DCBOOKS
Malayalam News Literature Website

‘ആതി’യിലെ ജലജീവിതം

ഷീബ സി.വി രചിച്ച ആതി- ആദി മുതലുള്ള ആധിയുടെ കഥ എന്ന പുസ്തകത്തില്‍നിന്നും

കഥകളുടെയും കഥപറച്ചിലുകാരുടെയും പുസ്തകമായ ആതി ഒരുപാട് കഥകള്‍ പറഞ്ഞുവയ്ക്കുന്നുണ്ട്. പുരാണകഥകളും ഐതിഹ്യങ്ങളും മിത്തുകളും നാടോടിക്കഥകളും ഇതിഹാസകഥകളും ബൈബിള്‍ – ഖുറാന്‍ കഥകളും സൂഫി – സെന്‍കഥകളും വിശുദ്ധ ഫ്രാന്‍സീസ് അസീസിയുടെ കഥകളും സമൃദ്ധമായി ഉപയോഗിച്ച് പുനരാഖ്യാനം നടത്തുന്ന ആതിയിലെത്തുന്ന കഥപറച്ചിലുകാര്‍ ഓരോ കഥയിലൂടെയും പറയുന്നത് ആഴമായ പാരിസ്ഥിതികദര്‍ശനങ്ങളാണ്. ആതിമുഖം എന്ന മുഖവുരയിലുള്ള എഴുത്തുകാരി വരച്ചു
വെയ്ക്കുന്നത് ബൈബിളിലെ സൃഷ്ടികര്‍മ്മത്തിന്റെ ചില രേഖകളാണ്. ആഴത്തിനുമേല്‍ അന്ധകാരം വ്യാപിച്ചിരുന്നു. ഭൂമി രൂപരഹിതവും വിജനവുമായിരുന്നു എന്ന ആതിമുഖത്തിലെ ആദ്യവാചകം ബൈബിളിലെ ഉല്പത്തി പുസ്തകത്തിലെ ആദ്യവാചകങ്ങളാണ്. ഇതില്‍നിന്നും കഥാകാരി നവീനമായ ഒരു ലോകം പണിയാനുള്ള ഒരു പുറപ്പാടിലാണെന്ന് മനസ്സിലാക്കാം. ബൈബിളില്‍ സൃഷ്ടികര്‍മ്മത്തിന്റെ അവസാനം ദൈവം മനുഷ്യനെ സൃഷ്ടിക്കുമ്പോള്‍ ആതിയില്‍ മനുഷ്യന്‍ ദൈവത്തെയാണ് സൃഷ്ടിക്കുന്നത്. ഇത് മനുഷ്യന്റെ ആധിയെയാണ് ചൂണ്ടിക്കാണിക്കുന്നത്. കഥാകാരി മനസ്സില്‍ നിറയുന്ന ആധി ഇങ്ങനെയാണ് കുറിച്ച് വെയ്ക്കുന്നത്.

ആദിയില്‍,
കായലിലൂടെ ഒരു തമ്പുരാന്‍ തീരെ അവശതയില്‍ ഒഴുകിവന്നു.
മകനേ, മകളേ…
ആ തമ്പുരാന്‍ നമ്മുടെ കരയ്ക്കടിഞ്ഞു.
പായില്‍ ചുരുട്ടിയ നിലയിലായിരുന്നു.
ഓളപ്പാത്തികളില്‍ കളിയാടുന്ന തമ്പുരാനെ നമ്മുടെ പൂര്‍വ്വികര്‍ കണ്ടു.
എടുത്തു മടിയില്‍ക്കിടത്തി വെള്ളം കൊടുത്തു. ആ നിമിഷം തന്നെ തമ്പുരാന്‍ ജീവന്‍ വെടിഞ്ഞു. ഇവിടമൊക്കെ കാടും കായലുമായിരുന്നു.
രക്ഷിയായ പക്ഷിയൊക്കെയും
കാടായ കാടൊക്കെയും
മീനായ മീനൊക്കെയും
തമ്പുരാനോടൊപ്പം ജീവന്‍ വെടിയാന്‍ വെമ്പി
നമ്മുടെ പൂര്‍വ്വികര്‍ ചിന്തിച്ചു.
അതിനൊരു കാരണമുണ്ടാവൂലോ.
ഇങ്ങനെ വന്ന് കരയ്ക്കടിഞ്ഞതിന് ഒരുദ്ദേശ്യണ്ടാവൂലോ
പത്താമുദയത്തില്‍ നാളായിരുന്നു
പിന്നെല്ലാ പത്തമുദയവും നമ്മള്‍ക്ക് കൊണ്ടാട്ടമായി
ആപത്തു നീക്കണേ തമ്പുരാനേന്ന് കരഞ്ഞുള്ള വിളിയായി.
നമുക്ക് ഫലം കിട്ടി
നെല്ലിരട്ടിച്ചു
മീന്‍ ഇരട്ടിച്ചു
കക്ക ഇരട്ടിച്ചു
വെള്ളം ഇരട്ടിച്ചു
കാട് ഇരട്ടിച്ചു
കൈക്കരുത്തുള്ള മക്കള്‍ ഇരട്ടിച്ചു (ആതിമുഖം)
ഉള്ളില്‍ നിറയുന്ന ആധിയുടെ തീവ്രതയില്‍ മനുഷ്യന്‍ നിലവിളിച്ചു. തുടര്‍ന്ന് തങ്ങള്‍ക്ക് ഐശ്വര്യവും സമൃദ്ധിയും സമ്പത്തും നല്കുന്ന ദൈവത്തെ മനുഷ്യന്‍ സൃഷ്ടിച്ചു. അവരുടെ മനസ്സില്‍നിന്ന് ഉയര്‍ന്ന് വേദനയുടെ നിലവിളികള്‍ക്ക് തലമുറകളെ തിരുത്താനുള്ള ശക്തി ഉണ്ടായിരുന്നു. അവരുടെ വാക്കുകള്‍ ഗര്‍ജനമായി ഈ തലമുറയുടെ കാതുകളില്‍ ഇനിയും മുഴങ്ങണം. എങ്കില്‍ മാത്രമേ ഈ തലമുറയുടെ ആര്‍ത്തിക്ക് ശമനം കിട്ടുകയുള്ളൂ. എങ്കിലേ അവര്‍ അദ്ധ്വാനത്തിന്റെ വിലയറിയൂ. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്നതിന്റെ സുഖമറിയൂ. കരുതലിന്റെ കരുത്തറിയൂ. നല്ല നാളേയ്ക്കുവേണ്ടി ഇന്ന് നമുക്ക് അദ്ധ്വാനിച്ച് ജീവിക്കാം.
ദിനകരന്‍ പറഞ്ഞു.

”ആതി മുഴുവന്‍ അവനെ ശ്രദ്ധിച്ചു.

