DCBOOKS
Malayalam News Literature Website

മനുഷ്യന് വേണ്ടി ചില പാഠങ്ങള്‍

ഇസ്രായേലുകാരനായ ചരിത്രകാരന്‍ യുവാല്‍ നോവാ ഹരാരിയുടെ പ്രധാനവിഷയം മനുഷ്യവംശത്തിന്റെ ഉല്‍പത്തിയും വികാസപരിണാമങ്ങളുമാണ്. മനുഷ്യകുലത്തെക്കുറിച്ച് അദ്ദേഹം രചിച്ച ‘സാപിയന്‍സ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍ കൈന്‍ഡ്’,’ഹോമോ ദിയൂസ്: എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ’ പോലുള്ള ഗ്രന്ഥങ്ങള്‍ ലോകമെങ്ങും പല വിധത്തില്‍ ചര്‍ച്ചചെയ്യപ്പെടുന്നു. അടുത്തിടെ ഇറങ്ങിയ പുതിയ പുസ്തകം ’21 ലെസന്‍സ് ഫോര്‍ ട്വറ്റിഫസ്റ്റ് സെഞ്ച്വറി’ പുറത്തുവന്നു. ശാസ്ത്രത്തിന്റെയും യുക്തിയുടെയും പിന്‍ബലത്തില്‍ എഴുതപ്പെട്ട, ഹരാരി രചനകള്‍ക്ക് പല കോണുകളില്‍നിന്ന് പലതരം വായനകള്‍ ഇന്ന് ഉണ്ടാകുന്നുണ്ട്.

1976 ഫെബ്രുവരി 24 ന് ഇസ്രായേലിലെ കിര്യാറ്റ് അറ്റയിലെ കിഴക്കന്‍ യൂറോപ്യന്‍ ജൂതകുടുംബത്തിലായിരുന്നു ഹരാരിയുടെ ജനനം. 2002-ല്‍ ഒക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. ജറുസലേം ഹിബ്രു സര്‍വകലാശാലയില്‍ ചരിത്രാധ്യാപകനാണ് ഇപ്പോള്‍. ഹരാരിയുടെ ഏറെ പ്രശസ്തമായ ഹോമോ ദിയൂസ്-മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം എന്ന കൃതിയുടെ മലയാള തര്‍ജ്ജമ ഇപ്പോള്‍ ഡി സി ബുക്‌സ് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

യുവാല്‍ നോവാ ഹരാരിയുമായി ഗോവിന്ദ് ഡി സി നടത്തിയ അഭിമുഖത്തില്‍നിന്ന്

‘സാപിയന്‍സ്’എന്ന പുസ്തകത്തില്‍ ഹോമോസാപിയന്‍സിന്റെ ഇന്നലെകളെക്കുറിച്ച് പറയാനാണ് താങ്കള്‍ ശ്രമിക്കുന്നത്. ‘ഹോമോ ദിയൂസ്’ എന്ന പുസ്തകത്തില്‍ മനുഷ്യകുലത്തിന്റെ ഭാവി സാധ്യതകളെപ്പറ്റിയാണ് പറയുന്നത്. ’21ാം നൂറ്റാണ്ടിനുവേണ്ടിയുള്ള 21 പാഠങ്ങളില്‍’ താങ്കള്‍ പറയുന്നത് സമീപ ഇന്നിനെക്കുറിച്ചും സാങ്കേതികവിദ്യയ്‌ക്കൊപ്പം സംഭവിക്കുന്ന വലിയ മാറ്റങ്ങളെയും അതിന്റെ സാധ്യതകളെയും കുറിച്ചാണ്. സാങ്കേതികവിദ്യ പ്രധാന ചാലകശക്തിയാകുന്നതിനെക്കുറിച്ചാണ് അതില്‍ ചര്‍ച്ച ചെയ്യുന്നത്. ഈ മൂന്നു പുസ്തകങ്ങളും ഒരു പരമ്പരപോലെ തോന്നുന്നു. അങ്ങനെ ഉദ്ദേശിച്ചതാണോ?

യുവാല്‍ നോവാ ഹരാരി: അല്ല. അങ്ങനെ സംഭവിച്ചതാണ്. ജൈവികമായിത്തന്നെ പുറത്തുവന്നതാണ് ഈ ക്രമത്തില്‍ മൂന്നു പുസ്തകങ്ങളും. ഞാന്‍ ചരിത്രകാരനാണ്. എന്റെ ശ്രമം മനുഷ്യന്റെ ഭൂതകാലത്തെക്കുറിച്ചു പറയാനാണ്. ആഫ്രിക്കയിലെ അപ്രധാനമായ യുഗത്തില്‍നിന്ന് നമ്മള്‍ എങ്ങനെ പരിവര്‍ത്തനപ്പെട്ടുവെന്ന് പറയാനാണ് ശ്രമിച്ചത്. അത് സാപിയന്‍സിന്റെ കഥയാണ്. മറ്റൊന്നും എഴുതാനുള്ള ഉദ്ദേശം ഉണ്ടായിരുന്നില്ല. പക്ഷേ, കൂടുതല്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഭാവിയെപ്പറ്റി എന്നോട് ചോദിക്കപ്പെട്ടു. പല അഭിമുഖങ്ങളിലും ഉന്നയിക്കപ്പെട്ടത് താങ്കള്‍ക്ക് ഭൂതകാലം അറിയാം, പക്ഷേ, ഭാവി എന്താണ് എന്ന ചോദ്യമായിരുന്നു. അടുത്തത് എന്ത് സംഭവിക്കും? അങ്ങനെ മനസ് കൂടുതല്‍ കൂടുതല്‍ ഭാവിയെപ്പറ്റിയുള്ള ചിന്തകളിലായി. അങ്ങനെയാണ് ‘ഹോമോ ദിയൂസ്’ എഴുതപ്പെട്ടത്. അതില്‍ വിദൂരത്തിലുള്ള ഭാവിയെപ്പറ്റിയാണ് പറഞ്ഞത്. പക്ഷേ, നമ്മള്‍ ഇന്നിലാണ് ജീവിക്കുന്നത്. ഭൂതകാലത്തെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള ധാരണകള്‍ വര്‍ത്തമാനകാലത്തില്‍ സ്പഷ്ടമാക്കേണ്ടതുണ്ട്. നിങ്ങള്‍ എങ്ങനെയാണ് ഇന്ന് ജീവിക്കുന്നത്? നിങ്ങള്‍ എങ്ങനെയാണ് വ്യക്തിപരമായ പ്രശ്‌നങ്ങള്‍ നേരിടുന്നത്, എങ്ങനെയാണ് നിങ്ങള്‍ ലോകത്തിന്റെ അടിയന്തര രാഷ്ട്രീയ പ്രശ്‌നങ്ങള്‍ നേരിടുക എന്ന ചോദ്യമുണ്ട്. അതാണ് എന്നെ ‘ഇരുപത്തൊന്നാം നൂറ്റാണ്ടിനുവേണ്ടിയുള്ള 21 പാഠങ്ങള്‍’ എന്ന പുസ്തകം എഴുതുന്നതിലേക്ക് നയിച്ചത്. രണ്ടു പുസ്തകങ്ങളുടെയും വെളിച്ചത്തില്‍ ഇന്നത്തെ പ്രശ്‌നങ്ങളിലേക്ക് നോക്കാനുള്ള, അതായത് കുടിയേറ്റം, ഭീകരവാദം, സാമ്പത്തിക പ്രതി സന്ധികള്‍, അസമത്വം തുടങ്ങിയ പ്രശ്‌നങ്ങളിലേക്ക് നോക്കാനുള്ള ശ്രമമാണ് ആ പുസ്തകം.

