DCBOOKS
Malayalam News Literature Website

ഒരാൾ നമ്മുടെ ജീവനെടുക്കാൻ മുതിരുമ്പോൾ!!!

കെ.ആര്‍.മീരയുടെ നോവല്‍ ‘ഘാതകന് ദേവിക രമേഷ് എഴുതിയ വായനാനുഭവം (ഡി സി ബുക്‌സ് ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ റിവ്യൂ)

എഴുത്തുകാരിയുടെ ആത്മാശം ഏറെയുള്ള കൃതിയാണ് ‘ഘാതകൻ’. ഒരു വധശ്രമം നേരിടുന്ന സത്യപ്രിയയിൽ നിന്ന് തുടങ്ങി, രാജ്യത്തെ സാമ്പത്തിക വ്യവസ്ഥിതിയെ അട്ടിമറിച്ച നോട്ട് നിരോധനത്തിലൂടെ നീങ്ങി, വർഗ്ഗീയതയിലൂടെയും പാർശ്വവൽക്കരണത്തിലൂടെയും രാജ്യത്തെ ഭിന്നിപ്പിക്കാൻ വെമ്പുന്ന കഴുകൻ കണ്ണുകളെ ഒരു ‘എസ്’ കത്തിയാൽ കുത്തിയെടുത്തു കൊണ്ടുള്ള കഥാകാരിയുടെ തേരോട്ടമാണ് ‘ഘാതകൻ’. അമ്മ – ഈ ലോകത്ത് ഏറ്റവും ആരാധിക്കപ്പെടേണ്ട വ്യക്തി. എന്നാൽ അവരും കുറ്റവും കുറവും ഇഷ്ടവും മോഹവുമുള്ള സാധാരണ ഒരു മനുഷ്യ ജന്മമാണെന്ന് പലപ്പോഴും എല്ലാവരും മറക്കുന്നു.

അമ്മയുടെ ചട്ടക്കൂടുകളെ പൊളിക്കുന്ന ഉജ്ജ്വല കഥാപാത്രമാണ് സത്യപ്രിയയുടെ അമ്മ, വസന്തലക്ഷ്മി. മീരയുടെ ഭാഷ സംസ്‌കൃത ശ്ലോകങ്ങളെ ആശ്ലേഷിക്കുന്നതോടൊപ്പം ഏറ്റവും പുതിയ ട്രെൻഡുകളെയും തഴുകിവിടുന്നു. മീരയുടെ കഥകളിൽ അധികം കണ്ടിട്ടില്ലാത്ത ജാതി വിവേചനത്തെ കുറിച്ചുള്ള ശക്തമായ പ്രതിപാദനം ഈ നോവലിലുണ്ട്. വ്യക്തമായ രാഷ്ട്രീയവും പൊതുബോധവുമുള്ള കൃതിയാണ് ‘ഘാതകൻ’. നായിക ആവാൻ മാത്രമല്ല സ്ത്രീക്ക് കെൽപ്പുള്ളതെന്നും നോവലിസ്റ്റ് പറഞ്ഞു വെക്കുന്നു.

പല വാർപ്പ് മാതൃകകളെയും തച്ചുടച്ചു മുന്നേറുന്ന കൃതി പലരെയും അസ്വസ്ഥരാക്കും. അവസാന വരി വരെ ഉദ്വേഗഭരിതമായി പോകുന്ന ഈ നോവൽ വായിച്ചു തീർക്കാതെ മടക്കി വെക്കാനാവില്ല. ഒരാൾ നമ്മുടെ ജീവനെടുക്കാൻ മുതിരുമ്പോൾ, അല്ലെങ്കിൽ നമ്മുടെ ജീവിതം അവസാനിച്ചു കാണാൻ ആഗ്രഹിക്കുമ്പോൾ അതെന്തിന് എന്നറിയാൻ നാം ആഗ്രഹിക്കും. പ്രാണനെക്കാൾ കൂടുതൽ സ്നേഹിച്ചവരാണ് അതിന് മുതിരുന്നത് എന്നറിയുമ്പോൾ ജീവിച്ചിരിക്കെ നാം കൊല്ലപ്പെട്ടവരായി മാറുന്നു. വായിച്ചു, അനുഭവിച്ചു തീർക്കുക ‘ഘാതകനെ’.

‘ഘാതകന്‍ വാങ്ങുന്നതിനായി ക്ലിക്ക് ചെയ്യൂ

Comments are closed.