DCBOOKS
Malayalam News Literature Website

‘A Phoenix With Broken Wings’ ; അമലുവിനായി എഴുതിയ പുസ്തകം! 

A Phoenix with Broken Wings
A Phoenix with Broken Wings

ആയിരക്കണക്കിന് വായനക്കാര്‍ക്ക് ആത്മ വിശ്വാസത്തിന്റെയും കഠിനാധ്വാനത്തിന്റെയും പ്രതീകമായി മാറിയ ലിപിന്‍ രാജ്  എന്ന സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥന്റെ 
ഏറ്റവും പുതിയ പുസ്തകം A Phoenix With Broken Wings  കഴിഞ്ഞദിവസമാണ് ഇ-ബുക്കായി പുറത്തിറങ്ങിയത്. വിജയം മാത്രം മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കുന്ന ഏതൊരാള്‍ക്കും ആ വിജയത്തെ എത്തിപ്പിടിക്കാന്‍ പ്രചോദനമാകുന്ന പുസ്തകമാണ് ‘എ ഫീനിക്‌സ് വിത്ത് ബ്രോക്കണ്‍ വിംഗ്‌സ്’. പുസ്തകത്തെക്കുറിച്ചുള്ള വിശേഷങ്ങളും പുസ്തകത്തിന്റെ പിന്നാമ്പുറക്കഥകളും ലിപിന്‍ രാജ്  വായനക്കാരുമായി പങ്കുവെയ്ക്കുന്നു.

ഈ പുസ്തകം എഴുതാനുണ്ടായ സാഹചര്യം?

ഡി.സി തന്നെ പ്രസിദ്ധീകരിച്ച ‘മരങ്ങളോടുന്ന വഴിയേ’യിലെ ചില വരികള്‍ പോസിറ്റീവ് വാക്യങ്ങളാക്കി ആഴ്ച തോറും  ഇ-മെയിലില്‍  അയയ്ക്കുന്ന ഒരു അജ്ഞാത അനുജത്തിയുണ്ട് എനിക്ക്. ഈ പുസ്തകത്തിൽ ഹിമാചലിലെ പാലംപൂരിൽ വെച്ചു കണ്ട ഒരു ഉത്തരേന്ത്യൻ Textപെങ്ങളിലയെക്കുറിച്ചും വാരണാസിയിൽ വെച്ചു കണ്ട ജെന്നിഫറിനെക്കുറിച്ചും എഴുതിയതാണ് അവൾ ഇമെയിൽ അയയ്ക്കാൻ കാരണം.

അവൾ അയച്ച പോസിറ്റിവ് വാക്യങ്ങളിൽ മിക്കതും എന്റെ എഫ്.ബി പേജിലുണ്ട്. അവള്‍ ഫേക്ക് ആണോ ഒറിജിനല്‍ ആണോ എന്നറിയില്ല. ഞാനത് തിരക്കാനും പോയില്ല. പരിചിതർ ചെയ്യുന്ന രഹസ്യദ്രോഹങ്ങളേക്കാൾ അപരിചിതരുടെ അറിഞ്ഞു കൊണ്ടുള്ള ഒളിച്ചു വെയ്ക്കലാണ് ഭേദം. ഒരു ഇമെയിലിൽ അവൾ (അവനോ) എഴുതി.

