും എന്ന ഈ നോവലിലൂടെ
വരച്ചുകാട്ടുന്നു. വായനയെ ധ്യാനപൂര്‍വ്വം മാത്രം സമീപിക്കുവാന്‍ കഴിയുന്ന പുസ്തകമാണിത്.

പിതാവിനെയും, ഭര്‍ത്താവിനെയും, മകനെയും, പിതാമഹാന്മാരെയും നഷ്ടപ്പെട്ട സ്ത്രീജനങ്ങളുടെ അലമുറ മാത്രം ഉയര്‍ന്നുകേള്‍ക്കുന്ന കപിലവസ്തുവിലെ, രാജഗൃഹത്തിലെ പാതകളുടെയും എന്നെന്നേക്കുമായി വെളിച്ചം നഷ്ടപ്പെട്ട വീടുകളുടെയും നിസ്സഹായത. കപിലവസ്തുവെന്ന ശാക്യകുലത്തിന്റെ രത്‌നത്തെ ശപിക്കപ്പെട്ട ഏകാന്തതയുടെ ഉമിത്തീയിലേക്ക് തള്ളിവിട്ട് സ്വന്തം കുടുംബത്തെയും പ്രജകളെയും തീരാദുഃഖത്തിന്റെ മുനയുള്ള പാശത്താല്‍ ചുറ്റിവരിഞ്ഞ് അന്ധകാരത്തിലേക്കേറിഞ്ഞ മറ്റൊരു ബുദ്ധനെ ഇന്ന് ഞാന്‍ ഈ നോവലിലെ വരികളിലൂടെ ഞാനറിയുന്നു. ഇതവരുടെ ഒരിക്കലും നിലയ്ക്കാത്ത ഹൃദയവേദനകളുടെ മാത്രം കഥയാണ്. സ്ത്രീമനസ്സിലെ കണ്ണീരുണങ്ങാത്ത കപിലവസ്തുവിന്റെ കഥ.

വാത്സല്യവും പ്രണയവും പകയും ദുഃഖവും ഭക്തിയും അനാഥത്വവും ഒരേ പൂപ്പരുത്തിക്കൊമ്പില്‍ പൂക്കുന്ന തികച്ചും പുതുമയാര്‍ന്ന ഒരു നിരീക്ഷണമാണ് ഞാനും ബുദ്ധനും എന്ന പുസ്തകം. വിസ്മൃതിയുടെ കുഴിമാടങ്ങളില്‍ നിന്നും മാടിവിളിക്കുന്ന ഓര്‍മ്മകളാല്‍ സമ്പന്നമായ ഓരോ അദ്ധ്യായങ്ങളും ഏറെ നൊമ്പരപ്പെടുത്തുന്നവയാണ്. ബുദ്ധനും അദ്ദേഹത്തിന്റെ അനേകം പുരുഷ അനുയായികളും ഉപേക്ഷിച്ച സ്ത്രീജനങ്ങളുടെ കണ്ണീര്‍ കലര്‍ന്ന ഉപ്പുരസം ഈ പുസ്തകത്തിലെ ഓരോ വരികളിലും അവശേഷിക്കുന്നുണ്ട് എന്ന് പലപ്പോഴും തോന്നിപോകുന്നു.

ആണ്‍തുണയില്ലാതെ കപിലവസ്തു നീ തള്ളിയിട്ട അരാജകത്വത്തിലേക്ക് വീണ് കൂപ്പുകുത്തിയപ്പോള്‍ അഭയാര്‍ത്ഥിനികളായി പലായനം ചെയ്യേണ്ടി വന്ന നിന്റെ അമ്മയും ഭാര്യയും ബന്ധുജനങ്ങളും പ്രജകളും ബുദ്ധവിഹാരത്തിന്റെ വാതിലിനുപുറത്ത് കരുണ യാചിച്ചു നിന്നപ്പോള്‍ ഭിക്ഷുണികളായി മാത്രം അവരെ സ്വീകരിക്കാന്‍ തയ്യാറായ ലോകത്തിന്റെ മുഴുവന്‍ അച്ഛനായ, ബന്ധങ്ങളില്‍ നിന്നും വിടുതല്‍ നേടിയ, മൗനം കൊണ്ട് സംസാരിക്കുന്ന ഗൗതമബുദ്ധാ… ഇവിടെ ആരെയോര്‍ത്താണ് ഞാന്‍ ഹൃദയം നുറുങ്ങി വിലപിക്കേണ്ടത്? അടക്കിപ്പിടിച്ച തേങ്ങലുമായി പാദചാരിണികളാവേണ്ടി വന്ന നിന്റെ രാജ്യത്തെ അവശേഷിച്ച സ്ത്രീജനങ്ങളെയോര്‍ത്തോ, ഗോപയെയോ, രാഹുലനെയോ, കമലയോ, കല്യാണിയെയോ, ഗൗതമിയേയോ? ശുദ്ധോധനനെയോ, ബിംബിസാരനെയോ? കോസലദേവിയെയോ,അതോ നിന്നോട് ഇക്കാലമത്രയും അതിരറ്റ ആരാധന മാത്രം നല്‍കിയ എന്നെത്തന്നെയോര്‍ത്തോ.?

Comments are closed.