താങ്കളുടെ പുസ്തകത്തില്‍ ലിബറല്‍ വാദങ്ങള്‍ ആധുനിക കാലത്ത് വലിയ പ്രതിസന്ധി നേരിടുന്നതായി പറയുന്നുണ്ട്. അത് ഭാഗികമായി സാങ്കേതികവിദ്യയുടെ വികാസംമൂലമാണ്. ഭാഗികമായി പോപുലിസ്റ്റ് മുന്നേറ്റം കാരണമാണ്. ലിബറല്‍ കഥയ്ക്ക് ഇനി ഭാവിയുണ്ടോ? രാഷ്ട്രീയമായി സാംസ്‌കാരികമായി ഈ ലിബറല്‍ മേഖലയില്‍ എന്താണ് സംഭവിക്കുന്നത്?

ലിബറലിസം പലതരം ചാക്രികതയിലൂടെയാണ് കടന്നുവന്നിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിലെ രണ്ട് പ്രധാനപ്പെട്ട പ്രതിസന്ധികളില്‍ ഒന്ന് 1930കളിലെ ഫാഷിസത്തിന്റെ ഉദയമാണ്. അക്കാലത്ത് ലിബറലിസം പൂര്‍ണമായി ഇല്ലാതായി എന്ന്, ലിബറലിസം പൂര്‍ണമായി നിലംപൊത്തി എന്നു കരുതപ്പെട്ടു. അത് ഫാഷിസവും കമ്യൂണിസവുമായുള്ള പോരാട്ടമായി ചിത്രീകരിക്കപ്പെടുകയും ചെയ്തു. പക്ഷേ, ലിബറലിസം വീണ്ടും കടന്നുവന്നു. പിന്നീട് ലിബറലിസവും കമ്യൂണിസവും തമ്മിലുള്ള ഏറ്റുമുട്ടലുണ്ടായി. 1960 കളിലും 1970 കളിലും. ലോകമെമ്പാടും കമ്യൂണിസ്റ്റ് പ്രസ്ഥാനം ശക്തിയാര്‍ജിച്ചു. ലിബറലിസം ചില രാജ്യങ്ങളില്‍ മാത്രമായി ഒതുങ്ങി. പശ്ചിമയൂറോപ്പിലും വടക്കന്‍ അമേരിക്കയിലും മാത്രമായി ഒതുങ്ങി. പക്ഷേ, പലതരം സാമൂഹിക അസ്വസ്ഥതകള്‍, പ്രശ്‌നങ്ങള്‍, കലാപങ്ങള്‍ ഉയര്‍ന്നുവന്നു. 1960 കളുടെ ഒടുവില്‍ യൂറോപ്പില്‍, അമേരിക്കയില്‍ ഒക്കെ നടന്ന കലാപങ്ങള്‍ പോലുള്ളത്. അന്ന് പലയാളുകളും കരുതിയത് ഇതാണ് ലിബറലിസത്തിന്റെ അവസാനമെന്നാണ്. പക്ഷേ, ലിബറലിസത്തിന് സ്വയം മറികടന്നു വരാനായി. യഥാര്‍ത്ഥത്തില്‍ കമ്യൂണിസമാണ് നിലംപൊത്തിയത്. ലിബറലിസം ലോകമെങ്ങും വ്യാപിച്ചു. ഇപ്പോഴും ലിബറലിസത്തിന് അത് നേരിടുന്ന പ്രശ്‌നങ്ങള്‍ മറികടക്കാനാവും.

മറ്റ് എല്ലാ ആശയശാസ്ത്രങ്ങളെക്കാളും ലിബറലിസത്തിനുള്ള മേല്‍കൈ ഏറ്റവും ഫ്‌ളെക്‌സിബിള്‍ ആയ ശാസ്ത്രമാണെന്നതാണ്. അത് വിമര്‍ശനത്തിനോട് തുറന്നമുഖം കാണിക്കുന്നതാണ്. അതാണ് അതിന്റെ തന്നെ എല്ലാ അടിസ്ഥാനങ്ങളെയും ചോദ്യം ചെയ്യാന്‍ നിങ്ങളെ അനുവദിക്കുന്ന ഏക സിദ്ധാന്തം. ഇതാണ് സ്വയംനവീകരിക്കാനും കണ്ടെത്താനുമുള്ള ലിബറലിസത്തിന്റെ കഴിവിന്റെ രഹസ്യം. അതിന് വ്യത്യസ്തസാഹചര്യങ്ങളോട് ഒത്തുപോകാനും പുതിയ ആശയങ്ങള്‍ സ്വീകരിക്കാനും കഴിയും. വിമര്‍ശനങ്ങളില്‍നിന്നുപോലും ആശയങ്ങള്‍ ഉള്‍ക്കൊള്ളും. അതിന് ഇനിയും അത് ചെയ്യാന്‍ കഴിയും. പക്ഷേ, ആര്‍ക്കും അറിയില്ല അത് എങ്ങനെയാണ് രാഷ്ട്രീയ പ്രതിസന്ധിയെ മറികടക്കുക എന്ന്. എങ്ങോട്ടാണ് ഇത് നയിക്കുക എന്നും. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയുടെ വേരുകളും ആര്‍ക്കും മനസ്സിലാവുന്നില്ല…

