DCBOOKS
Malayalam News Literature Website

കഥകള്‍ക്കുള്ളില്‍ കഥകള്‍ പൊതിഞ്ഞു വെക്കുന്ന അറബിക്കഥകളുടെ ക്രാഫ്റ്റ്!

സല്‍മാന്‍ റുഷ്ദിയുടെ ‘ആയിരത്തൊന്ന് രാവുകള്‍’ എന്ന പുസ്തകത്തിന് കബനി സി എഴുതിയ വിവര്‍ത്തനക്കുറിപ്പില്‍ നിന്നും

2015 ല്‍ പ്രസിദ്ധീകരിച്ച റുഷ്ദിയുടെ ‘ടു ഇയേഴ്‌സ്,എയ്റ്റ് മന്ത്‌സ് ആന്റ് ട്വെന്റി എയ്റ്റ് നൈറ്റ്‌സ് ‘ തുടങ്ങുന്നതിങ്ങനെയാണ്; യുക്തിയുടെ നിദ്ര വികൃതജന്തുക്കളെ കെട്ടഴിച്ചു വിടുന്നു, (43, ലോസ് കാപ്രിക്കോസ്, ഫ്രാന്‍സിസ്‌ക്കോ ഡി ഗോയ; പ്രാദോയിലുള്ള ഈ എച്ചിങിന്റെ മുഴുവന്‍ തലവാചകം ഇങ്ങനെയാണ്:”യുക്തി ഉപേക്ഷിച്ച ഭ്രമാത്മകത അസാദ്ധ്യമായ വികൃതജന്തുക്കളെയുണ്ടാക്കുന്നു, അവളോട് പൊരുത്തപ്പെട്ടാല്‍ അവളാണ് കലകളുടെ മാതാവും അവയിലെ അത്ഭുതങ്ങളുടെ ഉറവിടവും.) അത്തരത്തില്‍ യുക്തി നിദ്രപ്രാപിച്ച വേളയിലെ വികൃതജന്തുക്കളുടെ ഭാഷയെ, അതെ, യുക്തിയുടെ തലത്തെ മറികടക്കുന്ന കഥയുടെ ഭാഷയെ വിവര്‍ത്തനം ചെയ്യുന്നതെങ്ങനെ? റുഷ്ദിയുടെ ആയിരത്തൊന്നു രാവുകളുടെ വിവര്‍ത്തനത്തില്‍ ഞാന്‍ നേരിട്ട വെല്ലുവിളി ഇതായിരുന്നു. റുഷ്ദിയുടെ കൃതിയായതിനാല്‍ തന്നെ വിവര്‍ത്തനത്തിന് മോശമല്ലാത്ത മൂന്നൊരുക്കങ്ങള്‍ വേണ്ടി വന്നു. ഈ കൃതിയുടെ ഒന്നില്‍ കൂടുതല്‍ വായന, റുഷ്ദിയുടെ ഞാന്‍ വായിച്ചതും വായിക്കാത്തതുമായ മറ്റു റുഷ്ദി കൃതികളുടെ വായന, മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടവയും അല്ലാത്തവയുമായ റുഷ്ദി കൃതികളുടെ പുനര്‍വായന, വാക്കുകളെയും പ്രയോഗങ്ങളെയും ചൊല്ലി പലരുമായുള്ള ചര്‍ച്ചകള്‍- അങ്ങനെയങ്ങനെ. ഞാന്‍ ഏറ്റവുമധികം സമയമെടുത്തു വിവര്‍ത്തനം ചെയ്ത കൃതിയും ഏറ്റവും കൂടുതല്‍ തവണ മാറ്റി എഴുതിയ പുസ്തകവുമാണ്.

