DCBOOKS
Malayalam News Literature Website

നിറഞ്ഞ സദസ്സില്‍ ആരാധകരെ ത്രസിപ്പിച്ച് ചേതന്‍ ഭഗത്

ജനപ്രിയ എഴുത്തിന്റെ ഇന്ത്യന്‍ മുഖമായ ചേതന്‍ ഭഗത്തായിരുന്നു കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാം ദിനത്തിലെ പ്രധാന ആകര്‍ഷണം. യുവജനങ്ങളുടെ പ്രിയ എഴുത്തുകാരനെ നിറഞ്ഞ കൈയടികളോടെയാണ് സഹൃദര്‍ സ്വാഗതം ചെയ്തത്.കേരളത്തില്‍ നടക്കുന്ന സാഹിത്യോത്സവങ്ങളൊന്നിലും പങ്കെടുക്കാന്‍ സാധിക്കാത്തതിനാല്‍ ഉള്ള വിഷമം പങ്കുവെച്ച ചേതന്‍ അടിമുടി മലയാളി വേഷത്തിലാണ് കോഴിക്കോട് കെ.എല്‍.എഫ് വേദിയിലെത്തിയത്. ഷൈന്‍ ആന്റണിയായിരുന്നു ചേതന്‍ ഭഗത്തുമായി അഭിമുഖസംഭാഷണം നടത്തിയത്.

തന്റെ എഴുത്തിനെ കുറിച്ചും രചനാരീതിയെക്കുറിച്ചും വിശദീകരിച്ച ചേതന്‍ നിരന്തരമായ പ്രയത്നത്തിലൂടെയാണ് ഈ മേഖലയിലേക്ക് കടന്നുവന്നതെന്ന് വ്യക്തമാക്കി. ജോലി ഉപേക്ഷിച്ച് മുഴുവന്‍ സമയ എഴുത്തിലേക്ക് തിരിഞ്ഞെങ്കിലും ഏറ്റവും കൂടുതല്‍ പ്രയാസമുള്ള ജോലികളില്‍ ഒന്നാണ് എഴുത്ത് എന്ന് ചേതന്‍ ഭഗത് അഭിപ്രായപ്പെട്ടു.

നിറഞ്ഞുകവിഞ്ഞ സദസ്സില്‍ ചേതന്‍ ഭഗത്തിന്റെ ഏറ്റവും പുതിയ നോവലായ ഗേള്‍ ഇന്‍ റൂം 105-ന്റെ മലയാളം പരിഭാഷയും പ്രകാശനം ചെയ്തു.ഹിന്ദു-മുസ്‌ലിം പ്രണയത്തിന്റെ കഥ പറയുന്ന രചന പ്രണയമില്ലാത്ത പുസ്തകം എന്ന പ്രയോഗത്തോടെയാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പ്രണയമാണ് എല്ലാ രചനകളുടെയും ആത്യന്തികമായ ആശയം എന്നിരിക്കെ ചേതന്റെ ഈ രചനയിലും പ്രണയത്തിന്റെ സാന്നിദ്ധ്യം പ്രാധാന്യമര്‍ഹിക്കുന്നു.

Comments are closed.