DCBOOKS
Malayalam News Literature Website

രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും’ നോവലിന് ഒരു ആസ്വാദനം

 

ശാന്തവും സുന്ദരവുമായ ഒരനുഭവമാകണം എന്ന് ആഗ്രഹിക്കുവാന്‍ മാത്രം കഴിയുന്ന ഒന്ന്… തടസ്സങ്ങളില്ലാതെ മുന്നോട്ടൊഴുകണം എന്നാശിക്കുന്ന നദി.. ആരാണ് നിശ്ചയിക്കുന്നത്? ആ പ്രപഞ്ചശക്തിയുടെ മുന്‍പില്‍ സാഷ്ടാംഗം പ്രണാമം.

ഹൃദയത്തില്‍, മരണങ്ങള്‍ വിടവുകള്‍ വീഴ്ത്തുന്നതും വളരുന്നതും നോക്കി നോക്കി നില്‍ക്കുന്ന നേരത്താണ്, ഒരു പുസ്തകം വായിച്ചത്. സുഹൃത്തു കൂടിയായ രാജേന്ദ്രന്‍ എടത്തുംകരയുടെ ‘ഞാനും ബുദ്ധനും.’ ആദ്യവായനയില്‍ ഞാന്‍ കപിലവസ്തുവില്‍ വണ്ടിയിറങ്ങി പകച്ചുനില്ക്കുകയായിരുന്നു. ഒരു തകര്‍ന്ന സാമ്രാജ്യത്തിന്റെ പടിവാതില്‍ക്കല്‍ അതുവരെ പരിചിതമെന്നു തോന്നിയ മുഖങ്ങളിലെല്ലാം, ഭാവം പകര്‍ന്ന് മറ്റൊന്നാകുന്നതു കണ്ട് അമ്പരന്ന്…

ഇന്നിപ്പോള്‍ കപിലവസ്തുവിലെ ഗതികെട്ടലയുന്ന കാറ്റില്‍, രോഹിണിയുടെ അലറിപ്പായുന്ന ആര്‍ത്തനാദങ്ങളില്‍, സന്യാസത്തിന്റെ ഇരുട്ടു വീണു കെട്ടുപോയ രാജസത്തിളക്കങ്ങളില്‍, പ്രണയം ഊര്‍ന്നുവീണ വീര്‍പ്പുമുട്ടുന്ന ശ്വാസനാളികകളില്‍, അലഞ്ഞലഞ്ഞ് നടപ്പാണ്. വായന ഒരു ജീവിതാനുഭവമാണെന്ന് ഞാനും ബുദ്ധനും വീണ്ടും ഓര്‍മിപ്പിച്ചു. വായിച്ചെണീക്കുന്നേടത്തു നിന്നും മനസ്സിലാഴ്ന്ന കഥാപാത്രങ്ങളുമായി ഒരു തുടര്‍ ജീവിതാനുഭവം.

ബുദ്ധനെയേ കണ്ടിരുന്നുള്ളൂ ഇതുവരെ. സിദ്ധാര്‍ത്ഥനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ക്ക് ഒരു ടിപ്പിക്കല്‍ പലായനം എന്നതിനപ്പുറത്ത് ഒരാഴവും ഉണ്ടായിരുന്നില്ല. കപിലവസ്തു എന്ന രാജ്യം മറ്റേതൊരു രാജ്യവും പോലെ ഒന്ന്. എന്നാല്‍ ഇന്നങ്ങനെയല്ല. കല്യാണിയുടെയും കമലയുടെയും ഗോപയുടെയും കൂടിയാണ് ഇന്ന് എനിക്ക് കപില വസ്തു. ബോധിവൃക്ഷവും ബോധവും നേരെയാക്കുന്ന നാട്. ബുദ്ധകേന്ദ്രീകൃതമായ ചിന്തകള്‍ക്കപ്പുറത്തു ബുദ്ധന്റെ നാടു കേന്ദ്രീകരിച്ചൊരുള്‍ച്ചേരല്‍ വേറിട്ട ഒന്നാണ്.

രാജേന്ദ്രന്‍ എടത്തുംകര എന്ന പുതിയ ഒരെഴുത്തുകാരന്‍ തന്റെ ആദ്യ നോവല്‍ കൊണ്ട് മലയാള സാഹിത്യത്തില്‍ സ്വന്തം നില അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ബുദ്ധന്‍പോലൊരു ആശയത്തെ സമീപിക്കുമ്പോള്‍, ഏതു നിലപാടെടുക്കും എഴുത്തുകാരന്‍ എന്നത് ഒരു വിഷയം തന്നെയാണ്. എനിക്ക് തോന്നുന്നത് രാജേന്ദ്രന്‍ ഇവിടെ കമലയാണ്. കമല തന്നെയാണ്. പൂപ്പരുത്തിയുടെ കൊമ്പുലയ്ക്കുന്ന ചിരിയുള്ള കമല! അവളുടെ ധൈഷണികയുക്തി രാജേന്ദ്രന്റെ യുക്തി തന്നെയാണ്. കരിങ്കല്‍ത്തൂണുകളുടെ വിടവിലൂടെ, ദൂരത്തായി മരവിച്ചു കിടക്കുന്ന രാഹുലന്റെ ശരീരം കണ്ടുകൊണ്ട് ‘നമ്മുടെ മകള്‍ മരിച്ചു’ എന്ന് കുറ്റപ്പെടുത്തല്‍പോലെ ഭര്‍ത്താവിനോട് പറയാന്‍ ശ്രമിക്കുന്ന ഗോപ. അച്ഛനോട് പറയാന്‍ ‘എനിക്ക് എന്റെ അവകാശം വേണ’മെന്ന് മകനെ പറഞ്ഞു പഠിപ്പിച്ച് പരാജയപ്പെട്ടവള്‍..