കിന്നരകഥകളുടെ കെട്ടിലും മട്ടിലും റൂഷ്ദി കെട്ടിപ്പടുക്കുന്ന ഈ നോവല്‍ പന്ത്രണ്ടാം നൂറ്റാണ്ടിലെ അറബി തത്വചിന്തകനായ ഇബ്ന്‍ റുഷ്ദിന്റെയും ദൈവശാസ്ത്രത്തില്‍ അയാളുടെ എതിരാളിയായ അല്‍ ഗസ്സാലിയുടെയും കഥ പറയുന്നു. മഹാനായ തത്വചിന്തകനും ഒരിക്കല്‍ സെവിലിലെ ന്യായാധിപനും ഏറ്റവുമൊടുവില്‍ സ്വദേശമായ കൊര്‍ഡോബയില്‍ അബു യൂസഫ് യാക്കൂബ് ഖലീഫയുടെ വൈദ്യനുമായിരുന്ന ഇബ്ന്‍ റുഷ്ദ് 1195ല്‍ അദ്ദേഹത്തിന്റെ ഉദാരമായ ആശയങ്ങളുടെ പേരില്‍ ജന്മനഗരത്തില്‍ നിന്നു പുറത്തുള്ള ചെറിയ ഗ്രാമമായ ലുസേനയിലേക്ക് ആഭ്യന്തരമായി നാടുകടത്തപ്പെട്ടു. ഏതാനും ദിവസത്തിനകം, പതിനാറു വസന്തങ്ങള്‍ കടന്നു പോയെന്നു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അയാളുടെ പടിവാതില്‍ക്കല്‍ സൗമ്യമായി ചിരി തൂകിക്കൊണ്ട്- ഒരു തരത്തിലും അയാളുടെ ചിന്തകളില്‍ മുട്ടുകയോ കടന്നുകയറുകയോ Textചെയ്യാതെ- നിന്നു. അവളുടെ പേര് ദുനിയ എന്നാണ്. ഒരു വഴിയാത്രക്കാരനാണത്രേ അവള്‍ക്ക് ആ പേര് പറഞ്ഞു കൊടുത്തത്. അത് ഗ്രീക്കുഭാഷയില്‍ നിന്നാണത്രേ. അതിന് വിവിധ ഭാഷകളില്‍ ”ലോകം” എന്നാണ് അര്‍ത്ഥം. അതവള്‍ക്ക് ഏറെ ഇഷ്ടമായി. ”എന്തു കൊണ്ടാണ് നീ ‘ലോക’മെന്ന് സ്വയം വിളിച്ചത്?” അയാള്‍ ചോദിച്ചു. ”അയാളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് അവള്‍ പറഞ്ഞു: ”ഒരു ലോകം തന്നെ എന്നില്‍ നിന്ന് പ്രവഹിക്കും. എന്നില്‍ നിന്ന് പ്രവഹിക്കുന്നവര്‍ ഈ ലോകമെമ്പാടും പരക്കും.”

യുക്തിയുടെ ആരാധകനായതിനാല്‍, അവള്‍ അലൗകികജീവിയായ ഒരു ജിന്നിയയാണെന്ന് അയാള്‍ ഊഹിച്ചതേയില്ല. ജിന്നുകളില്‍ അന്തര്‍ലീനമായ അടങ്ങാത്ത കാമം ചുള്ളിപ്രാണിയെ പോലെ നേര്‍ത്തവളെങ്കിലും രാത്രിയില്‍ ദുനിയ പുറത്തെടുക്കുമ്പോള്‍ അതു താങ്ങാന്‍ കഴിയാതെ ഇബ്ന്‍ റുഷ്ദ് കഥകളും കാര്യവും പറയാന്‍ തുടങ്ങുന്നു. ഇബ്ന്‍ റുഷ്ദ് അങ്ങിനെ റുഷ്ദിയുടെ ആയിരത്തൊന്നു രാവുകളിലെ ഷഹ്‌റസാദാകുന്നു, സ്ത്രീലൈംഗികതയെ നേരിടാന്‍ ആയിരത്തൊന്നു രാവുകള്‍ കഥ പറയുന്ന ഒരു പുരുഷ പണ്ഡിതന്‍! (പുസ്തകത്തിന്റെ ഇംഗ്ലീഷ് പേരിലെ രണ്ടു വര്‍ഷങ്ങളും എട്ടു മാസങ്ങളും ഇരുപത്തിയെട്ടു രാത്രികളും കൂട്ടിയാല്‍ അറബിക്കഥകളിലെ ആയിരത്തൊന്നു രാവുകളായി മാറും.)

