DCBOOKS
Malayalam News Literature Website

‘ബാര്‍മാന്‍’ ; ഗന്ധര്‍വ്വ എന്ന മധുശാലയെക്കുറിച്ച് ഒരു നോവൽ!

പ്രതാപന്റെ ‘ബാര്‍മാന്‍’ എന്ന നോവലിന് ജോണി എം എല്‍ എഴുതിയ വായനാനുഭവം

ആയിരത്തിതൊള്ളായിരത്തി മുപ്പത്തിയഞ്ചില്‍ ഉത്തരേന്ത്യയിലെ കവികളില്‍ പലരും പുരോഗമന പ്രസ്ഥാനത്തിലേക്ക് ചേക്കേറാന്‍ തിടുക്കം കൂട്ടുന്ന വേളയില്‍ ഒരു കവി തന്റെ കാല്പനികപഥത്തില്‍ ഉറച്ചു നിന്ന് കൊണ്ടൊരു ദീര്‍ഘകവിതയെഴുതി. കവിയുടെ പേര്, ഹരിവംശറായ് ബച്ചന്‍. നമ്മുടെ അമിതാഭ് ബച്ചന്റെ അച്ഛന്‍. കവിതയുടെ പേര് ‘മധുശാല’. മധു പകര്‍ന്നു കൊടുക്കുന്ന ഇടം. ഇന്നത്തെ അര്‍ത്ഥത്തില്‍ പറഞ്ഞാല്‍ ഒരു ബാര്‍. ജീവിതത്തെ ഒരു മധുശാലയായി സങ്കല്പിക്കുന്ന ബച്ചന്‍, മദ്യം എന്ന ഒരു അലങ്കാരത്തിലൂടെ ജീവിതത്തിന്റെ അഗാധസത്യങ്ങള്‍ വിളിച്ചു പറഞ്ഞു. തന്നെ ചിതയിലേയ്‌ക്കെടുക്കുമ്പോള്‍പ്പോലും ഹരിനാമത്തിനു പകരം മധുനാമം മതിയെന്ന് അദ്ദേഹം പാടി. മലയാളിയായ പ്രതാപന്‍ എന്ന എഴുത്തുകാരന്റെ ആദ്യനോവല്‍ ‘ബാര്‍മാന്‍’, മറ്റൊരു മധുശാലയെക്കുറിച്ചാണ്; ഗന്ധര്‍വ്വ എന്ന് പേരുള്ള ഒരു ബാര്‍.

ജഗദീഷ് ചന്ദ്രന്‍ എന്ന സാഹിത്യതത്പരനും എന്നാല്‍ അന്തര്‍മുഖനുമായ യുവാവ് ഗ്രാമത്തില്‍ നിന്ന് നഗരത്തിലേക്ക് എത്തുന്നത്, എക്‌സൈസില്‍ ജോലിയുള്ള അമ്മാവന്റെ റെക്കമെന്‍ഡേഷന്‍ പ്രകാരം ലഭിച്ച ബാറിലെ ജോലിയുമായാണ്. അയാളുടെ കണ്ണുകളിലൂടെയാണ് നോവലിലെ ആഖ്യാനം പുരോഗമിക്കുന്നത്. ഒരു ബാര്‍മാന്‍ ആവുകയായിരുന്നോ തന്റെ നിയോഗം എന്നൊന്നും ജഗദീഷിന് അറിയില്ല. പക്ഷെ ഒരു വ്യാഴവട്ടത്തിലധികം അയാള്‍ അവിടെ തുടരുന്നു. നാടും വീടും സ്വത്വവും മറച്ചുകൊണ്ട് ജീവിക്കുന്ന അനേകം ബാര്‍ തൊഴിലാളികളുടെ ഇടയില്‍ അതൊക്കെയുണ്ടെങ്കിലും തന്റെ സ്വത്വത്തെ നിഷ്പ്രഭവും നിഷ്പന്ദവും ആക്കിക്കൊണ്ട് ജഗദീഷ് അവിടെ തുടരുന്നു.