‘മരിച്ചു പോയ എന്റെ ചേട്ടനെ ഞാൻ അങ്ങയിൽ കാണുന്നു’. ഞാൻ അവൾക്ക് ഋഷിയും അവളെനിക്ക് അമലുവുമാണ്. ഇംഗ്ലീഷിൽ നല്ല ആഴവും പരപ്പുമുള്ള വായനക്കാരിയായ അമലുവിന് ഒരിക്കൽ ഞാൻ A Phoenix With Broken Wings ന്റെ മൂന്നാമത്തെ അദ്ധ്യായം അയച്ചു കൊടുത്തു. പിറ്റേ ആഴ്ച മുതൽ അവൾ ഓരോ അധ്യായങ്ങളായി ചോദിച്ചു വാങ്ങി വായിക്കും. കോവിഡ്‌ പ്രതിരോധപ്രവർത്തനങ്ങൾക്കിടയിൽ ഞാൻ മറന്നു പോയാലും അമലു അടുത്ത അദ്ധ്യായം കിട്ടാൻ വാശി പിടിക്കും. ഇത് ഏകദേശം ഏഴുമാസത്തോളം തുടർന്നപ്പോഴാണ് എന്തു കൊണ്ടു പാഠം ഒന്ന്‌ ആത്മവിശ്വാസം എഴുതിയ അതേ ജോണറിൽ ഇംഗ്ലീഷിൽ ഈ ബുക്ക് എഴുതിയാലോ എന്നു ആലോചിച്ചത്. ‘അമലുവിനോട് പറഞ്ഞ അനുഭവങ്ങൾ’ എന്നാണ് ബുക്കിന് ആദ്യം പേരിട്ടതെങ്കിലും ഒടുവിൽ  A Phoenix With Broken Wings എന്നു തന്നെയിടാൻ നിശ്ചയിച്ചത് അമലു തന്നെയാണ്. എഡിറ്റിങ്ങ് കഴിഞ്ഞപ്പോൾ കടപ്പാട് വെയ്ക്കട്ടെയെന്നു ചോദിച്ചപ്പോൾ അമലു അടുത്ത ഇമെയിലിൽ എനിക്കെഴുതി.

‘ഋഷിയുടെ പുസ്തകങ്ങളിലും പ്രസംഗങ്ങളിലും ഒട്ടേറെ അപരിചിതരുടെ സ്വാധീനത്തെക്കുറിച്ച് പറയാറില്ലേ?. അതിലൊരാൾ മാത്രമാണ് ഞാൻ. ഞാൻ പറഞ്ഞല്ലേ ഈ പേര് പോലും ഋഷിയ്ക്ക് അറിയൂ’.

ആലോചിച്ചപ്പോൾ ശരിയാണ്. ഡിജിറ്റൽ ലോകത്ത് എല്ലാം തുറന്നു പറയാത്തവർ ഫെയ്ക്കല്ല. നമ്മുടെ സ്വകാര്യത മാത്രമല്ല, എല്ലാം  തുറന്നു പറയാൻ കഴിയാത്ത അവരുടെ സ്വകാര്യത കൂടി മാനിക്കാൻ നാം ക്ഷമ കാണിക്കണം.

Lipin Raj MP-A Phoenix with Broken Wings

പുതിയ എഴുത്തുകൾ?

ഈ വർഷം അടുത്തതായി രണ്ടു പുസ്തകങ്ങൾ കൂടി പണിപ്പുരയിലാണ്. മനോരമ ബുക്സ് പുറത്തിറക്കുന്ന പുസ്തകം സ്വാദും നാട്ടുരുചികളും നിറഞ്ഞ ഇന്ത്യൻ സംസ്ഥാനങ്ങളെ പരിചയപ്പെടുത്തും. 2018 ൽ ഒരു നോവൽ എഴുതിത്തയ്യാറാക്കിയിരുന്നു.അതിന്റെ രണ്ടാമത്തെ ഡ്രാഫ്റ്റിന്റെ വെട്ടുതിരുത്തലുകൾ കഴിഞ്ഞു.അടുത്ത വർഷം ‘മരങ്ങൾ ഓടുന്ന വഴിയേ’യുടെ ഇംഗ്ലീഷ് പരിഭാഷയും ‘പാഠം ഒന്ന് ആത്മവിശ്വാസ’ത്തെ അധികരിച്ചുള്ള സംവിധായകൻ ഷാജി അസീസ് തയ്യാറാക്കുന്ന  സിനിമയും പുറത്തിറങ്ങും.

എഴുത്തുജീവിതം?