‘മഗധയില്‍ ബിംബിസാരന്‍ ദയയോടെ സമ്മാനിച്ച വേണുവനത്തില്‍ അയാളിപ്പോഴും ഇല്ലേ തേലംഗാ’ എന്ന് ചോദിക്കാന്‍ ചങ്കൂറ്റമുള്ള കമല. ജീവന്‍ പൊടിക്കാത്ത തനുസ്തരങ്ങളില്‍ തടവി, എനിക്കൊരു ഗര്‍ഭപാത്രമുണ്ടെന്ന് ഉറക്കെ പറഞ്ഞവള്‍..ബുദ്ധന്‍ എന്ന വൈദ്യുതാലിംഗനത്തില്‍, അകന്നുപോകുന്ന പ്രണയത്തില്‍, കുഴഞ്ഞ മണ്ണില്‍ പുതഞ്ഞു കിടന്ന കല്യാണി. ശരണമന്ത്രങ്ങളില്‍ കപിലവസ്തു കുതിരുന്നത്, തിരിച്ചറിയാതെ പോയ നിസ്സഹായയായ കാമുകി..

എന്തിന്, വിഹാരത്തിനു പുറത്ത് കരുണ യാചിച്ചു നില്‍ക്കുന്ന കപിലവസ്തുവിലെ ഓരോ പെണ്മയും. ഭിക്ഷുണീസംഘത്തിന്റെ നിയമാവലികള്‍ക്കകത്തുകൂടി മാത്രം തുറന്ന വാതില്‍ അമ്മമഹാറാണിക്ക്! ജീവന്‍ വെടിയും എന്ന ഭീഷണങ്ങളിലും ഇളകാത്ത ബുദ്ധന്റെ കല്‍പന പതിച്ചവരില്‍ അമ്മയും! അഭയം തേടി വന്ന പെണ്‍കൂട്ടത്തിലേയ്ക്ക് ചീവരങ്ങളും മുണ്ഡിത ശിരസ്സുകളും സമ്മാനിച്ച ബുദ്ധന്‍! അന്തസ്സിനു മുറിവേറ്റ പെണ്മയുടെ ഘോഷയാത്രയാണ് ‘ഞാനും ബുദ്ധനും’ നിറയെ. ജ്ഞാനം കൊണ്ട് ലോകം നേടിയ ബുദ്ധനില്‍ പ്രതീക്ഷ വച്ച് പരാജയപ്പെട്ട ആശ്രയങ്ങള്‍.

ഈ സഹോദരനെയും കാണാതിരിക്കുക വയ്യ. സ്വയംവരം തൊട്ടേ പെങ്ങള്‍ക്ക് തെറ്റിയെന്നു വിശ്വസിച്ചവള്‍. ഭര്‍ത്തൃവിഹാരത്തില്‍ പരിചാരികയും ഭിക്ഷുണിയുമായി, ഏഴാം വയസ്സില്‍ സന്യാസിയായ സന്താനത്തെ കാണുക പോലുമാവാതെ തകര്‍ന്ന പെങ്ങളെയോര്‍ത്ത് സര്‍വാങ്കത്തിലും തളര്‍ന്ന ദേവദത്തന്‍. മനസ്സാല്‍ പലവട്ടം ബുദ്ധനെ കൊന്നിട്ടായാലും പെങ്ങളെ നേടണമെന്നു കരുതിയവനുപോലും, രക്ഷയായിനി ചീവരമേയുള്ളൂ എന്ന കോകാലികന്റെ ചിന്ത, ഒരേ സമയം ബുദ്ധന്റെ വൈദ്യുതാലിംഗനത്തിന്റെ മൂര്‍ച്ഛിച്ച രൂപവും കഥയുടെ സന്ദേശവുമാണ്.

രാഹുലന്റെ മരണത്തില്‍ തുടങ്ങുകയും ഒടുങ്ങുകയും ചെയ്യുന്നു, ‘ഞാനും ബുദ്ധനും.’ എന്നാല്‍ കപിലവസ്തുവാകട്ടെ, ഒരു ആനിമേഷന്‍ ചിത്രത്തിലെന്നപോലെ പുതുതായി ഉയരുകയാണ്. പരാജിതരുടെ നാട്.. രക്തബന്ധങ്ങള്‍ നിലവിളിക്കുന്ന നിരാശ്രയങ്ങളുടെ ഭൂമി.. ബോധിച്ചുവട്ടിലും തണല്‍ പൊള്ളുന്ന, പുതിയ കപിലവസ്തു. കോകാലികന്റെ ചിന്തയാണിപ്പോള്‍ മനസ്സില്‍ ബാക്കിയാകുന്നത്. ആശ്വാസമാകുന്നത് ചീവരം മാത്രം..

കടപ്പാട്‌ ( സത്യദീപം ഓണ്‍ലൈന്‍)

 

 

Comments are closed.