കഥകള്‍ക്കുള്ളില്‍ കഥകള്‍ പൊതിഞ്ഞു വെക്കുന്ന അറബിക്കഥകളുടെ ക്രാഫ്റ്റു തന്നെയാണ് ഈ നോവലിലും റൂഷ്ദി പിന്തുടരുന്നതെങ്കിലും ജിന്നുകളുടെ ലോകത്തെക്കുറിച്ച് വിവരിക്കുമ്പോള്‍ ആവശ്യമായ ഒരു ‘അമോറല്‍’ ഭാഷ അദ്ദേഹം നിര്‍മ്മിച്ചെടുക്കുന്നുണ്ട്. കാരണം ‘ഒരാള്‍ കിന്നരകഥകളുടെ ‘വിശ്വാസി’യല്ല. അവയില്‍ ദൈവശാസ്ത്രം, പരമമായ തത്വസംഹിത, ആചാരങ്ങള്‍, സ്ഥാപനം എന്നിവയില്ല. ഒരു പെരുമാറ്റരീതി പ്രതീക്ഷിക്കുന്നില്ല. ലോകത്തിന്റെ അവിചാരിതയെക്കുറിച്ചും അപ്രതീക്ഷിത പരിണാമസാധ്യതയെക്കുറിച്ചുമാണവ,’ (ജോര്‍ജ് സെര്‍ട്ടീസ്). മലയാളത്തില്‍ ഈ അമോറല്‍ ഭാഷ, സദാചാരത്തിനും ദുരാചാരത്തിനും വേണ്ടി ഉണ്ടാക്കിയത് അല്ലാത്ത ഒരു ഭാഷ ഉണ്ടാക്കിയെടുക്കുകയായിരുന്നു വിവര്‍ത്തനത്തിലെ മുഖ്യവെല്ലുവിളി.

ഈ നോവലിന്റെ സന്ദര്‍ഭവും പാത്രസൃഷ്ടിയും സാര്‍വ്വദേശീയവും മതനിരപേക്ഷവുമാണ്. മതസംബന്ധമോ മതേതരമോ ആയ വാക്കുകള്‍ മലയാളത്തിലുണ്ട്. എന്നാല്‍ ഇവയ്ക്കു രണ്ടിനുമിടയിലെ വാക്കുകള്‍ ഭാഷയില്‍ ഇല്ലെന്നു തന്നെ വേണം പറയാന്‍. ജിന്നുകളുടെ ലോകം മനുഷ്യരുടെ ലോകത്തിനു മുകളിലാണ്. രണ്ടിനുമിടയില്‍ ഒരു നേരിയ മറയുണ്ട്. ആ മറയില്‍ നേരിയ വിള്ളലുകളുണ്ടാകുമ്പോഴാണ് ജിന്നുകള്‍ ഭൂമിയിലേക്കു വരുന്നത്. മനുഷ്യലോകത്തിന്റെ സദാചാര നിയമങ്ങളും മതനിയമങ്ങളും ജിന്നുകള്‍ക്ക് ബാധകമല്ല. ആ ലോകത്തെയും അതില്‍ നിന്നു വിരുന്നു വന്ന ദുനിയയെയും അവളുടെ ലോകമെങ്ങും പരന്ന സന്താനങ്ങളായ ദുന്യസാത്തിനെക്കുറിച്ചും വിവരിക്കണമെങ്കില്‍ തീര്‍ച്ചയായും സദാചാരനിയമങ്ങള്‍ക്കതീതമായ, മതനിരപേക്ഷമായ, ഇരുലോകങ്ങള്‍ക്കുമിടയിലുള്ള ഭാഷ ആവശ്യമാണ്. അങ്ങനെയൊരു ഭാഷ റുഷ്ദി ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ആ അമോറല്‍, സെക്യുലര്‍ ഭാഷയും വാക്കുകളും പ്രയോഗങ്ങളും മലയാളത്തിലേക്കു കൊണ്ടുവരുന്നത് ദുഷ്‌ക്കരം തന്നെ.