2013 ലാണ് ആദ്യപുസ്തകമായ ‘ഗോൾഡൻ ഫ്രോഗ്’ എന്ന ചെറുകഥാസമാഹാരം പുറത്തിറങ്ങുന്നത്. 7 വർഷത്തിനിടെ 7 പുസ്തകങ്ങൾ.കേരള മീഡിയ അക്കാദമി പുറത്തിറക്കിയ ‘നവമാധ്യമപരിചയ’മാണ് ഏറ്റവും പുതിയ പുസ്തകം. എഴുതുമ്പോൾ കിട്ടുന്ന ഒരു ഫീലും കിക്കും വായനക്കാരനും കൊടുക്കാൻ ഞാൻ ബാധ്യസ്ഥനാണ്.എഴുതാൻ ഇരിക്കുമ്പോൾ വിസ്മയം നിറഞ്ഞ ഒരു അനുഭൂതി വന്ന് ഉള്ളിൽ നിറയുന്നതു പോലെ തോന്നും. പേപ്പറിലേക്കോ ഐപാഡിലേക്കോ പകർത്തി വെയ്ക്കുമ്പോൾ അത് അതേ പടി പരിപൂർണ്ണമായെന്ന തോന്നലല്ല, ഉറപ്പ് ഉണ്ടാവണം.അതു വരുംവരെ ഞാൻ വീണ്ടും വീണ്ടും വെട്ടി എഴുതും.എഴുതി പ്രസിദ്ധീകരിച്ചതിനേക്കാൾ കൂടുതൽ പേജുകൾ ഞാൻ വലിച്ചു കീറിയും വെട്ടിക്കളഞ്ഞും ഉപേക്ഷിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു. അതാണെന്നിലെ എഴുത്തുകാരനെ നില നിർത്താനുള്ള വലിയ വെല്ലുവിളി.തനിയെയുള്ള ട്രെക്കിങ്ങ് യാത്രകളാണ് എഴുത്തിനെ ഊർജ്ജസ്വലമാക്കാനുള്ള മറ്റൊരു വഴി.

പുതിയ വായനക്കാർ മാറുന്നുണ്ടോ ?

ഡി.സി. തന്നെ പ്രസിദ്ധീകരിച്ച ‘നിങ്ങൾക്കും ജയിക്കാം സിവിൽ സർവീസ്‘ എന്ന Textപുസ്തകത്തിന്റെ വിജയത്തിന് ശേഷം അത്തരം പുസ്തകങ്ങൾ വീണ്ടും എഴുതാൻ കുറെയേറെ പബ്ലിഷേഴ്‌സ് എന്നെ സമീപിച്ചിട്ടുണ്ട്. അത്തരം സ്റ്റീരിയോടൈപ്പ് പുസ്തകങ്ങൾ എഴുതി വിപണിയിൽ പിടിച്ചു നിൽക്കാം.അത്തരം പുസ്തകങ്ങൾ ഒരേ അച്ചിൽ വാർത്തെടുക്കുന്ന വഴിയേ പോയാൽ ക്രിയേറ്റീവ് എഴുത്തുകാരനാവില്ല.വെറുമൊരു ഗൈഡ് എഴുത്തുകാരനായേ സാഹിത്യലോകം കാണൂ.പുതിയ വായനക്കാരെ നയിക്കുന്ന ഭാഷയും അനുഭവവും സംസ്കാരവും കൂട്ടിക്കലർത്തിയുള്ള ക്രിയേറ്റിവ് സാഹിത്യനിർമ്മിതിയിലാണ് എനിക്ക് താല്പര്യം.

ഒരു മോട്ടിവേഷനും ഇല്ലാത്തവർ വെറുതേ ആവേശത്തിന് ബുക്കുകളിലും പ്രസംഗങ്ങളിലും മോട്ടിവേഷൻ വാരി വിതറുന്നതു കാണുമ്പോൾ ചിരി വരും. മോട്ടിവേഷൻ നൽകേണ്ടത് സ്വജീവിതത്തിൽ അനുഭവിച്ച കാര്യങ്ങളിൽ നിന്നാണ്. അല്ലാതെ വെറും സ്വപ്നത്തിൽ വിചാരിക്കുന്നതോ,മറ്റുള്ളവർ പറഞ്ഞു കേട്ട കാര്യങ്ങളിൽ നിന്നല്ല.

പുതിയ എഴുത്തുകാരോട് ഉള്ള ഉപദേശം?

