DCBOOKS
Malayalam News Literature Website

മലയാളം വിക്കിപീഡിയയ്ക്ക് 19 വയസ്സ്

മലയാളിയുടെ ഓണ്‍ലൈന്‍ സാങ്കേതിക ലോകത്തെ അറിവിന്റെ ഇടമാണ് വിക്കിപീഡിയ. ജിമ്മി വെയില്‍സ്, ലാറി സാംഗര്‍ എന്നിവര്‍ ചേര്‍ന്ന് 2001 ജനുവരി 15നാണ് വിക്കിപീഡിയ പദ്ധതിക്ക് തുടക്കംകുറിച്ചത്. അറിവിന്റെ ജനകീയവല്‍ക്കരണം ലക്ഷ്യമിട്ടുകൊണ്ട് വിവിധ വിഷയങ്ങളെ പറ്റി ആധികാരികവും സൗജന്യവുമായ വിവരങ്ങള്‍ നല്‍കുന്ന ഈ സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശം വളരെ പെട്ടെന്ന് ജനകീയമാകുകയായിരുന്നു.

സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡിയയുടെ മലയാള പതിപ്പുണ്ടാകുന്നത് 2002 ഡിസംബര്‍ 21 നാണ്. അമേരിക്കന്‍ ഗവേഷണ വിദ്യാര്‍ഥിയായിരുന്ന തിരുവനന്തപുരം സ്വദേശി എം.പി വിനോദ് മേനോനാണ് മലയാളം വിക്കിപീഡിയയയുടെ ഉപജ്ഞാതാവ്. തുടക്കത്തില്‍ മലയാളം ഭാഷ ഓണ്‍ലൈന്‍ ലോകത്ത് ഉപയോഗിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. എല്ലാവര്‍ക്കും ലഭിക്കുന്ന ഫോണ്ട് ലഭ്യമാക്കാന്‍ ഏറെ കാത്തിരിക്കേണ്ടി വന്നു. യുണികോഡ് വന്നതോടെയാണ് മലയാളം വിക്കിപീഡിയ കൂടുതല്‍ സജീവമായത്.

അതിനാല്‍ ഔദ്യോഗികമായി മലയാളം വിക്കിപീഡിയ ആരംഭിച്ചത് 2002 ഡിസംബര്‍ 21 ന് എന്ന് പറയാം. ആ ദിവസം വിനോദ് എഴുതിയ മലയാളം അക്ഷരമാല എന്ന ലേഖനമാണ് മലയാളം വിക്കിപീഡിയയിലെ വിജ്ഞാനസംബന്ധിയായ ആദ്യ ലേഖനമെന്നു കരുതുന്നു. http://ml.wikipedia.org/ എന്ന വിലാസത്തിലെക്ക് മാറിയ ശേഷം രണ്ട് വര്‍ഷത്തോളം മലയാളം വിക്കിപീഡിയയെ സജീവമായി നിലനിര്‍ത്താന്‍ പ്രയത്‌നിച്ചതും വിനോദ് തന്നെയാണ്. കുറേ കാലത്തോളം അദ്ദേഹം ഒറ്റയ്ക്കായിരുന്നു ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ചെയ്തിരുന്നത്. വിവിധ മലയാളി ഓണ്‍ലൈന്‍ ഗ്രൂപ്പുകളിലും, ചര്‍ച്ചാവേദികളിലും മലയാളം ശരിയായി വായിക്കാനും എഴുതാനുമുള്ള സഹായങ്ങള്‍ അന്വേഷിച്ച് അദ്ദേഹം എഴുതിയ കുറിപ്പുകള്‍ കാണുന്നുണ്ട്. മലയാളം വിക്കിപീഡിയയുടെ ആരംഭകാലത്ത് ഉണ്ടായിരുന്ന അംഗങ്ങളെല്ലാം വിദേശ മലയാളികളായിരുന്നു.

Comments are closed.