DCBOOKS
Malayalam News Literature Website

പുസ്തകങ്ങളുടെയും വായനയുടെയും ലോകത്ത്…

‘കാക്കത്തൊള്ളായിരം പുസ്തകങ്ങളെ
ജീവിതത്തോടു ഗാഢമായി ചേര്‍ത്ത
എല്ലാ നല്ല ലൈബ്രേറിയന്മാര്‍ക്കും
അവരെ സ്‌നേഹിക്കുന്നവര്‍ക്കും.’

ഇങ്ങനെ പറഞ്ഞുകൊണ്ടാണ് സി.വി.ബാലകൃഷ്ണന്‍, ‘ലൈബ്രേറിയന്‍’ എന്ന പുസ്തകത്തിന്റെ സമര്‍പ്പണം ചെയ്തിരിക്കുന്നത്.

2014-ല്‍ ആദ്യപ്രതി പുറത്തിറങ്ങിയ ഈ പുസ്തകത്തിന്റെ കാതല്‍ എന്ന് പറയുന്നത് തന്നെ, ഒരു പുസ്തകശാലയും ലൈബ്രേറിയനുമാണ്. അവിടെ വന്ന് നിറയുന്ന പുസ്തകങ്ങളും, ബാഹുലേയന്‍ എന്ന ലൈബ്രേറിയന്റ വിഭ്രാത്മക കാഴ്ചകളെന്നെ പോലെ, അയാളോട് സംവദിക്കുന്ന ഓരോരോ എഴുത്തുകാരും പുസ്തകത്തിലുടനീളം നിറഞ്ഞ് നില്‍ക്കുന്നു.

മലയാളസാഹിത്യത്തിന്റെ ഉത്തരാധുനിക കാലഘട്ടത്തെ തന്റെ രചനാശൈലികളുടെ പ്രത്യേകതകള്‍ കൊണ്ട് വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് സി.വി.ബാലകൃഷ്ണന്‍. പതിനഞ്ചിലേറെ നോവലുകളും നിരവധി കഥകളും നോവല്ലെകളും ഇദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയിട്ടുണ്ട്. അതിനുമപ്പുറം എത്രയോ വലിയ ഒരു വായനക്കാരനാണ് ഗ്രന്ഥകര്‍ത്താവ് എന്ന് വെളിപ്പെടുത്തുന്ന ഒരു കൃതി കൂടിയാണ് ‘ലൈബ്രേറിയന്‍ ‘

പുസ്തകങ്ങളും എഴുത്തുകാരുമെല്ലാം പരാമര്‍ശങ്ങളായി വരുന്ന കൃതികള്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍, സംഗീത ശ്രീനിവാസന്റെ ‘ശലഭം, പൂക്കള്‍, എയ്‌റോ പ്ലെയ്ന്‍’ പിന്നീടുവന്ന അജയ് പി. മങ്ങാടിന്റെ ‘സൂസന്നയുടെ ഗ്രന്ഥപ്പുര’ തുടങ്ങിയ കൃതികളിലൂടെ മലയാളി വായനക്കാര്‍ വായിച്ചു. എന്നാല്‍ ‘ലൈബ്രേറിയന്‍’ അതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു വായനയാണ് കാഴ്ചവെച്ചത് എന്ന് സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്.

ഒരു വായനക്കാരന്‍ പോലുമല്ലാതിരുന്ന, വേലുക്കുഞ്ഞ് ബാഹുലേയന്റ അച്ഛന്‍ ആ പേരില് ‘വേലുക്കുഞ്ഞ് സ്മാരക ഗ്രന്ഥാലയം’ എന്ന പേരില്‍ ഒരു വായനശാല തുടങ്ങുന്നു. ഇരുപത്തിയഞ്ച് സെന്റ് സ്ഥലം വേറെ പലതിനും ഉപയോഗപ്പെടുത്താമെന്ന് കരുതുന്നവരും അത് വില കൊടുത്ത് കൈവശപ്പെടുത്താമെന്നും കരുതുന്നവര്‍ ആ ഗ്രാമത്തിലുണ്ട്.