ബാറുകള്‍ മനുഷ്യന്റെ നാഗരികതയ്‌ക്കൊപ്പം വളര്‍ന്നവയാണ്. ഒരുപക്ഷെ അന്നൊന്നും ബാര്‍ എന്ന പേരായിരുന്നിരിക്കില്ല അവയുടെ പേര്.  ഇംഗ്ലീഷ് സാഹിത്യത്തിലെ നാഴികല്ലുകളില്‍ ഒന്നായി എണ്ണപ്പെടുന്ന ‘കാന്റര്‍ബറി ടെയ്ല്‍സ്’ എന്ന ആഖ്യാന കവിതയില്‍, ജെഫ്‌റി ചോസര്‍ ഒരു ടാവേണില്‍ വന്നു കൂടുന്ന യാത്രികര്‍ പറയുന്ന കഥകളായാണ് കവിതാഖ്യാനം നിര്‍വഹിച്ചിരിക്കുന്നത്. അതെഴുതി ഒരു നൂറ്റാണ്ടിനിപ്പുറം നമ്മുടെ സ്വന്തം എഴുത്തച്ഛന്‍ ജീവിതത്തെക്കുറിച്ച് ഇങ്ങനെ എഴുതി, ‘പാന്ഥര്‍ പെരുവഴിയമ്പലം തന്നിലേ താന്തരായ് കൂടി Textവിയോഗം വരുമ്പോലെ.’ ആ ഒരു അലങ്കാര പശ്ചാത്തലം പ്രതാപന്‍ ബാര്‍മാന്‍ എന്ന നോവലിന് നല്‍കിയിട്ടുണ്ട്.

വ്യത്യസ്തങ്ങളായ കഥകളാണ് ബാറില്‍ വരുന്ന ഓരോരുത്തര്‍ക്കും ഉള്ളത്. ഗോസ്റ്റ് റൈറ്റര്‍ കൂടിയായ സുബ്രമണ്യം രവി, റാഫിയുടെ പാട്ടുകള്‍ മാത്രം പാടുന്ന ചാക്കോ, ജീവിതത്തില്‍ നിന്ന് എടുത്തു ചേര്‍ത്ത എ അയ്യപ്പന്‍ എന്ന കവി, സുരേഷ് പട്ടാലി എന്ന ടെലിവിഷന്‍ ചാനല്‍ പ്രവര്‍ത്തകന്‍, മൂര്‍ത്തി എന്ന ജീനിയസ്, സിനിമാക്കാര്‍, ഗുണ്ടകള്‍ എന്നിങ്ങനെ ഒരുപിടി മനുഷ്യര്‍. അവരുടെ ജീവിതത്തിലേയ്ക്ക് നോക്കി നില്‍ക്കുന്ന ജഗദീഷ് ആ ബാറിന്റെ ഇരുണ്ട ഉള്‍ത്തളങ്ങളില്‍ ഇരുന്ന് തന്റെ മനസ്സില്‍ അവരുടെ കഥകള്‍ മെനയുകയാണ്. പക്ഷെ ആരോടും അയാള്‍ ഒന്നും പറയുന്നില്ല. ബാറില്‍ വരുന്നവരേക്കാള്‍ ഒരുപക്ഷെ പ്രധാനമാണ് ജഗദീഷിനൊപ്പം ബാറില്‍ ജോലി ചെയ്യുന്നവര്‍. മാനേജര്‍ അജയന്‍, ഫ്‌ലോര്‍ സൂപ്പര്‍വൈസര്‍ പോളി, പച്ചക്കാരന്‍ ടോമി, സിനിമാസ്വപ്നങ്ങളുമായി നടക്കുന്ന രാജേഷ്, വെയ്റ്റര്‍ വര്‍ഗീസ്, ഹര്‍ഷന്‍, ബാലചന്ദ്രന്‍, ബഷീര്‍, മെസ്സിലെ പാചകക്കാരനും ഗേയുമായ രഘു അങ്ങനെ കുറെ മനുഷ്യര്‍.