ഹൈപ്പര്‍ ടെക്സ്റ്റുകളുടെതാണ് റുഷ്ദിയുടെ എഴുത്തുകള്‍. വിശദീകരണമില്ലാതെ തന്നെ പല ഭാഗങ്ങളിലും വിവിധ ശാസ്ത്ര ശാഖകളില്‍ നിന്നും കലാരൂപങ്ങളില്‍ നിന്നും കൃതികളില്‍ നിന്നും ചരിത്രത്തില്‍ നിന്നും ഭാഷകളില്‍ നിന്നും വാക്കുകള്‍ ഹൈപ്പര്‍ ടെക്സ്റ്റു പോലെ നല്‍കിപ്പോകുയാണ് റുഷ്ദി ഈ നോവലില്‍ ചെയ്യുന്നത്. വിവര്‍ത്തനത്തില്‍ പലയിടത്തും അടിക്കുറിപ്പുകള്‍ നിവൃത്തിയില്ലാതെ കൊടുത്തിട്ടുണ്ട്.

പ്രധാന കഥാപാത്രങ്ങളിലൊന്നായ അലക്‌സാണ്ട്ര ബ്ലിസ് ഇങ്ങനെ ഹൈപ്പര്‍ ടെക്സ്റ്റുകള്‍ വാരിവിതറുന്ന ഒരാളാണ്. അവള്‍ ഹാര്‍വാര്‍ഡില്‍ പഠനം പൂര്‍ത്തിയാക്കി. അവിടെ വെച്ച് ഭാഷാപഠനത്തില്‍ അസാധാരണമായ മികവു കാണിക്കുകയും സര്‍വകലാശാലയിലെ പഠനം അവസാനിക്കാറാകുമ്പോഴേക്കും ഫ്രഞ്ച്, ജര്‍മ്മന്‍, ഇറ്റാലിയന്‍, സ്പാനിഷ്, ഡച്ച്, പോര്‍ച്ചുഗീസ്, ബ്രസീലിയന്‍, സ്വീഡിഷ്, ഫിന്നിഷ്, ഹംഗേറിയന്‍, കാന്റോണീസ്, മാന്‍ഡറിന്‍, റഷ്യന്‍, പഷ്തു, ഫാര്‍സി, അറബിക്, തഗാലോഗ് എന്നീ ഭാഷകള്‍ എളുപ്പത്തില്‍ സ്വായത്തമാക്കുകയും ചെയ്തു. കടല്‍ത്തീരത്തെ വെള്ളാരങ്കല്ലുകളെപ്പോലെ അവള്‍ ഭാഷകളെ കൈക്കുമ്പിളിലൊതുക്കിയെന്ന് ആളുകള്‍ പറഞ്ഞു. തത്വചിന്തയില്‍ നങ്കൂരമുറപ്പിച്ച അലക്‌സാണ്ട്ര സ്വന്തം പേരിലോ ഇംഗ്ലീഷ് ഭാഷയിലോ ഒന്നും പ്രസിദ്ധീകരിച്ചില്ല. ലാറ്റിന്‍ ഭാഷയിലെ അവളുടെ തൂലികാനാമം എല്‍ ക്രിട്ടിക്കോണ്‍ എന്നായിരുന്നു. ദോഷൈകവാദത്തിലെ ഏറ്റവും മികച്ച ചിന്തകനായിരുന്ന ഷോപ്പന്‍ഹൂവറെ ആഴത്തില്‍ സ്വാധീനിച്ച ബല്‍ത്തസാര്‍ ഗ്രേഷ്യന്റെ ദൃഷ്ടാന്തരൂപത്തിലുള്ള പതിനേഴാം നൂറ്റാണ്ടു നോവലിന്റെ തലക്കെട്ടില്‍ നിന്ന് എടുത്തതായിരുന്നു ആ പേര്. മനുഷ്യസന്തോഷത്തിന്റെ അസാദ്ധ്യതയെക്കുറിച്ചായിരുന്നു ആ നോവല്‍. ‘സാദ്ധ്യമായ ലോകങ്ങളില്‍ ഏറ്റവും മോശമായത്’ എന്ന വളരെയധികം വിമര്‍ശിക്കപ്പെട്ട സ്പാനിഷ് ലേഖനത്തില്‍ എല്‍ ക്രിറ്റിക്കോണ്‍, വ്യാപകമായി വൈകാരികമെന്ന് അപഹസിക്കപ്പെട്ട ഒരു സിദ്ധാന്തം മുന്നോട്ടു വെച്ചിരുന്നു. മനുഷ്യകുലവും ഭൗമഗ്രഹവും തമ്മിലുള്ള സംഘര്‍ഷം നിര്‍ണായകഘട്ടത്തിലേക്ക് നീങ്ങുകയാണെന്നും അസ്തിത്വപ്രതിസന്ധിയായി രൂപമാറ്റം സംഭവിച്ചു കൊണ്ടിരിക്കുന്ന പാരിസ്ഥിതിക പ്രശ്‌നമാണ് അതെന്നുമായിരുന്നു ആ സിദ്ധാന്തം. അക്കാദമിക രംഗത്തെ സമന്മാര്‍ അവളുടെ തലയില്‍ തട്ടുകയും അഭിനന്ദിക്കുകയും ചെയ്തു. എന്നാല്‍ വിനോദത്തിന് സിദ്ധാന്തങ്ങള്‍ പടച്ചു വിടുന്നവളെന്ന് അവരവളെ എഴുതിത്തള്ളി. ഈ പെണ്‍തത്വജ്ഞാനിയുടെ കഥയിലുടനീളം അന്യഭാഷാ പദങ്ങളും തത്വചിന്താ ശാഖകളും അപരിചിത സ്ഥലികളുമാണ്.