”ആര്‍ക്കും ഒരുപദ്രവോം ചെയ്യാതെ, ആരുടെ പാത്രത്തിലും കൈയിട്ട് വാരാതെ അധ്വാനിച്ച് കിട്ടിയതോണ്ട് സമാധാനായിട്ട് ജീവിച്ചിരുന്നോരാ നമ്മള്! നമ്മടെ കാരണമ്മാര്‌ടെ കൂടെ ഉണ്ടായിരുന്ന ദാരിദ്ര്യം ഇപ്പൊ നമ്മടെ കൂടെയും ഉണ്ട്. നമ്മള് നല്ലോണം അദ്ധ്വാനിച്ചു. അന്നന്നത്തേയ്ക്കുള്ളത് കണ്ടെത്തി. കൂടുതല് വേണംന്ന് നമുക്ക് തോന്നീര്ന്നില്ല. കൂട്തല് എട്ക്കാന്ന് പറഞ്ഞാ മക്കള്‍ക്ക്‌ള്‌ളതും കൂടി എട്ക്കലാണ്ന്ന് നമുക്കറിയാം. വെശന്നൂന്ന് വെച്ചിട്ട് മക്കള്‍ക്ക് വെച്ച ചോറ് ആരെങ്കിലും വാരിത്തിന്ന്വോ? നമ്മടെ കാരണവമ്മാര് നമ്മക്ക് വേണ്ടി കരുതിവെച്ചതുകൊണ്ടല്ലേ നമ്മക്ക് അന്നന്നത്തേയ്ക്കുള്ള മീനും കക്കയും നെല്ലും ഇവിടെ കെടന്നത്? ആകെ തൂത്തുവാരി അവര് മാത്രം സുഖിച്ചിരുന്നെങ്കില് നമ്മള് അവരേക്കാളും പട്ടിണിക്കാരായേനെ. അവര്ക്കും മോഹങ്ങള്ണ്ടായിരുന്നു. നമ്മക്കും വലിയ മോഹങ്ങളുണ്ട് . മോഹങ്ങളുണ്ടാവണത് ഒരു തെറ്റല്ല. പക്ഷേ, എട്ത്താ പൊന്താത്ത മോഹങ്ങളും മക്കളെ കണക്കാക്കാത്ത മോഹങ്ങളും മനസ്സില് കൊണ്ട് നടക്കുമ്പൊ സൂക്ഷിയ്ക്കണം. കട്ടും ചതിച്ചും കൊന്നും നശിപ്പിച്ചും അല്ലാതെ വല്യേ വല്യേ മോഹങ്ങള് സാധിയ്ക്കാന്‍ കഴിഞ്ഞൂന്ന് വരില്ല. അതിന് വേണ്ടി തമ്മില്‍ തമ്മില് ചതിയ്‌ക്കേണ്ടി വരും. വെള്ളത്തെ ചതിയ്ക്കും. കെട്ടിയ പെണ്ണിനെ ചതിയ്ക്കും. പെറ്റുവളര്‍ത്തിയ മക്കളെയും ചതിയ്ക്കും. ചതിപ്പണി ചെയ്യാന്‍ വയ്യാത്തതുകൊണ്ടാ ആതീലെ മണ്ണിനോ വെള്ളത്തിനോ നമ്മള് ഒരു നാശോം വര്ത്താണ്ടിരുന്നത്. കാരണമ്മാര് നമ്മടെ കയ്യില് ഏല്പിച്ച ആതിമണ്ണ് അതേപോലെ നമ്മള് സൂക്ഷിച്ചു” (പേ. 188-189).

അതേ, ഈ ഭൂമി നമ്മുടെ കയ്യിലാണ്. മണ്ണിനെ നശിപ്പിക്കാതെ അത് വരുംതലമുറക്ക് വേണ്ടി സൂക്ഷിച്ചു വെക്കാം. ജീവന്‍ പ്രദാനം ചെയ്യുന്ന വെള്ളം, വായു എല്ലാമെല്ലാം തലമുറക്കായ് വിശുദ്ധിയോടെ പരിപാലിക്കാം.

”എനിക്കെന്റെ മണ്ണിലും വെള്ളത്തിലും പണീട്ത്ത് തന്നെ ജീവിയ്ക്കണം. അതിന് കഴിയില്യെങ്കില് ഞാനിവിടെ കെടന്ന് ചത്തോളാം. ഈ കാണായ വെള്ളം മുഴുവനും മണ്ണിട്ട് നെകത്ത്യാ നമ്മളെങ്ങന്യാ കൃഷീട്ത്ത് ജീവിയ്ക്ക്യാ? ഇതിനൊര് പരിഹാരം വേണം” (പേ. 188).

ആതി എന്ന നോവലിന്റെ രചനാപശ്ചാത്തലം ഏറെ മനോഹരവും ചിന്തോദ്ദീപകവുമാണ്. പ്രകൃതിയോട് ചേര്‍ന്ന് ജീവിക്കുന്ന ഒരു കൂട്ടം നാട്ടുമനുഷ്യരുടെ കഥയാണ് ആതി എന്ന നോവലിലൂടെ എഴുത്തുകാരി വരച്ചു കാണിക്കുന്നത്. എല്ലാ സുഖവും സൗകര്യങ്ങളും സമ്പത്തും നന്‍മയും മണ്ണില്‍ നിന്നും വെള്ളത്തില്‍ നിന്നും സ്വീകരിക്കുന്നവര്‍. അതായത് മാതാവായ പ്രകൃതിയുടെ മടിത്തട്ടില്‍ നിന്നും എല്ലാം കണ്ടെത്തുന്നവര്‍. ആതിയിലുള്ളവരുടെ ഉത്ഭവചരിത്രം വിവരിക്കുന്നത് ഇങ്ങനെയാണ്.

”നമ്മളെങ്ങന്യാ അമ്മേ ആതീല് വന്നത്?
കുട്ടികള്‍ ചോദിയ്ക്കും.
”ഓടി രക്ഷപ്പെട്ട് വന്നതാ മക്കളേ”

അമ്മമാര്‍ ചരിത്രം പറഞ്ഞു കൊടുക്കും. തൊട്ടാ കുറ്റം, മിണ്ട്യാ കുറ്റം, തിന്നാ കുറ്റം, ഒറങ്ങ്യാ കുറ്റം, രോഗം വന്നാ കുറ്റം… കുറ്റത്തിനുള്ള ശിക്ഷ ചവിട്ടാണ്. നെഞ്ചത്തായാലും കടവയറ്റിലായാലും നടുമ്പൊറത്തായാലും ചവിട്ടും. ചവിട്ടിക്കൂട്ടും. തടുക്കാന്‍ പാടില്ല. കരയാന്‍ പാടില്ല. അങ്ങനെ ചവിട്ടിക്കൂട്ടി കൊല്ലണ കണ്ടു, നമ്മടെ ഒര് കാരണവരെ…! രായ്ക്ക് രാമാനം പേടിച്ചോടി എല്ലാവരും. ഓടി ഓടി ഇവിടെ വന്ന് വീണു. കുഞ്ഞുകുട്ടികളേം വലിച്ച് ഇരുട്ടീക്കോടെ ഓടുമ്പോ പലരും പല വഴിയ്ക്ക് ചെതറിപ്പോയി. അപ്പന് മക്കള് നഷ്ടപ്പെട്ടു. മക്കള്‍ക്ക് അമ്മ നഷ്ടപ്പെട്ടു. ചേട്ത്ത്യനിയത്തിമാര് രണ്ടു വഴിയ്ക്കായി. ചേട്ടനനിയമ്മാര് വേര്‍പിരിഞ്ഞു. ജീവനേ പ്രാണനേന്നുംവെച്ച് ഓടി അലച്ച് നമ്മള് ഇവിടെ വന്ന് വീണു. കൊറേ തലമുറമുമ്പാ… ആകെ വെള്ളം! നടന്നും നീന്തീം കരകേറി! മരങ്ങള്‍ക്ക് തീണ്ടലും തൊടീലും അയിത്തവും ഉണ്ടായിര്ന്നില്ല. മീന്കള്ക്ക് ഒച്ചാട് അറിഞ്ഞുകൂടാ. പക്ഷികള് ജാതിഭേദം പറഞ്ഞില്ല. വാ, വാ, വാന്ന് അവരൊക്കെക്കൂടി സ്‌നേഹത്തോടെ വിളിച്ചു. നമ്മള് ഇവിടെ പാര്‍ത്തു…”

കഥകേട്ട് കുട്ടികള്‍ മീനുകളെ സ്‌നേഹിച്ചു. മരങ്ങളെയും പക്ഷികളെയും വെള്ളത്തെയും മണ്ണിനെയും സ്‌നേഹിച്ചു.”

”ജീവിതം അവര്‍ക്ക് നിലയില്ലാക്കയമായി തോന്നി. തിന്നാനില്ല. ഉടുക്കാനില്ല. പാര്‍ക്കാനില്ല. ഒന്ന് മാത്രം മഹാത്ഭുതം പോലെ നിറഞ്ഞു തുളുമ്പിക്കിടക്കുന്നുണ്ട്. തണ്ണീര്‍! ജീവന്റെ നിലയ്ക്കാത്ത തുളുമ്പല്‍!
മറ്റൊന്നുകൂടി അവരെ അത്ഭുതപ്പെടുത്തി. നാലുവശവും ഉപ്പുവെള്ളം പൊന്തി നിന്നിട്ടും നടുക്കുള്ള ഇത്തിരി മണ്ണിലെ വെള്ളം ഉപ്പു ചുവയ്ക്കാത്തതാണ്. സ്വാദുള്ളതാണ്. കുടിനീരാണ്! വെള്ളമുണ്ട്. ജീവിയ്ക്കാം. നിലനില്ക്കാം. അവര്‍ ആശ്വസിച്ചു.