ഇംഗ്ലണ്ടില്‍ ബാറുകള്‍ക്ക് പബ്ബുകള്‍ എന്നാണ് പറയുക. പബ്ലിക് പ്ലെസ് എന്നാണ് അര്‍ഥം. പൊതുജനങ്ങള്‍ക്ക് ചെന്ന് മദ്യപിക്കാനും പൂള്‍ ഗെയിംസ് കളിക്കാനും സന്തോഷിക്കാനും ദുഃഖം പങ്കുവെയ്ക്കാനും ഒക്കെയുള്ള ഇടങ്ങളാണ് അവ. പാശ്ചാത്യലോകത്ത് ബാറുകള്‍ക്കും പബ്ബുകള്‍ക്കും ഉള്ള അര്‍ത്ഥമല്ല ഇന്ത്യയില്‍ പൊതുവെയും കേരളത്തില്‍ പ്രത്യേകിച്ചും ഉള്ളത്. ബാര്‍ എന്നതിനെ സാമൂഹികമായ ഒരു അപഭ്രംശം ആയി കാണുന്നതിനുള്ള ഒട്ടനവധി കാരണങ്ങള്‍ കേരളത്തില്‍ ഉണ്ട്. അത് കുടുംബം തകര്‍ക്കും വിധം ഉള്ള സാമ്പത്തിക അരക്ഷിതാവസ്ഥയും ഗാര്‍ഹികപീഡനവും നടക്കുന്നത് മുതല്‍ അധോലോകങ്ങളുടെ വിളയാട്ടകേന്ദ്രങ്ങള്‍ എന്ന നിലയില്‍ വരെ അര്‍ത്ഥവൈവിധ്യം നേടിയിരിക്കുന്നു. സാംസ്‌കാരികനായകന്മാര്‍ എന്നറിയപ്പെടുന്നവരാകട്ടെ സാംസ്‌കാരികപ്രവര്‍ത്തിയുടെ അവിഭാജ്യഘടകമായി ബാറിനെ കാണുന്നു എന്നൊരു പൊതുധാരണ പരത്തപ്പെടുകയും ചെയ്തിരിക്കുന്നു.

അത്തരത്തില്‍ ഋണാത്മക വ്യവഹാരത്തിന്റെ കേന്ദ്രപ്രമേയമോ ബിന്ദുവോ ആയിരിക്കുന്ന ബാര്‍ ജീവിതങ്ങളെ സാഹിത്യത്തിന്റെ പുറമ്പോക്കില്‍പ്പോലും ഇതുവരെ ആരും അടുപ്പിച്ചിട്ടില്ല. നമ്മുടെ ജനപ്രിയ ആഖ്യാനങ്ങളിലെല്ലാം സോഷ്യല്‍ പരിയാസ് അഥവാ പ്രാന്തവത്കൃതമനുഷ്യര്‍ക്ക് ചെന്നടിയാനുള്ള ഒരിടമായി ബാറിനെ ചിത്രീകരിക്കുന്നു. പ്രധാനപ്പെട്ട സാഹിത്യകൃതികളില്‍ അഥവാ ബാറിനെക്കുറിച്ചുള്ള പരാമര്‍ശം വരുന്നത് തന്നെ കഥാപാത്രങ്ങളുടെ അപചയഘട്ടത്തില്‍ ചെന്ന് കയറാനോ ആടുന്ന കാലുകളോടെ ഇറങ്ങി വരാനോ ഉള്ള ഇടങ്ങളായാണ്. കവിതയും കൊട്ടിപ്പാട്ടും തെറിവിളികളും വാള് വെയ്ക്കലുകളുമായി തികച്ചും അഴിഞ്ഞാട്ടത്തിന്റേതായ ഒരിടം. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ തികച്ചും ലിംഗവിവേചനത്തിലൂടെ അതിരുകള്‍ നിര്‍ണ്ണയിക്കപ്പെട്ട ഒരു പുരുഷ ഇടം. അത് സമൂഹത്തില്‍ കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.

ഇതൊരു ജെന്‍ഡേര്‍ഡ് സ്‌പേസ് ആണെന്ന് പറയുമ്പോള്‍ ചിലര്‍ക്കെങ്കിലും അത് റിയലിസം അല്ലെന്നു തോന്നാം കാരണം ഇന്ന് ധാരാളം സ്ത്രീകള്‍ ബാറുകളിലും പബ്ബുകളിലും പുരുഷന്മാര്‍ക്കൊപ്പവും അല്ലാതെയും പോകുന്നുണ്ട്. ചെറിയൊരു ശതമാനം മാത്രമാണ് ഇതെങ്കിലും സമൂഹത്തില്‍ വരുന്ന ഒരു മാറ്റം തന്നെയാണ് ഇത് സൂചിപ്പിക്കുന്നത്. (രാത്രി, ഇടം, പ്ലെഷര്‍ എന്നിങ്ങനെ മൂന്ന് സംവര്‍ഗങ്ങളെ അടിസ്ഥാനപ്പെടുത്തി ഇതിനെ വികസിപ്പിക്കാന്‍ ഞാന്‍ പദ്ധതിയിടുന്നുണ്ട്) . ഒരു പക്ഷെ ഇത്തരത്തില്‍ ജെന്‍ഡേര്‍ഡ് ആയുള്ള സ്‌പേസ് ആയതുകൊണ്ടാകണം ബാര്‍മാനില്‍ നാല് സ്ത്രീ കഥാപാത്രങ്ങളേയുള്ളൂ; ഒന്ന്, ജഗദീഷിന്റെ ‘അമ്മ, രണ്ട്, ബാറിലെ റിസപ്ഷന്‍ മാനേജര്‍ ആയി ജോലി ചെയ്യുന്ന, ചിരിക്കാത്ത പ്രമീള (അവരുടെ ചിരിയില്ലായ്മ ഒരു repellent ആയി അവര്‍ പ്രയോഗിക്കുന്നതാകണം. ഒരുതരം സര്‍വൈവല്‍ ടാക്റ്റിക്‌സ് എന്ന് തന്നെ പറയാം), മൂന്ന്, ജഗദീഷിന്റെ നിശബ്ദപ്രണയത്തിന്റെ ഭാജനമായ ലക്ഷ്മി, നാല്, ശകുന്തള എന്ന ഇടനിലക്കാരി.

