DCBOOKS
Malayalam News Literature Website

നടന്‍ മാമുക്കോയ അന്തരിച്ചു

നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. അല്‍പസമയം മുന്‍പ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമായിരുന്നു മാമുക്കോയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലച്ചോറില്‍ രക്തസ്രാവമുണ്ടായത് ആരോഗ്യസ്ഥിതി ഗുരുതരമാക്കി. വെന്റിലേറ്ററില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കോഴിക്കോടൻ ഭാഷയും സ്വാഭാവികനർമ്മവുമായിരുന്നു മാമുക്കോയയുടെ സവിശേഷത. മലയാളിയുടെ ചിരിബോധത്തിലെ തെളിച്ചമായ അദ്ദേഹത്തിന്റെ ഓർമ്മപ്പുസ്തകം ‘മാമുക്കോയ-വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ’ ഡി സി ബുക്സാണ് പ്രസിദ്ധീകരിച്ചത്. താഹ മാടായിയാണ് പുസ്തകം എഴുതിയിരിക്കുന്നത്.  അദ്ദേഹത്തിന്റെ ജീവിതവീക്ഷണത്തെ രേഖപ്പെടുത്തുന്നതാണ് പുസ്തകം. ഭാഷയും ഭക്ഷണവും ഭാഷണവും ഇവിടെ ചര്‍ച്ച ചെയ്യുന്നു. മലയാളികൾ സഞ്ചരിച്ച സാംസ്കാരിക, ജീവിത കാലങ്ങൾ ഈ പുസ്തകത്തിൻ്റെ വായനയെ അതീവ ഹൃദ്യമായ ഒരനുഭവമാക്കി മാറ്റുന്നു. മാമുക്കോയ എന്ന നടൻ നടന്നു കണ്ട ലോകത്ത് നമ്മുടെ കാലത്തിന് മാർഗ്ഗദർശികളായി തീർന്നവരെല്ലാം സ്പന്ദിക്കുന്ന ഓർമകളായി കടന്നു വരുന്നു.അങ്ങനെ ഈ പുസ്തകം ,ഓർമകൾ ഇരമ്പുന്ന അമൂല്യ ജീവിതരേഖയായി നിറഞ്ഞു നിൽക്കുന്നു.

നാടക നടനായാണ് മാമുക്കോയ കലാരംഗത്ത് എത്തുന്നതു. കെ.ടി. മുഹമ്മദ്, വാസു പ്രദീപ്, ബി. മുഹമ്മദ് (കവിമാഷ്), എ. കെ. പുതിയങ്ങാടി, കെ. ടി. കുഞ്ഞു്, ചെമ്മങ്ങാട് റഹ്മാൻ തുടങ്ങിയവരുടെ നാടകങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു. 1979 ൽ നിലമ്പൂർ ബാലൻ സംവിധാനം ചെയ്ത അന്യരുടെ ഭൂമി എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രവേദിയിൽ എത്തിയതു്. സിനിമകളിൽ കോമഡി വേഷങ്ങളാണ് കൂടുതലും ചെയ്തത്.

1982ൽ എസ്. കൊന്നനാട്ട് സംവിധാനം ചെയ്ത സുറുമയിട്ട കണ്ണുകൾ എന്ന ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീറിന്റെ ശുപാർശയിൽ ഒരു വേഷം ലഭിച്ചു. പിന്നീട് സത്യൻ അന്തിക്കാട് സിനിമകളിലൂടെ തിരക്കേറിയ നടനായി മാറി. രാംജിറാവു സ്പീക്കിംഗ്തലയണ മന്ത്രം, ശുഭയാത്ര,നാടോടിക്കാറ്റ്, ഹിസ് ഹൈനസ് അബ്ദുള്ള, വരവേല്പ് എന്നിങ്ങനെ നിരവധി സിനിമകൾ. എന്നാൽ മാമുക്കോയയുടെ അഭിനയ പാടവത്തെ മലയാള സിനിമ സംവിധായകർ ഒരിക്കലും ശരിയായി ഉപയോഗിച്ചിട്ടില്ല. വളരെ സ്വഭാവികമായി അഭിനയിക്കാൻ കഴിയുന്ന വിരളം നടന്മാരിലൊരാളാണ്.

നാടോടിക്കാറ്റ് എന്ന ചിത്രത്തിലെ ഗഫൂർക്കാ, പെരുമഴക്കാലത്തിലെ അബ്ദു, ബ്യാരി എന്ന ചിത്രത്തിലെ കഥാപാത്രം, കീലേരി അച്ചു, സന്ദേശം എന്ന ചിത്രത്തിലെ കെ. ജി. പൊതുവാൾ, ചന്ദ്രലേഖയിലെ പലിശക്കാരൻ, കളിക്കളത്തിലെ പോലീസുകാരൻ ,ഹിസ് ഹൈനസ് അബ്ദുള്ളയിൽ ജമാൽ , ഒപ്പത്തിലെ സെക്യൂരിറ്റി ക്കാരൻ എന്നിവയെല്ലാം പ്രധാന കഥാപാത്രങ്ങളാണ്. മാമുക്കോയ നായകനായ ചിത്രമാണ് കോരപ്പൻ ദ ഗ്രേറ്റ്.

 

Comments are closed.