”എന്നാലും എല്ലാം ആതീന്ന് തൊടങ്ങണം.” അവര്‍ നെടുവീര്‍പ്പിട്ടു. ആദിയില്‍ നിന്ന് തുടങ്ങിയ ദേശം ആതിദേശമായി. ജീവിയ്ക്കും, ജീവിപ്പിയ്ക്കും. വിശന്നു കരയുന്ന കുഞ്ഞുങ്ങളെ നോക്കി അവര്‍ തീര്‍ച്ചപ്പെടുത്തി” (പേ. 50).

തിരിച്ചുപിടിക്കുക നമ്മുടെ പ്രകൃതിയെ സാറാ ജോസഫിന്റെ ആതി എന്ന നോവല്‍ നമ്മോട് പറയുന്നത് നമ്മുടെ മണ്ണും വെള്ളവും വായുവും ആകാശവും നാം തിരിച്ചുപിടിക്കണമെന്നാണ്. പ്രകൃതിയെ സ്‌നേഹിച്ച്, പ്രകൃതി എനിക്കെന്തു തന്നു എന്നതിനേക്കാള്‍ പ്രകൃതിക്കായ് നല്‍കാന്‍ എനിക്കെങ്ങനെ സാധിക്കുന്നു എന്നാണ് ശ്രദ്ധിക്കേണ്ടത്. ഓരോ പാരിസ്ഥിതിക ദുരന്തഭൂമിയിലൂടെ കടന്നുപോകുമ്പോഴും വാര്‍ത്തകള്‍ വായിക്കുമ്പോഴും മനസ്സിലേക്ക് കടന്നുവരുന്നത് കടമ്മനിട്ടയുടെ കുറത്തിയിലെ വരികളാണ്
”നിങ്ങളെന്റെ കറുത്ത മക്കളെ ചുട്ടു തിന്നുന്നോ?
നിങ്ങളവരുടെ നിറഞ്ഞ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുന്നോ
നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്?

പ്രകൃതിയാണ് ജീവനും ജീവിതവുമെന്ന് തിരിച്ചറിഞ്ഞവര്‍ തങ്ങളുടെ ജീവിതം പ്രകൃതിയോട് തുല്യമായി ക്രമപ്പെടുത്തി. ഇങ്ങനെ പ്രകൃതിയോട് സമരസപ്പെട്ട് ജീവിക്കുന്നവരെ കുറിച്ച് പറയുന്നത് ഇവര്‍ പ്രകൃതിയെയും അതിന്റെ ഉല്പന്നങ്ങളെയും വളരെ സഹിഷ്ണുതയോടെ ഏറ്റെടുക്കുന്നവരെന്നാണ്. റെയ്മണ്ട് ഡസ്മാന്‍ മനുഷ്യവര്‍ഗത്തെ മൂന്നായി തരംതിരിച്ചിരിക്കുന്നത് ഈ കാലഘട്ടത്തില്‍ ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്. എല്ലാ ഭൗതികാവശ്യങ്ങള്‍ക്കും വേണ്ടി സ്വാഭാവിക പരിസ്ഥിതിയെ മാത്രം ആശ്രയിക്കുന്നവരാണ് ഒരു കൂട്ടര്‍. ഇവരെ അദ്ദേഹം ആവാസജനങ്ങളെന്ന് വിളിക്കുന്നു. ഇവര്‍ പ്രകൃതി നല്‍കുന്ന എല്ലാ നന്മകളും ഒരുപോലെ അനുഭവിച്ച് ജീവിക്കുന്നവരാണ്. ആതിയിലുള്ളവര്‍ ആദ്യകാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട ജനതയായിരുന്നു. വികസനത്തിന്റെയും പുരോഗതിയുടെയും പേരില്‍ നടത്തുന്ന പാരിസ്ഥിതിക കയ്യേറ്റങ്ങളുടെ തിക്തഫലങ്ങള്‍ അനുഭവിച്ച് വാസയോഗ്യമായ പ്രകൃതിയില്‍ നിന്നും പാരിസ്ഥിതിക സന്തുലിതാവസ്ഥയില്‍ നിന്നും പുറത്തെറിയപ്പെടുന്ന ഒരു കൂട്ടരുണ്ട്. ഇവര്‍ക്കു ചുറ്റും എല്ലാമുണ്ട്. ത്വരിതഗതിയില്‍ ഇവര്‍ക്ക് ചുറ്റുമുള്ള ലോകം വളരുന്നു, മുന്നോട്ട് കുതിക്കുന്നു. എന്നാല്‍ ഇക്കൂട്ടര്‍ക്കാകട്ടെ ഒന്നും വാങ്ങാനോ സ്വീകരിക്കാനോ സാധിക്കുന്നില്ല. ഇവര്‍ പ്രകൃതിയില്‍നിന്നും അന്യരാണ്. ഇത്തരം ജനമൂഹത്തെ പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ എന്നാണ് റെയ്മഡ് ഡസ്മാന്‍ വിശേഷിപ്പിക്കുന്നത്. ബാക്കി വരുന്ന ഭൂരിപക്ഷം ജനങ്ങളും ആവാസജനങ്ങളെയും പാരിസ്ഥിതികാഭയാര്‍ത്ഥികളെയും ഭരിക്കുന്നവരും അവരുടെ ശാരീരിക മാനുഷിക സാമൂഹികശേഷി ഉപയോഗിച്ച് സുഖജീവിതം കഴിക്കുന്നവരുമാണ്. എല്ലാം, ഈ ഭൂമുഖത്തുള്ളതെല്ലാം തങ്ങളുടെ സുഖഭോഗത്തിനെന്നു കരുതി ഉപയോഗിക്കുന്നവരെ ബഹുഭോജികള്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. (Darmann Raymond: 1988).

ആവാസജനങ്ങള്‍ എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ജനതയെ സ്വാര്‍ത്ഥപരമായ വീക്ഷണഗതികളും – പാരിസ്ഥിതിസൗഹൃദപരമായ കാഴ്ചപ്പാടുകളും ഇല്ലാത്ത ചില പ്രകൃതിവിരോധികളുടെ അധിനിവേശ തന്ത്രങ്ങളുടെ ഫലമായി പാരിസ്ഥിതിക അഭയാര്‍ത്ഥികള്‍ ആയി മാറുന്ന കാഴ്ചയാണ് യഥാര്‍ത്ഥത്തില്‍ ‘ആതി’ എന്ന നോവലില്‍ സംഭവിക്കുന്നത്. ഈ ജനതയെ മുതലെടുക്കാന്‍ എത്തുന്ന നിരവധി ബഹുഭോജികളെയും (Omivora) നമുക്ക് കണ്ടെത്താം. ഇത് ആതി എന്ന ഒരു പ്രദേശത്തിന്റെ ചില പ്രത്യേക ആളുകളുടെയോ മാത്രം കഥയല്ല. ചരിത്രത്തില്‍ അടയാളപ്പെടുത്താതെ കടന്നുപോകുന്ന ചില ചരിത്ര സാംസ്‌കാരികസാമൂഹ്യപ്രതിസന്ധികളുടെയും പ്രവണതകളുടെയും നേര്‍കാഴ്ചയാണ്. ഇതൊരു ജൈവസമൂഹത്തിന്റെ കഥയാണ്. നോവലിന്റെ പ്രധാന കഥാപാത്രമായി വരുന്നത് ജലവും കണ്ടല്‍കാടുകളും തവളകളും ചെമ്മീനും കുരുവികളും മഞ്ഞപാപ്പാത്തികളും പൂപ്പരത്തിച്ചെടികളും മണ്ണും ഉറവക്കണ്ണികളും ഒക്കെയാണ്. ഇരുന്നൂറ് ഏക്കര്‍ ഹരിതസമൃദ്ധിയും ഇരുപത്തിയഞ്ച് ഏക്കര്‍ ജലസമൃദ്ധിയും നിറഞ്ഞ ആതി എന്ന സ്വപ്നഭൂമിയാണ്, മുപ്പത്തിയാറ് വര്‍ഷം മുന്‍പ് ആദിദേശത്തിന്റെ നന്‍മകളുപേക്ഷിച്ചുപോയ കുമാരന്റെ വ്യാവസായിക പദ്ധതികള്‍ക്ക് മുന്നില്‍ നശിച്ചുകൊണ്ടിരിക്കുന്നത്. അതിജീവനത്തിന്റെ ശക്തിയും പ്രകൃതിയുടെ സ്വസ്ഥതയുമാണ് ഇതുവഴി നഷ്ടമായിക്കൊണ്ടിരിക്കുന്നത്. അരലക്ഷത്തോളം പേര്‍ക്ക് ജോലി കൊടുക്കാന്‍ പ്രാപ്തമായ ഒരു വ്യാവസായിക നഗരനിര്‍മ്മാണത്തില്‍ നശിച്ചുപോകുന്നത് സ്വന്തം സ്വത്വവും സംസ്‌കാരവുമാണെന്ന് തിരിച്ചറിയുന്നത് വിരലിലെണ്ണാവുന്നവര്‍ മാത്രം. ആവാസവ്യവസ്ഥയെ നശിപ്പിച്ചുകളയാനുള്ള കുമാരന്റെ നീക്കത്തെ എതിര്‍ക്കുന്ന കഥകൂടിയാണ് ആതി എന്ന നോവല്‍. ഏഴ് കഥാരാവിലൂടെ വളരുന്ന നോവല്‍ ആതി എന്ന ദേശത്തിന്റെ ചരിത്രത്തിലുള്ള യാഥാര്‍ത്ഥ്യമാണ്. ദേശത്ത് ഏതെങ്കിലും തരത്തിലുള്ള പ്രതിസന്ധികളും പ്രശ്‌നങ്ങളും ഉണ്ടാകുമ്പോള്‍ കഥപറച്ചിലുകാര്‍ എവിടെ നിന്നോ എത്തുന്നു. അവര്‍ പറയുന്ന കഥ ശ്രദ്ധിച്ചുകേട്ട് മനനം ചെയ്ത് ചര്‍ച്ച ചെയ്തു. ആതിദേശക്കാര്‍ ജീവിതത്തിലേക്ക് അവയെ ഉപകാരപ്പെടുത്തുന്നു. ഏഴ് കഥാരാവുകള്‍ ഉള്ള ഈ നോവല്‍ മനുഷ്യജീവിതത്തിന്റെ പൂര്‍ണ്ണതയെ അടയാളപ്പെടുത്തുന്നു.

