DCBOOKS
Malayalam News Literature Website

വേദനിക്കുന്ന ഹൃദയങ്ങളില്‍ ആ ചിരി ആശ്വാസം പകര്‍ന്നു: ടി.എന്‍.

കായികകേളിയുടെ തമ്പുരാന്‍ എന്നറിയപ്പെടുന്ന കേണല്‍ ഗോദവര്‍മ്മരാജയുടെ ജീവചരിത്രമാണ് ടി.എന്‍. ഗേപിനാഥന്‍ നായര്‍ എഴുതിയ കേണല്‍ ഗോദാവര്‍മ്മരാജ എന്ന പുസ്തകം. കേരളത്തിലെ വിനോദസഞ്ചാരത്തിന്റെ പിതാവായും അദ്ദേഹം അറിയപ്പെടുന്നു. സംഭവബഹുലമായ ആ മഹാജീവിതത്തിന്റെ ഉജ്ജ്വലമായ ആവിഷ്‌കാരമാണ് ഈ കൃതി.

പുസ്തകത്തിന് ടി.എന്‍. ഗോപിനാഥന്‍ നായര്‍ എഴുതിയ ആമുഖക്കുറിപ്പില്‍ നിന്നും..

ഹിമാലയന്‍ തീരങ്ങളിലെ കുളു താഴ്‌വരയില്‍നിന്ന് ഒരു ആത്മാവിന്റെ അകളങ്കിതമായ പൊട്ടിച്ചിരി ഉയര്‍ന്നു. ചാരിതാര്‍ത്ഥ്യത്തിന്റെ ചിരി. കൃതകൃത്യതയുടെ ചിരി. ആത്മാര്‍ത്ഥതയുടെ ചിരി. ജന്മസാഫല്യത്തിന്റെ ചിരി. ആ ചിരിയുടെ കുളിരലകള്‍ അന്തരീക്ഷത്തിലൂടെ നീന്തിനീന്തി വന്നു. നദികളും മേടുകളും കാടുകളും മരുഭൂമികളും ഗിരിനിരകളും കടന്നു കേരളത്തിലെത്തി. കേരളത്തിലെ അനേകലക്ഷം വേദനിക്കുന്ന ഹൃദയങ്ങളില്‍ ആ ചിരി ആശ്വാസം പകര്‍ന്നു. അനേകലക്ഷം ജനങ്ങള്‍ മനസ്സിലേറ്റി ലാളിക്കുന്ന കേണല്‍ ഗോദവര്‍മ്മ രാജയുടെ അനനുകരണീയമായ ചിരിയാണ് അത്. ചിരിക്കാന്‍ ജനിച്ച തിരുമേനി! ജീവിതം ചിരിയാക്കിമാറ്റിയ തിരുമേനി!.

പത്തുവര്‍ഷം കഴിഞ്ഞിട്ടും ആ ചിരിക്കു മങ്ങലേറ്റിട്ടില്ല. മാധുര്യത്തിനും തേയ്മാനം വന്നില്ല. മങ്ങലോ തോയ്മാനമോ ഏല്‍ക്കുകയില്ല. ആ ചിരി അനുരണനം ചെയ്യുന്നു. അദ്ദേഹം കേരളീയര്‍ക്ക് അത്ര പ്രിയങ്കരനാണ്. ആ ചിരി കേരളത്തിലെ മൈതാനങ്ങളിലും കളിസ്ഥലങ്ങളിലും വിമാനത്താവളങ്ങളിലും വേളിയിലും കോവളത്തും വലംവെച്ചു. അവിടെയൊക്കെയാണ് അദ്ദേഹത്തിന്റെ മനോരഞ്ജകമായ ആയിരമായിരം സ്വപ്‌നങ്ങല്‍ പൂവണിഞ്ഞത്. ആ ചിരി തിരുവിതാംകൂര്‍ മഹാരാജാവിന്റെ കവടിയാര്‍ക്കുന്നു കൊട്ടാരത്തില്‍ എത്തി. അവിടെ ഓരോ മുറിയിലും മുക്കിലും മൂലയിലും അലകളിളക്കി. അവിടെയാണ് അദ്ദേഹത്തിന്റെ ജീവിതവസന്തം കുടമുല്ലയുടെ പരിമളം പകര്‍ത്തി വിടര്‍ന്നത്.

ആ ചിരി ഗ്രാമങ്ങള്‍ പിന്നിട്ടു മൂളിപ്പാട്ടുപാടി നൃത്തം ചെയ്തു പോകുന്ന പുണ്യനദിയായ മീനച്ചിലാറിന്റെ പിന്നാലെ ചെന്നു പൂഞ്ഞാര്‍ രാജകൊട്ടാരത്തില്‍ ഭക്ത്യാദരപൂര്‍വ്വം പരതിനടന്നു. പാരമ്പര്യമേന്മയാര്‍ന്ന ആ കൊട്ടാരത്തിലാണ് അദ്ദേഹം ഭൂജാതനായത്. ആ തിരുമുറ്റത്താണ് പിച്ചവെച്ചത്; നാടന്‍ പന്തു കളിച്ചത്. സുരുചിരമായ കൗമാരത്തിന്റെ ചിരിയും കരച്ചിലും അവിടെ ആലിയായി നില്‍ക്കുന്നു. ആ ചിരിയെ തുടര്‍ന്ന് എന്റെ ഭാവന പൂഞ്ഞാര്‍ രാജവംശത്തിന്റെ പൂര്‍വ്വകഥകള്‍ ചികയാന്‍ ചിറകുവിടര്‍ത്തുകയാണ്.

Comments are closed.