DCBOOKS
Malayalam News Literature Website

‘വന്യം’; വിവേക് ചന്ദ്രന്റെ ഏറ്റവും പുതിയ ചെറുകഥാസമാഹാരം

വിവേക് ചന്ദ്രന്റെ വന്യം എന്ന ചെറുകഥാസമാഹാരത്തിന് രാഹുല്‍ രാധാകൃഷ്ണന്‍ എഴുതിയ വായനാനുഭവം

ഭാവനയുടെ ഭൂപടങ്ങളുടെ വിസ്തീര്‍ണം നിശ്ചിതമല്ല. അതിരുകളില്ലാത്ത ആ സ്ഥലരാശിയുടെ കഥകളാണ് വിവേക് ചന്ദ്രന്‍ അവതരിപ്പിക്കുന്നത്. എന്നാല്‍ നാം അനുദിനം കാണുന്ന, നമ്മോട് സംവദിക്കുന്ന മണ്ഡലമല്ല അത്. ഭൂമിയില്‍ ഉറച്ചു നിന്നു കൊണ്ട് ആകാശത്തെ അഭിസംബോധന ചെയ്യുന്ന സങ്കല്‍പ്പങ്ങളുടെ സഞ്ചയത്തിനാണ് വിവേക് ചന്ദ്രന്‍ ജീവന്‍ കൊടുക്കുന്നത്. സ്വപ്നങ്ങളും ജാഗ്രത്തും തീവണ്ടിനിലയങ്ങളായി വര്‍ത്തിക്കുന്ന നീണ്ടയാത്രയില്‍ അയുക്തിപരവും ക്രൂരവുമായ അധികാരത്തിന്റെ മുള്ളുകളും ‘അപരത്വ’ത്തിന്റെ ആശങ്കകളും ഉണ്ട്. യഥാര്‍ത്ഥവും അയഥാര്‍ത്ഥവും ആയ പ്രത്യയങ്ങള്‍ ഏകപ്പെടുകയും മറ്റു പല സൂക്ഷ്മാംശങ്ങള്‍ക്ക് ഭേദങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഈ പുതിയ ഇടങ്ങളുടെ സര്‍ഗാത്മകരേഖ സൃഷ്ടിക്കാന്‍ നിയുക്തനായ വ്യക്തി എന്ന നിലയ്ക്ക് വിവേക് ചന്ദ്രന്‍ ഏതെല്ലാം രൂപത്തിലാണ് അതിനെ ആവിഷ്‌ക്കരിക്കുക എന്നതിന്റെ ലളിതോപായം ആണ് ‘വന്യം‘.