”കഥാസായാഹ്നങ്ങള്‍ പിറക്കുകയാണ്. ആതിയുടെ പാരമ്പര്യം! കഥ മുറുക്കിക്കെട്ടിയ ഭാണ്ഡങ്ങളുമായി കഥപറച്ചിലുകാര്‍ വരവായി. നടന്നും അലഞ്ഞും കഥകള്‍ പറഞ്ഞുപറഞ്ഞും ദേശാടനക്കിളികള്‍ക്കൊപ്പം അവരുമെത്തും. അവരുടെ കാലടികള്‍ ചെമ്മണ്‍പുരണ്ട് മുഷിഞ്ഞിരിക്കും. വസ്ത്രങ്ങളും മണ്ണില്‍ കുളിച്ച് ചുവന്നിരിക്കും. മുടിയില്‍ അഴുക്കും പൊടിയും കാണും. കഥ ചുവപ്പിച്ച വായ്മലരുകള്‍. ആനന്ദം തിളങ്ങുന്ന കണ്ണുകള്‍.
ഭാണ്ഡങ്ങളിറക്കിവെച്ച് അവര്‍ ആതിയുടെ കുളിര്‍തടാകത്തില്‍ മുങ്ങും. മുങ്ങി നിവര്‍ന്ന് ശുഭ്രവസ്ത്രം ധരിക്കും. ആതിദേശത്തിന്റെ കാരണവര്‍ കഥ പറച്ചിലുകാരനെ കൈപിടിച്ച് തോണിത്തലപ്പത്തിരിത്തും. തോണി കിടക്കുന്നത് തമ്പുരാന്റെ കടവിലായിരിക്കും. ഇടുങ്ങി കുപ്പിക്കഴുത്തുപോലെ തമ്പുരാന്റെ മുറ്റത്തേക്ക് കേറിക്കിടക്കുന്ന കടവില്‍. കഥപറച്ചിലുകാരന്‍ തോണിത്തലപ്പത്തിരുന്നു കഴിഞ്ഞാല്‍ ആമുഖക്കാരന്‍ കിഴക്കുദിക്കില്‍ നിന്ന് തോണി തുഴഞ്ഞുവരും. അതാണ് പതിവ്. അയാള്‍ പരമ്പരാഗതരീതിയില്‍ കുരുത്തോലപ്പാവാടയുടുത്തും തലപ്പാവ് കെട്ടിയും മുഖത്തെഴുതിയും കൈയില്‍ പന്തം പിടിച്ചും, വെള്ളത്തിലിറങ്ങിനില്ക്കും.

”ജലം സാക്ഷി!” അയാള്‍ വിളിച്ചു പറയും.
”ജലം സാക്ഷി!” കരയില്‍ കഥ കേള്‍ക്കാന്‍ കൂടിയിരുന്നവര്‍ ഏറ്റുപറയും.
”മനുഷ്യനുണ്ടായ കാലം തൊട്ടേ കഥയുമുണ്ടായി.” ആമുഖക്കാരന്‍ ആമുഖം തുടങ്ങും” (പേ. 21)
”കഥാരാവിന്റന്ന്, ഉച്ചയ്ക്കുശേഷം കുരുത്തോലപ്പാവാട കെട്ടല്‍ എന്ന ഒരു ചടങ്ങുണ്ട്. അനുഷ്ഠാനപൂര്‍വ്വം ചെയ്യുന്ന ചടങ്ങാണത്. കുരുത്തോലപ്പാവാട കെട്ടുന്നതിന് എല്ലാ വീടുകളില്‍ നിന്നും കുരുത്തോലയെത്തിയ്ക്കണം. ആതിയിലുള്ളവര്‍ മുഴുവനും അവിടെ ഒത്തുകൂടും. ആദ്യത്തെ കുരുത്തോലയെടുത്ത് നാരുനാരായി കീറി, പാവാടകെട്ടലിന് തുടക്കം കുറിയ്ക്കുക, ദേശക്കാരണവരാണ്” (പേ. 169).

”അമ്മ മരിച്ചുകിടക്കുകയാണെങ്കില്‍പോലും കഥ പറച്ചിലുകാരനെത്തിയാല്‍ കഥാസായാഹ്നം നടത്തണെന്നാണ് ആതിയുടെ നിയമം!” (പേ. 214).

”ആതിയുടെ നാഡിഞരമ്പുകള്‍പോലെ തലങ്ങും വിലങ്ങും തോടുകള്‍, ചാലുകള്‍, കുളങ്ങള്‍, ഉറവകള്‍, കിണറുകള്‍, വെള്ളം തുളുമ്പി തെറിക്കുന്ന വയലുകള്‍, ഏറ്റിറക്കങ്ങള്‍ക്കൊണ്ട് മുറുകുകയും അഴിയുകയും ചെയ്യുന്ന തണ്ണീര്‍ത്തടങ്ങള്‍. കുഴമറിഞ്ഞ ചതുപ്പുകള്‍” (പേ. 39).

”പുറംലോകത്തുനിന്ന് തീരെ ഒറ്റപ്പെട്ട് വെള്ളക്കെട്ടും ചളിയും ചതുപ്പുമായി കിടക്കുന്ന സ്ഥലം! ചുറ്റിലും വെള്ളം. വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന കാടുകള്‍. വെള്ളത്തില്‍ പൊങ്ങികിടക്കുന്ന കര, കിഴക്കുയര്‍ന്ന് പടിഞ്ഞാറു താഴ്ന്ന് പിന്നെ എങ്ങും തൊടാതെ കിടക്കുന്ന മൂന്നു കൊച്ചു തുരുത്തുകള്‍. എല്ലാം കൂടിയായാല്‍ ആതിയായി. ആതിക്കു ചുറ്റും കായലാണ്. വേലിയേറ്റത്തില്‍ ഉപ്പുവെള്ളം കയറിവരും.
പടിഞ്ഞാറെ താഴത്താണ് കടത്ത്. അവിടെ കായലിന് ആഴവും പരപ്പും കൂടുതലാണ്. അഴിമുഖം വരെ അതങ്ങനെ വിസ്തൃതമായി കിടക്കുന്നു. കടത്തുകടന്നാല്‍ വേറെ ഒരു ലോകമാണ്” (പേ. 49). ഇങ്ങനെ ആതി എന്ന പരിസ്ഥിതി സൗഹൃദഗ്രാമത്തെ മനോഹരമായ വാങ്മയചിത്രങ്ങളിലൂടെ നോവലിസ്റ്റ് കുറിച്ചുവയ്ക്കുന്നു.

