DCBOOKS
Malayalam News Literature Website

‘മാർഗരീറ്റ’ മലയാള നോവലിന് അപരിചിതമായ വ്യത്യസ്തമായ ഒരു വായനാനുഭവം

എം പി ലിപിൻ രാജിന്റെ മാർഗരീറ്റ എന്ന നോവലിന് ചെറുകഥാകൃത്ത്  ബി വേണുഗോപാൽ എഴുതിയ വായനാനുഭവം

2024 ൽ ആദ്യം വായിക്കാനെടുത്ത നോവൽ  എം പി ലിപിൻ രാജിന്റെ ‘മാർഗരീറ്റ’ യാണ്. മാർഗരീറ്റ എന്ന പേരിലെ കൗതുകത്തോടൊപ്പം ഒരോ അദ്ധ്യായത്തിനും ഗണിതശാസ്ത്രസംജ്ഞകൾ തലക്കെട്ടായി ചേർത്തതിലും  അസാധരണത്വം തോന്നി. ഒറ്റനോട്ടത്തിൽ ഈ സംജ്ഞകൾക്ക് പ്രത്യേക സാംഗത്യമൊന്നും തോന്നില്ലെങ്കിലും സൂഷ്മവായനയിൽ ഈ സംജ്ഞകൾ ഒരോ അദ്ധ്യായത്തിലും വിവരിച്ച സംഭവങ്ങളുടെ ആകെത്തുകയുടെ പ്രതീകമായി കാണാൻ കഴിയുന്നുണ്ട്. മാർഗരീറ്റ ആസാമിലെ ഒരു ഭൂപ്രദേശമാണ്. നിരന്തരം മാറ്റപ്പെട്ടു കൊണ്ടിരിക്കുന്ന ചരിത്രമുള്ള ഈ ഭൂപ്രദേശമാണ് നോവലിന്റെ  പശ്ചാത്തലം. ഈ മാറ്റങ്ങളോട് കൊണ്ടും കൊടുത്തും അതിജീവനത്തിനായി പൊരുതുന്ന കുറെ മനുഷ്യരെ നമുക്കിവിടെ കാണാം. അവരുടെ ശരി,നമ്മുടെ ശരിയായി ക്കൊള്ളണമെന്നില്ല എന്നതുകൊണ്ട് അവർ റദ്ദു ചെയ്യപ്പെടേണ്ടവരാകുന്നില്ല. എല്ലാ ആശയങ്ങളോടും തുല്യ അകലം പാലിച്ച് ചിന്തയുടെ ഭാരം ഒഴിവാക്കിയാൽ നമുക്ക് ശരിയായ തീരുമാനങ്ങളിലേക്കെത്താൻ കഴിയുമെന്ന് ഭൂമിക എന്ന കഥാപാത്രം നോവലിൽ പറയുന്നുണ്ട്. പക്ഷെ അങ്ങനെയാരു അവസ്ഥയിലേക്കെത്താൻ സാധ്യമാകാത്തതാണല്ലോ എല്ലാക്കാലത്തേയും മനുഷ്യന്റെ വലിയ വെല്ലുവിളി.

ജതിൻ എന്ന ആസ്സാം കേഡർ സിവിൽ സെർവന്റ് കേരളത്തിലെ നാലു വർഷത്തെ ഡെപ്യുട്ടേഷൻ കഴിഞ്ഞു ആസാമിലേക്ക് മടങ്ങി പോകുന്നിടത്താണ് കഥയുടെ തുടക്കം. ഭാര്യയുടെ നിർബന്ധവും കേരളത്തെ കുറിച്ചുള്ള ഓർമ്മകളും കൊണ്ട്‌ കേരളത്തിലേക്ക് ജോലി ചെയ്യാൻ എത്തിയ ജതിൻ ആകെ നിരാശനാണ്. അയാൾ വിചാരിച്ച പോലെയല്ല കാര്യങ്ങൾ. അതിലുപരി ആസാമിൽ വെച്ചു ജതിൻ പരിചയപ്പെട്ട ഭൂമിക എന്ന സുഹൃത്തായിരുന്ന പെൺകുട്ടിയുടെ കൊലപാതകം അന്വേഷിക്കണം. യഥാർത്ഥകൊലപാതകികളെ കണ്ടെത്തണം. ആ കേസിൽ മൊഴി കൊടുക്കണം. ജതിന്റെ മുത്തച്ഛനായ ജി.കെ മുൻപ് ആസാമിൽ ജോലി ചെയ്തപ്പോൾ അടുത്ത ബന്ധം ഉണ്ടായിരുന്ന അർപ്പിത എന്ന ഗോത്രഅധ്യാപികയുടെ കൊച്ചുമകളാണ് ഭൂമിക. വിമതപ്രവർത്തനങ്ങളിൽ അറിയാതെ ചെന്നു പെട്ട ഭൂമികയെ തിരികെയെത്തിക്കാൻ ജതിൻ ശ്രമിക്കുന്നുണ്ടെങ്കിലും ഭൂമികയുടെ തിരോധാനത്തിലാണ് അത് അവസാനിക്കുന്നത്. അതിന്റെ കാരണം തേടി ജതിൻ നടത്തുന്ന അന്വേഷണങ്ങൾക്കൊടുവിൽ  ജതിനു ബോധ്യമാവുന്ന സത്യമാണ് നോവലിന്റെ കാതൽ.