വിശാലമായ കാഴ്ചപ്പാടില്‍ പറഞ്ഞാല്‍, കഴിഞ്ഞ 20-30 വര്‍ഷമായി ലിബറല്‍ ലോക ചരിത്രത്തിന്റെ മികച്ച കാലമാണിത്. കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ അക്രമം ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ തലത്തിലേക്കു വന്നു. ക്ഷാമം, പ്ലേഗ് എന്നിവ ചരിത്രത്തില്‍ ഏറ്റവും കുറഞ്ഞ കാലമായി ഇതുമാറി.പക്ഷേ, പ്രശ്‌നങ്ങള്‍ നിരവധിയുണ്ട്. എല്ലാം പരിപൂര്‍ണമാണ് എന്നല്ല ഞാന്‍ പറയുന്നത്. ആളുകള്‍ ഇന്നിനെക്കുറിച്ച് മോശമാണ് എന്ന് പറയുകയാണെങ്കില്‍ എന്നായിരുന്നു അവര്‍ പറയുന്ന ആ നല്ല കാലം എന്ന് അറിയാന്‍ എനിക്ക് താത്പര്യമുണ്ട്. ചരിത്രത്തില്‍ ഏതായിരുന്നു നല്ല കാലം? ഇപ്പോള്‍ പ്രശ്‌നങ്ങള്‍ ഉള്ളത് വിചിത്രമായി അനുഭവപ്പെടുന്നു. എല്ലായിടത്തും ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെടുന്നു. പാശ്ചാത്യ ലോകത്തെ ജനാധിപത്യങ്ങളില്‍പോലും. ആളുകള്‍ക്ക് ലിബറല്‍ സ്‌റ്റോറിയില്‍ വിശ്വാസം നഷ്ടപ്പെടുന്നു. പറയുന്ന ഒരു ഉത്തരം അസമത്വം വളരുന്നതിന്റെ ഫലമാണ് ഇതെന്നാണ്. തൊഴിലാളിവര്‍ഗ്ഗവും, ദരിദ്രരും വലിയ രോഷത്തിലാണ് എന്നാണ്. പക്ഷേ, ഇത് വസ്തുതകളുമായി ഒത്തുപോകുന്നതല്ല. അസമത്വത്തില്‍, ക്ഷേമഭരണകൂടത്തിന്റെ പതനത്തില്‍ ആളുകള്‍ ശരിക്കും അസ്വസ്ഥരാണെങ്കില്‍ 2016-ല്‍ അവര്‍ അമേരിക്കയില്‍ ഡെമോക്രാറ്റുകള്‍ക്ക് വോട്ടുചെയ്യുമായിരുന്നു. അവര്‍ കോടികള്‍ നികുതി അടക്കാത്ത ഒരു ശതകോടീശ്വരനെ തെരഞ്ഞെടുക്കുമായിരുന്നില്ല. പണക്കാര്‍ക്ക്, വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നികുതി കുറയ്ക്കണമെന്ന് വാദിക്കുന്ന ഒരാളെയാണ് അവര്‍ തെരഞ്ഞെടുത്തത്. ഇതാണ് ഒരു ഉത്തരം.

മറ്റൊന്ന് ഇപ്പോള്‍ സംഭവിക്കുന്നത് കേവലം സാമ്പത്തിക അസമത്വം മാത്രമല്ല, നമ്മള്‍ അന്തസിന്റെ പ്രശ്നവും നേരിടുന്നുണ്ട്. വളരെയേറെപ്പേര്‍ക്ക് തങ്ങളുടെ അന്തസ് നഷ്ടപ്പെടുന്നതായ തോന്നലുണ്ട്. തങ്ങളുടെ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ടപ്പെടുന്നതായ തോന്നല്‍. 21-ാം നൂറ്റാണ്ടില്‍ പല പ്രശ്‌നങ്ങളുണ്ടെങ്കിലും എല്ലാവരും, അത് കമ്യൂണിസ്റ്റുകളാകട്ടെ, ഫാഷിസ്റ്റുകളാകട്ടെ, ലിബറലുകളാകട്ടെ സാധാരണ ജനങ്ങളോടു പറഞ്ഞത് നിങ്ങളാണ് ഭാവി എന്നാണ്. നിങ്ങളാണ് മാനവികതയുടെ ഭാവി കെട്ടിപ്പടുക്കുന്നവര്‍ എന്നാണ്. അവര്‍ അത് പറഞ്ഞുകൊണ്ടിരുന്നു. പണ്ട് സോവിയറ്റ് യൂണിയനിലെ ചുമരുകളിലെ മുദ്രാവാക്യങ്ങള്‍ പറഞ്ഞിരുന്നതുപോലെ. ഇന്ന് കാര്യങ്ങള്‍ സോവിയറ്റ് യൂണിയനിലെക്കാള്‍ നല്ലതാണ്. ഇന്ന് സാധാരണക്കാര്‍ ചുമരിലെ പോസ്റ്ററുകളിലേക്ക് അല്ല നോക്കുന്നത്. അവര്‍ യൂട്യൂബ്, അല്ലെങ്കില്‍ ടെലിവിഷനിലേക്കാണ് നോക്കുന്നത്. അവര്‍ സ്വയം കാണുന്നില്ല. കാരണം, ഭാവി ഇപ്പോള്‍ ഉള്ളത് വളരെ ചെറിയ വരേണ്യവര്‍ഗത്തി നാണ്; നമ്മുടെ കാലത്തെ വലിയ വികാസങ്ങളില്‍ ആധിപത്യം പുലര്‍ത്തുന്ന വരേണ്യവര്‍ഗ്ഗത്തി ലാണ് (ഏലീറ്റ്).

നമ്മള്‍ സാധാരണക്കാരുടെ വര്‍ത്തമാനങ്ങള്‍, നിശ്ശബ്ദതകള്‍ ശ്രദ്ധിക്കുക. അവര്‍ പൊതുവായ വ്യക്തികളെപ്പറ്റിയല്ല സംസാരിക്കുന്നത്. അവര്‍ സംസാരിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെക്കുറിച്ചാണ്, അവര്‍ ബയോ എന്‍ജിനീയറിങ്ങിനെപ്പറ്റിയാണ് സംസാരിക്കുന്നത്. റോബോര്‍ട്ടിക്‌സിനെപ്പറ്റി, മെഷീന്‍ ലേണിങ്ങിനെപ്പറ്റിയാണ്. അതാണ് ഭാവി. സാധാരണ ജനങ്ങള്‍ക്ക് ഈ വികാസത്തില്‍, ഭാവിയില്‍, ഒരു പങ്കും വഹിക്കാനില്ല. അതിനാല്‍ സാധാരണ ജനങ്ങളുടെ തോന്നല്‍ പ്രയോജനരഹിതരായി ശാന്തമായി, അപ്രധാനരായി ഇരിക്കാം എന്നാണ്. 20-ാം നൂറ്റാണ്ടില്‍ ഏറ്റവും വലിയ പോരാട്ടം ചൂഷണത്തിന് എതിരായിയിരുന്നു. ഞാന്‍ ചൂഷണം ചെയ്യപ്പെട്ടുകൂടാ. അതിനാല്‍ കമ്യൂണിസ്റ്റുകള്‍ക്കൊപ്പം പോരാടി. ഇന്നത്തെ ഏറ്റവും വലിയ അപകടം ചൂഷണമല്ല, അപ്രസക്തരാകുന്നുവെന്നതാണ്. ഞാന്‍ അപ്രസക്തനും, വിലകെട്ടവനുമായി മാറുന്നുവെന്നാണ്. ഇതാണ് പോപ്പുലിസ്റ്റ് തലങ്ങളിലേക്കു നയിക്കുന്നത്.

