DCBOOKS
Malayalam News Literature Website

ബ്രാഞ്ച് സെക്രട്ടറി മറനീക്കുന്ന രാഷ്ട്രീയം!

ഗഫൂർ അറയ്ക്കലിൻ്റെ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’എന്ന പുസ്തകത്തിന്  ടി.പി ശിഹാബുദ്ദീൻ എഴുതിയ വായനാനുഭവം

ജാതിബദ്ധവും മത ലീനവുമായ നമ്മുടെ ചുറ്റുപാടുള്ള അനേകം മനുഷ്യരുടെ സമകാലിക ജീവിതം ഒരു ബ്രാഞ്ച് സെക്രട്ടറിയെ മുന്നിൽ നിർത്തി അവതരിപ്പിക്കുന്ന കൃതിയാണ് ഗഫൂർ അറയ്ക്കലിൻ്റെ ‘രാത്രിഞ്ചരനായ ബ്രാഞ്ച് സെക്രട്ടറി’. നമുക്കു ചുറ്റുമുള്ള എല്ലാ മനുഷ്യരുടെയും Textപ്രതിനിധികളെ നോവലിൽ വരച്ചു ചേർത്തിട്ടുണ്ട്. മാത്രമല്ല, വണ്ടിപ്പേട്ടയ്ക്കും ചേളാരിക്കുമിടയിൽ എനിക്കു പരിചിതങ്ങളായ പല കഥാപാത്രങ്ങളേയും അതേ പേരിൽ തന്നെ നോവലിൽ കണ്ടത് എന്നെയേറെ അത്ഭുതപ്പെടുത്തി. പുസ്തകം വായിച്ചുകഴിയുമ്പോൾ നല്ലൊരു സിനിമ കണ്ടുകഴിഞ്ഞാലെന്ന പോലെ പല സംഭവങ്ങളും നമ്മെ വേട്ടയാടും, പല കഥാപാത്രങ്ങളും നമ്മെ തടഞ്ഞു നിർത്തി ചോദ്യം ചെയ്യും. ഒരു നോവലിസ്റ്റിൻ്റെ എല്ലാ തികവും അടക്കവും നമുക്കിതിൽ കാണാം.

നമ്മുടെ ഗ്രാമീണ ജീവിതവും രാഷട്രീയവും ചിന്തോദ്ദീപകമായ രീതിയിൽ നർമ്മം കലർത്തി അവതരിപ്പിക്കുകയാണീ നോവൽ. ബ്രാഞ്ച് സെക്രട്ടറിയുടെ സ്വപ്നങ്ങളിലൂടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ പേടിപ്പെടുത്തുന്ന പല അദ്ധ്യായങ്ങളും നമ്മിലേക്ക് സന്നിവേശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. ആ അർത്ഥത്തിലും നോവൽ അടിമുടി രാഷട്രീയപരമാണ്. സമീപകാല സംഭവങ്ങളെയെല്ലാം ഒട്ടും അരോചകമാകാത്ത രീതിയിൽ നോവലിൽ ചേർത്തുവെയ്ക്കുന്നുണ്ട്. സംഘ പരിവാറിൻ്റെ വളർച്ചയും അതുയർത്തുന്ന വെല്ലുവിളികളും അതിനു കിട്ടുന്ന ഊർജവും തുറന്നു കാട്ടുന്നുണ്ടിതിൽ. പല രീതിയിൽ നമുക്ക് പരിചിതമായ തിരഞ്ഞെടുപ്പ് സന്നാഹങ്ങളും കണക്കുകൂട്ടലുകളും ജാതി-മത സമവാക്യങ്ങളും ചിത്രീകരിക്കുമ്പോൾ പലപ്പോഴും യാഥാർത്ഥ്യവും ഭാവനയും തമ്മിലുള്ള അതിർവരമ്പുകൾ അലിഞ്ഞില്ലാതാകുന്നു. ആ അർത്ഥത്തിൽ സമകാലിക – പ്രാദേശിക രാഷട്രീയത്തിനു നേർക്ക് തന്നു വച്ച ഒരു കണ്ണാടിയാണ് ഈ കൃതി. എന്നാൽ ചിലപ്പോഴെങ്കിലും നമ്മുടെ മാധ്യമീകൃത – പോമോ കല്പിത – സാമാന്യ ബോധത്തെ ഇക്കിളിപ്പെടുത്തുന്ന തരത്തിലുള്ള വിലയിരുത്തലുകൾ നോവലിസ്റ്റ് അവലംബിക്കുന്നില്ലേ എന്ന് ഞാൻ സംശയിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.