DCBOOKS
Malayalam News Literature Website

‘ചക്ക’ ഇനി വെറും ചക്കയല്ല;’കേരളത്തിന്റെ ‘ഔദ്യോഗിക ഫലം’

പോഷകസമൃദ്ധവും ഏറെരുചിവൈവിധ്യവുമുള്ള ചക്കയെ ഔദ്യോഗിക ഫലമായി പ്രഖ്യാപിക്കാനൊരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാര്‍.  സംസ്ഥാന മൃഗത്തിനും പക്ഷിക്കും പൂവിനും മീനിനും പിന്നാലെയാണ് സംസ്ഥാന ഫലം എന്ന പ്രഖ്യാപനമുണ്ടാകുന്നത്. ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക പ്രഖ്യാപനം മാര്‍ച്ച് 21നു നടക്കും. ഇതിനു മുന്നോടിയായി നിയമസഭയിലും പ്രഖ്യാപനമുണ്ടാകും.കാര്‍ഷിക വകുപ്പാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിച്ചത്. രാജ്യാന്തര തലത്തിലും ദേശീയ തലത്തിലും ‘കേരളത്തില്‍ നിന്നുള്ള ചക്ക’ എന്ന ബ്രാന്‍ഡായി അവതരിപ്പിക്കുന്നതിനു മുന്നോടിയായിക്കൂടിയാണ് ഈ ഔദ്യോഗിക ‘ഫല’പ്രഖ്യാപനം. ചക്കയുടെ ഉല്‍പാദനവും വില്‍പനയും കൂട്ടാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സംസ്ഥാന ഫലമായി പ്രഖ്യാപിക്കുന്നതെന്ന് കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു.

ചക്കയെ പ്രത്യേക ബ്രാന്‍ഡാക്കുന്നതിലൂടെ 15,000 കോടി രൂപയുടെ വരുമാനമാണു പ്രതീക്ഷിക്കുന്നത്. ചക്കയില്‍ നിന്നും അതിന്റെ അനുബന്ധ ഉല്‍പന്നങ്ങളില്‍ നിന്നുമായിരിക്കും ഈ വരുമാനമുണ്ടാക്കുക. ചക്ക സംസ്ഥാനത്തു വന്‍തോതില്‍ ഉണ്ടെങ്കിലും അതിന്റെ ഗുണം പൂര്‍ണമായും ഇതുവരെ ഉപയോഗപ്പെടുത്താനായിട്ടില്ല. പല തരത്തില്‍പ്പെട്ട കോടിക്കണക്കിനു ചക്കകളാണു പ്രതിവര്‍ഷം കേരളത്തില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതെന്നും സുനില്‍കുമാര്‍ ചൂണ്ടിക്കാട്ടി. കീടനാശിനി പ്രയോഗമില്ലാതെ ഉല്‍പാദിപ്പിക്കുന്ന അപൂര്‍വം ഫലവര്‍ഗങ്ങളിലൊന്നാണ് ചക്ക. യാതൊരു വിധ വളപ്രയോഗങ്ങളും കാര്യമായി വേണ്ടി വരാറില്ല. ഗ്രാമങ്ങളില്‍ പ്രത്യേക പരിചരണമൊന്നുമില്ലാതെ വളരും. അതിനാല്‍ത്തന്നെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിലെ ചക്ക ഏറെ ജൈവഗുണങ്ങളുള്ളതാണെന്നും വിഷമുക്തമാണെന്നും സുനില്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

പ്രതിവര്‍ഷം 32 കോടി ചക്ക ഉല്‍പ്പാദിപ്പിക്കപ്പെടുന്ന കേരളത്തില്‍ അതിന്റെ 30% നശിച്ചു പോകുന്നുവെന്നാണു കണക്കുകള്‍. എന്നാല്‍ ചക്ക ഔദ്യോഗിക ഫലമാക്കുന്നതിലൂടെ സംസ്ഥാനത്ത് പ്ലാവ് നടീലും വര്‍ധിക്കുമെന്നാണു പ്രതീക്ഷ. പ്ലാവ് കൃഷി വികസിപ്പിക്കുന്നതിനു പരമാവധി പേര്‍ക്ക് തൈവിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു. ചക്ക ഗവേഷണത്തിനായി അമ്പലവയലില്‍ കൃഷിവകുപ്പിന്റെ റിസര്‍ച് സെന്റര്‍ ആരംഭിച്ചു കഴിഞ്ഞു.

കേരളത്തിലാകട്ടെ എല്ലാ വര്‍ഷവും സര്‍ക്കാര്‍ തലത്തില്‍ ചക്ക മഹോത്സവവും നടത്താറുണ്ട്. പഴങ്ങളില്‍ വച്ചു ഏറ്റവും വലുതായ ചക്ക ഏറെ പോഷകസമൃദ്ധമാണ്. പ്രോട്ടീന്‍ സംപുഷ്ടമായ ചക്കയില്‍ ജീവകങ്ങളും കാല്‍സ്യം, അയണ്‍, പൊട്ടാസ്യം തുടങ്ങിയവയും ഉണ്ട്. ചക്കയുടെ എല്ലാ ഭാഗങ്ങളും ഏറെ ഉപയുക്തമാണ്. ചക്കമടല്‍, ചക്കച്ചുള, ചക്കചകിണി, ചക്കക്കുരു ഏതു ഭാഗമെടുത്താലും ഏറെ രുചികരവും ആദായകരവുമായ വിഭവങ്ങള്‍ ഉണ്ടാക്കാം. ചക്ക വിഭവങ്ങളെ പരിചയപ്പെടുത്തുന്ന ചക്കവിഭവങ്ങള്‍ എന്ന ഒരു പാചക പുസ്തകം തന്നെ ഇറങ്ങിയിട്ടുണ്ട്.

Comments are closed.