DCBOOKS
Malayalam News Literature Website

നടി കെ.പി.എ.സി ലളിത അന്തരിച്ചു

ചലച്ചിത്ര നടി കെ.പി.എ.സി ലളിത(74) അന്തരിച്ചു. കൊച്ചിയിലെ ആശുത്രിയിലായിരുന്നു അന്ത്യം. ദീര്‍ഘകാലമായി അസുഖമായി ചികിത്സയിലായിരുന്നു. നാടകത്തിലൂടെ അഭിനയരംഗത്തേക്കെത്തിയ ലളിത മലയാളത്തിലും തമിഴിലുമായി അഞ്ഞൂറ്റിയന്‍പതിലേറെ സിനിമകളില്‍ ഭാഗമായിട്ടുണ്ട്.  മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയർപേഴ്സനായിരുന്നു.

കെ പി എസിയുടെ നാടകത്തിന്റെ ചലച്ചിത്രാവിഷ്‌കാരത്തില്‍, നാടകത്തിലെ അതേ കഥാപാത്രം തന്നെയായിരുന്നു ലളിതക്ക്. കെ എസ് സേതുമാധവനായിരുന്നു സംവിധായകന്‍. അതിനു ശേഷം സിനിമയില്‍ സജീവമായി. നീലപൊന്മാന്‍, സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൊടിയേറ്റം, അമരം, ശാന്തം, ഗോഡ്ഫാദര്‍, സന്ദേശം, മീനമാസത്തിലെ സൂര്യന്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, സ്ഫടികം, കാട്ടുകുതിര, കനല്‍ക്കാറ്റ്, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, വെങ്കലം തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. അടൂര്‍ ഗോപാലകൃഷ്ണന്റെ മതിലുകളില്‍ ശബ്ദസാന്നിധ്യമായി എത്തിയതും ശ്രദ്ധിക്കപ്പെട്ടിരുന്നു. ‘കഥ തുടരും’ എന്ന ആത്മകഥയെഴുതിയിട്ടുണ്ട്. ഡി സി ബുക്‌സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ഈ പുസ്തകത്തിന് ചെറുകാട് പുരസ്‌കാരം ലഭിച്ചു.

ഗീഥയിലും എസ്എല്‍ പുരം സദാനന്ദന്റെ പ്രതിഭാ ആര്‍ട്‌സ് ട്രൂപ്പിലും പ്രവര്‍ത്തിച്ച ശേഷമാണ് കെപിഎസിയിലെത്തിയത്. ആദ്യകാലത്ത് അവിടെ ഗായികയായിരുന്നു. മൂലധനം, നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി തുടങ്ങിയ നാടകങ്ങളില്‍ പാടി. പിന്നീട് സ്വയംവരം, അനുഭവങ്ങള്‍ പാളിച്ചകള്‍, കൂട്ടുകുടുംബം, ശരശയ്യ, തുലാഭാരം തുടങ്ങിയ പ്രശസ്തമായ നാടകങ്ങളില്‍ അഭിനയിച്ചു. അക്കാലത്ത് തോപ്പില്‍ ഭാസിയാണ് ലളിത എന്നു പേരിട്ടത്.

പ്രശസ്ത സംവിധായകൻ ഭരതനാണ് ഭർത്താവ്. മക്കൾ: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാർഥ് ഭരതൻ.

 

Comments are closed.