ഇവയെല്ലാം വായനക്കാരനില്‍/ കാരിയില്‍ നിന്ന് ഈ പറയുന്ന വിജ്ഞാനലോകത്തോടൊരു മുന്‍പരിചയം ആവശ്യപ്പെടുന്നുണ്ട്. അത് പക്ഷേ വിവര്‍ത്തനംചെയ്യുമ്പോള്‍ വലിയ വെല്ലുവികള്‍ ഉയര്‍ത്തും. ഉദാഹരണത്തിന് ഇംഗ്ലീഷ് ഭാഷയില്‍ വിജ്ഞാനീയത്തിന്റെയും തത്വചിന്തയുടെയും ശാസ്ത്രത്തിന്റെയും വരികളും പരാമര്‍ശങ്ങളും നല്‍കി പോകുന്നത് താരതമ്യേന അനായാസമാണ്. ഉദാഹരണത്തിന് ലാറ്റിന്‍, ഫ്രഞ്ച്, സ്പാനിഷ് വാക്കുകളും പല ഭാഷകളിലെ പുസ്തകങ്ങളുടെയും കലാരൂപങ്ങളുടെയും അവയിലെ കഥാപാത്രങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും പരാമര്‍ശങ്ങളും. അവ വിശദീകരണമില്ലാതെ വിവര്‍ത്തനം ചെയ്യാനാകില്ല. വിശദീകരണം വിവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വത്തിനെതിരുമാണ്. വിശദീകരണമില്ലാതെ ഈ വാക്കുകള്‍ മലയാളത്തിലേക്കു കൊണ്ടുവരികയെന്നത് വലിയ വെല്ലുവിളിയായിരുന്നു.

