DCBOOKS
Malayalam News Literature Website

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി

മാനന്തവാടി: എഫ്.സി.സി. സന്യാസിനി സഭയില്‍നിന്നും പുറത്താക്കിയതിനെതിരെ സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ രണ്ടാമത്തെ അപ്പീലും വത്തിക്കാന്‍ തള്ളി. സഭാനടപടി നിര്‍ത്തിവെക്കണമെന്നും തന്റെ ഭാഗം കേള്‍ക്കണമെന്നും ആവശ്യപ്പെട്ടാണ് സിസ്റ്റര്‍ ലൂസി കളപ്പുര വീണ്ടും അപ്പീല്‍ നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ ആദ്യം നല്‍കിയ അപ്പീല്‍ തള്ളിയതിനെത്തുടര്‍ന്നാണ് രണ്ടാമത് വീണ്ടും അപ്പീല്‍ നല്‍കിയത്. അപ്പീല്‍ തള്ളിക്കൊണ്ടുള്ള മറുപടി ഉത്തരവ് സിസ്റ്റര്‍ക്ക് ലഭിച്ചു.

സഭാചട്ടങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് സിസ്റ്റര്‍ ലൂസിയെ സന്യാസിനി സഭയില്‍നിന്നും പുറത്താക്കിയത്. സിസ്റ്ററെ മഠത്തില്‍നിന്നും പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് മാനന്തവാടി മുന്‍സിഫ് കോടതിയില്‍ നല്‍കിയ കേസ് നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ മഠത്തില്‍നിന്ന് സിസ്റ്റര്‍ക്ക് പുറത്തുപോകേണ്ടിവരില്ലെന്നാണ് നിഗമനം.

അതേസമയം എന്ത് സംഭവിച്ചാലും താന്‍ മഠം വിട്ടുപോകില്ലെന്ന ഉറച്ച നിലപാടിലാണ് സിസ്റ്റര്‍ ലൂസി കളപ്പുര. തന്നെ പിടിച്ചിറക്കാമെന്ന് ആരും സ്വപ്‌നം കാണേണ്ടെന്നും അവര്‍ വ്യക്തമാക്കി. വത്തിക്കാന്‍ തനിക്ക് ഒരു സ്ത്രീയെന്ന പരിഗണന പോലും നല്‍കിയില്ലെന്ന് സിസ്റ്റര്‍ ലൂസി ആരോപിച്ചു. സത്യം പറഞ്ഞതിനാണ് സഭയില്‍നിന്നും പുറത്താക്കിയത്. സഭ തനിക്ക് നീതി നല്‍കിയില്ലെന്നും  തന്റെ ഭാഗം കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. നീതി ഉറപ്പാക്കാന്‍ കഴിയാത്ത ആ നിയമത്തെ പുച്ഛിച്ചു തള്ളുന്നതായും ലൂസി കളപ്പുര പറഞ്ഞു. ഇന്ത്യന്‍ നിയമവ്യവസ്ഥയെ ബഹുമാനിക്കും. അതിനാല്‍ നിയമപോരാട്ടം തുടരുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

Comments are closed.