പശ്ചാത്തലമെന്നോ സാന്ദര്‍ഭികമെന്നോ പറയാവുന്ന രീതിയില്‍ മാത്രം പരാമര്‍ശിക്കപ്പെട്ടിരിക്കുന്ന ഈ നാല് കഥാപാത്രങ്ങളില്‍ പുരുഷ ഇടങ്ങളുമായി കലരുന്ന രണ്ടു സ്ത്രീകള്‍ക്ക് മാത്രമേ വ്യക്തിത്വം കൈവരിക്കാനാകുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. ഈ സ്ത്രീകഥാപാത്രങ്ങളുടെ ആഖ്യാനം നോവലിസ്റ്റിനു പോലും നിയന്ത്രിക്കാന്‍ കഴിയാത്തവിധം സ്വതന്ത്രമായിരിക്കുന്നു എന്നതാണ് വാസ്തവം. പ്രമീള താനിടപഴകുന്ന ഇടത്തിലെ ഒരു പുരുഷനു പോലും നനുത്ത ഒരു ചിരിയോ മൃദുലമായ ഒരു വാക്കോ തെറ്റിദ്ധരിക്കപ്പെടാവുന്ന ഒരു നോട്ടമോ സമ്മാനിക്കുന്നില്ല. ജനിച്ചപ്പോള്‍ അമ്മയ്ക്ക് കൊടുത്ത വാക്കാണ് ഈ വിദ്വേഷം എന്ന് അവിടത്തെ പുരുഷന്മാര്‍ രഹസ്യമായി അവളെ കളിയാക്കുന്നുണ്ട്. അവള്‍ക്ക് ഒരു പുരുഷനെയും തന്റെ ജീവിതത്തില്‍ എടുക്കാന്‍ കഴിയില്ലെന്ന് കരുതുമ്പോള്‍ ആ മുന്‍വിധിയെ തകര്‍ത്തുകൊണ്ട് പ്രമീളയ്ക്ക് തന്റെ ഇണയെക്കണ്ടെത്താന്‍ കഴിയുന്നു എന്നത് ശ്രദ്ധേയമാണ്. പുരുഷന്മാരുടെ സാമ്രാജ്യമായ ബാറിനുള്ളില്‍ കയറി വന്ന് ബാര്‍ കൗണ്ടറിലെ പൊക്കം കൂടിയ സ്റ്റൂളില്‍ കയറിയിരുന്ന് നാല് പെഗ് ബ്രാണ്ടി കഴിച്ചിട്ട് പുരുഷന്മാര്‍ക്ക് ടിപ്പും കൊടുത്ത് ഇറങ്ങിപ്പോകുന്ന ശകുന്തള ഒരു രംഗം കൊണ്ട് തന്നെ വായനക്കാരുടെ മനസ്സില്‍ കടന്നു ചെല്ലുന്നു.
ജഗദീഷിന്റെ ‘അമ്മ ഒരു കവിയൂര്‍ പൊന്നമ്മയാണ്. അതായത് ജനപ്രിയ സിനിമകളിലൊക്കെ കണ്ടുമുട്ടുന്ന സഹനത്തിന്റെ മൂര്‍ത്തിയായ ഒരു കഥാപാത്രം. അവരുടെ സഹനം ഒന്നാകെ നിലവിലെ വ്യവസ്ഥയ്ക്കുള്ളില്‍ നില്‍ക്കുന്നതും അതിനെ അംഗീകരിക്കുന്നതുമാണ്. ഒരുപക്ഷെ ആ വ്യവസ്ഥയ്ക്കുള്ളില്‍ മാത്രം ഓപ്പറേറ്റ് ചെയ്യപ്പെടുന്നതാകണം ആ സഹനത്തിനു കാരണവും. ത്യാഗത്തിനെ ഒരു ആദര്‍ശമൂല്യമായി കരുതുകയും ആ മൂല്യം സാമൂഹികമായ അതിജീവനത്തിനുള്ള ഒരു കറന്‍സിയായി വിധവയായ ഒരു സ്ത്രീയ്ക്ക് ഉപയോഗിക്കാനും കഴിയുമ്പോള്‍ ജഗദീഷിന്റെ മാത്രമല്ല പലരുടെയും അമ്മമാരുണ്ടാകുന്നു. ജഗദീഷ് പോലും അബോധാത്മകമായാകണം അമ്മയെ വല്ലാതെയങ്ങ് ആദര്‍ശവല്‍ക്കരിക്കുന്നുണ്ട്. ജഗദീഷിന്റെ പ്രണയഭജനമെന്നു പറയാനാകാത്ത പ്രണയഭാജനമായ ലക്ഷ്മി, സല്‍ഗുണസമ്പന്നയും അച്ഛന്‍ ചൂണ്ടിക്കാട്ടിക്കൊടുത്തവന് മുന്നില്‍ തലകുനിച്ചു കൊടുത്ത് അവന്റെ കുഞ്ഞിനെ പ്രസവിക്കുന്നവളുമാണ്. ജഗദീഷിന്റെ ഉള്ളില്‍ ഇവരുടെ പാസ്സീവ്‌നെസും പ്രമീളയുടെയും ശകുന്തളയുടെയും ആക്റ്റീവ് ജീവിതവും തമ്മില്‍ സംഘര്‍ഷമൊന്നും നടക്കുന്നില്ലെങ്കിലും പ്രമീളയോടും ശകുന്തളയോടും അയാള്‍ക്ക് മറച്ചു വെച്ച ആരാധനയും ബഹുമാനവുമുണ്ട്; ഒരുപക്ഷെ ബാര്‍ ജോലിക്കാരായ എല്ലാ പുരുഷന്മാര്‍ക്കും ഇങ്ങനെയുണ്ട് എന്നത് മനസ്സിലാക്കാനാകും. ഇരുനൂറ്റി മുപ്പത്തിയൊമ്പതു പേജുകളില്‍ ഒരേ ഒരു പ്രാവശ്യം മാത്രമാണ് അമ്മയുടെ പേര് വിലാസിനി എന്നാണെന്ന് എഴുതപ്പെട്ടിട്ടുള്ളത്; ആദര്‍ശം അസ്തിത്വഹനനത്തോളം വരുന്നത് ഇങ്ങനെയാണ്.

