DCBOOKS
Malayalam News Literature Website

ദീപയുടെ സമര വിജയം നല്‍കുന്ന പ്രതീക്ഷകള്‍

സി. എസ്‌ ചന്ദ്രിക

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയ്‌ക്കു മുമ്പില്‍ ദീപ പി മോഹനന്റെ പതിനൊന്നു ദിവസങ്ങള്‍ നീണ്ടു നിന്ന നിരാഹാര സമരം ആശ്വാസകരമായി അവസാനിച്ചത്‌ മുമ്പെങ്ങുമില്ലാത്ത വിധമുള്ള ഒരു ശുഭപ്രതീക്ഷ നല്‍കുന്നു. മുഴുവന്‍ ആവശ്യങ്ങളും അംഗീകരിക്കാതെ ദീപ സമരത്തില്‍ നിന്ന്‌ പിന്‍മാറുകയില്ലായിരുന്നു എന്നതാണ്‌ ഈ സമരത്തില്‍ കണ്ട ഏറ്റവും ശക്തമായ കാര്യം. മറ്റൊന്ന്‌, ദീപ സമരത്തില്‍ ആവശ്യപ്പെട്ട മുഴുവന്‍ കാര്യങ്ങളും സര്‍വ്വകലാശാല അംഗീകരിച്ചുകൊണ്ട്‌ സമരം അവസാനിച്ചതിനു ശേഷം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു സാമൂഹ്യ മാധ്യമത്തില്‍ എഴുതിയ പോസ്റ്റില്‍ പറയുന്ന നിലപാടാണ്‌. “സര്‍വ്വകലാശാലകളും കലാലയങ്ങളും ആത്യന്തികമായി വിദ്യാര്‍ത്ഥികളുടേതാണ്‌. അതാരും മറക്കരുത്‌. പ്രത്യേകിച്ചും അദ്ധ്യാപകര്‍. തങ്ങള്‍ പറയുന്ന ഓരോ വാക്കും വിദ്യാര്‍ത്ഥിയുടെ വ്യക്തിത്വത്തിലും ആത്മവിശ്വാസത്തിലും അന്തസ്സിലും സ്‌പര്‍ശിക്കും എന്ന ഓര്‍മ്മയുണ്ടാകണം. അദ്ധ്യാപനം വലിയ ഉത്തരവാദിത്വമാണ്‌. വിദ്യര്‍ത്ഥികളെ, അവരുടെ സാമൂഹ്യമായ അവസ്ഥകളെ മനസ്സിലാക്കേണ്ടത്‌, സാമൂഹ്യമായ നീതിയുടെ ഉത്തരവാദിത്വപൂര്‍ണ്ണമായ തലങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ടത്‌ അദ്ധ്യാപകരുടെ ഉദാത്തമായ കടമയാണ്‌. ”

കേരളത്തിലെ കലാലയങ്ങളില്‍ തീര്‍ത്തും നിശ്ശബ്‌ദമായി ജാത്യപമാനങ്ങള്‍ സഹിച്ചു കഴിയേണ്ടി വരുന്ന നിരവധി കുട്ടികള്‍ക്ക്‌ തങ്ങളുടെ പ്രശ്‌നങ്ങള്‍ തുറന്നു പറയാനും ഏവര്‍ക്കുമൊപ്പം തുല്യതയോടെ അഭിമാനകരമായി പഠനം നടത്താനുള്ള അവകാശത്തിനു വേണ്ടി സര്‍വ്വകലാശാലകളെ, ഉന്നത വിദ്യാഭ്യാസ മന്ത്രിയെ, സര്‍ക്കാരിനെ സമീപിക്കാനുമുള്ള തുറന്ന അന്തരീക്ഷം ദീപയുടെ വിജയിച്ച സമരത്തിലൂടെ രൂപപ്പെട്ടിട്ടുണ്ട്‌. അതുകൊണ്ടാണ്‌ ഈ സമരം ദീപ ഒറ്റയ്‌ക്കല്ല, ദലിത്‌ സമൂഹം ഒന്നിച്ചാണ്‌ ജയിച്ചത്‌ എന്ന്‌ വിലയിരുത്താന്‍ കഴിയുന്നത്‌.