വൈയക്തികവും വൈകാരികവുമായ ആവിഷ്‌ക്കാരങ്ങള്‍ക്കുപരിയായി കാലഘട്ടത്തിന്റെ പ്രശ്‌നങ്ങളെയും മനുഷ്യന്റെ കര്‍മ്മ മാലിന്യങ്ങളെയും നീക്കം ചെയ്യാന്‍ മനപ്പൂര്‍വ്വം തൂലികയെന്ന അജയ്യശക്തി ഉപയോഗിക്കുന്നവരാണ് എഴുത്തുകാര്‍. ജീര്‍ണ്ണോന്‍മുഖമായ ജീവിത പരിതോവസ്ഥകള്‍ സമൂഹമധ്യത്തിലും വ്യക്തികളിലും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുമ്പോള്‍ മാര്‍ഗ്ഗദീപമാകേണ്ടത് അക്ഷരങ്ങള്‍ തന്നെയാണ്. ഭൗമമണ്ഡലത്തില്‍ ജീവന്റെ നിലനില്പ് ഉറപ്പുവരുത്തേണ്ടത് മനുഷ്യന്റെ വിവേകപൂര്‍ണ്ണമായ ഇടപെടലിലൂടെയാണ്. പരിണാമത്തിനും പുരോഗതിക്കുമുള്ള ത്വര സഹജമാണ്. എങ്കിലും എങ്ങനെയാണ് പ്രകൃതിയെ ചൂഷണം ചെയ്യാന്‍ മനുഷ്യന് സാധിക്കുന്നത്? പുരോഗതിയുടെ പേരില്‍ മനുഷ്യന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ജീവനും ജീവിതവും ചേര്‍ത്തുപിടിക്കാന്‍, പൂല്ലിനേയും പൂവിനെയും സ്‌നേഹിക്കാന്‍, വെള്ളവും വായുവും സംരക്ഷിക്കാന്‍ നമ്മെ പഠിപ്പിക്കുന്നു സാറാ ജോസഫിന്റെ ‘ആതി’എന്ന നോവല്‍. നോവലിസ്റ്റ് കുറിച്ചിടുന്നു. മീനുകളെ മറക്കണ്ട. വെള്ളത്തെയും. കാരണം ഏറ്റവും സുന്ദരവും ഏറ്റവും ആപല്‍ക്കരവുമായ കവിത എഴുതുന്നത് വെള്ളമാണ്. പ്രകൃതിയിലേക്ക് മടങ്ങുക, പ്രകൃതിയെ സ്‌നേഹിക്കുക’എന്ന ലളിതമായ ഒരു മുദ്രാവാക്യത്തിന്റെ ഏറ്റവും തീക്ഷണമായ ആവിഷ്‌ക്കരണമാണ് ഈ നോവല്‍.
”ആതി എന്ന നോവല്‍ ശ്രദ്ധേയമാകുന്നത് അതിന്റെ സാങ്കേതികതകൊണ്ടുകൂടിയാണ്. മുറിച്ചുമാറ്റി വയ്ക്കപ്പെട്ട 46 അദ്ധ്യായങ്ങളിലൂടെയും ഉപാഖ്യാനങ്ങളിലൂടെയും കഥയും കഥയ്ക്കകത്തെ കഥയും പാസ്റ്റീഷ് രചനാസമ്പ്രദായം അവലംബിച്ച് വൈവിധ്യമേറിയ മറ്റു കലാമൂല്യമുള്ള രചനകളില്‍ നിന്നും കടംകൊണ്ട് അവയെ ആഘോഷമാക്കി മാറ്റുകയാണ് കഥാകാരി ഇവിടെ. ഗദ്യവും പദ്യവും ചെറുകഥകളും നാടകീയ സംഭാഷണങ്ങളും കത്ത്, പത്രറിപ്പോര്‍ട്ട് തുടങ്ങിയവ അടങ്ങുന്ന ഒരു കാലിഡോസ്‌കോപ്പിക്ക് മാനം ഈ നോവലിന് കൊടുക്കുന്നു. മാര്‍ക്കോസിന്റെ കവിത, നൂര്‍ മുഹമ്മിന്റെ സൂഫി കഥ, ഗീതാഞ്ജലിയിലെ ഫ്‌ളാഷ് ബാക്ക്, മാഷ്, ചെമ്പ്രരാമന്‍, ദിനകരന്‍ തുടങ്ങിയവരുടെ കഥകള്‍, നിത്യചൈതന്യയതിയുടെ കത്ത്, പത്താം കേരളനിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോര്‍ട്ട്, ജേര്‍ണലിസ്റ്റ് ജി. നിര്‍മ്മലയുടെ റിപ്പോര്‍ട്ട്, വെന്റ്രിലോക്കിക്കാരന്റെയും കുരങ്ങന്റെയും നര്‍മ്മസംഭാഷണം അമൂര്‍ത്തമായ ജലത്തിന്റെ ഏകാന്ത സംഭാഷണം തുടങ്ങി സമ്പുഷ്ടമായ ഒരു സമ്പൂര്‍ണ്ണനോവലിനുവേണ്ട സാമഗ്രികളൊക്കെയും ആതിയില്‍ ഒരുക്കിവച്ചിട്ടുണ്ട്” (ശ്രീധരന്‍ എ.എം & ചിറ്റാക്കൂല്‍ ദീപ, 2014 : 327).

ഏഴു കഥാസായാഹ്നങ്ങളില്‍ അമ്മയായ പ്രകൃതിയുടെയും, അവള്‍ മക്കളായ മനുഷ്യര്‍ക്കുവേണ്ടി ഒരുക്കിയ സമ്പത്തുക്കളെ കുറിച്ച് പഠിപ്പിക്കുന്ന കഥപറച്ചിലുകാര്‍ ജീവിതത്തെ വിന്യസി ക്കുന്നത് ഏറെ തീക്ഷണതയോടെ യാണ് ആതിയിലുള്ളവരുടെ സങ്കടങ്ങള്‍ക്ക് മീതെ ആശ്വാസത്തിന്റെ തേന്മഴയാകാന്‍, ജീവിതത്തിന് കരുത്തും പ്രതീക്ഷയും പകരുന്ന കഥപറ ച്ചിലുകാര്‍. കഥാരാവുകള്‍ ആതിയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരരാവുകളുമാണ്. എന്നാല്‍ അവസാനത്തെ അതായത് ഏഴാമത്തെ കഥവെറും കഥപറച്ചില്‍ മാത്രമായിരുന്നില്ല അത് ആതിയിലുള്ളവര്‍ക്കുവേണ്ടി, ആതിയുടെ നിലനില്‍പിനുവേണ്ടി ഏറെ വ്യഗ്രതയോടെ പ്രവര്‍ത്തിച്ച ദിനകരന്റെ ജീവിതകഥാ സമര്‍പ്പണമായിരുന്നു. ദിനകരന്റെ ജീവിതം കൊണ്ടെഴുതിയ ഈ കഥ ആതിക്ക് ഒരു പുതിയ ഭാവുകത്വം നല്‍കുന്നു.