ഇത്തരം പ്രതിസന്ധിയില്‍ സാങ്കേതികവിദ്യ എങ്ങനെയൊക്കെ ഇടപെടുന്നു? ഇന്ന് ഇലീറ്റിസ്റ്റ് സംഘങ്ങളെ നിശ്ചയിക്കുന്നത് സ്വത്തല്ല, സാങ്കേതിക വിദ്യയിലുള്ള മേല്‍ക്കോയ്മയാണ്. താങ്കള്‍ അത് പറയുന്നുണ്ട്. താങ്കള്‍ ‘സാപിയന്‍സില്‍’ പറയുന്നതുപോലെ ഇത് രാഷ്ട്രം എന്ന സങ്കല്പത്തെത്തന്നെ അപ്രധാനമാക്കിയേക്കാം. താങ്കള്‍ എങ്ങനെയാണ് ഈ ഇലീറ്റിസ്റ്റ്് ഗ്രൂപ്പുകളെ നിര്‍വചിക്കുന്നത്? അവര്‍ ശക്തമായ രാഷ്ട്രങ്ങളെ അപ്രധാനമാക്കി നാളെ ലോകത്തെ നയിക്കുമോ? അപ്രസക്തരായിപ്പോകുന്നുവെന്ന് കരുതുന്ന സാധാരണ ജനം ഈ അവസ്ഥ മറികടക്കാനായി മുന്നോട്ടു വരുമോ?

21-ാം നൂറ്റാണ്ടില്‍ ഒരു ശക്തിമത്തായ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ നിങ്ങള്‍ക്ക് എല്ലാവരെയും വേണമായിരുന്നു. വ്യവസായ സാമ്പത്തിക വ്യവസ്ഥമൂലം അങ്ങനെയേ കഴിയുമായിരുന്നുള്ളൂ. ഒരു രാജ്യത്തിന് ശക്തിമത്താകണമെങ്കില്‍, കരുത്തുറ്റ രാഷ്ട്രമാകണമെങ്കില്‍ ലക്ഷക്കണക്കിനു ജനം സൈന്യത്തില്‍ വേണമായിരുന്നു. അതിന് ലക്ഷക്കണക്കിനു തൊഴിലാളികള്‍ ഫാക്ടറികളിലും ഓഫീസുകളിലും വേണമായിരുന്നു. ദേശീയ സിദ്ധാന്തം ജനങ്ങളുടെ മൊബിലൈസേഷനായിരുന്നു. ഏതാണ്ട് എല്ലാവരുംതന്നെ പ്രയോജനമുള്ളവരും പ്രധാനപ്പെട്ടവരുമായി കരുതപ്പെട്ടു. കാരണം, എല്ലാവരും പ്രയോജനമുള്ളവരായിരുന്നു. പക്ഷേ, സമ്പദ്‌വ്യവസ്ഥയിലും സൈന്യത്തിലുമുണ്ടായ പുതിയ വികാസങ്ങള്‍ സാങ്കേതികവിദ്യയെ കൂടുതല്‍ പ്രഭവമുള്ളതാക്കുന്നതിലാണ് ഊന്നുന്നത്. അത് കുടുതല്‍ കൂടുതല്‍ ആളുകളെ പ്രയോജനരഹിതരാക്കിമാറ്റും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ) മനുഷ്യരെ കൂടുതല്‍ കൂടുതല്‍ മേഖലകളില്‍ നിന്ന് ഒഴിവാക്കും. എ.ഐ. മേഖലയില്‍ ആളുകള്‍ വേണം. പക്ഷേ, അധികം ആളുകള്‍ വേണ്ട. നിങ്ങള്‍ക്കു വേണ്ടത് ഒരു ചെറിയ വരേണ്യവിഭാഗത്തെയാണ്. ഉന്നതമായ പ്രൊഫഷണലുകളെ, ഉന്നതമായ വൈദഗ്ധ്യമുള്ളവരെ മതി. അങ്ങനെ ജനസംഖ്യയുടെ നല്ല പങ്കും സാമ്പത്തികമായി, സൈനികമായി അപ്രസക്തരായി മാറും.

19-20 നൂറ്റാണ്ടുകളില്‍ ജനങ്ങളെയാണ് അധികാരത്തിനായി ആശ്രയിച്ചത്. ഇത് മാറിക്കൊണ്ടിരിക്കുന്നു. നമ്മള്‍ ആളുകളുടെ (മാസ്) കാലത്തുനിന്ന് മാറിക്കൊണ്ടിരിക്കുന്നു. സാധാരണക്കാര്‍ക്ക് ഈ മാറ്റത്തില്‍ പങ്കുചേരാനാവില്ല. ഈ വരേണ്യവര്‍ഗം നിഷ്ഠുരാണെന്നല്ല, അവര്‍ മൊത്തത്തെയും നശിപ്പിക്കാന്‍ ശ്രമിക്കുന്നുവെന്നല്ല. നമുക്ക് എലീറ്റ് വിഭാഗം വേണം. നമുക്ക് അസുഖം വന്ന് ആശുപത്രിയില്‍ പോകുമ്പോള്‍ നമുക്ക് എലീറ്റ് ഡോക്ടര്‍മാര്‍ വേണം. വളരെ പ്രൊഫഷണലായ ഡോക്ടറെ വേണം. കുറേ ആളുകള്‍ അവിടെയുണ്ടായിട്ടു കാര്യമില്ല. നിങ്ങള്‍ക്കു വേണ്ടത് എലീറ്റ് പ്രൊഫഷണലിനെയാണ്. നിങ്ങള്‍ വിമാനത്തില്‍ പോകുമ്പോള്‍ വേണ്ടത് എലീറ്റ് പൈലറ്റിനെയാണ്. അതിനാല്‍ സത്തയില്‍ ഇതില്‍ തെറ്റില്ല. അതായത് പ്രൊഫഷണല്‍ എലീറ്റ് ഉള്ളത് തെറ്റല്ല. പ്രശ്‌നം എന്താണെന്നുവച്ചാല്‍ ഈ പ്രൊഫഷണല്‍ ഏലീറ്റിന് വലിയ ആള്‍ക്കൂട്ടത്തെ ആവശ്യമില്ല എന്നതാണ്. അവകാശങ്ങള്‍, വൈദഗ്ധ്യം, വിദ്യാഭ്യാസം ഉണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ എലീറ്റില്‍ ചേരാം. പക്ഷേ, നല്ലപങ്ക് ജനങ്ങളും പിന്നിലാക്കപ്പെടും. ഈ സാഹചര്യങ്ങള്‍ക്ക് പറ്റിയ സാമൂഹികരാഷ്ട്രീയ സംവിധാനം ഇല്ല. രാജ്യങ്ങള്‍ക്കുള്ളിലും രാജ്യങ്ങള്‍ക്കിടയിലും അമസത്വം വളരും. രാജ്യങ്ങള്‍ക്കിടയില്‍ എന്തുസംഭവിക്കുമെന്നുവച്ചാല്‍ സാങ്കേതിക വിദ്യയുള്ളവര്‍, എ.ഐ. (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്), ബയോടെക്‌നോളജി മേഖലയിലൊക്കെ ആധിപത്യമുള്ളവര്‍ സൂപ്പര്‍ ശക്തികളായി മാറും. അതിന് കഴിയാത്ത രാജ്യങ്ങള്‍ പിന്നിലാക്കപ്പെടും.

