DCBOOKS
Malayalam News Literature Website

ഉറച്ച നിശ്ചയ ദാർഢ്യമുണ്ടെങ്കിൽ ആർക്കും അവരുടെ ജീവിത വിജയം മുൻകൂട്ടി തീരുമാനിച്ച് പറയാനാവും: അർഫീൻ ഖാൻ

അവനവനിലേക്ക് മാത്രം നോക്കാതെ, മറ്റുള്ളവരിലേക്കുകൂടി നോക്കാൻ കഴിയും വിധം സ്വയം പാകപ്പെടുമ്പോഴാണ് ഒരാൾ ജീവിതത്തിന്റെ അർത്ഥവും സന്തോഷവും കണ്ടെത്തുകയെന്ന് പ്രശസ്ത പ്രഭാഷകൻ അർഫീൻ ഖാൻ .

ഷാർജ അന്താരാഷ്ട്ര പുസ്തകമേളയുടെ ഒൻപതാം ദിവസമായ നവംബർ 11 വ്യാഴാഴ്ച നടന്ന മുഖാമുഖം പരിപാടിയിൽ ആസ്വാദകരോട് സംവദിക്കുകയായിരുന്നു അദ്ദേഹം. വൈകിട്ട് 8.30 മുതൽ 10 മണിവരെ ഇന്റലെക്ച്വൽ ഹാളിൽ നടന്ന സംവാദ പരിപാടിയിൽ സ്‌കൂൾ വിദ്യാർഥികൾ മുതൽ വിവിധ പ്രൊഫെഷണൽ രംഗങ്ങളിൽ ജോലിചെയ്യുന്നവരും വീട്ടമ്മമാരും അടക്കമുള്ളവർ പങ്കെടുത്തു.

ഒരു വ്യക്തി അയാളുടെ സ്വന്തം തീരുമാനങ്ങളുടെയും ആതമവിശ്വാസത്തിന്റെയും ആകെത്തുകയാണ്. സ്വയം രൂപപ്പെടുത്തുക മാത്രമാണ് മുന്നേറ്റത്തിനുള്ള യഥാർത്ഥ മാർഗ്ഗമെന്നും അദ്ദേഹം പറഞ്ഞു.

സംരംഭക രംഗത്തും പൊതുരംഗത്തുമടക്കം ജീവിതത്തിൽ എവിടേയും വിജയത്തിലേക്ക് മുന്നേറാൻ സ്വീകരിക്കാവുന്ന വഴികളെക്കുറിച്ച് രചിച്ച പുസ്തകങ്ങളും അർഫീൻ ഖാൻ സദസ്സിന് പരിചയപ്പെടുത്തി.

പുസ്തകോത്സവത്തിന്റെ പത്താം ദിവസമായ നവംബർ 12 വെള്ളിയാഴ്ച, വ്യത്യസ്ത മേഖലകളിൽ നിന്നുള്ള നിരവധി പ്രമുഖരാണ് അതിഥികളായി എത്തുന്നത്. വൈകിട്ട് 6.00 മണി മുതൽ 7.00 വരെ ഡിസ്കഷൻ ഫോറം 2 ഇൽ, ജീവിതത്തിന്റെ ആനന്ദ സൂക്തം അഥവാ ‘ഇകിഗായ്’ എന്ന ലോകോത്തര ബെസ്റ്റ് സെല്ലെർ കൃതിയുടെ സഹ-രചയിതാവ് ഫ്രാൻസെസ്‌ക് മിറാലെസ് സംസാരിക്കുന്നു. മുഖാമുഖം പരിപാടിയിൽ പുസ്തകത്തെക്കുറിച്ചും ഇകിഗായ് എന്ന ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും, ജീവിതത്തിന്റെ ഇക്കിഗായ് കണ്ടെത്താനുള്ള മാർഗ്ഗങ്ങളെക്കുറിച്ചും അദ്ദേഹം ആസ്വാദകരോട് സംസാരിക്കും.

വൈകിട്ട് 6.00 മണിമുതൽ 7.00 വരെ ഇന്റലെക്ച്വൽ ഹാളിൽ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരനായ പിഎഫ് മാത്യൂസ്, മലയാള സാഹിത്യ ഭൂമികയെക്കുറിച്ചും കോവിഡ് വ്യാപനകാലത്തെ എഴുത്തുവഴികളെക്കുറിച്ചും സമീപകാല കൃതികളെക്കുറിച്ചും ആസ്വാദകരോട് സംവദിക്കും. ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവും കുട്ടിസ്രാങ്ക്, ഈ മ യൗ തുടങ്ങിയ സിനിമകളുടെ തിരക്കഥാകൃത്തുമായ പി എഫ് മാത്യൂസ് മുൻകാല കൃതികളിൽ നിന്ന് വ്യത്യസ്തമായി, തന്റെ പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിൽ സ്വീകരിച്ചിരിക്കുന്ന പുതിയ പ്രമേയത്തെയും പരിചയപ്പെടുത്തുന്നു.

