DCBOOKS
Malayalam News Literature Website

മാര്‍ ക്രിസോസ്റ്റത്തിന്റെ ആത്മകഥ

മലയാളിക്ക് സുപരിചിതനാണ് ക്രിസോസ്റ്റം തിരുമേനി എന്ന ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത. ചിരിയും ചിന്തയും സമന്വയിക്കുന്ന അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ഏതെങ്കിലും മതത്തിന്റെയുള്ളില്‍ ഒതുങ്ങിനില്‍ക്കുന്നതല്ല. ജാതിമതഭേദമന്യേ തന്റെ ചുറ്റുമുള്ള ജനങ്ങളുടെ നടുവില്‍ ഒരാളായി, ഏതു സമസ്യക്കും തന്റേതായ ശൈലിയിലുള്ള ഉത്തരവുമായി അദ്ദേഹമുണ്ട്.

സന്ന്യാസം എന്ന പദത്തിന്റെ ആഴവും പരപ്പും നാം മനസ്സിലാക്കുന്നത് ക്രിസോസ്റ്റം തിരുമേനിയെപ്പോലെയുള്ള അപൂര്‍വം വ്യക്തിത്വങ്ങളുടെ ജീവിതത്തെ അടുത്തറിയുമ്പോഴാണ്. ദുരിതമനുഭവിക്കുന്നവനോടു കാണിക്കുന്ന കരുണയാണ് യഥാര്‍ഥ ഈശ്വരപ്രാര്‍ഥന എന്ന് കര്‍മ്മം കൊണ്ട് അദ്ദേഹം കാണിച്ചുതരുന്നു. നര്‍മ്മം പൊതിഞ്ഞ അദ്ദേഹത്തിന്റെ വാക്കുകളിലും വിമര്‍ശനങ്ങളിലും ചിന്തയുടെ മഹാസാഗരമൊളിഞ്ഞിരിക്കുന്നു. ആ യോഗിവര്യന്റെ ജീവിതമാണ് ആത്മകഥ: ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം എന്ന ആത്മകഥയിലൂടെ അടയാളപ്പെടുത്തുന്നത്. ഇതൊരു ആത്മകഥ മാത്രമല്ല, ക്രിസോസ്റ്റം എന്ന വലിയ എളിയ മനുഷ്യന്റെ കര്‍മ്മപഥവും ജീവിതവീക്ഷണങ്ങളും ചിന്താധാരകളും എന്നെന്നേക്കുമായി ഇവിടെ അടയാളപ്പെടുത്തുകായണ്.

”കുഞ്ചന്‍ നമ്പ്യാര്‍ക്കും ഇ.വി കൃഷ്ണപിള്ളയ്ക്കും ശേഷം മലയാളികളെ ഏറ്റവും അധികം ചിരിപ്പിച്ച വ്യക്തി എന്ന നിലയിലാണ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത അറിയപ്പെടുന്നതെങ്കിലും ആ ശ്രേഷ്ഠ വ്യക്തിത്വത്തിന്റെ ബഹുമുഖഭാവം അടുത്തറിയുന്നവര്‍ക്കും വായിച്ചറിയുന്നവര്‍ക്കും അപരിചിതമല്ല. ക്രിസോസ്റ്റം തിരുമേനിയുടെ ജീവിതവിശേഷങ്ങളെക്കാള്‍ ജീവിത വീക്ഷണങ്ങളിലേക്ക് വീശുന്ന വെളിച്ചമാണ് ഈ കൃതിയെശ്രദ്ധേയമാക്കുന്നത് ”എന്ന് ഡി ബാബുപോള്‍ അവതാരികയില്‍ രേഖപ്പെടുത്തുന്നു.

കേരളത്തിന്റെ സാംസ്‌കാരികരംഗത്ത് സജീവസാന്നിദ്ധ്യമായ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്തയുടെ 97-ാം ജന്മദിനത്തോടനുബന്ധിച്ചാണ് 2015ലാണ് അദ്ദേഹത്തിന്റെ ആത്മകഥ പ്രകാശിപ്പിച്ചത്. ഇന്ന് ഈ പുസ്തകത്തിന്റെ 7-ാമത് പതിപ്പ് പുറത്തിറക്കി. പത്മഭൂഷണ്‍ പുരസ്‌കാര നിറവിലാണിപ്പോള്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത.

 

Comments are closed.