വായനയെ സ്‌നേഹിക്കുന്ന ഒരു പാട് പേരുണ്ട് അവിടെ. ഷേക്‌സ്പിയര്‍ സാഹിത്യത്തില്‍ അഗാധമായ അറിവുള്ള ഡോ.മുകുന്ദരാജ ലൈബ്രറിയുടെ ഒരു വെല്‍വിഷര്‍ ആണ്. ആരൊക്കെയോ സംഭാവന ചെയ്ത, എവിടെ നിന്നൊക്കെയോ രണ്ടാം കൈപ്പുസ്തകമായി വാങ്ങിയ പുസ്തകങ്ങളായിരുന്നു, ഈ വായനശാലയുടെ മുതല്‍ക്കൂട്ട്. നാലപ്പാട്ട് നാരായണ മേനോന്‍ പരിഭാഷപ്പെടുത്തിയ ഹ്യൂഗോയുടെ ‘പാവങ്ങള്‍ മുതല്‍ തോമസ് ഹാര്‍ഡിയും ഷേക്‌സ്പിയറും ഷെല്ലിയും കീറ്റ്‌സും മോപ്പസാങ്ങും അലന്‍ പോയും എഞ്ചുവടിയുമൊക്കെയുണ്ട് അവിടെ.

ഒരേയൊരു വനിത മെമ്പര്‍, തങ്കമ്മ, അവളുടെ വായനാവഴികള്‍ അത്ഭുതപ്പെടുത്തുന്നു. നൂല്‍നൂല്പു കേന്ദ്രത്തില്‍ ജോലി ചെയ്യുന്ന അവള്‍, വായനയിലൂടെ കൈവരിക്കുന്ന വെളിച്ചം നോവലില്‍ വെളിപ്പെടുന്നുണ്ട്. രണ്ട് കാലും തളര്‍ന്ന്, ജീവിതം, മുച്ചക്രവണ്ടിയിലായിപ്പോയ ഉല്ലാസന് യാത്രാവിവരണങ്ങളായിരുന്നു ജീവന്‍. ദസ്‌തേയേവ്‌സ്‌കിയുടെ ‘മരിച്ചവരുടെ വീട് ‘ ബാഹുലേയന്‍, ഉല്ലാസന് വായിക്കാന്‍ കൊടുക്കുന്നുണ്ട്.

ചെസ്റ്റര്‍ടണിന്റെ ഫാദര്‍ ബ്രൗണിന്റെ പുസ്തകങ്ങള്‍ക്കിടയിലൂടെ നോക്കുമ്പോള്‍, കുന്തിച്ചിരുന്ന് പെടുക്കുന്ന പൊന്‍കുന്നം വര്‍ക്കിയെ കാണുന്ന ബാഹുലേയന്‍, പിന്നീട് അവരുമായി സംഭാഷണത്തിലേര്‍പ്പെടുന്നു. ഇങ്ങനെ തകഴിയുമായി സംസാരിക്കുന്നുണ്ട് നോവലിന്റെ തുടക്കത്തില്‍.

വിപ്ലവം ചിന്തയിലേറി നടക്കുന്ന സോമവ്രതന്‍, മറ്റൊരു കഥാപാത്രമാണ്. ലളിതാംബിക അന്തര്‍ജ്ജനം, മാധവിക്കുട്ടി, ആന്‍ ഫ്രാങ്ക്, ബോര്‍ഹെസ് അങ്ങിനെ നിരവധി എഴുത്തുകാര്‍ ഈ പുസ്തകത്തില്‍ കഥാപാത്രങ്ങളായി വരുന്നു. അവര്‍ പലപ്പോഴും ബാഹുലേയനുമായി സംഭാഷണങ്ങളിലേര്‍പ്പെടുന്നു. ഇതെല്ലാം വളരെ കൗതുകത്തോടെ വായിച്ചിരിക്കാന്‍ പറ്റുന്ന, ബോറടിപ്പിക്കാത്ത ആഖ്യാനശൈലിയോടെയാണ് സി.വി. എഴുതിയിരിക്കുന്നത്.