പ്രതീക്ഷയോടെ ആതി അതിന്റെ ജലജീവിതം തുടരുന്നു. നമ്മള്‍ ഉണ്ടാക്കുന്ന അഴുക്കുകള്‍ നമ്മള്‍ തന്നെ കഴുകി വൃത്തിയാക്കണമെന്നു പറയുന്ന ദിനകരന്‍ പ്രതീക്ഷയുടെ പ്രതീകമാണ്. കഥാസായാഹ്നങ്ങള്‍ പിറക്കുന്ന ആതിയുടെ പാരമ്പര്യം! കഥകള്‍ മുറുക്കികെട്ടിയ ഭാണ്ഡങ്ങളുമായി വരുന്ന കഥ
പറച്ചിലുകാര്‍. നടന്നും അലഞ്ഞും കഥകള്‍ പറഞ്ഞുപറഞ്ഞും ദേശാടനകിളികള്‍ക്കൊപ്പം അവരുമെത്തും. അവരുടെ കാലടികളില്‍ ചെമ്മണ്ണും മുടിയില്‍ അഴുക്കും പൊടിയും കാണും. വായ്മലരുകള്‍ കഥകൊണ്ട് ചുവന്നിരിക്കും. കണ്ണുകള്‍ ആനന്ദം കൊണ്ട് തിളങ്ങുന്നുണ്ടായിരിക്കും. ഭാണ്ഡങ്ങളിറക്കിവെച്ച് അവര്‍ ആതിയുടെ കുളിര്‍ തടാകത്തില്‍ മുങ്ങും. മുങ്ങിനിവര്‍ന്ന് ശുഭവസ്ത്രം ധരിക്കും. ആതിദേശത്തിന്റെ കാരണവര്‍ കഥ പറച്ചിലുകാരനെ കൈപിടിച്ച് തോണിത്തലപ്പത്തിരുത്തും. തോണി കിടക്കുന്നത് തമ്പുരാന്റെ കടവിലായിരിക്കും. ഇടുങ്ങി കുപ്പിക്കഴുത്തുപോലെ തമ്പുരാന്റെ മുറ്റത്തേക്ക് കേറിക്കിടക്കുന്ന കടവില്‍ കഥപറച്ചിലുകാരന്‍ തോണി തുഴഞ്ഞു വരും അതാണ് പതിവ്. അയാള്‍ പരമ്പരാഗതരീതിയില്‍ കുരുത്തോലപ്പാവാടയുടുത്തും തലപ്പാവ് കെട്ടിയും മുഖത്തെഴുതിയും കൈയില്‍ പന്തം പിടിച്ചും, വെള്ളത്തിലിറങ്ങിനില്ക്കും. എല്ലാത്തിനെയും ശുദ്ധീകരിക്കുന്ന വെള്ളമാണ് ഈ കഥാസായാഹ്നത്തിന്റെ സാക്ഷിയെന്ന് കഥപറച്ചിലുകാരന്‍ വിളിച്ചുപറയും. തറയില്‍ കഥകേള്‍ക്കാന്‍ കൂടിയിരിക്കുന്നവരും ജീവന്‍ നല്കുന്ന വെള്ളംതന്നെയാണ് സാക്ഷിയായി എന്നുമെപ്പോഴും നിലനില്ക്കുന്നതെന്ന് ഏറ്റുപറയുന്നു. ഇതോടുകൂടി കഥാസായാഹ്നം ശുഭമായി ആരംഭിക്കുന്നു.

മനുഷ്യനുണ്ടായകാലം തൊട്ടേ കഥയുമുണ്ടായി’ആമുഖക്കാരന്‍ ആമുഖം തുടങ്ങും…. ആമുഖം പറഞ്ഞുതീര്‍ന്നാല്‍, ആമുഖക്കാരന്‍ തലപ്പാവഴിക്കും. വെള്ളത്തില്‍ നിന്ന് കേറും. എരിയുന്ന പന്തം വാഴപ്പിണ്ടിയില്‍ കുത്തും. അതിനുശേഷം കഥപറച്ചിലുകാരന്‍ കഥതുടങ്ങും. കഥപറഞ്ഞു കഴിഞ്ഞാല്‍ ഒരു ചോദ്യമുണ്ട.്
ഈ കഥ എങ്ങനെ ജീവിതത്തിലേക്ക് ഉപകാരപ്പെടും?

നേരം വെളുക്കുംവരെ അതിനുത്തരം പറഞ്ഞ് അവര്‍ കഥയെ പൂരിപ്പിയ്ക്കും. ഈ നോവല്‍ വായിച്ചു തീരുന്ന ഓരോരുത്തരുടെയും ഉള്ളില്‍ ഉയരുന്നത് ഈ ചോദ്യം തന്നെ ഈ കഥ എങ്ങനെ ജീവിതത്തിലേക്ക് ഉപകാരപ്പെടും?

പ്രകൃതിയെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന നമുക്ക് ഈ കഥയില്‍ നിന്ന് എന്തുപാഠം ഉള്‍ക്കൊള്ളുവാന്‍ സാധിക്കും? നമ്മളുണ്ടാക്കുന്ന അഴുക്കുകള്‍ നമ്മള്‍തന്നെ കഴുകി വൃത്തിയാക്കണം’എന്ന ദിനകരന്റെ ഈ വാക്കുകള്‍ ഒരു അസ്ത്രംപോലെയാണ് വായനക്കാരില്‍ തറച്ചുകയറുന്നത്. നോവലിലു ടനീളം വെള്ളത്തിന്റെ അപാരമായ ശക്തിവിശേഷങ്ങളാണ് ഓരോ വരികള്‍ക്കുള്ളിലും നോവലിസ്റ്റ് ഒളിച്ചുവെച്ചിരിക്കുന്നത്.

”കുഞ്ഞിമാതുവിന് ദേഷ്യം വര്ാ! എന്തിന്റെ കൊറവാ കുമാരന് ഇവിടെ?

ഒരാള്‍ ഉച്ചയാവോളം പണിയെടുത്താല്‍ മതി, കുടുംബം കഴിയാനുള്ളത് ആതിയിലെ വെള്ളത്തില്‍നിന്ന് കിട്ടും. മീനായിട്ടോ, കക്കയായിട്ടോ. എല്ലാവരും കൂടി ഒന്നിച്ചു ചെയ്യുന്ന പൊക്കാളി കൃഷിയില്‍ നിന്ന് ഉണ്ണാനുള്ള നെല്ല് കഴിച്ച് വില്‍ക്കാനുള്ളതും കിട്ടും. ആറുമാസം നെല്ലും ആറുമാസം മീനും കൃഷിചെയ്താല്‍ ആതിയില്‍ സുഖമായിട്ട് ജീവിക്കാം. ഉണ്ണണത് ഏറ്റവും നല്ല ചോറാണ്. മത്തനും കുമ്പളവും ചീരയും പയറുമൊക്കെ എല്ലാ വീട്ടിലും ഉണ്ട്. പശുവും എരുമയും കോഴിയും താറാവും ഉണ്ട്. കുഞ്ഞിമാതുവിന്റെ അമ്മ നെയ്യുന്ന തഴപ്പായയില്‍ കുഞ്ഞിമാതു കിടക്കുന്നു. എല്ലാ വീട്ടിലും അങ്ങനെത്തന്നെ! അമ്മമാര്‍ നെയ്തു തരുന്നതാണ് കിടക്കപ്പായ.

നേരം വെളുക്കുവോളം കാട്ടിലും കായലിലും നിന്ന് തണുത്ത കാറ്റ് വീശിക്കൊണ്ടിരിക്കും.” (പേ: 25, 26). വെള്ളം എന്നെ കൊണ്ടുപോകുന്നു. ‘വെള്ളം ഒരു മടിത്തട്ടാണ്. എല്ലാം വെള്ളത്തില്‍ നിന്ന്.’വെള്ളത്തിന് തെളിയാതിരിക്കാന്‍ കഴിയില്ല.’എന്റെ മനസ്സ് കലങ്ങി മറിഞ്ഞു പക്ഷേ അരുവി തെളിഞ്ഞുവരുന്നവരെ ഒന്നും ചെയ്യാനില്ലാതെ കാത്തിരുന്നപ്പോള്‍ പതുക്കെ ദേഷ്യവും സങ്കടവും ഇഷ്ടക്കേടുകളും എല്ലാം ചളി ഊറിക്കൂടുമ്പോലെയും ചീഞ്ഞ ഇലകള്‍ താണുപോകുമ്പോലെയും താഴേയ്ക്കടിയുന്നതും മനസ്സ് തെളിഞ്ഞു വരുന്നതും ഞാന്‍ അനുഭവിച്ചു. നോവലിന്റെ അവസാനം ബുദ്ധന്റെ അനുയായി ആനന്ദന്റെ ഈ കണ്ടെത്തലില്‍തന്നെ വായനക്കാരനും എത്തിചേരുന്നു.