വടക്കു കിഴക്കുള്ള മാർഗരിറ്റ എന്ന സ്ഥലവുമായി കേരളത്തെ ബന്ധിപ്പിക്കാനുള്ള ശ്രമം നോവലിസ്റ്റ് നടത്തുണ്ട് . ചിലപ്പോഴൊക്കെ കേരളത്തിന്റെ മിനിയേച്ചർ പതിപ്പല്ലേ മർഗരീറ്റ എന്ന പ്രതീതിയുണ്ടാക്കാൻ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്. മാർഗരീറ്റയുടെ ചരിത്രം Textതേടി അലയുന്ന ജതിൻ എന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ പിന്നീട് അന്വേഷിക്കുന്നത് ഭൂമികയുടെ കൊലപാതമാണ്. അങ്ങനെ കുറ്റാന്വേഷണത്തിന്റെ ഒരു തലം കൂടി നോവലിനുണ്ട്.  മനുഷ്യന്റെ സ്വത്വബോധം എപ്പോഴും  ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാക്കിയിരിക്കുന്നത് എന്നതാണ് മനുഷ്യ ചരിത്രം പറയുന്നത്. മാർഗരീറ്റയുടെ മാറ്റപ്പെടുന്ന ചരിത്രം , മനുഷ്യചരിത്രം തന്നെയാണ്. ഈ നോവലിലെ ഒരു പ്രധാന കഥാപാത്രത്തിന് ഭൂമിക എന്ന പേര് വന്നത് യാദൃശ്ചികമാകാനിടയില്ല. അപരിചിതമായ ചില ഗോത്രിയ അനുഭവങ്ങളിലേക്കും ഈ നോവൽ നമ്മെ കൊണ്ടു പോകുന്നുണ്ട്. പാപത്തെ ന്യൂട്രലൈസ് ചെയ്ത് പാപബോധത്തെ ഇല്ലായ്മ ചെയ്യുന്ന ഗോത്രിയാചാരം നോവലിൽ വിവരിക്കുന്നുണ്ട്. ആധൂനിക ന്യൂറോസയൻസുപയോഗിച്ച് ആവശ്യമില്ലാത്ത ഓർമ്മകളെ ഒഴിവാക്കുന്ന രീതിയുമായി അതിനെ താരതമ്യം ചെയ്യുന്നുണ്ട്. നോവലിലുടനീളം ചില ദാർശനിക സമസ്യകളെ വായനക്കാരൻ്റെ മുന്നിൽ കൊണ്ടുവരാൻ  നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. എന്നാൽ ഇതിനെ ഒരു ദാർശനിക നോവൽ എന്ന ഗണത്തിൽ പെടുത്താനാവില്ല. ദാർശനികത നോവലിൻ്റെ പല തലങ്ങളിൽ ഒന്നു മാത്രം.

പല അന്തർധാരകളെ സമന്വയിപ്പിക്കുന്ന ഒരു രചനാരീതിയാണ് നോവലിസ്റ്റ് സ്വീകരിച്ചിരിക്കുന്നത്. ചരിത്രം, ഭൂമിശാസ്ത്രം , തത്വചിന്ത , മെറ്റാവേഴ്സ്, ന്യൂറോ സയൻസ് ,കുറ്റാന്വേഷണം എന്നിങ്ങനെ പല ധാരകൾ കൊണ്ട് തുന്നിയുണ്ടാക്കിയതാണ് നോവൽരൂപം. ഭാഷയുടെ ലാളിത്യം കൊണ്ട് ഇതൊന്നും വായനക്കാരനെ ദുർഗ്രഹതയിലേക്ക് നയിക്കുന്നില്ല. മലയാള നോവലിന് അപരിചിതമായ വ്യത്യസ്തമായ ഒരു വായനാനുഭവമാണ് മാർഗരീറ്റ.

മലയാള മനോരമ ‘2024 ലെ അത്ഭുതപുസ്തകം’ എന്നാണ് മാർഗരീറ്റയെ വിശേഷിപ്പിച്ചത്. ആദ്യനൂറു പേജുകൾ ആയാസരഹിതമായി വായിച്ചു പോകുമെങ്കിലും ശരിക്കും അവസാനത്തെ 68 പേജുകളിലാണ് വലിയ മാറ്റങ്ങൾ സംഭവിക്കുന്നത്. വലിയ ഒരു കാൻവാസിലേക്കു കൊണ്ടു പോകേണ്ട തീമിനെ ദാർശനികമായി ചുരുക്കാൻ ശ്രമിച്ചതിന്റെ ഫലം ഈ പേജുകളിൽ കാണാം.