സമകാലിക നോവലില്‍ ഗ്രാമ്യഭാഷയ്ക്ക് വലിയൊരു മുന്നേറ്റം കൊടുക്കുന്നതായി കാണാം. ആ കെണിയില്‍ വീഴാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം പ്രതാപന്‍ ഈ നോവലില്‍ കാട്ടിയിട്ടുണ്ട്. മാനകഭാഷയ്ക്കും മാനവികതയെയും വികാരങ്ങളെയും അവയര്‍ഹിക്കുന്ന രീതിയില്‍ ആവിഷ്‌കരിക്കാന്‍ കഴിയും എന്നതിനുള്ള തെളിവും ഇതിലുണ്ട്. ‘ഗ്രീഷ്മം’ എന്നും ‘രാകേന്ദു’ എന്നുമുള്ള രണ്ടു ‘സാഹിത്യവാക്കുകള്‍’ ഈ നോവലില്‍ ഞാന്‍ വായിച്ചു. എ അയ്യപ്പനെ കഥാപത്രം കൂടിയാക്കുന്ന നോവലില്‍ ഗ്രീഷ്മം എന്ന വാക്ക് സ്വാഭാവികം. രാകേന്ദു എന്നൊരു ഒറ്റ വാക്കില്‍ ജഗദീഷ് ചന്ദ്രന്റെ വെളിപ്പെടുത്താത്ത പ്രണയം നിലാവായി അനുഭവിക്കാം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.