DCBOOKS
Malayalam News Literature Website

‘അന്നാ കരെനീന’ ; ടോള്‍സ്‌റ്റോയിയുടെ മാനസപുത്രി

സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് ‘അന്നാ കരെനീന’ പറയുന്നത്

ഭാവഭേദങ്ങള്‍ നാടകീയമായ പിരിമുറുക്കം നല്‌കി ഒതുക്കിനിര്‍ത്തുന്ന വ്യക്‌തിഗത ചിത്രീകരണമാണ്‌ റഷ്യന്‍ നോവിലിസ്‌റ്റായ ടോള്‍സ്‌റ്റോയ്‌ രചിച്ച അന്നാ കരെനീന. ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച മലയാള പരിഭാഷയുടെ നാലാം പതിപ്പാണ് ഇപ്പോൾ വിപണിയിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിലെ റഷ്യൻ സാമൂഹിക ജീവിതത്തിന്റെ പശ്ചാത്തലത്തിൽ ചില കുടുംബങ്ങളുടെ കഥകൾ കൂട്ടിയിണക്കിയതാണ് ഇതിവൃത്തം. പത്തൊൻപതാം നൂറ്റാണ്ടിലെ തന്നെ മറ്റൊരു പ്രശസ്ത നോവലായ ഗുസ്താവ് ഫ്ലോബേറിന്റെ (Gustav Flaubert)മദാം ബോവറിയെപ്പോലെ, സ്നേഹരഹിതമായ ഒരു വിവാഹത്തിന്റെ ബന്ധനം സൃഷ്ടിച്ച ശൂന്യതയിൽ വിവാഹേതരപ്രണയത്തിലേക്കും അവിശ്വസ്തതയിലേക്കും തള്ളിനീക്കപ്പെട്ട ഒരു സ്ത്രീയുടെ കഥയാണ് നോവൽ പറയുന്നത്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Textഉപകഥാപാത്രങ്ങള്‍ക്കുപോലും അസാമാന്യമായ മിഴിവു നല്‌കുന്ന ടോള്‍സ്‌റ്റോയ്‌ നായികയായ ‘അന്ന’യെ അവിസ്‌മരണീയയാക്കി. നായകനായ ‘ലെവിന്റെ’പ്രശാന്തമായ ആദ്ധ്യാത്‌മികാനുഭൂതിയും അന്നയുടെ ഒഴികഴിവില്ലാത്ത ദുരന്തവിധിയും പ്രത്യേക ദാര്‍ശനികതലത്തിലേക്കു നമ്മെ ആവാഹിക്കുന്നു. ‘ഇത്ര പൂര്‍ണത വന്നിട്ടുളള മറ്റൊരു സൃഷ്‌ടി തങ്ങളുടെ കാലത്തെ യൂറോപ്യന്‍ സാഹിത്യത്തില്‍ വേറെയില്ല’ എന്ന്‌ ദസ്തയെവ്‌സ്‌കി അഭിപ്രായപ്പെടുന്നു.

നോവൽ എന്ന ജനുസ്സിനെ കണ്ടെത്തലായിരുന്നു ലിയോ ടോൾസ്റ്റോയിയെ സംബന്ധിച്ചിടത്തോളം ‘അന്നാ കരെനീന’. തന്നെക്കാൾ ഇരുപത് വയസ്സ് പ്രായം കൂടിയ ഭർത്താവിനൊപ്പം ജീവിക്കുകയും സ്വന്തം സ്വത്വത്തിന്റെ പ്രതിസന്ധികളാൽ ഉഴന്നു മറ്റൊരാളുമായി പ്രേമത്തിൽ കുടുങ്ങി ഒളിച്ചോടുകയും ഒടുവിൽ ആത്മഹത്യ ചെയ്യുകയും ചെയ്ത അന്നാ കരനീനയുടെ കഥയിലൂടെ ബഹുരൂപിയായ ഒരു ജീവിതദര്ശനവും സാമൂഹിക ദര്ശനവും ടോൾസ്റ്റോയ് അവതരിപ്പിച്ചു.

‘സന്തുഷ്ടകുടുംബങ്ങളെല്ലാം ഒരേ മട്ടാണ്, എന്നാൽ ഓരോ അസന്തുഷ്ടകുടുംബവും അസന്തുഷ്ടമായിരിക്കുന്നത് അതിന്റെ പ്രത്യേക വഴിക്കാണ്’

എന്ന പ്രശസ്തമായ വാക്യത്തിൽ തുടങ്ങുന്ന നോവൽ, കുടുംബബന്ധങ്ങളിലെ പ്രതിസന്ധികളെ പിന്തുടരുന്നതിനൊപ്പം ജീവിതത്തിന്റെ അർത്ഥത്തിനും സാമൂഹ്യനീതിക്കും വേണ്ടിയുള്ള അന്വേഷണത്തിന്റെ കഥയും പറയുന്നുണ്ട്. തീവണ്ടിക്കുമുൻപിൽ ചാടിയുള്ള കഥാനായിക അന്നയുടെ ആത്മഹത്യയിലാണ് അന്നാ കരേനിനയുടെ പ്രസിദ്ധമായ ദുരന്തസമാപ്തി. വിശ്വസാഹിത്യത്തിലെ ഏറ്റവും മഹത്തായ സൃഷ്ടികളിലൊന്നായി കരുതപ്പെടുന്ന `അന്ന കരേനിന’ ലോകത്തിലെ മിക്കവാറും എല്ലാ ഭാഷകളിലും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. പിന്നീടുണ്ടായ ആത്മീയ പ്രതിസന്ധിയുടെ അവസാനം പഴയതരം കഥകൾ എഴുതുന്നത് നിർത്തിയപ്പോൾ ടോൾസ്റ്റൊയി പറഞ്ഞത്, തനിക്ക് എഴുതാനുണ്ടായിരുന്നതൊക്കെ, അന്നാ കരേനിനയിൽ എഴുതിയിട്ടുണ്ട് എന്നാണ്. ഹോളിവുഡിന്റെ ഇഷ്ടകഥകളിലൊന്നായ അന്നാ കരേനിന, പലവട്ടം അവിടെ ചലച്ചിത്രവൽ‍ക്കരിക്കപ്പെട്ടിട്ടുണ്ട്.

പുസ്തകം വാങ്ങാൻ സന്ദർശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗൺലോഡ് ചെയ്യാൻ സന്ദർശിക്കുക

Comments are closed.