DCBOOKS
Malayalam News Literature Website

ഡോ.പി.കെ.ശിവദാസ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ.പി.കെ.ശിവദാസ് (59)അന്തരിച്ചു. കരള്‍ രോഗത്തെതുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ചാലക്കുടി വൈദ്യുത ശ്മശാനത്തില്‍ നടക്കും.

ഒറ്റപ്പാലം സ്വദേശിയായ ഡോ.പി.കെ.ശിവദാസ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ആദ്യകാല പ്രവര്‍ത്തകരിലൊരാളായിരുന്നു. ദീര്‍ഘകാലം മാധ്യമപ്രവര്‍ത്തകനായിരുന്ന അദ്ദേഹം മലയാളത്തിലും ഇംഗ്ലീഷിലുമായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. രാമചന്ദ്ര ഗുഹയുടെ ഇന്ത്യ- ഗാന്ധിക്കു ശേഷം, ഡി സി കൊസാംബി ജീവിതവും ദര്‍ശനവും, മുസ്ലീങ്ങളും അംബേദ്കറും മിത്തും യാഥാര്‍ത്ഥ്യവും, അംബേദ്കര്‍ സമ്പൂര്‍ണ്ണ കൃതികള്‍, റോബിന്‍ ജെഫ്രിയുടെ ഇന്ത്യയിലെ പത്രവിപ്ലവം മുതലാളിത്തം ഭാഷാപത്രങ്ങള്‍, എ.പി.ജെ.അബ്ദുള്‍ കലാമിന്റെ വഴിവെളിച്ചങ്ങള്‍-ജീവിതലക്ഷത്തിലേക്കുള്ള സംഭാഷണം, റോമിലാ ഥാപ്പറിന്റെ ആദിമ ഇന്ത്യാചരിത്രം തുടങ്ങി നിരവധി പുസ്തകങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

ഭാരതീയ നൃത്തങ്ങള്‍, സ്‌പോര്‍ട്‌സ് എന്‍സൈക്ലോപീഡിയ, അങ്ങനെ കടലുണ്ടായി, സാഹസികയാത്രകള്‍, കളിയുടെ കാര്യം തുടങ്ങി നിരവധി കൃതികളും രചിച്ചിട്ടുണ്ട്. ദൂരദര്‍ശന്‍, സി-ഡിറ്റ് എന്നിവയ്ക്കു വേണ്ടി വാര്‍ത്താചിത്രങ്ങള്‍ക്ക് ഗവേഷണവും തിരക്കഥാരചനയും സംവിധാനവും നിര്‍വ്വഹിച്ചിട്ടുണ്ട്.

Comments are closed.