19-ാം നൂറ്റാണ്ടില്‍ വ്യവസായ വിപ്ലവം വന്നപ്പോള്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, ജപ്പാന്‍, അമേരിക്കന്‍ ഐക്യനാടുകള്‍ എന്നിവ ഈ വിപ്ലവത്തെ നയിച്ചു. അങ്ങനെ ലോകത്ത് ആധിപത്യം സ്ഥാപിച്ചു. ഇതിന് ഒപ്പം ചലിക്കാത്ത ഭൂരിപക്ഷം രാജ്യങ്ങളും പിന്നിലാക്കപ്പെട്ടു. ഇതുതന്നെയാണ് എ.ഐ. വിപ്ലവത്തിലൂടെയും സംഭവിക്കുക. ഇത്തവണയും സമൂഹത്തിനുള്ളില്‍ അസമത്വം വര്‍ധിപ്പിക്കും. ചെറിയ എലീറ്റിന് ആധിപത്യം പുലര്‍ത്താന്‍ കഴിയും. അതുവഴി വലിയ വിഭാഗം ജനങ്ങള്‍ പിന്നിലാകും. ഈ അസന്തുലിതാവസ്ഥയ്ക്ക്, വര്‍ധിക്കുന്ന അസമത്വത്തിന്, പരിഹാരം കണ്ടുപിടിക്കാനായില്ലെങ്കില്‍ വലിയ രാഷ്ട്രീയ ബുദ്ധിമുട്ടുകള്‍ വരും. പോപുലിസം ഒരു ഉത്തരവും നല്‍കുന്നില്ല. ആളുകള്‍ക്ക് ഭയവും, രോഷവും ഉണ്ട്. പക്ഷേ, നിങ്ങള്‍ക്ക് ഉത്തരമില്ല. പോപുലിസ്റ്റ് നേതാക്കള്‍ക്ക് ഭാവിക്കുവേണ്ടി ഒരു കാഴ്ചപ്പാടും ഇല്ല. അവര്‍ ഈ വിഷയം സംസാരിക്കുന്നുപോലുമില്ല. മിക്കവരും ഭൂതകാലത്തെപ്പറ്റിയുള്ള ഗൃഹാതുര കുളിരിലാണുള്ളത്. അവര്‍ മത, ദേശീയ പുരാവൃത്തങ്ങളിലേക്കു തിരിയുന്നു, ഇന്ന് ഇവ രണ്ടിനുമുള്ള പ്രധാന്യത്തിനു കാരണം ഇത് രണ്ടും ജനങ്ങളോട്, നിങ്ങള്‍ അര്‍ത്ഥമില്ലാത്തവരല്ലെന്ന്, നിങ്ങള്‍ വിലകെട്ടവരല്ലെന്ന്, നിങ്ങള്‍ അപ്രസക്തരല്ലെന്നു പറയുന്നതാണ്. അവ പറയുന്നത് നിങ്ങളാണ് ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നാണ്. ഇതാണ് മതവും ദേശീയതയും ജനങ്ങളോടു പറയുന്നത്. ഇത് വളരെ ആകര്‍ഷകമായിരിക്കാം. പക്ഷേ, അത് ഒരു പരിഹാരമല്ല. നിങ്ങള്‍ ഒരു നേതാവിനെ തെരഞ്ഞെടുക്കുന്നു, പക്ഷേ, അയാള്‍ക്ക് നിങ്ങള്‍ അഭിമുഖീകരിക്കുന്ന സാങ്കേതിക, സാമ്പത്തിക പ്രതിസന്ധി മനസ്സിലാവുന്നില്ല എന്നത് കല്പിത കഥപോലെയാണ്.

അപ്രസക്തരാകാതിരിക്കുന്നതിനെപ്പറ്റി സ്വീകരിക്കേണ്ട ചില കാര്യങ്ങളെപ്പറ്റി താങ്കള്‍ പറയുന്നുണ്ട്. ഭാഗികമായി മികച്ച വിദ്യാഭ്യാസം നേടുന്നതിലൂടെ കഴിയുമെന്ന് പറയുന്നുണ്ട്. ഭാവിയില്‍ തങ്ങള്‍ ഈ സമൂഹത്തിന്റെ ഭാഗമാണെന്നും സമൂഹത്തിനുവേണ്ടി കൂടുതല്‍ കാര്യക്ഷമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും, അതുവഴി തങ്ങള്‍ അപ്രസക്തരല്ലെന്നും ജനങ്ങള്‍ക്ക് ബോധ്യം വരുത്തുന്ന എന്തു വിദ്യാഭ്യാസമാണ് ഭാവിക്കുവേണ്ടി താങ്കള്‍ നിര്‍ദ്ദേശിക്കുക?