കഥ എഴുതുന്നതും വായിക്കുന്നതും കേള്‍ക്കുന്നതും കഥപറച്ചിലിലുള്ള സിദ്ധിയെ അടിസ്ഥാനപ്പെടുത്തിയാണ്. കഥയെഴുത്തിന്റെ രൂപശില്‍പ്പകല പറച്ചിലിന്റെ ഒഴുക്കിലും താളത്തിലും നിബദ്ധമാണ്. വന്യതയുടെ ഭൂഖണ്ഡങ്ങള്‍ താണ്ടാനും ഭ്രമാത്മകതയുടെ ശലഭക്കാഴ്ചകളെ സംയോജിപ്പിക്കാനും ആഖ്യാനം ദൃശ്യശകലങ്ങളെ പ്രയോജനപ്പെടുത്തുകയാണ് ഈ കഥകളില്‍. കഥകളിലൂടെയും പുരാവൃത്തങ്ങളിലൂടെയും ആണ് മാനവവംശം അതിന്റെ തനിമയും പാരമ്പര്യവും അടുത്ത തലമുറയിലേക്ക് പകര്‍ന്നു കൊടുക്കുന്നത്. സഹജമായും ദേശ/സംസ്‌കാര ഭേദമെന്യേ അത്തരം കഥകളില്‍ മാന്ത്രികതയുടെയും ഭ്രമാത്മകതയുടെയും അംശങ്ങളും ഉണ്ടാകാറുണ്ട്. 1550-ല്‍ എഴുതി എന്ന് കരുതപ്പെടുന്ന, മായന്‍ സംസ്‌ക്കാരത്തിന്റെ ചരിത്രകഥയായ Popol Vuh ഫാന്റസി കലര്‍ന്ന ഫിക്ഷന്റെ ആദ്യരൂപങ്ങളില്‍ ഒന്നാണ്. ഫാന്റസിയാല്‍ സര്‍പ്പനൃത്തം ചെയ്യുന്ന ഫിക്ഷനുകള്‍ക്ക് സാഹിത്യത്തില്‍ പ്രാധാന്യമുണ്ട്. തീവ്രമായ ഭാവനയും വന്യമായ ഭ്രമാത്മകയും സുവര്‍ണാനുപാതത്തില്‍ ചേര്‍ന്ന ‘വന്യം‘ എന്ന കഥ വിഭ്രമത്തിന്റെ ഒറ്റപ്പെട്ട ദ്വീപിലേക്ക് നടത്തുന്ന ജലയാനത്തിനു തുല്യമാണ്. ആഖ്യാനം വികസിക്കുന്നതിന് അനുക്രമമായി, ജലം പിന്‍വാങ്ങി കര വെളിവാകുന്നത് പോലെയുള്ള ചുറ്റുപാടാണ് വന്യത്തെ ആസ്വാദ്യകരമാക്കുന്നത്.

സമയക്ലിപ്തതയെ മറികടന്നു കൊണ്ട് ആഖ്യാനസ്ഥലത്തെ (Narrative Space) ഓര്‍മ്മ, ഭാവന, ദൃശ്യപരത എന്നീ സംവര്‍ഗങ്ങളുമായി കൂട്ടിയിണക്കിയുള്ള കഥപറച്ചിലാണ് ‘ഭൂമി’യിലേത്. ദൃശ്യങ്ങളും ഭാവനയും ചേര്‍ന്നു കൊണ്ടുള്ള പ്രതിനിധാനം ഓര്‍മയെ പ്രതിലോമമായി സ്വാധീനിക്കുന്നതിനെ വ്യാഖ്യാനിക്കുകയാണ് കഥാകൃത്ത്. സാഹചര്യങ്ങളുടെ പ്രഭാവം ഭാവനയെ ദൃശ്യങ്ങളായി വിഭജിക്കുകയും അവയില്‍ ഓര്‍മയുടെ വ്യവഹാരം വ്യത്യസ്തമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നതിന്റെ പരിണതഫലം ആണ് ‘ഭൂമി’.

‘ഭൂമി’ക്കു സദൃശമായി സത്യത്തിന്റെ നിര്‍മ്മിക്കപ്പെട്ട ചില പാതകളിലൂടെയുള്ള യാത്രയാണ് ‘പ്രഭാതത്തിന്റെ മണം’ എന്ന കഥ. സ്ഥല/കാല വ്യത്യാസമില്ലാതെ അധികാരത്തിന്റെ ഇരയായി ഈ കഥയിലെ ജാനകി മാറുകയാണ്. അവളുടെ ഭൂതകാലത്തെ പറ്റിയുള്ള ഓര്‍മയെ/ചരിത്രത്തെ വരെ അപനിര്‍മിക്കുന്ന സ്ഥാപനമായി അധികാരകേന്ദ്രം പരിണമിക്കുന്ന ദുരന്തത്തെ കുറിച്ചാണ് വിവേക് ചന്ദ്രന്‍ ‘പ്രഭാതത്തിന്റെ മണത്തില്‍’ ഊന്നിപ്പറഞ്ഞിരിക്കുന്നത്. ആ ‘രാഷ്ട്രത്തില്‍’ ഏതു പ്രദേശത്തും ഏതു കാലത്തും അവള്‍ക്കുണ്ടാകുന്ന അനുഭവത്തിന് ഏകത്വം കാണാനാകും. ‘മാന്ത്രികന്‍’ എന്ന ഏകാധിപതിയുടെ സഹസ്രമുഖങ്ങള്‍ അവളെ നിഴലായി പിന്തുടരുകയാണ്

