DCBOOKS
Malayalam News Literature Website

റൊമില ഥാപ്പര്‍ രചിച്ച ആദിമ ഇന്ത്യാചരിത്രം

പൗരാണിക ഇന്ത്യയില്‍ അരങ്ങേറിയ സംഭവ വികാസങ്ങള്‍ക്കുമേല്‍ പുനരെഴുതപ്പെട്ട ചരിത്രഭാഷ്യമാണ് റൊമില ഥാപ്പറുടെ ആദിമഇന്ത്യാ ചരിത്രം. വെറുമൊരു ദൂതകാല വിവരണമാകാതെ, വര്‍ത്തമാന-ഭൂതകാലങ്ങളുടെ താരതമ്യപഠനത്തെ മുന്‍നിര്‍ത്തി രചിക്കപ്പെട്ട കൃതിയാണിത്. കാലാനുക്രമത്തില്‍ വസ്തുതകളെ വിവരിക്കുന്നുണ്ടെങ്കിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപരിണാമങ്ങളെ വിശദീകരിക്കുന്നു എന്നതിലാണ് ഈ ഗ്രന്ഥത്തിന്റെ യഥാര്‍ത്ഥമൂല്യം നിലനില്ക്കുന്നത്. അന്ധവിശ്വാസങ്ങളാല്‍ എഴുതപ്പെട്ട ഇന്ത്യയുടെ ചരിത്രത്തിനു പിന്നിലെ സത്യത്തെ, വ്യക്തവും ശക്തവുമായ തനതുശൈലിയിലൂടെ അന്വേഷിക്കുകയാണ് റൊമില ഥാപ്പര്‍ ഈ ഗ്രന്ഥത്തിലൂടെ.

ദി പെനിസുലാര്‍ ഹിസ്റ്ററി ഓഫ് ഏര്‍ലി ഇന്‍ഡ്യ: ഫ്രം ദി ഒറിജിന്‍സ് ടു എ.ഡി 1300 എന്ന കൃതിയുടെ മലയാളം വിവര്‍ത്തനമാണ് ആദിമ ഇന്ത്യാ ചരിത്രം. ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ കൃതിയുടെ മലയാളം പരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത് പി. കെ ശിവദാസാണ്. ഈ കൃതിയുടെ നാലാമത് പതിപ്പ് ഇപ്പോള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

ഈ കൃതിയുടെ ആമുഖത്തില്‍ നിന്നും

“വ്യത്യസ്തമായ പല നടപ്പുവിലയിരുത്തലുകളിലൂടെയുമാണ് പുതിയ വായനകള്‍ ആവിര്‍ഭവിച്ചിട്ടുള്ളത്. ഇങ്ങനെ വിലയിരുത്തപ്പെടുന്നവയില്‍ ചിലത് ഇന്ത്യന്‍ ഭൂതകാലത്തെ സംബന്ധിച്ച കൊളോണിയല്‍ വ്യാഖ്യാനങ്ങളുടേതാണ്. ഇവയ്ക്കാകട്ടെ, ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിക്കു തൊട്ടു ശേഷം നിലവിലുണ്ടായിരുന്ന ഇന്ത്യന്‍ സംസ്‌കാരത്തോടുള്ള നിലപാടുകളെക്കൂടി കണക്കിലെടുക്കേണ്ടതായും വന്നിട്ടുണ്ട്. യൂറോപ്യന്‍ ജനസാമാന്യത്തിന്റെ ഭാവനയില്‍ ഇന്ത്യ അളവറ്റ സമ്പത്തിന്റെയും അതിഭൗതികസംഭവങ്ങളുടെയും നിത്യനൈമിത്തികങ്ങള്‍ക്ക് ഏറെയപ്പുറവുമായി ബന്ധപ്പെട്ടു കിടക്കുന്ന ആശയങ്ങളുടെയും നാടായിരുന്നു. സ്വര്‍ണ്ണം കുഴിച്ചെടുക്കുന്ന ഉറുമ്പുകള്‍ മുതല്‍ കാടുകളില്‍ നഗ്നരായി വസിച്ച് ആത്മാവിന്റെ ജീവിതാന്തരജീവിതത്തെ കുറിച്ച് ധ്യാനിക്കുന്ന തത്വജ്ഞാനികള്‍ വരെ വര്‍ണ്ണശബളമായ ഒരു ചിത്രമാണ് പ്രാചീന ഗ്രീക്കുകാര്‍ അടക്കം ഇന്ത്യയുടേതെന്ന പേരില്‍ വരഞ്ഞിട്ടിരിക്കുന്നത്. സമീപശതകങ്ങള്‍ വരെയും യൂറോപ്പില്‍ ഈ ബിംബങ്ങള്‍ സജീവമായി നിലനിന്നു പോന്നു. ഏല്ലാ പ്രാചീന സംസ്‌കാരങ്ങളിലും എന്നപോലെ ഇന്ത്യയിലും സമ്പത്ത് ഏതാനു പേരുടെ കൈകളില്‍ കേന്ദ്രീകൃതമായിരുന്നു. രജ്ജുസൂത്രം പോലുള്ള മിത്തുകള്‍ക്ക് പരസ്യംകൊടുക്കല്‍ വിരലിലെണ്ണാവുന്ന ഏതാനും പേരുടെ നേരംപോക്കായിരുന്നു. ഏതായാലും അത്തരം ധാരണകള്‍ക്ക് ഇന്ത്യയില്‍ കൂടുതല്‍ വ്യാപകമായ അംഗീകാരം ഉണ്ടായിരുന്നു എന്നത് നേരാണ്. ചില സംസ്‌കാരങ്ങളില്‍ രജ്ജു സൂത്രകഥ പിശാചിന്റെ വേലയെന്ന് നമ്പി തമസ്‌കരിക്കപ്പെടുമായിരുന്നു. എന്നാല്‍ ഇന്ത്യയില്‍ അതിന് വിശ്വാസവും അവിശ്വാസവും കലര്‍ന്ന വരവേല്പ് നല്കപ്പെടുകയായിരുന്നു. സാത്താന്റെ അസാന്നിധ്യം മൂലമാണ് ഇന്ത്യന്‍ സംസ്‌കൃതി അടിസ്ഥാനപരമായും സന്തുലിത മനോനില പുലര്‍ത്തുന്നത്…”

Comments are closed.