പോണ്ടിച്ചേരി കേന്ദ്ര സര്‍വ്വകലാശാലയിലെ വിമന്‍സ്‌ സ്റ്റഡീസ്‌ സെന്ററില്‍ ഗസ്റ്റ്‌ ഫാക്കല്‍റ്റിയായി ഞാന്‍ ജോലി ചെയ്‌തിരുന്ന കുറച്ചു കാലയളവിനുളളില്‍ത്തന്നെ അതേ ഡിപ്പാര്‍ട്ടിലേയും മറ്റു പല ഡിപ്പാര്‍ട്ടുമെന്റുകളിലേയും ഗവേഷണ വിദ്യാര്‍ത്ഥികള്‍ അവരുടെ റിസര്‍ച്ച്‌ ഗൈഡില്‍ നിന്ന്‌ നേരിടുന്ന ജാതി, ലിംഗാധികാര ചൂഷണങ്ങള്‍, പീഡനങ്ങള്‍ എന്നിവയെപ്പറ്റി പറയാന്‍ എന്റെ അടുത്തേക്കു വരാറുണ്ട്‌. ഗവേഷണം നിര്‍ത്തി പോകാനൊരുങ്ങിയ പല കുട്ടികളേയും പരാതി നല്‍കാന്‍ സഹായിക്കുകയും പിടിച്ചു നിര്‍ത്താന്‍ ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നിട്ടും ചില കുട്ടികള്‍ ഗവേഷണം നിര്‍ത്തി പോകുന്നതു കാണേണ്ടി വന്നു. സര്‍വ്വകലാശാലകളില്‍ ജാതിയുടെ പേരിലുള്ള പീഡനം നടത്തുന്നത്‌ പുരുഷന്‍മാര്‍ മാത്രമല്ല, സ്‌ത്രീകളും കൂടിയാണ്‌.

കുറേ മനുഷ്യര്‍ക്കു നേരെ അനീതി അടിച്ചേല്‍പ്പിച്ചുകൊണ്ട്‌, നിര്‍മ്മിതമായ ജാതിവ്യവസ്ഥയുടെ സര്‍വ്വാധികാരവും സ്വന്തമാക്കിക്കൊണ്ട്‌ സവര്‍ണ്ണരായവര്‍ ആസ്വദിച്ചു കൊണ്ടിരിക്കുന്ന സാമൂഹ്യ മൂലധനത്തെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഭരണഘടനാപരമായ സംവരണത്തിലൂടെ പഠിക്കാനെത്തുന്ന വിദ്യാര്‍ത്ഥികളെ സംവരണത്തിന്റേയും ജാതിയുടെയും പേരില്‍ അപമാനിക്കുകയും ഒറ്റപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നത്‌ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പതിവാണ്‌. രോഹിത്‌ വെമുലയുടെ ആത്മഹത്യാക്കുറിപ്പാണ്‌, ജാതീയതയുടെ ഹിംസാശക്തി യൂണിവേഴ്‌സിറ്റികളിലെ ഗവേഷണ രംഗത്ത്‌ എത്ര രൂക്ഷമായിട്ടാണ്‌ കുട്ടികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന്‌ സമീപകാലത്ത്‌ തുറന്നു പറഞ്ഞത്‌. തുടര്‍ന്നും ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത്‌ ഏറ്റവും മികച്ച സ്ഥാപനങ്ങളായ ഐ ഐ ടി കളിലും കേന്ദ്ര സര്‍വ്വകലാശാലകളിലും അദ്ധ്യാപകരുടെ ഭാഗത്തു നിന്ന്‌ ജാതി അപമാനങ്ങള്‍ സഹിക്കാനാവാതെ പഠനം നിര്‍ത്തി പോവുകയും ആത്മഹത്യ ചെയ്‌ത്‌ ജീവിതം തന്നെ അവസാനിപ്പിച്ച്‌ പോവുകയും ചെയ്യുന്ന കുട്ടികളുടെ കണക്കുകള്‍ കണ്ട്‌ നടുങ്ങിയിരിക്കുന്ന സമയത്താണ്‌ കേരളത്തിലെ ഒരു പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റിയിലെ ഒരു അദ്ധ്യാപകനെതിരെ ഇതേ ആരോപണം ഉന്നയിച്ചുകൊണ്ട്‌ ദീപാ പി മോഹനന്‍ തുടര്‍ന്നു പഠിക്കാനുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തി സമരം തുടങ്ങിയത്‌.