ഞാന്‍ ഒരാളെ കാണുമ്പോള്‍ ഞാനും അയാളും യാഥാര്‍ഥ്യമാണെന്ന ഉത്തമവിശ്വാസം ഇരുവരുക്കും ഉണ്ട്. എന്നാല്‍ ഞാന്‍ കണ്ണാടിയില്‍ നോക്കുമ്പോള്‍ എന്റെ പ്രതിരൂപത്തെയാണ് കാണുന്നത്. ഞാന്‍ ഇല്ലാതാവുകയും എന്റെ പ്രതിരൂപത്തെ മാത്രം കാണുകയും ചെയ്യുന്നു. കണ്ണാടിലോകം പ്രതീതി യാഥാര്‍ഥ്യം ആണെങ്കിലും , ഞാന്‍ നില്‍ക്കുന്ന പരിസരം കൂടെ കണ്ണാടിയില്‍ പ്രതിഫലിക്കുന്നുണ്ട് . അങ്ങനെ അതൊരു യാഥാര്‍ഥ്യലോകത്തെ പുല്‍കുകയാണ് . എന്റെ അഭാവം ഞാന്‍ തിരിച്ചറിയുകയും കണ്ണാടിയില്‍ ഞാന്‍ എന്നെ കാണുകയും ചെയ്യുന്നു. ഇങ്ങനെ താന്‍ നില്‍ക്കുന്ന സ്ഥലത്തെ കണ്ണാടി ഭംഗിയായി ഒപ്പിയെടുക്കുന്നതോടെ അതൊരു ഹെറ്ററോടോപ്യ ആയി കണക്കാക്കാമെന്നാണ് ഫുക്കോയുടെ വാദം. ഇത്തരത്തിലുള്ള ഒരു സംഭവ്യതയ്ക്ക് ഈ സമാഹാരത്തിലെ ‘ സമരന്‍ ഗണപതി’ എന്ന കഥ ദൃഷ്ടാന്തമാക്കുന്നതില്‍ തെറ്റില്ല

ഭൂതകാലത്ത് മുറിവുകള്‍ ഉണ്ടായിരുന്ന വ്യക്തിയില്‍/ സമൂഹത്തില്‍ പിന്നീട് സൃഷ്ടിക്കപ്പെടുന്ന ചെറിയ നൊമ്പരങ്ങളുടെ ആഘാതം വരെ വലുതായിരിക്കുമെന്നു ഉറപ്പാണ്. തിരശീലയ്ക്ക് പിന്നില്‍ ഗുപ്തമായ, വൈദ്യുതാലിംഗനം പോലെയുള്ള വികാരങ്ങളുടെ ഭാവന കലര്‍ന്ന ചിത്രമാണ് വിവേക് ചന്ദ്രന്‍ വരയ്ക്കുന്നത്. മായികതയുടെ ആഴങ്ങളില്‍ ഉടലെടുക്കുന്ന മുഹൂര്‍ത്തങ്ങള്‍ സൃഷ്ടിക്കുന്നത് അപരിചിതമായ ഇടങ്ങളാണ്. അപരിചിതലോകത്തെ അപരിചിതര്‍ അല്ലാത്ത മനുഷ്യരുടെ പ്രതീക്ഷകളും ഉത്കണ്ഠകളും ആണ് വിവേക് ചന്ദ്രന്‍ എന്ന എഴുത്തുകാരനെ ഉദ്ധീപിപ്പിക്കുന്നത്. . കണ്ടു മറഞ്ഞ സ്വപ്നം ആയും കൃത്യതയാര്‍ന്ന രാഷ്ട്രീയസംഹിതയായും വിലോഭനീയതയുടെ തിരയിളക്കമായും ആസക്തിയുടെ ആവേഗമായും രൂപം പ്രാപിക്കുകയാണ് വന്യം എന്ന കഥാസമാഹാരത്തിലെ കഥകള്‍

