DCBOOKS
Malayalam News Literature Website

സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍; ഡോ. ജെ. ഗിരീഷ്

‘തെളിവുകള്‍ നയിക്കട്ടെ’ എന്ന മുദ്രാവാക്യമുയര്‍ത്തി സ്വതന്ത്രചിന്തകരുടെ കൂട്ടായ്മ സംഘടിപ്പിച്ച വിഞ്ജാനോത്സവം ‘ലിറ്റ്മസ്-18’ല്‍ അവതരിപ്പിക്കപ്പെട്ട ഗരിമയാര്‍ന്ന പ്രഭാഷണങ്ങളുടെ പുസ്തകരൂപമാണ് സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍. കോളജ് അദ്ധ്യാപകനായ ഡോ ജെ ഗിരീഷാണ് പുസ്തകം എഡിറ്റ് ചെയ്തിരിക്കുന്നത്.

ശാസ്ത്രീയ മനോവൃത്തിയും മാനവികതയും പ്രോത്സാഹിപ്പിക്കുന്ന എസ്സന്‍സ് ഗ്ലോബല്‍ എന്ന ശാസ്ത്ര-സ്വതന്ത്ര ചിന്താകൂട്ടായ്മ 2018 ഒക്ടോബര്‍ 2, 3 തീയതികളിലായാണ് തിരുവനന്തപുരം നിശാഗന്ധിയില്‍ ലിറ്റ്മസ്-18 സംഘടിപ്പിച്ചത്. ഈ സ്വതന്ത്ര-ശാസ്ത്ര സമ്മേളനത്തില്‍ മുവായിരത്തോളം പേരാണ് പങ്കെടുത്തത്. അവതരണമികവുകൊണ്ടും ജനപങ്കാളിത്തംകൊണ്ടും കാനഡയിലെ വാന്‍കൂറില്‍ നടക്കാറുള്ള TED TALK നെ അനുസ്മരിപ്പിച്ച ലിറ്റ്‌സ്-18 ല്‍ ശാസ്ത്രം, മതം, യുക്തിചിന്ത, ചരിത്രം, ജൈവകൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി വൈവിധ്യവും വ്യത്യസ്തവുമായ വിഷയങ്ങളാണ് ചര്‍ച്ചചെയ്യപ്പെട്ടത്. യുക്തിയിലധിഷ്ഠിതമായ ചിന്തയിലേക്കുള്ള വാതായനം തുറക്കുന്ന പ്രഭാഷണങ്ങളാണ് സ്വതന്ത്രചിന്തയുടെ സുവിശേഷങ്ങള്‍ എന്ന പുസ്തകത്തിന്റെ ഉള്ളടക്കം.

പിന്നോട്ടടുക്കുന്ന കേരളത്തെതന്നെയാണ് ഈ പുസ്തകം ഉന്നം വയ്ക്കുന്നത്. മാനവികത, യുക്തിപരത,സാഹോദര്യം, ശാസ്ത്രീയത തുടങ്ങിയ മൂല്യങ്ങള്‍ ഉപേക്ഷിച്ച് അശാസ്ത്രീയത, വര്‍ഗീയത, മതാത്മകത, അന്ധവിശ്വാസം എന്നിവ അഭിരമിക്കുന്ന ഒരു ജനസമുദായത്തോടാണ് ഈ പുസ്തകം സംവദിക്കുന്നത്. വിഷയങ്ങളുടെ വൈപുല്യവും വൈവിധ്യവുമാണ് ഏറ്റവും ശ്രദ്ധേയം. പരിണാമം, ശാസ്ത്രം, സാങ്കേതികവിദ്യ, രാഷ്ട്രീയം, സമൂഹമനശ്ശാസ്ത്രം, ചരിത്രം, കൃഷി, വൈദ്യശാസ്ത്രം തുടങ്ങി നമ്മെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇവിടെ ചര്‍ച്ചചെയ്യുന്നു. സ്വതന്ത്രചിന്താപദ്ധതിയെപ്പറ്റി വലിയ അറിവില്ലാത്തവരെയും സമകാലിക സ്വതന്ത്രചിന്തയുടെ മേച്ചില്‍ പുറങ്ങളെ അടയാളപ്പെടുത്തുന്നു ഈ പുസ്തകം.

രവിചന്ദ്രന്‍ സി, ഡോ അഗസ്റ്റസ് മോറിസ്, ഡോ വൈശാഖന്‍ തമ്പി, ഡോ ദിലീപ് മാമ്പള്ളില്‍, അയൂബ് പി എം, ഡോ പ്രവീണ്‍ ഗോപിനാഥ്, മനുജ മൈത്രി, ഡോ പി എസ് സുനില്‍ കുമാര്‍, ധന്യ ഭാസ്‌കര്‍ തുടങ്ങി പ്രശസ്തരായ ആളുകളാണ് ലേഖകര്‍.

Comments are closed.