ചിലപ്പോൾ ഒരു വാക്യമെഴുതി,അതു പിന്നീട് വായിക്കുമ്പോൾ ഞാൻ ആവശ്യമില്ലെന്ന് കരുതി,വെട്ടിക്കളയും.വീണ്ടും വായിക്കുമ്പോൾ എന്തോ ഒരു കുറവ് അനുഭവപ്പെടും. പഴയവാക്യം വീണ്ടും അതേ പടി എഴുതും. അപ്പോഴാണ് ഈ വാക്യം തന്നെയാണല്ലോ മുമ്പെഴുതി വെട്ടിക്കളഞ്ഞതെന്നു തോന്നും.അപ്പോൾ കിട്ടുന്ന സന്തോഷം ഒരു വാക്ക് മന്ത്രമായി മാറുന്ന ഊർജ്ജം നൽകും. ഇതു സ്ഥിരമായി സംഭവിച്ചപ്പോഴാണ് ഞാൻ എന്നിലെ എഴുത്തുകാരനെ അംഗീകരിക്കാൻ തയ്യാറായത്. അതു വരേക്കും ഞാനെഴുതുന്നത് കൊള്ളാമോ എന്ന ഭയം ആദ്യത്തെ 5 വർഷങ്ങളിലും എന്നെ അടിമുടി ബാധിച്ചിരുന്നു.ഓരോ നിരസിക്കലുകളും എന്നെ കൂടുതൽ ഭയപ്പെടുത്തി. ഇപ്പോളാ ഭയമെന്ന കൂറ്റൻ മതിലിനെ ഞാൻ ചാടിക്കടന്നിരിക്കുന്നു.അത് അതിന്റെ ഉച്ചസ്ഥായിലെത്തിയതാണ്‌ A Phoenix With Broken Wings എന്ന പുതിയ ഇന്ത്യൻ ഇംഗ്ലീഷ്‌ പുസ്തകം. ഭയത്തെ അതിജീവിക്കുക എന്നതാണ് പുതിയ എഴുത്തുകാർക്കുള്ള എന്റെ ഉപദേശം.

ഞാൻ 2015 ൽ ആൻ ഫ്രാങ്കിനെക്കുറിച്ച് എഴുതിയ പുസ്തകം അത്ര ശ്രദ്ധിക്കപ്പെട്ടില്ല.വായനക്കാരന്റെ തലച്ചോറിന് ‘കിക്ക്’ കൊടുക്കാൻ ആ പുസ്തകത്തിന് കഴിഞ്ഞില്ലെന്ന് ഞാൻ വിഷമത്തോടെ തിരിച്ചറിഞ്ഞു.അതിനു ശേഷം ഞാൻ കൂടുതൽ സെലക്ടീവായി.നല്ല ‘കിക്ക്’ വായനക്കാരന് കൊടുക്കാൻ കഴിയുന്ന വർക്കുകളിൽ ഊന്നിയാണ് ഇപ്പോഴത്തെ ഓരോ എന്റെ എഴുത്തും.

കേരളത്തിനു ഇന്ത്യൻ ഇംഗ്ലീഷ് എഴുത്തിൽ ഉള്ള സ്വാധീനം?

കേരളത്തെ ഇന്ത്യയുടെ കണ്ണിയിലേക്ക് വിളക്കി ചേർക്കുകയാണ് അത് മലയാളമായാലും ഇംഗ്ലീഷായാലും എന്റെ എഴുത്തിന്റെ ലക്ഷ്യം. കേരളവും മലയാളവും വ്യതിരിക്തമല്ല, അതിനു ഇന്ത്യയെന്ന രാജ്യത്തിൽ അതിന്റേതായ പങ്കും സ്ഥാനവും ഉണ്ടെന്നു തെളിയിക്കുകയും ചെയ്യുകയാണ് പുതിയ കേരളം നേരിടുന്ന പ്രധാനവെല്ലുവിളി. അത് മാറുന്ന ഇന്ത്യയെ അവഗണിച്ചാൽ തീരുന്ന പ്രശ്നമല്ല. മറിച്ച് കേരളം നിലനിർത്തിയിരുന്ന പാരമ്പര്യത്തിൽ ഉറച്ചു നിന്നു കൊണ്ടു സ്വന്തം ശബ്ദം ഇന്ത്യയെ കേൾപ്പിക്കാൻ കഴിയുന്ന എഴുത്താണ് A Phoenix With Broken Wings ഇംഗ്ലീഷിൽ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്.

A Phoenix With Broken Wings  വായിക്കാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.