DCBOOKS
Malayalam News Literature Website

നടൻ സൗമിത്ര ചാറ്റ‍ര്‍ജി അന്തരിച്ചു

 

सौमित्र चटर्जीകൊൽക്കത്ത: പ്രശസ്ത ബംഗാളി നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. അദ്ദേഹത്തിന് 85 വയസ്സായിരുന്നു. കഴിഞ്ഞ മാസം കോവിഡ് -19 സ്ഥിരീകരിച്ചതിനെ തുടർന്ന് സൗമിത്ര ചാറ്റ‍ര്‍ജിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബെല്ലെ വ്യൂ ക്ലിനിക്കിൽ വച്ച് ഇന്നു ഉച്ചയ്ക്ക് 12-15 ന് സൗമിത്ര അന്ത്യശ്വാസം വലിച്ചതായി ആശുപത്രി അധികൃതർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് സൗമിത്ര ചാറ്റർജിയെ ഒക്ടോബർ ആറിന് കൊൽക്കത്തയിലെ ബെല്ലെ വ്യൂ ക്ലിനിക് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ആദ്യ നാളുകളിൽ അദ്ദേഹത്തിന്‍റെ ആരോഗ്യനില തൃപ്തികരമായിരുന്നു.

ബംഗാളിയിലെ ഏറ്റവും മികച്ച നടൻമാരിൽ ഒരാളായിരുന്ന സൗമിത്ര ചാറ്റർജി വിഖ്യാത ചലച്ചിത്രകാരൻ സത്യജിത് റേയ്ക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേതാവായിരുന്നു. ഇരുവരും ഒരുമിച്ചുള്ള കൂട്ടുകെട്ട് മികച്ച ഒരുപിടി സിനിമകളാണ് ആസ്വാദകർക്ക് സമ്മാനിച്ചത്. അവർ ഒരുമിച്ച് 14 സിനിമകൾ ചെയ്തു. റേയുടെ 1959 ൽ പുറത്തിറങ്ങിയ അപൂർ സൻസാർ എന്ന ചിത്രത്തിലൂടെയാണ് സൗമിത്ര ചാറ്റർജി അരങ്ങേറ്റം കുറിച്ചത്. പതർ പഞ്ചാലി ട്രൈലോജിയുടെ ഭാഗമാണിത്. ചാരുലത, ദേവി, ടീൻ കന്യ, ഘരേ ബെയർ, ഗണാശത്രു, തുടങ്ങിയ സത്യജിത് റേ ചിത്രങ്ങളിലും ചാറ്റർജി വേഷമിട്ടു. സത്യജിത് റേ സൃഷ്ടിച്ച ഡിറ്റക്ടീവ് ഫെലൂഡയുടെ വേഷത്തിലെത്തിയ ആദ്യത്തെ നടനും അദ്ദേഹമായിരുന്നു. കൂടാതെ സത്യജിത്ത് റേ സംവിധാനം ചെയ്ത സോനാർ കെല്ല, ജോയ് ബാബ ഫെലുനാഥ് എന്നീ രണ്ട് ചിത്രങ്ങളിലും സൗമിത്ര ചാറ്റർജി ഫെലൂഡയായി അഭിനയിച്ചു.

2012 ൽ ഇന്ത്യൻ സിനിമയ്ക്ക് നൽകിയ ആജീവനാന്ത സംഭാവന പരിഗണിച്ച് രാജ്യത്തെ ഏറ്റവും ഉന്നതമായ ചലച്ചിത്ര പുരസ്ക്കാരമായ ദാദാസാഹേബ് ഫാൽക്കെ അവാർഡ് ലഭിച്ചു. അതിനുമുമ്പ് 2004 ൽ അദ്ദേഹത്തിന് ഏറ്റവും ഉയർന്ന മൂന്നാമത്തെ സിവിലിയൻ ബഹുമതിയായ പത്മഭൂഷൺ ലഭിച്ചു.

Comments are closed.