ഇസ്ലാമും പശ്ചിമേഷ്യയും വിപുലമായി കടുന്നുവരുന്നുണ്ട് ഈ നോവലില്‍. അതിനുള്ളിലെ ഹൈപ്പര്‍ ടെക്‌സ്റ്റുകളും പലപ്പോഴും വിവര്‍ത്തകയുടെ മുമ്പില്‍ കീറാമുട്ടിയാണ്. അവയും വാക്കുകള്‍ വാരിച്ചെലുത്തി സ്ഥൂലതയുണ്ടാക്കാതെ അതതു വാചകങ്ങളില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. ഇബ്ന്‍ റൂഷ്ദും അല്‍ ഗസാലിയും തമ്മില്‍ മരണശേഷവും തുടരുന്ന,ഇസ്ലാമിനെയും അല്ലാഹുവിനെയും കുറിച്ചുള്ള സംവാദങ്ങള്‍ അതിനുദാഹരണമാണ്. വിവിധ ഇസ്ലാമികതത്വചിന്തകളും തത്വചിന്താ പുസ്തകങ്ങളിലെ ഭാഗങ്ങളും അതുമായി ബന്ധപ്പെട്ട വാക്കുകളും തുടര്‍ച്ചയായി നോവലില്‍ കടന്നു വരുന്നുണ്ട്. ചില വാക്കുകള്‍ പുതുതായി നിര്‍മ്മിച്ചെടുക്കുകയും ചെയ്യേണ്ടി വന്നു. ദുഷ്ടന്മാരായ ജിന്നുകള്‍ ഭൂതവേഷം കെട്ടി മനുഷ്യരുടെ മുമ്പിലേക്ക് ജിന്നുലോകത്തില്‍ നിന്ന് പ്രത്യക്ഷപ്പെടുന്ന വേം ഹോളുകളുണ്ട് കഥയില്‍. ഇത് ജ്യോതിശാസ്ത്ര സംബന്ധിയായ വാക്കാണ്. രണ്ടു തമോഗര്‍ത്തങ്ങളുടെയോ മറ്റു രണ്ട് സ്ഥല-കാല ബിന്ദുക്കളുടെയോ ഇടയ്ക്ക് ഉള്ളതുപോലത്തെ ഒരു ഗര്‍ത്തം. ഈ രണ്ടു ബിന്ദുക്കളുടെ ഇടയില്‍ ഈ ഗര്‍ത്തം ഒരു കുറുക്കുവഴി നല്കും.) കഥയില്‍ പലയിടത്തും പല പശ്ചാത്തലത്തില്‍ പ്രത്യക്ഷപ്പെടുന്ന, കഥയില്‍ നിര്‍ണ്ണായകസ്ഥാനമുള്ള ഈ വാക്കു സംബന്ധിച്ച് ശാസ്ത്രലേഖകരായ ചിലരോട് സംസാരിക്കുകയും സ്ഥലകാലസുഷിരം/പ്രപഞ്ചസുഷിരം എന്നീ പദങ്ങള്‍ കിട്ടുകയും ചെയ്തു. എങ്കിലും ഏകദേശം ഇംഗ്ലീഷ് വാക്കിന്റെ പദാനുപദവിര്‍ത്തനമായ ‘കീടഗര്‍ത്തം’ എന്ന വാക്കാണ് ഞാന്‍ ഉപയോഗിക്കാന്‍ ഇഷ്ടപ്പെട്ടത്. മലയാളത്തിലേക്ക് ഇംഗ്ലീഷ് വാക്കുകളുടെ സാങ്കേതികമായ വിവര്‍ത്തനങ്ങള്‍ പലപ്പോഴും മോരും മുതിരയും പോലെ കിടക്കുകയും ‘വെല്‍കം-സ്വാഗതം’ പോലുള്ള പദാനുപദവിവര്‍ത്തനങ്ങള്‍ ഭാഷയില്‍ നിലനില്‍ക്കുകയും ചെയ്തിട്ടുണ്ടല്ലോ.

റൂഷ്ദിയുടെ മറ്റൊരു പുസ്തകം കൂടി മലയാളത്തിലേക്ക്!

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.