DCBOOKS
Malayalam News Literature Website

പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; ഇളയരാജയ്ക്കും, ഗുലാം മുസ്തഫ ഖാനും പത്മവിഭൂഷണ്‍

പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത അര്‍ഹനായി. രാജ്യത്തെ രണ്ടാമത്തെ വലിയ സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ പുരസ്‌കാരത്തിന് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനും സംഗീത സംവിധായകന്‍ ഇളയരാജ, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍ എന്നിവരും  അര്‍ഹരായി.

ക്രിസോസ്റ്റം തിരുമേനിയെക്കൂടാതെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണി, സ്‌നൂക്കര്‍ താരം പങ്കാജ് അദ്വാനി, ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ അരവിന്ദ് പരീഖ്, ആര്‍ക്കിയോളജിസ്റ്റ് രാമചന്ദ്രന്‍ നാഗസ്വാമി, ചിത്രകാരന്‍ ലക്ഷ്മണ്‍ പൈ എന്നിവരുള്‍പ്പെടെ ഒന്‍പതു പേര്‍ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹനായി. പത്മ പുരസ്‌കാരങ്ങള്‍ ലഭിച്ചവരില്‍ 16 പേര്‍ വിദേശികളും പ്രവാസികളുമാണ്. മരണാനന്തര ബഹുമതിയായി മൂന്നു പേര്‍ക്ക് പുരസ്‌കാരം സമ്മാനിക്കും.

സാന്ത്വന ചികില്‍സാരംഗത്തു നിന്നുള്ള ഡോ.എം.ആര്‍.രാജഗോപാല്‍, പാരമ്പര്യ വിഷ ചികില്‍സാമേഖലയില്‍ ‘വനമുത്തശ്ശി’ എന്നറിയപ്പെടുന്ന വിതുര സ്വദേശി ലക്ഷ്മിക്കുട്ടി എന്നീ മലയാളികള്‍ക്ക് ഉള്‍പ്പെടെയാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. മലയാളിയായ എയര്‍ മാര്‍ഷല്‍ ചന്ദ്രശേഖരന്‍ ഹരികുമാറിന് പരംവിശിഷ്ട സേവാമെഡല്‍ നല്‍കും. പശ്ചിമ വ്യോമ കമാന്‍ഡ് മേധാവിയാണ് ചന്ദ്രശേഖരന്‍ ഹരികുമാര്‍.

റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

1918 ഏപ്രില്‍ 27നാണ് ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ ജനനം. കോഴഞ്ചേരി ഹൈസ്‌ക്കൂളിലും ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് ഹൈസ്‌ക്കൂളിലും ആലുവ യുസി കോളജിലുമായി പഠനം. 1940ല്‍ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 1943ല്‍ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കല്‍ കോളജില്‍ വൈദിക പഠനം. 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വര്‍ഷം ജൂണ്‍ മൂന്നിനു വൈദികനുമായി. 1944ല്‍ ബെംഗളൂരു ഇടവക വികാരിയായി.1978 ല്‍ സഫ്രഗന്‍ മെത്രാപ്പൊലീത്ത. 1980ല്‍ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷന്‍. 1990ല്‍ റാന്നി– നിലയ്ക്കല്‍, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂര്‍– തുമ്പമണ്‍ ഭദ്രാസനാധ്യക്ഷന്‍. 1999 മാര്‍ച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്ത, 1999 ഒക്ടോബര്‍ 23ന് ഇരുപതാം മാര്‍ത്തോമ്മാ (മാര്‍ത്തോമ്മാ മെത്രാപ്പൊലീത്ത). 2007 ഒക്ടോബര്‍ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ് മാരാമണ്ണിലെ അരമനയിലേക്കു താമസം മാറ്റി.

 

Comments are closed.