വൈകിട്ട് 8. 30 മുതൽ 9. 30 വരെ ഇന്റലെക്ച്വൽ ഹാളിൽ, ഇന്ത്യയിൽ നിന്നുള്ള ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷുമായുള്ള മുഖാമുഖം പരിപാടി നടക്കും.
തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവലിലേക്കാണ് അദ്ദേഹം ആസ്വാദകനെ ക്ഷണിക്കുന്നത്. ലോകമെങ്ങും സജീവ ശ്രദ്ധയിലുള്ള ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം, അവ മൂലമുണ്ടാകുന്ന പ്രകൃതി ദുരന്തങ്ങൾ, എന്നിവയെ അഭിസംബോധന ചെയ്യുന്ന നോവൽ അതിൽ നിന്നും ഉൾക്കൊള്ളേണ്ട പാഠങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.

കൂടാതെ, ‘ഇൻഡിക- ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന കൃതിയുമായി യുവ എഴുത്തുകാരൻ പ്രണയ് ലാലും ഉണ്ടാകും. ഒരുപക്ഷേ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരമായ പഠനങ്ങളെ മറികടന്ന്, സ്വാഭാവിക ജൈവിക ചരിത്രത്തിൽ ഊന്നിക്കൊണ്ടുള്ള ഈ വിഷയത്തിലെ ഒരേയൊരു കൃതിയാണിതെന്നും നിരൂപകർ അഭിപ്രായപ്പെടുന്നു. മേളയുടെ രണ്ടാമത്തെ വെള്ളിയാഴ്ചയായ നവംബർ 12 ന്, വൈകിട്ട് 8. 30 മുതൽ 9. 30 വരെ ഡിസ്കഷൻ ഫോറം 2 ഇൽ ആയിരിക്കും പരിപാടി നടക്കുക.

നവംബർ 12 വെള്ളി പ്രധാന പരിപാടികൾ :

വേദി : ഇന്റലെക്ച്വൽ ഹാൾ
6.00 PM- 7.00 PM : പി എഫ് മാത്യൂസ്.
പുതിയ കൃതിയായ ‘കടലിന്റെ മണം’ എന്ന നോവലിനെക്കുറിച്ച് പ്രശസ്ത മലയാള സാഹിത്യകാരൻ പി എഫ് മാത്യൂസ് സംസാരിക്കുന്നു. മരണവും മരണാവസ്ഥയും പ്രമേയങ്ങളായിരുന്ന തന്റെ പതിവ് എഴുത്തുവഴികളിൽ നിന്ന് വ്യത്യസ്തമായ പശ്ചാത്തലത്തിലേക്ക് എത്തിയതിനെക്കുറിച്ച് വിശദീകരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 2
6.00 PM- 7.00 PM : ഫ്രാൻസെസ്‌ക് മിറാലെസ്.
ലോകോത്തര ബെസ്റ്റ് സെല്ലെർ ‘ഇകിഗായ്’ എന്ന കൃതിയുടെ ആശയത്തെക്കുറിച്ചും ജീവിതത്തിൽ അതുണ്ടാക്കുന്ന സ്വാധീനത്തെക്കുറിച്ചും എഴുത്തുകാരിൽ ഒരാളായ ഫ്രാൻസെസ്‌ക് മിറാലെസ് സംസാരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഇന്റലെക്ച്വൽ ഹാൾ
8.30 PM- 9.30 PM : അമിതാവ് ഘോഷ്.
ജ്ഞാന പീഠ പുരസ്‌കാര ജേതാവ് അമിതാവ് ഘോഷ് തന്റെ ഏറ്റവും പുതിയ കൃതിയായ ‘ഒരു ജാതിക്ക ശാപം:- പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിന്റെ ദൃഷ്ടാന്തങ്ങൾ’ എന്ന നോവൽ അവതരിപ്പിക്കുന്നു. തന്റെ എഴുത്തുവഴികളെക്കുറിച്ച്, കാലാവസ്ഥാ വ്യതിയാനത്തെയും ദുരന്തങ്ങളെയും അതിൽ നിന്നുള്ള പാഠങ്ങളെയുമാണ് അഭിസംബോധന ചെയ്തു സംസാരിക്കുന്നു.

നവംബർ 12 വെള്ളി
വേദി : ഡിസ്കഷൻ ഫോറം 3
8.30 PM- 9.30 PM : പ്രണയ് ലാൽ.
ഇന്ത്യയുടെ സ്വാഭാവിക ജൈവിക ചരിത്രത്തിന്റെ ആഴത്തെക്കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധ്യാന്യത്തെക്കുറിച്ചും ജീവ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രണയ് ലാൽ സംസാരിക്കുന്നു. ‘ഇൻഡിക – ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ആഴത്തിലുള്ള സ്വാഭാവിക ജൈവിക ചരിത്രം’ എന്ന പുസ്തകം പരിചയപ്പെടുത്തുന്നു.

Comments are closed.