ആളുകളെ വൈദഗ്ധ്യമുള്ളവരാക്കാന്‍ എന്ത് വിദ്യാഭ്യാസം എന്നത് വലിയ ചോദ്യമാണ്. യന്ത്രവല്‍ക്കരണം പല ജോലികളെയും ഇല്ലാതാക്കും. പകരം മറ്റുജോലികള്‍ ഉയര്‍ന്നുവരും. ജോലിയേ ഉണ്ടാകില്ല എന്ന കരുതരുത്. ജോലിയുണ്ടാവാം. പക്ഷേ, വളരെയേറെ കൂടുതല്‍ ക്രിയേറ്റിവിറ്റി, പ്രത്യേക വൈദഗ്ധ്യം എന്നിവ ആവശ്യമുള്ള ജോലികളാണ് ഉയര്‍ന്നുവരിക എന്നുമാത്രം. ഇപ്പോള്‍ കമ്പ്യൂട്ടറുകള്‍ ഈ മേഖലകളില്‍ മനുഷ്യനോട് മത്സരിക്കുന്നതില്‍ പരാജയപ്പെടുകയാണ്. ചോദ്യം ഇതാണ്, ആളുകള്‍ക്ക് സ്വയം പരിശീലിക്കാന്‍ കഴിയുമോ? കാരണം, വിരസമായ ലളിതമായ ജോലികള്‍ പലതും അപ്രത്യക്ഷമാകും. ആളുകള്‍ക്ക് തങ്ങളെ സ്വയം പരിശീലിപ്പിക്കാന്‍ കഴിവുവേണം. ജോലികള്‍ എന്നത് ഡിസൈനിങ്, കമ്പ്യൂട്ടിങ്, ഭാവിയിലെ റിയാലിറ്റി ഗെയിമുകള്‍ എന്നിവയുമായൊക്കെ ബന്ധപ്പെട്ടതാവും. അതുപോലെ യോഗ അധ്യാപകര്‍ ഒക്കെ ഉണ്ടാകും. കാരണം കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാര്‍ ഇരുന്ന് കമ്പ്യൂട്ടറില്‍ത്തന്നെ പണിയെടുക്കും. അവര്‍ക്ക് യോഗ അധ്യാപകരെ വേണ്ടിവരും. നിങ്ങള്‍ ഒരു ട്രക്ക് ഡ്രൈവര്‍ ആണെങ്കില്‍ പ്രശ്‌നമാകും; ഡ്രൈവര്‍മാര്‍ വേണ്ടാത്ത ട്രക്കുകളാകും വരിക. ഒരു കമ്പ്യൂട്ടര്‍ അധ്യാപകന്‍, അല്ലെങ്കില്‍ ഒരുയോഗ അധ്യാപകന്‍ എന്ന നിലയിലാവും കാര്യങ്ങള്‍. ഒരു ട്രക്ക് ഡ്രൈവറെ യോഗ അധ്യാപകനാക്കുക എളുപ്പമല്ല. പണം, സമയം, പരിശീലനം എന്നിവ വേണം. മനഃശാസ്ത്രപരമായി മാറ്റവും എളുപ്പമല്ല.ഏറ്റവും പ്രശ്‌നം എന്താണ് പുതിയ ജോലികള്‍, അതിനു വേണ്ട വൈദഗ്ധ്യങ്ങള്‍ എന്താണ് എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല എന്നാണ്. അടുത്ത 30 വര്‍ഷത്തില്‍ തൊഴില്‍ വിപണി എങ്ങനെയിരിക്കുമെന്ന് ആര്‍ക്കും മുന്‍കൂട്ടി പ്രവചിക്കാനാവില്ല. അതിനാല്‍ സ്‌കൂളില്‍ കുട്ടികളെ എന്തുപഠിപ്പിക്കണമെന്ന് നമുക്കറിയില്ല. 30 വര്‍ഷത്തില്‍ അത് പ്രസക്തമായിരിക്കുമോ? ഏറ്റവും നല്ലത് കുട്ടി കളെ മാനസിക ഫ്‌ളെക്‌സിബിലിറ്റി ഉള്ളവരായിരിക്കാന്‍ പഠിപ്പിക്കുകയാണ്, കുട്ടികള്‍ക്ക് തങ്ങളെത്തന്നെ നവീകരിച്ച്, പുതിയ സ്‌കില്ലുകള്‍ പഠിച്ച്, മാറിക്കൊണ്ടിരിക്കാനും ജീവിതത്തില്‍ ആവര്‍ത്തിച്ച് സ്വയം കണ്ടെത്താനുമുള്ള പാഠങ്ങള്‍ പഠിപ്പിക്കുക എന്നതാണ്. ഏറ്റവും വേണ്ടതായ കഴിവ് പഠിച്ചു കൊണ്ടിരിക്കാനും മാറിക്കൊണ്ടിരിക്കാനുമുള്ള പാടവമാണ്. ഇതാണ് നമ്മള്‍ പഠിപ്പിക്കേണ്ടത്. പക്ഷേ, അത് പഠിപ്പിക്കുക വളരെ ബുദ്ധിമുട്ടാണ്.

ചരിത്രം പഠിപ്പിക്കുക എളുപ്പമാണ്. തീയതികള്‍, വര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, രാജാക്കന്‍മാര്‍ എന്നിങ്ങനെ പഠിപ്പിച്ചാല്‍ മതി. ഫിസിക്‌സ് പഠിപ്പിക്കുമ്പോള്‍ നിങ്ങള്‍ സൂത്രവാക്യങ്ങള്‍ പഠിപ്പിച്ചാല്‍ മതി. കമ്പ്യൂട്ടര്‍ കോഡിങ് പഠിപ്പിക്കാന്‍ നിങ്ങള്‍ക്ക് പ്രത്യേക വൈദഗ്ധ്യം വേണം. പക്ഷേ, ഇത് നിങ്ങളുടെ മനസ്സിനെയും തലച്ചോറിനെയും ഫ്‌ളെക്‌സിബിള്‍ ആയിരിക്കാന്‍ പഠിപ്പിക്കില്ല. മാനസിക ഫ്‌ളെക്‌സിബിലിറ്റി ഉള്ളവരായിരിക്കാന്‍ ആളുകളെ പഠിപ്പിക്കുക വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിങ്ങള്‍ക്ക് ഈ ഫ്‌ളെക്സിബിള്‍ കഴിവുണ്ട് എങ്കില്‍ സാമ്പത്തിക വ്യവസ്ഥയിലും തൊഴില്‍ വിപണിയിലും മാറിക്കൊണ്ടിരിക്കുന്ന ഭാവിയിലെ സാഹചര്യങ്ങളിലേക്ക് നിങ്ങള്‍ക്ക് ഉള്‍ച്ചേരാനാവും. മേല്‍പ്പറഞ്ഞ കഴിവില്ലെങ്കില്‍ നിങ്ങള്‍ ഒരു നിശ്ചിത ജോലിതന്നെ ചെയ്യുകയും അപ്രസക്തനായിത്തീരുകയും ചെയ്യും.കാരണം, കമ്പ്യൂട്ടറുകള്‍ക്ക് അത് കൂടുതല്‍ നന്നായി ചെയ്യാനാവും. ആ അവസ്ഥയില്‍ നിങ്ങള്‍ക്ക് ഒന്നും ചെയ്യാനാവില്ല.