രാജ്യത്തെ സര്‍വ്വകലാശാലകള്‍ക്കുള്ളില്‍ ദലിത്‌ വിദ്യാര്‍ത്ഥികള്‍ നേരിടുന്ന വിവേചനത്തിന്റേയും അക്രമത്തിന്റേയും അപമാനങ്ങളുടേയും തീരാത്ത കണക്കുകളുടെ നേരെ മുന്‍കാല പ്രാബ്യലത്തോടെയാണ്‌ കേരളത്തില്‍ നിന്നുകൊണ്ട്‌ ദീപ പകരം വീട്ടിയിരിക്കുന്നത്‌. ദേശീയ തലത്തില്‍ അടയാളപ്പെടുത്തേണ്ടുന്ന സമരമാണിത്‌. നാനോ സയന്‍സ്‌ പോലുള്ള ഗവേഷണ പഠന രംഗത്തേക്ക്‌ ദലിത്‌ പെണ്‍കുട്ടികള്‍ മെറിറ്റില്‍ എത്തിപ്പെടുക എന്നത്‌ പോലും നമ്മുടെ സമൂഹത്തില്‍ എളുപ്പമല്ല. കാരണം ‘മെറിറ്റ്‌’ എന്നത്‌ സങ്കീര്‍ണ്ണ സ്വഭാവത്തോടെ സാമൂഹ്യ സാംസ്‌ക്കാരിക സാമ്പത്തിക മൂലധനവുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്ന നിര്‍മ്മിത പ്രതിഭാസം കൂടിയാണ്‌. അവിടെ എത്തിപ്പെട്ടാല്‍ത്തന്നെ ആ ഗവേഷണം മുന്നോട്ടു പോകണമെങ്കില്‍ എല്ലാ വിധത്തിലുമുള്ള അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകണം. സമരത്തിനു ശേഷം, സര്‍വ്വകലാശാല ഉറപ്പു നല്‍കിയിരിക്കുന്ന അനുകൂല അന്തരീക്ഷത്തില്‍, സമാധാനപരമായി ദീപക്ക്‌ തന്റെ ഗവേഷണം പൂര്‍ത്തിയാക്കാനാവട്ടെ.

സയന്‍സ്‌ വിഷയങ്ങളില്‍ പെണ്‍കുട്ടികള്‍ ഗവേഷണത്തിനെത്തിയാല്‍ കൊഴിഞ്ഞു പോകുന്നതും പി എച്ച്‌ ഡി എടുത്തതിനു ശേഷമാണെങ്കിലും പിന്നീട്‌ അതിവേഗം ശാസ്‌ത്ര ലോകത്ത്‌ നിന്ന്‌ അപ്രത്യക്ഷമാകുന്നതും സാധാരണമാണെന്ന ഗവേഷണ പഠനങ്ങളും കണ്ടെത്തലുകളും ഫെമിനിസ്റ്റ്‌ ഗവേഷകരുടെ ഭാഗത്തു നിന്ന്‌ നേരത്തേ തന്നെ ഉണ്ടായിട്ടുണ്ട്‌. സയന്‍സ്‌ സംബന്ധമായ ഗവേഷണത്തിലും തൊഴിലിലും ജാതിയും ജെന്ററും എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതിന്റെ വിവരങ്ങളും വിശകലനങ്ങളും ഒരു സംഘം ഫെമിനിസ്‌റ്റ്‌ സ്‌കോളര്‍മാര്‍ – അനിതാ മേത്ത, ചായനിക ഷാ, ഗിത ചദ്ദ, മേരി ഇ ജോണ്‍, മിനാ സ്വാമിനാഥന്‍, പ്രജ്വല്‍ ശാസ്‌ത്രി, സുമി കൃഷ്‌ണ എന്നിവര്‍ – ഫെമിനിസ്റ്റ്‌ സയന്‍സ്‌ സ്റ്റഡി ഇന്ത്യയില്‍ ( FSS- India) 2011 മാര്‍ച്ച്‌ 11- 16 വരെ ആറ്‌ ദിവസം നീണ്ടു നിന്ന ഓണ്‍ലൈന്‍ ചര്‍ച്ച ഈ കൂട്ടത്തില്‍ എടുത്തു പറയണമെന്നു തോന്നുന്നു. ശാസ്‌ത്രവിജ്ഞാനത്തിന്റെ ഉല്‍പാദനം, ശാസ്‌ത്ര സ്ഥാപനങ്ങള്‍, ദേശീയ സയന്‍സ്‌ പോളിസി, ശാസ്‌ത്ര പഠനം എന്നിവയില്‍ ജാതിപരവും ലിംഗപരവുമായ വിവേചനങ്ങളെ ഈ ചര്‍ച്ചയില്‍ പങ്കെടുത്ത പലരും തുറന്നു കാണിക്കുന്നുണ്ട്‌.

മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വ്യത്യസ്‌തമായി കേരളത്തില്‍ അല്‌പമെങ്കിലും മൂടി വെച്ച്‌ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ജാതീയത ഇക്കാലത്ത്‌ പ്രകടമായി അതിന്റെ അക്രമാസക്തി മുഴുവനും പുറത്തെടുക്കാന്‍ തെല്ലും മടി കാണിക്കുന്നില്ല എന്ന്‌ ഒട്ടേറെ സംഭവങ്ങള്‍ കാണിച്ചു തന്നു കഴിഞ്ഞിട്ടുണ്ട്‌. ഇന്ത്യയില്‍ അധികാരം കയ്യാളുന്ന ജാതിഹിന്ദുത്വ സര്‍ക്കാരും പാര്‍ട്ടികളും കേരളത്തില്‍ അതിന്റെ സ്ഥലമുറപ്പിക്കാന്‍ നടത്തുന്ന വലിയ തന്ത്രം മതവിഭാഗീയതക്കൊപ്പം ജാതീയതയേയും പ്രകടമായി വളര്‍ത്തിയെടുത്തുകൊണ്ടാണ്‌. ക്ഷേത്രത്തിന്‌ ജാതിമതില്‍ കെട്ടാന്‍ ശ്രമിച്ചതും ശബരിമല കേടതി വിധി അനുസരിച്ച്‌ സ്‌ത്രീകള്‍ ശബരിമലയില്‍ കയറുന്നത്‌ നടപ്പാക്കാന്‍ ശ്രമിച്ച ഇടതുപക്ഷ സര്‍ക്കാരിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ ഒരു നായര്‍ സ്‌ത്രീ പരസ്യമായി ജാതിത്തെറി വിളിക്കാന്‍ ധൈര്യപ്പെട്ടതും അതിന്റെ സമീപകാല പ്രത്യക്ഷ ഉദാഹരണങ്ങളാണ്‌. ഈഴവ സമുദായത്തില്‍പ്പെട്ട മുഖ്യമന്ത്രിയെ ജാതി വിളിച്ച്‌ അപമാനിക്കാന്‍ ഒരു നായര്‍സ്‌ത്രീ പരസ്യമായി മേല്‍ ജാതി അഹന്ത കാണിക്കുമ്പോള്‍ ദലിത്‌ സമുദായത്തിലെ മനുഷ്യരോട്‌ ഇവിടത്തെ മേല്‍ജാതിക്കെരെന്ന്‌ സ്ഥാനം കയ്യാളുന്നവരുടെ ജാതീയ നൃശംസത എതുവിധമായിരിക്കും പ്രത്യക്ഷത്തിലും പരോക്ഷത്തിലും പ്രവര്‍ത്തിക്കുന്നതെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. അതിന്റെ മറ്റൊരു നടുക്കുന്ന വാര്‍ത്തയാണ്‌ ഇക്കഴിഞ്ഞ ദിവസം കണ്ടത്‌. തൃക്കുന്നപ്പുഴയില്‍ പല്ലനയില്‍ ചിത്രയുടെ കുടുംബത്തിന്‌ സര്‍ക്കാര്‍ നല്‍കിയ ഭൂമിയില്‍പ്പോലും പട്ടിക ജാതിയായതിനാല്‍ വീടുവെയ്‌ക്കാന്‍ സമ്മതിക്കില്ല എന്ന്‌ ഭീഷണിപ്പെടുത്തിയ അയല്‍ക്കാരുടേതു പോലുള്ള ജാതീയതയും വെറുപ്പും തക്കം കിട്ടിയാല്‍ തലപൊക്കും എന്ന അവസ്ഥ കേരളത്തില്‍ നിലവിലുണ്ട്‌. ജാതീയതയുടെ മാരകമായ വിഷപ്പല്ലുകള്‍ സമൂലം പറിച്ചെടുത്തുകൊണ്ടു മാത്രമേ കേരളത്തെ നവീകരിക്കാനും ജനാധിപത്യ സമൂഹത്തെ വികസിപ്പിക്കാനും സാധിക്കൂ. സര്‍വ്വകലാശാലയിലെ അദ്ധ്യാപകന്റെ ജാതീയ അപമാനത്തിനെതിരെ ദീപയ്‌ക്ക്‌ സമരം നടത്താനും അത്‌ വിജയിക്കാനുമുള്ള സാധ്യത ഉണ്ടായിരിക്കുന്നു എന്നത്‌ ഈ ജനാധിപത്യപ്രക്രിയകള്‍ക്കായി മറ്റു സംസ്ഥാനങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി കേരളത്തിന്റെ സാമൂഹ്യ രാഷ്‌ട്രീയ അന്തരീക്ഷത്തില്‍ ഭേദപ്പെട്ട സ്ഥിതിയുണ്ട്‌ എന്ന പ്രതീക്ഷയാണ്‌ നല്‍കുന്നത്‌. ചിത്രയുടെ വീടു നിര്‍മ്മാണം പഞ്ചായത്തും ജനങ്ങളും ഏറ്റെടുക്കുന്ന കാഴ്‌ചയും ഇതോടൊപ്പം ചേര്‍ത്തു വെച്ചു കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

 

Comments are closed.