DCBOOKS
Malayalam News Literature Website

ആട് വന്ന വഴി: മജീദ് സെയ്ദ് എഴുതുന്നു

ട് മതം മാറിയാല്‍ എങ്ങനെ ഇരിക്കും എന്ന ചിന്തയാണ് അഖിലലോക ആട് കമ്പനിയിലേക്ക് എന്നെ നയിച്ചത്. പണ്ട് മംഗലാപുരത്ത് ഒരു കടത്തിണ്ണയില്‍ വെച്ച് ഒരു മുട്ടനുമായി ഗുസ്തി പിടിക്കേണ്ടി വന്നിട്ടുണ്ട്. അവന്റെ കിടപ്പുസ്ഥലം കൈയേറിയതാണ് പ്രശ്‌നം. സുഖമായി ഉറങ്ങിവരുമ്പോഴാണ് ചങ്ങാതി കുത്തി എഴുന്നേല്‍പ്പിച്ചത്. കണ്ണുതുറന്നപ്പോ ഒത്തൊരുമുട്ടന്‍ വളരെ ഗൗരവത്തില്‍ മുമ്പില്‍ നില്ക്കുന്നു. തലകുലുക്കി ഇടിക്കാനുള്ള ഭാവത്തോടെ. കാര്യം മനസ്സിലായപ്പോ വലിയ മസില് പിടിത്തത്തിന് നില്‍ക്കാതെ മാറിക്കിടന്ന് ഞങ്ങള്‍ക്കിടയിലെ പ്രശ്‌നം അവസാനിപ്പിച്ചു. കഥ എഴുതാന്‍ തുടങ്ങിയപ്പോ അങ്ങനെ ഓരോന്നൊക്കെ ഓര്‍മ്മ വന്നു. കര്‍ണ്ണാടകയില്‍ എന്റെ കൃഷിയിടത്തിന്റെ പിന്നില്‍ വലിയൊരു മലയുണ്ട്. ആടിനെ മേയ്ക്കാന്‍ അടുത്തുള്ള ഗ്രാമക്കാരൊക്കെ അവിടെ വരാറുണ്ട്. പണി ഇല്ലാത്ത ദിവസങ്ങ
ളില്‍ ഞാനും അവരോടൊപ്പം പോകാറുണ്ട്. വളരെ രസമുള്ള ഒരു ജോലിയാണത്. കുട്ടിക്കാലം തൊട്ടേ ആടുകളുമായി നിരന്തര സമ്പര്‍ക്കം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ട്. അതു
കൊണ്ടാണോ ഇങ്ങനെ ഒരുകഥ എഴുതിയതെന്ന് ചോദിച്ചാല്‍ അതുറപ്പില്ല.