”ആതി എന്ന നോവല്‍ പൂര്‍ണ്ണമായും ഒരു ജൈവസമൂഹത്തിന്റെ കഥയാണ് പറയുന്നത്. മനുഷ്യന്റെ കഥയല്ല എന്നുമാത്രമല്ല, അതിലെ നീചകഥാപാത്രമാണുതാനും അവന്‍. നോവലിലെ പ്രധാന കഥാപാത്രങ്ങളുടെ നിര ശ്രദ്ധിച്ചാല്‍ തന്നെ അറിയാം. അതില്‍ മഞ്ഞ പാപ്പാത്തികളും പൂപ്പരത്തിച്ചെടികളും പച്ചത്തവളകളും ചെമ്മീനുകളും തൂക്കണാംകുരുവികളും നെല്ലും കണ്ടല്‍ക്കാടുകളും ഉറവകളും ജലവും മണ്ണും ഭൂമിയും ഒരു വശത്ത്. മനുഷ്യനിര്‍മ്മിതമായ സിമന്റ്, കമ്പി, പാലം ലോറി, ജെ.സി.ബി., ട്രില്ലര്‍, ടിപ്പര്‍ തുടങ്ങിയവ മറുവശത്ത്. ഈ നന്മതിന്മ പ്രതീകങ്ങളെയാണ് ഇരുമുന്നണിയിലുമായി പോര്‍ക്കളത്തില്‍ അണിനിരത്തിയിരിക്കുന്നത്. കുമാരന്‍ തിന്മയായും ദിനകരന്‍ നന്മയായും അലിഗോറിക്കലായി വര്‍ത്തിക്കുന്നു” (ശ്രീധരന്‍ എ.എം & ചിറ്റാക്കൂല്‍ ദീപ, 2014 : 324). തീര്‍ച്ചയായും മനസ്സിനെ വിമലീകരിക്കുന്ന ഒരു പ്രക്രിയയാണ് ആ നോവലിലൂടെ സാധിതമാക്കുന്നത്. പ്രകൃതിയും ഈശ്വരനും ഒന്നാണെന്ന കണ്ടെത്തല്‍.

”കാണുന്നതുവരെ അവള്‍ കണ്ണടച്ചിരുന്നു. പിന്നെ കാണാന്‍ തുടങ്ങി. അനന്തമായ നീലാകാശം നിര്‍മ്മലതടാകം, പച്ചക്കാടുകള്‍ ഒഴുകിയെത്തുന്ന അരുവികള്‍, ദൂരെനിന്ന് കാറ്റിനോടൊപ്പം ആടിയലഞ്ഞുവരുന്ന തോണി. തോണിയില്‍ ഏകനായി കണ്ണടച്ചിരിക്കുന്ന കഥപറച്ചിലുകാരന്‍. അയാള്‍ അടുത്തുവരുന്തോറും ഏതോ മൃദുലമായ സുഗന്ധം അവളെ തഴുകുന്നു. ഏത് പൂവിന്റെ മണമാണ് നിങ്ങള്‍ക്ക് എന്ന് ചോദിയ്‌ക്കേണ്ടതിനു പകരം അവള്‍ ചോദിച്ചു ഏത് പൂവാണ് നിങ്ങള്‍.” (പേ. 42, 43).

അപരനെ പൂവായി, സുഗന്ധമായി, സൗഭാഗ്യമായി കാണാന്‍ എന്നാണ് കഴിയുക? കാഴ്ചകള്‍ പൂ പോലെയാകുന്നതിനും നാം നമ്മെത്തന്നെ പരിശീലിപ്പിക്കേണ്ടിയിരിക്കുന്നു. ആതിയിലുള്ളവരുടെ എല്ലാമാണ് ജലം. ആതിയിലെ ജലജീവിതത്തിനാണ് ആതി വിട്ടുപോയവര്‍ ആഗ്രഹിക്കുന്നത്.
”ആതിയിലെത്തിയാല്‍പ്പിന്നെ ദിവ്യയ്ക്ക് വെള്ളത്തില്‍ നിന്ന് കേറലില്ല.
”വെള്ളം കണ്ടാ ഇപ്പൊ എനിയ്ക്ക് പ്രാന്താ” അവള്‍ പറയും.

എന്നിട്ടവള്‍ ആമ്പല്‍ക്കുളത്തില്‍ മുങ്ങിക്കിടക്കും. അച്ചുവിനും അത് ഇഷ്ടമാണ്. ബോംബെയില്‍, ദിവ്യ താമസിക്കുന്ന സ്ഥലത്ത് വെള്ളമോ കിണറോ ഇല്ല. കുഴല്‍വെള്ളം വല്ലപ്പോഴും വന്നാലായി. ലോറിയില്‍ വെള്ളം കൊണ്ടുവന്നുകൊടുക്കും. അപ്പോഴത്തെ ഉന്തും തള്ളും വഴക്കും ഭയങ്കരമാണ്. വീണു കൈയൊടിഞ്ഞിട്ടുണ്ട് ചിലരുടെയൊക്കെ. പത്തുകുടം വെള്ളം കൊടുക്കുന്നുണ്ടെങ്കില്‍ നൂറുകുടത്തിനുള്ള ആളുകള്‍ കാത്തുനില്‍ക്കുന്നുണ്ടാകും.

”ഒര് കൊല്ലത്തെ അഴുക്കുമുഴുവന്‍ പോയികിട്ടി!” ആമ്പല്‍പ്പൂ മണക്കുന്ന വെള്ളത്തില്‍നിന്ന് കുളി കഴിഞ്ഞു കയറുമ്പോള്‍ ദിവ്യ സന്തോഷത്തോടെ പറയും. പത്താമുദയം കഴിഞ്ഞുപോകുമ്പോഴേക്കും കൊഴിഞ്ഞുപോയ മുടിയൊക്കെ തിരിച്ചുവരണമെന്ന പ്രതീക്ഷയിലാണത്രേ അവള്‍ ആമ്പല്‍ക്കുളത്തില്‍ മുങ്ങിക്കിടക്കുന്നത്. ബോംബെയിലെ വെള്ളത്തില്‍ കുളിച്ച് അവളുടെ മുടിയൊക്കെ കൊഴിഞ്ഞുപോയി. കല്യാണം കഴിഞ്ഞുപോകുമ്പോള്‍ അരമൂടിക്കിടക്കുന്ന കനത്ത മുടിയുണ്ടായിരുന്നു അവള്‍ക്ക്.

അവിട്യൊക്കെ ഈ മര്ന്ന് കലക്കിയ വെള്ളാ കിട്ട്ാ. കുടിയ്ക്കാനും കൊള്ളില്ല കുളിയ്ക്കാനും കൊള്ളില്ല. ഒര് ചായവെച്ച് കുടിച്ചാ ശര്‍ദ്ദിയ്ക്കാന്‍ വരും. അത് മാതിരിള്ള ചൊവയാണ്!”(പേ. 35, 36).

മനുഷ്യന് ആവശ്യമായതെല്ലാം ഔദാര്യത്തോടെ നല്കുന്ന പ്രകൃതിയില്‍നിന്ന് അവന്‍ തന്റെ അത്യാഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വേണ്ടി വേണ്ടുന്നതെല്ലാം സ്വീകരിക്കുന്നു. മനുഷ്യന്റെ അത്യാഗ്രഹത്തിന് മറുപടി പറയേണ്ട പ്രകൃതി അനുനിമിഷം മരിച്ചുകൊണ്ടിരിക്കുന്നു. പ്രകൃതിയെ സ്‌നേഹിച്ച്, പ്രകൃതിയോട് ഇണങ്ങിക്കഴിയുന്ന തീര്‍ത്തും നിഷ്‌കളങ്കരാണ് അതിലെ ജനങ്ങള്‍.

”കാപ്പ് കലക്ക് ഒരുത്സവമാണ്. എവിടന്നൊക്കെയോ ആളെത്തും. കാപ്പ് കലക്കിന്റന്ന് ആര്‍ക്കുവേണമെങ്കിലും ചെമ്മീന്‍ കെട്ടിലിറങ്ങി മീന്‍പിടിക്കാം. കെട്ട് മാലോകര്‍ക്കായി തുറന്നുകൊടുക്കുന്ന ദിവസമാണത്. എല്ലാ കൊല്ലവും കാപ്പുകലക്കിനെത്തുന്നവരുണ്ട്. പലരും ആതിയിലുള്ളവരുമായി അങ്ങനെ പരിചയത്തിലായിട്ടുണ്ട്. മീനിനുവേണ്ടിയല്ല, ചെമ്മീന്‍കെട്ടിലെ ജലോത്സവത്തില്‍ തിമിര്‍ക്കാനാണ് പലരുമെത്തുന്നത്. അന്തിയാവോളം വെള്ളത്തില്‍ കിടന്നുമറിഞ്ഞിട്ടും ഒരു പൊടിച്ചെമ്മീന്‍ പോലും കിട്ടാത്തവരും ഉണ്ടാകും. ആതിയിലെ മീന്‍പിടത്തുക്കാരില്‍നിന്ന് നല്ല വിലകൊടുത്ത് അവര്‍ ചെമ്മീന്‍ വാങ്ങും. ആതിയിലുള്ളവര്‍ക്ക് കൈ നിറയെ കാശുകിട്ടുന്ന ദിവസമാണത്” (പേ. 79).