തങ്ങളുടെ അസ്തിത്വം തേടി അലയുന്ന ഗോത്രനിവാസികളെയും അഭയാർഥികളായി സ്വന്തം മണ്ണിൽ അലയുന്നവരെയും ചൂഷണം ചെയ്യുന്ന എൻ.ജി.ഓകളെയും നോവലിസ്റ്റ് കാണിക്കുന്നുണ്ട്. ചെറിയൊരു ശതമാനത്തെ ശത്രുക്കളായി ചൂണ്ടി കാട്ടി, ബാക്കിയുള്ളവരെ അവർക്കെതിരെ തിരിച്ചു അധികാരം നേടിയെടുക്കാൻ വിമത ഗ്രൂപ്പുകൾ ഉപയോഗപ്പെടുത്തുന്നത് ഉള്ളു പൊള്ളയായ നവോത്ഥാനമാണ്. അതിനായി ഉപയോഗപ്പെടുത്തുന്നത് ഭൂമികയുടെ അമ്മ അന്നപൂർണ്ണയേയും. നവോത്ഥാനത്തിലേക്ക് എത്തുമെന്ന് വിശ്വസിച്ചു അവർ നടത്തുന്ന നാഗത്താര സമരത്തിന്റെ ഗുണം കിട്ടുന്നത് വിപ്ലവ പ്രസ്ഥാനവുമായി ഡീൽ ഉറപ്പിച്ച റിയൽ എസ്റ്റേറ്റ് ലോബിയ്ക്കാണ്. അവർക്ക് സാംസ്‌കാരികഇടങ്ങൾ ആദ്യം തകർക്കണം. എന്നാലേ അവർക്ക് ലാഭം ഉണ്ടാക്കാൻ കഴിയൂ.

ഈ മണ്ണിൽ നിന്നും പോയവർക്ക് ആ മണ്ണിലേക്ക് മടങ്ങി വരാൻ അവകാശമുണ്ടെന്നു അടിവരയിടുന്നത് അവരുടെ വേരുകളാണെന്നു നോവലിസ്റ്റ് ഒടുവിൽ പറഞ്ഞു വെയ്ക്കുന്നു. ആ വേരുകൾ മുറിച്ചു കളയാനായി മാർഗരീറ്റയുടെ ശരിക്കുമുള്ള ചരിത്രം മാറ്റിയെഴുതാൻ ശ്രമിക്കുന്ന ബുദ്ധിജീവിയായ സൗഗന്ധിക സ്വന്തം പുസ്തകം പോലും മറ്റൊരാളിൽ നിന്നും കോപ്പിയടിച്ചാണ് എഴുത്തുകാരിയാവുന്നത്. എന്നിട്ടും അവരെ ഉപേക്ഷിക്കാൻ വിപ്ലവഗ്രൂപ്പുകൾ തയ്യറാവുന്നില്ല. അവരെ പ്രസിദ്ധയാക്കാൻ ശ്രമിക്കുന്ന വ്യാജസാമൂഹിക മാധ്യമഗ്രൂപ്പുകൾ മാർഗരീറ്റയുടെ യഥാർത്ഥചരിത്രം ശാസ്ത്രീയമായി എഴുതിയ  അർപ്പിത ബോറിഗാവോണിനെ സൗകര്യപൂർവ്വം തമസ്കരിക്കുന്നു.

ബുദ്ധിയെ ഉളുക്കിയോ ഇളക്കിയോ ഉള്ള വായനയാണ് രണ്ടാം ഭാഗത്തിൽ വേണ്ടത്. കാരണം ബുദ്ധിയെ നിയന്ത്രിക്കുന്ന ന്യുറോണുകളാണ് അവിടെ സത്യത്തെയും അതിനുള്ളിൽ ഒളിച്ചിരിക്കുന്ന ബോധ്യത്തെയും കണ്ടെത്താൻ ഉപയോഗിക്കുന്നത്. അതിൽ വിജയിക്കാൻ ഒടുവിൽ പോലീസ് പരാജയപ്പെട്ടിടത്ത് കുറ്റാന്വേഷകന്റെ റോൾ തനിയെ തിരഞ്ഞെടുക്കുന്ന നായകൻ ജതിൻ നായികയായ ഭൂമികയെ ഇല്ലാതാക്കാൻ എതിരാളികൾ ഉപയോഗിച്ച രഹസ്യ ഗണിതസമവാക്യങ്ങളിലൂടെ എത്തുന്നിടത്താണ് നോവലിന്റെ സസ്പെൻസ്. ജതിനും ജി കെയും അർപ്പിതയും ഭൂമികയും ആരായിരുന്നു എന്ന് തെളിയുന്നിടത്ത് പൊളിഞ്ഞു വീണ വിപ്ലവമുദ്രാവാക്യങ്ങൾക്കെതിരെ ജനാധിപത്യം എത്രത്തോളം ശക്തമാണ് എന്ന് കൂടി തെളിയുന്നു. അതാണീ നോവലിന്റെ വിജയം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.