‘ഹോമോ ദിയൂസി’ല്‍ താങ്കള്‍ പറയുന്നുണ്ട് കുറച്ചുദശകങ്ങള്‍ക്കുമുമ്പ് പ്ലേഗ് യൂറോപ്പിലെമ്പാടും പടര്‍ന്നപ്പോള്‍ അത് ചെകുത്താന്റെ നടപടിയാണ്, നിങ്ങളിലൂടെ കടന്നു പോകുന്ന ദുഷ്ടശക്തിയുടെ ഫലമാണ് എന്നൊക്കെ ആളുകള്‍ ചിന്തിച്ചിരുന്നുവെന്ന്. നൂറു വര്‍ഷങ്ങള്‍ക്കുശേഷം ബാക്ടീരിയയെയും വൈറസിനെയുംകുറിച്ചുള്ള അറിവുകള്‍ വന്നു. ഇപ്പോള്‍ മനുഷ്യന് അത് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യാനാകും. പ്ലേഗ് ഉള്‍പ്പടെ പല രോഗങ്ങളെയും മറികടക്കാനായി. 700 വര്‍ഷം മുമ്പ് നമുക്കുമേല്‍ സാത്താന്‍ ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്നത് യുക്തിസഹമാണ്. ഇന്ന് നമ്മള്‍ കണ്ടെത്തി അത്
ബാക്ടീരിയയായിരുന്നെന്ന്. അത് മനസ്സില്‍ വച്ച് ചോദിക്കട്ടെ, മതം യുക്തിസഹമാണോ? അല്ലെങ്കില്‍ ആളുകള്‍ കൂടുതല്‍ യുക്തിസഹമാകുമ്പോള്‍ അവസാനം പറയുമോ, അന്ന് മതം പഴയകാലത്തിന് ആവശ്യമായ ഒരു കെട്ടുകഥയായിരുന്നെന്ന്? ദൈവത്തെപ്പറ്റിയുള്ള സങ്കല്പം യുക്തിസഹമാണോ?

എല്ലാ മതങ്ങളും മനുഷ്യനിര്‍മ്മിതിയാണ്. മനുഷ്യനാണ് വിവിധ മതങ്ങള്‍ കണ്ടെത്തിയത്. തങ്ങളെ ത്തന്നെ കൂടുതല്‍ സംഘടിപ്പിക്കാന്‍, സമൂഹത്തെ നീതീകരിക്കത്തക്ക ഒന്നായി സംഘടിപ്പിക്കാന്‍ കണ്ടെത്തിയതാണ്. നിങ്ങള്‍ അത് ചെയ്യണം എന്നുപറഞ്ഞാല്‍ ആളുകള്‍ കേള്‍ക്കില്ല. അപ്പോള്‍, ദൈവം എന്നോടു പറഞ്ഞു നിങ്ങള്‍ ഇത് ചെയ്യണം എന്ന് ഞാന്‍ പറഞ്ഞാല്‍ അത് നിങ്ങള്‍ ചെയ്യാനുള്ള സാധ്യത കൂടുതലാണ്. ഇതാണ് മതത്തിനെപ്പറ്റി ശാസ്ത്രീയമായ വിലയിരുത്തല്‍. എല്ലാ മതങ്ങളുടെയും ചരിത്രം വ്യത്യസ്ത സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാന്‍ പലതരത്തില്‍ മാറിയതിന്റെയാണ്. മതത്തിന്റെ ആള്‍ക്കാര്‍ പറയും മതം മാറുന്നതല്ല, അത് മാറാന്‍ പാടുള്ളതല്ലഎന്ന്. നമുക്ക് അറിയാവുന്ന എല്ലാ മതങ്ങളും മാറിയിട്ടുണ്ട്. ഹിന്ദുമതവും, യഹൂദമതം, ക്രിസ്തുമതം, ഇസ്‌ലാം എല്ലാം. ഒരു ഉദാഹരണം പറയാം. ആയിരം വര്‍ഷംമുമ്പ് മതത്തിന്റെ കേന്ദ്ര പ്രശ്‌നം കൃഷിയും വൈദ്യപരവുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കലായിരുന്നു. വരള്‍ച്ച ഉണ്ടായാല്‍ നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കും. നിങ്ങള്‍ക്ക് രോഗമുണ്ടായാല്‍ ദേവാലയങ്ങളിലെ വിശ്വാസച്ചടങ്ങളുകളിലേര്‍പ്പെടും. ജീവിതത്തിന്റെ പകുതിനാള്‍ യേശു ക്രിസ്തു വൈദ്യനാണ്. അദ്ദേഹം ആളുകളെ ചികിത്സിക്കുകയാണ്.

ഇന്ന് മതം അതല്ല ചെയ്യുന്നത്. കൃഷിയും ചികിത്സയും മതത്തെക്കാള്‍ നന്നായി മറ്റുള്ളവര്‍ ചെയ്യുന്നുണ്ട്. വരള്‍ച്ചയുണ്ടായാല്‍ നിങ്ങള്‍ എന്‍ജിനീയര്‍മാരുടെ അടുത്തു പോകും. പ്ലേഗ് ഉണ്ടായാല്‍ നിങ്ങള്‍ ഡോക്ടറുടെ അടുത്തുപോകും. അതിനാല്‍ത്തന്നെ മതത്തിന് അതിന്റെ കഥ, ആവശ്യം, മാറ്റേണ്ടേിവന്നു. 21ാം നൂറ്റാണ്ടില്‍ മതം ഇടപെടുന്നത് എന്താണ് നിങ്ങളുടെ സ്വത്വം എന്ന് വിശദീകരിക്കാനാണ്. മതങ്ങള്‍ പൂര്‍ണമായി അപ്രത്യക്ഷമാകും എന്ന് ഞാന്‍ കരുതുന്നില്ല. ചില മതങ്ങള്‍ സാങ്കേതികവിദ്യയുമായി കൈകോര്‍ത്ത് ടെക്‌നോ റിലീജിയനായി മാറും. സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയ മതം. നിങ്ങള്‍ക്ക് പറയാവുന്ന ആദ്യത്തെ ടെക്‌നോ റിലീജിയന്‍ സോഷ്യലിസം ആണ്, അല്ലെങ്കില്‍ മാര്‍ക്‌സിസം. അത് സമാധാനം, നീതി, സമൃദ്ധി, തുല്യത എന്നിങ്ങനെയുള്ള എല്ലാ മതങ്ങളുടെയും ആശയങ്ങള്‍ എടുത്തു. പക്ഷേ, അവര്‍ പറഞ്ഞു, ഇതെല്ലാം ലഭിക്കാന്‍ മരണശേഷം ദൈവത്തിന്റെ സഹായത്തോടെ നേടണ്ടേതില്ല. സാങ്കേതികവിദ്യയുടെ, വ്യവസായത്തിന്റെ സഹായത്തോടെ അത് നമുക്ക് ഈ ഭൂമിയില്‍ സൃഷ്ടിക്കാനാകും എന്ന് അവര്‍ പറഞ്ഞു. അത് പരാജയപ്പെട്ടു.

