കുഞ്ഞുണ്ണി മാഷിൻറെ കുഞ്ഞുണ്ണി കവിതകൾ

kunjunni

കുഞ്ഞുണ്ണിക്കൊരു മോഹം
എന്നും കുഞ്ഞായിട്ടു രമിക്കാന്‍
കുഞ്ഞുങ്ങള്‍ക്കു രസിച്ചീടുന്നൊരു
കവിയായിട്ടു മരിക്കാന്‍.

മൗനത്തിൽ നിന്ന് മനുഷ്യന്റെ ശബ്ദം കടഞ്ഞെടുത്ത കവിയാണ് കുഞ്ഞുണ്ണി മാഷ്. അത് ഇന്ദ്രജാലമാണ്. വിനയപൂർവ്വമായ ധിക്കാരമാണ്.ആ ത്രികാലജ്ഞാനിയായ കുഞ്ഞുണ്ണി കവി വാക്കുകളെ കത്തിച്ച് വെട്ടമുണ്ടാക്കുന്നു. വെട്ടമുരുട്ടിയെടുത്ത് ഇരുട്ടത്തിടുന്നു. ഇരുട്ടുരുട്ടിയെടുത്ത് വെട്ടത്തിടുന്നു. വിരുദ്ധോക്തിയുടെ കല ആവിഷ്കരിക്കുന്നുന്ന കടങ്കഥയിലൂടെ , പഴഞ്ചൊല്ലിലൂടെ , നാടൻ പാട്ടിലൂടെ , കുഞ്ഞുണ്ണിക്കവിതയുടെ മനസ്സ് ദ്രാവിഡത്തനിമയെ പുണർന്നു കിടക്കുന്നു. വാക്കുകളെ വഴിയാധാരമാക്കാതെ അക്ഷരത്തെ ഉപാസിക്കുന്ന കുഞ്ഞുണ്ണിമാഷിന്റെ  വിശുദ്ധമായ മനസാണ് കുഞ്ഞുണ്ണിക്കവിതകൾ.

മലയാള കവിതയില്‍ ഹ്രസ്വവും ചടുലവുമായ ഒരു ശൈലി അവതരിപ്പിച്ച കവിkunjunni-kkavithakalയാണ് കുഞ്ഞുണ്ണി മാഷ്. അലങ്കാരസമൃദ്ധമായ കാവ്യശൈലിയില്‍ നിന്ന് മാറി ഋജുവും കാര്യമാത്ര പ്രസക്തവുമായ കവിതാരീതിയാണ് ഇദ്ദേഹം അവതരിപ്പിച്ചത്. ദാര്‍ശനികമായ ചായ്‌വ് പ്രകടമാക്കുന്ന, ഉപഹാസപരതയും ആത്മവിമര്‍ശനവും ചേര്‍ന്ന കവിതകള്‍ മുതിര്‍ന്നവരെയും കുട്ടികളെയും ഒരുപോലെ ആകര്‍ഷിച്ചു.

ഈരടികള്‍ മുതല്‍ നാലുവരികള്‍ വരെയുള്ളവയാണ് കുഞ്ഞുണ്ണിക്കവിതകളില്‍ ഏറെയും. രൂപപരമായ ഹ്രസ്വതയെ മുന്‍ നിറുത്തി ജപ്പാനിലെ ഹൈക്കു കവിതകളോട് കുഞ്ഞുണ്ണിക്കവിതകളെ സാദൃശ്യപ്പെടുത്താറുണ്ട്. ഭാഷാശുദ്ധി കുഞ്ഞുണ്ണി മാഷുടെ പ്രധാനപ്പെട്ട പരിഗണനയായിരുന്നു. എങ്ങനെ ലളിതവും വ്യക്തവുമായ ഭാഷയില്‍ എഴുതാം എന്നു വ്യക്തമാക്കുന്ന മാഷുടെ കുറിപ്പുകള്‍ കുട്ടികൃഷ്ണമാരാരുടെ മലയാള ശൈലിയോട് ചേര്‍ത്തു വെക്കാവുന്നവയാണ്. പഴഞ്ചാല്ലുകള്‍, കടങ്കഥകള്‍ എന്നിവയില്‍ പ്രകടമാകുന്ന ഭാഷാസ്വരൂപവും കാവ്യഭാവനയും അദ്ദേഹം എടുത്തുകാട്ടി.

കുഞ്ഞുണ്ണി കവിതകൾ ഓരോന്നും വെളിപാടാണ് ഭാഷയെ വഞ്ചിക്കാതെ വാക്കുകളെ ശ്വാസം മുട്ടിക്കാതെ തോറ്റിയെടുത്ത പ്രണവസ്വരൂപമാണ് കുഞ്ഞുണ്ണിയുടെ കാവ്യലോകം.കുഞ്ഞുണ്ണിക്കവിതകളുടെ ആദ്യ പതിപ്പ് പ്രകാശിപ്പിച്ചത്‌ കോഴിക്കോട് പ്രതിഭാ ബുക്സ് ആണ്. കുറേകൂടി കവിതകൾ ചേർത്ത് 1987 ജൂലൈ മുതൽ കറന്റ് ബുക്‌സ് പ്രസിദ്ധീകരിച്ചു. ഇത് പുസ്തകത്തിന്റെ ആറാം ഡി സി പതിപ്പാണ്.കുഞ്ഞുണ്ണി മാഷ് വരച്ച രണ്ടു ചിത്രങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Categories: Editors' Picks, LITERATURE