വായനയെ അത്രത്തോളം സ്‌നേഹിക്കുന്ന ഒരാള്‍, അയാളുടെ ഉപബോധമനസ്സില്‍ ആഴപ്പെട്ടു പോയ എഴുത്തുകാരുമായുള്ള താദാത്മ്യപ്പെടല്‍, അതായിരിക്കും, ഒരു സാധാരണസംഭവം പോലെ, ഇയാള്‍ക്ക്, എഴുത്തുകാരെ കാണാനും സംസാരിക്കാനുമൊക്കെയുള്ള ഒരു മാനസികാവസ്ഥ, ഒരുപക്ഷേ, വിഭ്രമാത്മകമായ ഒരു മാനസികാവസ്ഥ ഉണ്ടാക്കി കൊടുത്തത്.

സിദ്ധപ്പമല്ലര്‍ എന്ന വില്ലന്‍ കഥയില്‍ കടന്നു വരികയും, നോവല്‍ സംഭവബഹുലമായ മറ്റ് സംഭവങ്ങള്‍ക്ക് വേദിയാവുകയും ചെയ്യുന്നു. ഒട്ടനവധി മലയാള എഴുത്തുകാരും വിദേശീയരായ എഴുത്തുകാരും അവരുടെ പുസ്തകങ്ങളും, അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ചെറിയ രസകരമായ സംഭവങ്ങളും ബാഹുലേയനിലൂടെ വായനക്കാരനിലേയ്ക്കും എത്തുന്നു. അത് മാത്രമല്ല, ഒരു ഗ്രാമ്യാന്തരീക്ഷത്തില്‍, നടക്കുന്ന ഒരു കഥ വളരെ സൗമ്യമായി, കെട്ടുറപ്പോടെ, ഒരു ലൈബ്രറിയെയും ലൈബ്രേറിയനെയും കേന്ദ്രീകരിച്ച്, ഒട്ടനവധി കഥാപാത്രങ്ങളോടെ പറഞ്ഞിരിക്കുന്നു.

തുരുത്തിക്കാട്ടിലെയും സമീപപ്രദേശങ്ങളിലെയും വീടുകളില്‍ നിന്ന് ശേഖരിച്ച പുസ്തങ്ങളുമായി, ‘പബ്ലിക് ലൈബ്രറി തുരുത്തിക്കാട്’ എന്ന പേരില്‍ ഒരു സംരംഭം തുടങ്ങുകയും, അതിലേയ്ക്കായി സ്വന്തം രണ്ട് സെന്റ് ഭൂമി വിട്ടുകൊടുക്കുകയും ചെയ്ത്, ദീര്‍ഘകാലം ലൈബ്രേറിയനായി ജോലി ചെയ്ത, പി.പി.നാരായണക്കുറുപ്പ് എന്ന വ്യക്തിയെക്കുറിച്ച്  വായിച്ചതോര്‍ക്കുന്നു.

ഇത്തരം പുസ്തകസ്‌നേഹികളായ ഒത്തിരിപേരുടെ കഥകള്‍, സി.വി.യുടെ ഈ പുസ്തകം വായിക്കുമ്പോള്‍ ഓര്‍മ്മയില്‍ വന്നു പോകും. ലൈബ്രറി തീയിട്ട് നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു സംഭവം ഈ പുസ്തകത്തിലുണ്ട്. പക്ഷേ, വായന കത്തിനശിക്കുകയില്ല എന്ന് ആര്‍ക്കാണ് അറിയാത്തത്?

സി.വി.ബാലകൃഷ്ണന്റെ ലൈബ്രേറിയന്‍ എന്ന നോവലിന് ദിവ്യ ജോണ്‍ ജോസ് എഴുതിയ വായനാനുഭവം

Comments are closed.