സാധാരണ തീര്‍ഥാടന കേന്ദ്രങ്ങളിലേക്ക് മനുഷ്യര്‍ മാത്രമാണ് വെച്ചുപിടിക്കുന്നത്. എന്നാല്‍ ഉള്ളാളം പള്ളിയിലേക്ക് ആടുകളും പോകാറുണ്ട്. വ്യത്യാസം എന്താണെന്നുവെച്ചാല്‍ ആട് Textചാകാനും മനുഷ്യന്‍ അതിനെ തിന്നാനുമാണ് പോക്ക്. അങ്ങനെ ഉള്ളാളം പള്ളിയിലേക്ക് യാത്ര പോകുന്ന ഒരാടിന്റെ കഥ എഴുതണമെന്നായിരുന്നു വിചാരം. തീവണ്ടിയിലൊക്കെ അങ്ങോട്ടുള്ള ആടുകളെ കണ്ടിട്ടുണ്ട്. കുറെനാള്‍ അതങ്ങനെ മനസ്സില്‍ കിടന്നശേഷമാണ് എഴുത്ത് തുടങ്ങിയത്. ഉള്ളാളം വഴി അലയുമ്പോഴൊക്കെ നേര്‍ച്ച ആടുകളെ ധാരാളം കണ്ടിട്ടുണ്ട്. ആ ഓര്‍മകളൊക്കെ വെച്ചാണ് കഥ തുടങ്ങിയത്. കുട്ടിക്കാലത്ത് ഞങ്ങളുടെ നാട്ടില്‍ കാലാക്കല്‍ മുട്ടന്‍ എന്നൊരു ജഗജില്ലി ആടുണ്ടായിരുന്നു. കാലാക്കല്‍ അമ്പലത്തിലെ ആടായിരുന്നു അത്.വഴിയില്‍ കാണുമ്പോ പേടി തോന്നുമെങ്കിലും അതിന് ഇടയ്‌ക്കൊക്കെ ഞാന്‍ തീറ്റ കൊടുക്കുമായിരുന്നു. തീറ്റ കൊടുക്കുമ്പോള്‍ പരീക്ഷയില്‍ ജയിപ്പിക്കണമെന്നതടക്കം ചില നിവേദനങ്ങളും ആടിന് മുന്നില്‍ ഞാന്‍ സമര്‍പ്പിക്കാറുണ്ട്. അമ്പലവാസി ആയതിനാല്‍ അവനെ വെജിറ്റേറിയന്‍ ആയിട്ടാണ് ഞങ്ങള്‍ കണ്ടിരുന്നത്. ചിലപ്പോ ബസിലൊക്കെ അവന്‍ വന്ന് കയറും. ഞങ്ങള്‍ ഒരുമിച്ച് യാത്ര ചെയ്ത ഓര്‍മ്മകളൊക്കെ എനിക്കുണ്ട്. എന്തായാലും കഥ എഴുതിവന്നപ്പോഴാണ് ആടിന്റെ കുടുംബത്തെപ്പറ്റി ആലോചിച്ചത്. അതിനും കാണുമല്ലോ ഒരച്ഛനും അമ്മയും. അങ്ങനെ ആ പാവങ്ങളെപ്പറ്റിയായി ആലോചന. കഥാനായകന്റെ അച്ഛനെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും അമ്മയെ അങ്ങ് രാജസ്ഥാനില്‍ കണ്ടെത്തി. ചിന്ത അങ്ങോട്ടേക്ക് പോകാന്‍ ഒരു കാരണമുണ്ട്. പത്തിരുപത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ ആരാധിച്ചിരുന്ന ഒരാട് അവിടെയുണ്ടായിരുന്നു. ഞാന്‍ എന്നല്ല ആര് കണ്ടാലും അവനെ ആരാധിച്ച് പോകും. അത്ര തലയെടുപ്പുള്ള ഒന്ന്. ഏതാണ്ട് നമ്മുടെ തോളൊപ്പിച്ച് പൊക്കം. നീണ്ട ചെവിയും ഇടതൂര്‍ന്ന താടിരോമങ്ങളുമൊക്കെയായി ഒരു ഘടാഘടിയന്‍. മുസ്‌ലിം പരിചരണത്തില്‍ ആയിരുന്നതുകൊണ്ട് അവന്‍ നോണ്‍വെജായിരുന്നു. ഒരു ഖാന്‍ സാഹിബായിരുന്നു അവന്റെ ഉടമസ്ഥന്‍. വൈകുന്നേരങ്ങളില്‍ ഇടുങ്ങിയ ഗലിയിലൂടെ രണ്ടാളുംകൂടി ഒരു നടപ്പുണ്ട്. ആടിന്റെ കഴുത്തില്‍ കൊരുത്ത് ഇട്ടിരിക്കുന്ന തടിയന്‍ ചങ്ങലയില്‍ പിടിച്ച് ഗമയില്‍ ആണ് സാഹിബിന്റെ നടപ്പ്. യാദൃച്ഛികമായിട്ടാണ് അവരെ ഞാന്‍ കണ്ടത്. പിന്നെ ആ ആടിനെ കാണാന്‍ വേണ്ടിമാത്രം ഞാന്‍ ആ ഗലിയില്‍ പോകാന്‍ തുടങ്ങി.ചുമ്മാ അവരുടെ പിന്നാലെ നടപ്പ് എന്റെ ദിനചര്യ ആയി മാറി. പുഴുങ്ങിയ മുട്ടയൊക്കെ വാങ്ങിക്കൊടുത്ത് ചുരുങ്ങിയ സമയംകൊണ്ട് ഞാനും ആടും തമ്മില്‍ നല്ല അടുപ്പവുമായി. വീടിന്റെ മുറ്റത്ത് വലിയൊരു ഇരുമ്പ് കൂട് ഉണ്ടാക്കി അതിലാണ് അവനെ പാര്‍പ്പിച്ചിരിക്കുന്നത്. പിന്നീടാണ് അറിഞ്ഞത് ആട് ഖാന്‍ സാഹിബിന്റെ ഭാഗ്യമാണെന്ന്. അയാളാണ് കഥയില്‍ മക്കളില്ലാത്ത പ്രതാപസിങ്. അങ്ങനെ കഥ പറഞ്ഞ് വന്നപ്പോഴാണ് ആടിന്റെ വ്യത്യസ്ത മതജീവിതത്തെപ്പറ്റി ചിന്തിക്കുന്നത്. അതോടെ കഥയിലേക്ക് ലോറിബേബിയും കുടുംബവും വന്നു. അവിടുന്ന് റാഷിക്കുട്ടനിലേക്കും ഉമ്മയിലേക്കുമൊക്കെ പോയി. അങ്ങനെ പ്രബലമായ മൂന്ന് മതങ്ങളിലും ജീവിക്കുന്ന ഒരാടായി മാറാന്‍ അവനെ ഞാന്‍ പ്രാപ്തനാക്കിയെടുത്തു.

വ്യത്യസ്തമായ മൂന്നു ചുറ്റുപാടുകളിലും ആത്യന്തികമായി ഒരേതരം മനുഷ്യരെയാണ് ആട് കണ്ടുമുട്ടുന്നത്. അതിന്റെ ബോധത്തില്‍ നിന്നുകൊണ്ടാണ് നോവലിന് അഖിലലോക ആടുകമ്പനി എന്ന പേര് വെച്ചത്…

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.