സ്വപ്നങ്ങള്‍ കണ്ട് ഉന്മാദിയാവുന്ന കഥാപാത്രങ്ങളെ കുറിച്ചുള്ള വിവരണം വായനക്കാരനെയും ഉന്മാദത്തില്‍ എത്തിക്കുന്ന സ്ഥിതിവിശേഷമാണ് വിവേക് ചന്ദ്രന്‍ നിര്‍വ്വഹിക്കുന്നത്. സ്വപ്നങ്ങളുടെ അനിച്ഛാപൂര്‍വമായ ഓര്‍മകളെ അക്ഷരക്കൂട്ടങ്ങളാക്കി തീര്‍ക്കുന്ന മാന്ത്രികവിദ്യയാണ് ‘വന്യ’ത്തിലെ കഥകള്‍. രാഷ്ട്രീയം, അധികാരം, പലായനം, വിവരസാങ്കേതിക നവക്രമം, അണുകുടുംബങ്ങള്‍ തുടങ്ങിയ നിരവധി ഘടകങ്ങളെ ആസ്പദമാക്കി കഥകള്‍ രചിക്കുന്ന യുവ എഴുത്തുകാരില്‍ ഫാന്റസിയുടെ പ്യൂരിറ്റന്‍ അംശങ്ങള്‍ നിറഞ്ഞ കഥ പറയാന്‍ നിയോഗിക്കപ്പെട്ട കഥാകൃത്താണ് വിവേക് ചന്ദ്രന്‍. കഥകളില്‍ നിന്ന് ചലച്ചിത്രങ്ങളിലേക്ക് എത്തിച്ചെരുന്ന സാമ്പ്രദായിക രീതിയില്‍ നിന്നുമുള്ള തിരിഞ്ഞുനോട്ടമാണ് വിവേകിന്റെ കഥാമണ്ഡലത്തെ പോഷിപ്പിക്കുന്നത്. ദൃശ്യങ്ങളുടെ പലമയില്‍ നിന്നും ബിംബങ്ങളുടെയും ആശയങ്ങളുടെയും ഉത്സവഭൂമിയിലേക്കാണ് വിവേക് ചന്ദ്രന്റെ നടത്തം. യഥാര്‍ത്ഥലോകത്ത് നിന്നു കഥ എന്ന വാക്കുപാലത്തിലൂടെ ഭാവനാലോകത്തേക്കുള്ള വായനാകാരന്റെ കുടിയേറ്റത്തിനു കാര്‍മികത്വം വഹിക്കുന്ന കഥാകൃത്തായി വിവേക് ചന്ദ്രന്‍ മാറുകയാണ്. വികാരവിചാരങ്ങളെയും അധികാരകാമനകളെയും യൗവ്വനതീക്ഷ്ണതകളെയും ഭാവനയിലേക്ക് പടം പൊഴിച്ചു കൊണ്ടുള്ള യാത്രയാണത്. ശരീരത്തിന്റെയും മനസിന്റെയും തീവ്രാഭിലാഷങ്ങളെ പ്രത്യയശാസ്ത്രപരമായ ഭാരങ്ങളില്ലാതെ ഭ്രമകല്പനകളുടെ നെടുംപാതകളിലൂടെ പ്രക്ഷേപണം ചെയ്യാനാണ് ഈ കഥാകൃത്ത് ശ്രമിക്കുന്നത്. അത്തരമൊരു കാര്‍ണിവല്‍ ഭൂമികയില്‍ മനുഷ്യന്‍ ഉണ്മയില്‍ നിന്നും മിഥ്യയിലേക്കും തിരിച്ചും പരിണമിച്ചു കൊണ്ടേയിരിക്കും.

Comments are closed.