പക്ഷേ, ഓര്‍ക്കേണ്ടത് പുതിയ ടെക്‌നോ റിലീജിയന്‍ 21ാം നൂറ്റാണ്ടില്‍ ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നുവെന്നതാണ്. ബയോ എന്‍ജി നീയറിങ്ങിന്റെ, അതുപോലെ കമ്പ്യൂട്ടര്‍ സയന്‍സ്, സഹായത്തോടെ നമുക്ക് എല്ലാം സാധ്യമാകുമെന്നാണ്, മതം പറയുന്ന പല കാര്യങ്ങളും ഇവിടെ സാധ്യമാകുമെന്നാണ്, അത് പറയുന്നത്. സമൃദ്ധി മാത്രല്ല, ജീവിതത്തിന്റെ നശ്വരതയും സാധ്യമാക്കുമെന്നാണ്. ദൈവം എന്ന വാക്ക് എടുത്താലും അതിന് വളരെ വ്യത്യസ്തമായ അര്‍ത്ഥമാണ് ഇപ്പോഴുള്ളത്. ആശയക്കുഴപ്പമുണ്ടാക്കുന്ന വിധത്തിലാണ് അത്. ഒരു ദൈവം പ്രപഞ്ചത്തെപ്പറ്റിയുള്ള നിഗൂഢതയാണ്. നിങ്ങള്‍ സ്വയം ചോദിക്കുന്നു, എങ്ങനെയാണ് ഈ പ്രപ്രഞ്ചം ഉണ്ടായത്, എങ്ങനെയാണ് ജീവിതം ഉണ്ടായത്, എന്താണ് സയന്‍സിന്റെ സൂത്രവാക്യത്തിന്റെ സൂചന? E=mc2 എന്നതിന്റെ സൂചന എന്താണ്? നിങ്ങള്‍ക്ക് അര്‍ത്ഥമറിയില്ല. അപ്പോള്‍ അതാണ് ദൈവം. നമുക്ക് മനസ്സിലാക്കാന്‍ കഴിയാത്ത നിഗൂഢതാണ് ദൈവം. ഈ ദൈവത്തിന്റെ പ്രധാന സവിശേഷത നമുക്ക് ഒന്നും അറിയില്ല എന്നതാണ്. നമുക്ക് ആ ദൈവത്തെപ്പറ്റി ഒന്നും അറിയില്ല, അതിനെപ്പറ്റി ഒന്നും പറയാനും അറിയില്ല. സമ്പൂര്‍ണ നിഗൂഢത.

തീര്‍ത്തും വ്യത്യസ്തമായ മറ്റൊരു ദൈവമുണ്ട്, നമുക്ക് എല്ലാം അറിയാം, ഓരോ കണികയും. ഇത് നിയമത്തിനും ചട്ടങ്ങള്‍ക്കും, മതപാരമ്പര്യങ്ങള്‍ക്കും എല്ലാം അപ്പുറത്തുള്ള ദൈവമാണ്. നമുക്ക് ആ ദൈവം ഭക്ഷണത്തെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാം, ലൈംഗികതയെപ്പറ്റി, സ്ത്രീയെപ്പറ്റി ആ ദൈവം എന്താണ് ചിന്തിക്കുന്നത് എന്ന് അറിയാം, രാഷ്ട്രീയത്തെപ്പറ്റി എന്താണ് ചിന്തിക്കുന്നത് എന്നറിയാം. തീര്‍ത്തും എതിര്‍പക്ഷത്തുള്ള ദൈവങ്ങളാണ് ഇത്. നമുക്ക് ഒന്നും അറിയാത്ത, നിഗൂഢതയാര്‍ന്ന ദൈവം. നേരേ എതിര്‍പക്ഷത്ത് നമുക്ക് എല്ലാം അറിയുന്ന, ഓരോ വിശദാംശങ്ങളും അറിയാവുന്ന ദൈവം. ആ ദൈവത്തിന് ഭക്ഷണം എന്തുവേണമെന്നുപോലും നമുക്കറിയാം. ഞാന്‍ ആദ്യത്തെ ദൈവത്തെ വിശ്വസിക്കും, കാരണം, അത് വലിയ നിഗൂഢതയാണ്. രണ്ടാമത്തേത് മനുഷ്യന്റെ കണ്ടുപിടിത്തമാണ്. പല മതആളുകളുടെയും അടവ് ഈ രണ്ടു ദൈവങ്ങളെയും തമ്മില്‍ കൂട്ടിക്കലര്‍ത്തുകയാണ്. ദൈവം ഉണ്ട് എന്ന് നിങ്ങള്‍ക്ക് എങ്ങനെ അറിയാം എന്ന് ചോദിച്ചാല്‍ ഈ പ്രപഞ്ചത്തിന്റെ നിഗൂഢതകളെക്കുറിച്ച് നിങ്ങള്‍ സംസാരിക്കാന്‍ തുടങ്ങും. ബിഗ് ബാങ്, ഫിസിക്‌സിന്റെ നിയമങ്ങള്‍ എന്നിങ്ങനെ നിങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങള്‍ പറയും. അതേസമയംതന്നെ ഈ നിഗൂഢതയെ നമ്മുടെ നിയമങ്ങളയും ചട്ടങ്ങളെയും ന്യായീകരിക്കാന്‍ ഉപയോഗിക്കും. നമുക്കറിയില്ല എങ്ങനെയാണ് ബിഗ്ബാങ് തുടങ്ങിയതെന്ന്, അതുകൊണ്ടുതന്നെ സ്ത്രീകള്‍ നീളമുള്ള കുപ്പായം ധരിക്കണം എന്നു പറയും. സ്വവര്‍ഗ ലൈംഗികത നിരോധിക്കണം എന്നു പറയും. ഇത് രണ്ടും തമ്മില്‍ ബന്ധമില്ല. പക്ഷേ, ആളുകള്‍ ദൈവത്തെ വച്ച് ഇതും രണ്ടും ബന്ധിപ്പിക്കും…

(2019 ഫെബ്രുവരി ലക്കം പച്ചക്കുതിരയില്‍ പ്രസിദ്ധീകരിച്ചത്)

Comments are closed.