DCBOOKS
Malayalam News Literature Website

അംബേദ്കറുടെ ജീവിതവഴികളിലൂടെ

(ഡി സി ബുക്‌സ് 'വായനയെ എഴുതാം' ബുക്ക് റിവ്യൂ മത്സരത്തില്‍ സമ്മാനാര്‍ഹമായ വായനാനുഭവം)

നെൽസൺ എലൂക്കുന്നേൽ

ന്ത്യ മഹാരാജ്യത്തിന്റെ അടിസ്ഥാനശിലയായ ഭരണഘടനയുടെ ശിൽപി, ഡോ. ബി.ആർ. അംബേദ്കറുടെ ജീവിതം വസ്തുനിഷ്ഠമായും വ്യക്തതയോടും അവതരിപ്പിക്കുകയാണ് ശശി തരൂർ ഈ പുസ്‌തകത്തിലൂടെ. 1891 മുതൽ 1956 വരെയുള്ള അംബേദ്കറുടെ ജീവിതത്തിലൂടെ കടന്നുപോകുമ്പോൾ, അക്കാലത്തെ ഇന്ത്യയിലെ സാമൂഹ്യ അവസ്ഥയും സ്വാതന്ത്ര്യസമര നാൾവഴികളും പ്രധാന വ്യക്തിത്വങ്ങളും ഭരണഘടന രചനയിൽ നേരിട്ട വെല്ലുവിളികളും ഇഴപിരിക്കാനാവാത്ത വസ്തുതകളാണ്. അവയോരോന്നും ഇന്ത്യാചരിത്രത്തിന്റെ ഭാഗവുമാണ്.

1891 ഏപ്രിൽ 14-ന് ബോംബെ പ്രെസിഡൻസിയിൽ കൊങ്കൺ ദേശത്തുള്ള ഒരു മഹർ കുടംബത്തിൽ ജനിച്ച Textഅംബേദ്‌കർ, ചെറുപ്പം മുതൽ അക്കാലത്ത് നിലവിൽ ഉണ്ടായിരുന്ന അയിത്തവ്യവസ്ഥിതിയുടെ എല്ലാ ദൂഷ്യവശങ്ങളും അനുഭവിച്ചിരുന്നു. ‘ഒരു അയിത്തജാതിക്കാരൻ എന്ന നിലയിൽ മറ്റു വിദ്യാർത്ഥികളിൽ നിന്നും വ്യത്യസ്തമായി ഭീം സ്കൂളിൽ വേർതിരിക്കപ്പെട്ടിരുന്നു. ക്ലാസ് റൂമിന്റെ ഒരു മൂലയിൽ ഒരു ചാക്കിലാണ് അദ്ദേഹത്തെ ഇരുത്തിയത്…’. അത്തരം അവമതിക്കലിനിടയിലും പഠനത്തിൽ പ്രായത്തിൽ കവിഞ്ഞ കഴിവ് പ്രകടിപ്പിച്ചിരുന്നു.

ബാബാസാഹേബ് ഭീംറാവു രാംജി അംബേദ്‌കർ എന്ന പേരിനൊപ്പം MA, MSc, PhD, DSc, DLitt, Bar-at-Law എന്നീ ഡിഗ്രികളും കൂട്ടിച്ചേർത്തു. മഹർ സമുദായത്തിൽ ജനിച്ചതുമൂലം കൽപ്പിക്കപ്പെട്ടിരുന്ന അയിത്തവ്യവസ്ഥിതിയിൽ, തന്റെ ജീവിതകാലം മുഴുവൻ തനിക്ക് നിഷേധിക്കപ്പെട്ടിരുന്ന അംഗീകാരവും സമത്വവും, വരും തലമുറയെ രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. രോഗലക്ഷണങ്ങളെക്കാൾ, രോഗത്തെയാണ് ചികിത്സിക്കേണ്ടതെന്നും ഉപരിപ്ലവമായ മാറ്റങ്ങളെക്കാൾ, ശ്വാശ്വതമായ അടിസ്ഥാനപരമായ ചിന്താരീതിയിലുള്ള മാറ്റങ്ങളാണ് സമൂഹത്തിൽ വേണ്ടതെന്നും എങ്കിൽ മാത്രമേ സമൂഹത്തിലെ തൊട്ടുകൂടായ്‌മയുടെ വേരറുക്കാനാവുകയുള്ളൂ എന്ന ഉറച്ച ബോധ്യം അംബേദ്‌കറുടെ ജീവിതത്തിലെ ഓരോ ഘട്ടത്തിലും കാണാനാവും.

‘മനുഷ്യന്റെ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടിയുള്ള, പിന്നേക്കജാതികളുടെ പൗരാവകാശപ്രശ്നങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രധാനപ്രശ്നങ്ങളിലൊന്നാക്കി മാറ്റിയ ‘വൈക്കം സത്യഗ്രഹ’ത്തിന്റെ ശതാബ്‌ദി, 2023-ൽ നാം ആഘോഷിക്കുമ്പോൾ, ദേശീയതലത്തിൽ സ്വാതന്ത്ര്യസമരവേദികളിലും ഭരണഘടനാ നിർമ്മാണ അസംബ്ലിയിലും ഇന്ത്യയിലെ അധഃസ്ഥിതവർഗ്ഗങ്ങളുടെ അവകാശങ്ങൾക്കായുള്ള അംബേദ്കറുടെ പ്രവർത്തനങ്ങളും ചേർത്ത് വായിക്കേണ്ടതാണ്. എം.ടി.യുടെ രണ്ടാമൂഴത്തിൽ ഭീമന്റെ ജീവിതത്തിലൂടെ മഹാഭാരതകഥ പുനരവതരിപ്പിക്കുന്നതുപോലെ, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലെ ഏടുകളും ഇന്ത്യയിലെ അധഃസ്ഥിതവർഗ്ഗങ്ങളുടെ അവകാശപോരാട്ടങ്ങളുടെ ലഘുചരിത്രവും ലോകത്തിനു മാതൃകയായ ഇന്ത്യൻ ഭരണഘടനയുടെ രചനാഘട്ടങ്ങളും അംബേദ്ക്കറുടെ ജീവിതവഴികളിലൂടെ “അംബേദ്‌കർ: ഒരു ജീവിതം” എന്ന പുസ്‌തകത്തിൽ ശശി തരൂർ നമ്മുക്ക് മുന്നിൽ തുറന്നു വയ്‌ക്കുന്നു.  

പുസ്തകം വാങ്ങാൻ ക്ലിക്ക് ചെയ്യൂ

Comments are closed.