അവരില്‍നിന്ന് ഒരു കുമാരന്‍ കൂടുതല്‍ മെച്ചമായ ജീവിത സൗകര്യങ്ങള്‍ തേടി യാത്രയാകുന്നു. 36 വര്‍ഷങ്ങള്‍ക്കുശേഷം ലോകം മുഴുവന്‍ കീഴടക്കിയ ഭാവത്തോടെ തിരിച്ച് ആതിയിലേക്കെത്തുന്നു. ഒരുപാട് വലിയകാര്യങ്ങള്‍ ഞാന്‍ ചെയ്തു. എന്നാല്‍ എന്റെ നാടിനുവേണ്ടി ചെറിയ ഒരു കാര്യം പോലും ചെയ്തില്ല എന്ന കുമാരന്റെ സങ്കടം-ഒരുപാട് വലിയകാര്യങ്ങള്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അത് ആതിയിലെ പച്ചയും, പച്ചപ്പും, ജലവും ജീവനും കളയാനുള്ള വലിയ വലിയ കാര്യങ്ങളായിരുന്നു, പുരോഗതിയുടെപേരില്‍ സ്വയം നശിപ്പിക്കുന്ന ഏക ജീവിവര്‍ഗ്ഗമാണ് മനുഷ്യന്‍ എന്ന് ഈ നോവല്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

”വെള്ളത്തിന്റെ അടിത്തട്ടിളക്കിമറിച്ചാണ് പട്ടാളം മാര്‍ച്ച് ചെയ്തത്. കക്കകളുടെ സാമ്രാജ്യം തകര്‍ന്നു. ബൂട്ടുകള്‍ക്കിടയില്‍പ്പെട്ട് ചതഞ്ഞ പൊടികുഞ്ഞുങ്ങളുടെ മൃതദേഹം പൊന്തിവരാന്‍ തുടങ്ങിയപ്പോള്‍ സ്ത്രീകള്‍ ഉറക്കെ നെഞ്ചത്തടിച്ചു. എന്താ നിങ്ങള് കാട്ടണെ പട്ടാളക്കാരെ? അത് ഞങ്ങടെ ചോറാ…” (പേ. 45). ജീവിയ്ക്കും ജീവിപ്പിക്കും എന്ന തീര്‍ച്ചപ്പെടുത്തലാണ് ആതി എന്ന ദേശത്തിന്റെ ചരിത്രം ”അവരാരും മീന്‍പിടുത്തക്കാരായിരുന്നില്ല… ആരും മനുഷ്യരെ പിടിക്കാന്‍ കഴിവുള്ളവരുമായിരുന്നില്ല. വിശപ്പാണവരെ മീന്‍പിടുത്തക്കാരാക്കിയത്. ഒരുവന്റെ മാത്രം വിശപ്പല്ല; ഒരു മുഴുവന്‍ ജനതയുടെയും വിശപ്പ്!”(പേ. 50). വിശപ്പാണവരെ കൃഷിക്കാരാക്കിയത്. അതേ വിശപ്പാണവരെ എല്ലാം പഠിപ്പിച്ചത്. കണ്ടല്‍ച്ചെടികള്‍ക്കിടയിലെ ചെമ്മീന്‍ കെട്ടുകള്‍ വറുതിയിലെ നാളിലെ ഐശ്വര്യമായിരുന്നു ആതിയിലെ ജനങ്ങള്‍ക്ക്.

ചക്കംക്കണ്ടം കായലിന് വന്ന ദുരവസ്ഥ വായിച്ചെടുക്കുന്നതിലൂടെ സംസ്‌കാരസമ്പന്നരെന്ന് അഭിമാനിക്കുന്ന മനുഷ്യന്റെ ചെയ്തികളും വേര്‍തിരിഞ്ഞുവരുന്നു. ജലം ചീത്തയായതുകൊണ്ടുമാത്രം സ്‌നേഹധനനായ ഭര്‍ത്താവിനെയും കുടുംബത്തെയും ഉപേക്ഷിച്ച് ആതിയുടെ പരിശുദ്ധിയിലേക്ക് തിരിച്ചുവന്ന ഷൈലജ, ആതിയുടെ മണ്ണും വെള്ളവും നശിപ്പിക്കുന്നവര്‍ക്കെതിരെ സംഹാരഭാവത്തോടെ പ്രതികരിച്ചത് തികച്ചും സ്വാഭാവികം തന്നെ. എന്നാല്‍ ഈ പ്രതിഷേധവും പ്രതികരണവുമൊന്നും ആതിയുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ ശക്തമായില്ല എന്നാണ് നോവല്‍ പറയുന്നത്. കാലക്രമത്തില്‍ ചക്കംകണ്ടത്തേക്കാള്‍ മോശമായ ഒരു അവസ്ഥയിലേക്ക് ആതിയിലെ ജലവും പരിസരവും എത്തിചേര്‍ന്നത് വേദനയോടെയാണ് ഓരോരുത്തരും തിരിച്ചറിയുന്നത്.

തനതു സംസ്‌കാരത്തിന്റെ അടയാളപ്പെടുത്തലുകള്‍ ആതി എന്ന നോവലിലുടനീളം കണ്ടെത്താന്‍ സാധിക്കും. കുട്ട, മുറം, കൊമ്പോറം, പൊക്കാളിപ്പാടം, വില്ലുവണ്ടി, പാട്ടകൃഷി, കൊട്ടില്‍, മുളനാഴി, ഓലമേയല്‍ തുടങ്ങിയ പദങ്ങള്‍ പഴയകാല തനിമയെ വിളിച്ചറിയിക്കുന്നു. പ്രകൃതിയോട് സമരസപ്പെട്ടുള്ള ഭക്ഷണരീതിയെക്കുറിച്ചും കഥാകാരി വിവരിക്കുന്നുണ്ട്. ചേമ്പിന്‍താളിന്റെ പുളിങ്കറിയും പൊക്കാളിയരിയുടെ ചോറും കൊടംപുളിയിട്ടുവച്ച ചെമ്മീനും മറ്റും അതില്‍ ചിലതുമാത്രം. ഇത്തരത്തിലുള്ള കാര്‍ഷികസംസ്‌കൃതിയാല്‍ മെനയപ്പെട്ട ആതിയിലെ ജനജീവിതം നേരമളക്കാനും കാലം കുറിക്കാനും ജീവിതതാളം നിര്‍ണയിക്കാനും പ്രധാനമായും ആശ്രയിച്ചിരുന്നത് പ്രകൃതിയെതന്നെയായിരുന്നു. വേലിയേറ്റ വേലിയിറക്കങ്ങളും വേനലും വര്‍ഷവും വസന്തവും എല്ലാം കാലചംക്രമണത്തെ ഓര്‍മ്മപ്പെടുത്തുന്നു. പ്രകൃതിയോടു ചേര്‍ന്നുകൊണ്ടുള്ള ജീവിതം മടുത്ത തലമുറയിലെ അതികായനാണ് കുമാരന്‍ എന്ന കഥാപാത്രം. കുമാരന്റെ പുറകെ പോകാന്‍ ആതിയിലും ചെറുപ്പക്കാരുണ്ടായി. കുമാരന്‍ മാറ്റങ്ങളുടെ വഴി കണ്ടെത്തി. അതോടൊപ്പം ഉപഭോഗസംസ്‌കാരത്തിന് വിത്തുപാകുകയും ചെയ്തു.

സാറാജോസഫ് പറയുന്നത്, ആതി എന്ന പ്രദേശം ഈ ലോകത്തെവിടെയും ആകാം. എല്ലാ മനുഷ്യരിലും ആതിയുണ്ട്. കാലത്തെയും ദേശത്തെയും ആതി അതിജീവിക്കുന്നു എന്നാണ്. പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്ന ഗ്രാമസംസ്‌കാരം സംരക്ഷിച്ച് പ്രകൃതിയെ സ്‌നേഹിക്കുന്ന, ചേര്‍ത്തുപിടിക്കുന്ന മനുഷ്യരാകാന്‍ സാറാ ജോസഫിന്റെ ‘ആതി’ നമ്മെ പഠിപ്പിക്കുന്നു.

Comments are closed.