DCBOOKS
Malayalam News Literature Website

മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍-പ്രായോഗിക മാര്‍ഗങ്ങള്‍

ഓര്‍മ്മശക്തി അല്ലെങ്കില്‍ ബുദ്ധിശക്തിയാണ് മനുഷ്യന്റെ തലച്ചോറിന്റെ പ്രധാനപ്പെട്ട കര്‍മ്മങ്ങളിലൊന്ന്. ഒരാളുടെ ബുദ്ധിശക്തി പല തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പ്രായോഗികമായി ബുദ്ധിശക്തി എങ്ങനെ വളര്‍ത്താം, ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാം എന്നതിനെക്കുറിച്ച് ആളുകള്‍ക്ക് വിശദമായ അറിവുകള്‍ പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെ ഡോ. അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസും അമ്മു എലിസബത്ത്‌ അലക്‌സാണ്ടറും ചേര്‍ന്ന് രചിച്ച പുസ്തകമാണ് ഡി.സി. ബുക്‌സ് പ്രസിദ്ധീകരിച്ച മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍.

മനുഷ്യന് ഒന്‍പത് തരത്തിലുള്ള ബുദ്ധിശക്തിയുണ്ട്. അതില്‍ ഓരോന്നും എങ്ങനെ പ്രവര്‍ത്തിക്കുന്നു, അവിടെ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍ എന്തൊക്കെയാണ് എന്ന് ഈ പുസ്തകത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വര്‍ദ്ധിപ്പിക്കുവാനുള്ള പ്രായോഗിക മാര്‍ഗങ്ങള്‍, ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്ന ആഹാരം-ഭക്ഷണ പദാര്‍ത്ഥങ്ങള്‍ എന്നിവയെ സംബന്ധിച്ച സമ്പൂര്‍ണ വിവരങ്ങള്‍, കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുവാന്‍ പരിശീലിക്കേണ്ട ശാസ്ത്രീയ രീതികളുടെ ലളിതമായ അവതരണം, പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് സ്‌കോര്‍ ചെയ്യുവാന്‍ ഏതു പ്രായത്തിലുള്ള വിദ്യാര്‍ത്ഥിക്കും പിന്തുടരാവുന്ന ടെക്‌നിക്കുകള്‍ തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് ഈ കൃതിയില്‍ വിശദമായി പ്രതിപാദിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും മാതാപിതാക്കള്‍ക്കും ഒരേപോലെ ഉപകാരപ്പെടുന്ന കൃതിയാണ് മറക്കാതിരിക്കാന്‍ ബുദ്ധിയുള്ളവരാകാന്‍.

1955 മെയ് 25ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണ്ണില്‍ സ്‌കൂള്‍ അധ്യാപകരായ പി.ടി. ജേക്കബിന്റെയും മറിയാമ്മ ജേക്കബിന്റെയും മകനായി അലക്‌സാണ്ടര്‍ ജേക്കബ് ജനിച്ചു. ഇന്തോ-ആംഗ്ലിയന്‍ ചരിത്ര നോവലുകളെക്കുറിച്ചുള്ള പഠനത്തിന് ഇംഗ്ലിഷ് സാഹിത്യത്തില്‍ പി.എച്ച്ഡി. നേടി. പത്രപ്രവര്‍ത്തകനായി ഔദ്യോഗികജീവിതം ആരംഭിച്ചു. തുടര്‍ന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായും അതിനുശേഷം മാര്‍ ഇവാനിയോസ് കോളജില്‍ അധ്യാപകനായും ജോലി ചെയ്തു. 1982-ല്‍ ഇന്ത്യന്‍ പോലീസ് സര്‍വ്വീസില്‍ പ്രവേശിച്ചു. കേരള പോലീസ് അക്കാദമി ഡയറക്ടറും പോലീസ് ട്രെയിനിങ് വിഭാഗം മേധാവിയുമായിരുന്നു. കേരള വനിതാ കമ്മീഷന്‍ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004-ല്‍ സ്തുത്യര്‍ഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡലും 2011-ല്‍ രാഷ്ട്രപതിയുടെ വിശിഷ്ടസേവാമെഡലും ലഭിച്ചു. ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ വ്യത്യസ്തരാകാന്‍ എന്ന കൃതി ഡി.സി ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

മനശാസ്ത്രത്തില്‍ ബിരുദവും ക്ലിനിക്കല്‍ സൈക്കോളജി ഐച്ഛികമായി അപ്ലൈഡ് സൈക്കോളജിയില്‍ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട് അമ്മു എലിസബത്ത് അലക്‌സാണ്ടര്‍. തുടര്‍ന്ന് റിഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ ഒന്നാം റാങ്കോടെ എംഫില്‍ ബിരുദം കരസ്ഥമാക്കി. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കും കൗണ്‍സിലിങ് നല്‍കുന്നതില്‍ വിദഗ്ധ മേല്‍നോട്ടത്തില്‍ പരിശീലനം നേടിയിട്ടുണ്ട്. ഏര്‍ലി ചൈല്‍ഡ്ഹുഡ് കെയര്‍ ആന്‍ഡ് എഡ്യൂക്കേഷനില്‍ ഡിപ്ലോമയും കൗണ്‍സിലിങ് ആന്‍ഡ് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന വിഷയത്തില്‍ ഹ്രസ്വകാല കോഴ്‌സും പൂര്‍ത്തിയാക്കി. ദേശീയ ഗവേഷണ ജേര്‍ണലുകളില്‍ മനഃശാസ്ത്ര സംബന്ധിയായ പ്രബന്ധങ്ങള്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.

Comments are closed.