DCBOOKS
Malayalam News Literature Website

വിശുദ്ധപാപങ്ങളുടെ ഇന്ത്യ

ആചാരങ്ങളുടെ പേരില്‍ ലൈംഗികത്തൊഴിലില്‍ എത്തപ്പെട്ട പെണ്‍ ജീവിതങ്ങളിലൂടെയുള്ള യാത്രയാണ് പത്രപ്രവര്‍ത്തകനായ അരുണ്‍ എഴുത്തച്ഛന്റെ വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. കര്‍ണ്ണാടകയിലെ യെല്ലമ്മാള്‍ എന്ന ക്ഷേത്രങ്ങളില്‍ ഒരു കാലത്ത് ദേവദാസിയാക്കപ്പെട്ട പെണ്‍കുട്ടികള്‍ പിന്നീട് ലൈംഗികത്തൊഴിലില്‍ എത്തപ്പെടുന്നതും ആചാരങ്ങളുടെ പേരില്‍ ഇന്ത്യയുടെ മറ്റുഭാഗങ്ങളിലും സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങളുമെല്ലാം പ്രതിപാദിക്കുന്നതാണ് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ. സോനാച്ചി, മുംബൈയിലെ കാമാത്തിപുരം എന്നിവിടങ്ങളിലെല്ലാം സ്ത്രീകലുമായി നടത്തിയ സംഭാഷണങ്ങളും പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

2014ല്‍ സുപ്രീംകേടതി ഇടപെട്ട് നിരോധിച്ച ദേവദാസി സമ്പ്രദായവും, ഡാന്‍സ് ബാറുകളും ഇപ്പോഴും നിയമവിരുദ്ധമായി നക്കുന്നുണ്ടെന്നുള്ള സത്യവും ഈ പുസ്തകത്തില്‍ നിന്നുവായിച്ചെടുക്കാം. എട്ടുവര്‍ഷത്തോളം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് ദേവദാസികളെയും ലൈംഗികതൊഴിലാളികളെയും നേരില്‍ കണ്ട് തയ്യാറാക്കിയതാണ് ഈ പുസ്തകം. നര്‍ത്തകികളൊഴിഞ്ഞ മംഗലാപുരം, ഉച്ചംഗിമലയിലെ കറുത്ത പൗര്‍ണ്ണമികള്‍ തുടങ്ങി അവസാനിക്കുന്നില്ല അന്വേഷണങ്ങള്‍ എന്നിങ്ങനെ 15 ഭാഗങ്ങളിലായി അരുണ്‍ തന്റെ യാത്രാനുഭവങ്ങള്‍ കുറിച്ചിടുന്നത്.

ചുവന്നതെരുവുകളിലേക്ക് എത്തപ്പെടുന്ന സ്ത്രീകളെക്കുറിച്ച് ഒരു ഞായറാഴ്ച സപ്ലിമെന്ററിയില്‍ ഫീച്ചര്‍ തയ്യാറാക്കാന്‍ തീരുമാനിക്കുന്നതിലൂടെയാണ് സ്ത്രീജീവിതങ്ങളുടെ കാണാപ്പുറങ്ങളിലേക്ക് അരുണ്‍ എഴുത്തച്ഛന്‍ എത്തിച്ചേര്‍ന്നത്. അതിനായി മംഗലാപുരത്തുനിന്നും തുടങ്ങിയ യാത്ര പക്ഷേ അവസാനിച്ചത് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പുസ്തകത്തിലാണ്. അവിടെ കണ്ടതും കേട്ടതും അറിഞ്ഞതുമായ വിവരങ്ങള്‍ വെറുമൊരു ഫീച്ചറില്‍ മാത്രം ഒതുങ്ങുന്നതല്ലായിരുന്നു. അതിനാലാണ് ഇത്തരമൊരു പുസ്തകത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. മാത്രമല്ല, ഒരു പുസ്തകത്തിലും ഒതുക്കാവുന്നതല്ല അവിടെക്കണ്ട സ്ത്രീ ജീവിതങ്ങളുടെ അനുഭവമെന്നും അതൊരു തുടര്‍ക്കഥപോലെ നീണ്ടു കിടക്കുന്നു വെന്നും അരുണ്‍ എഴുത്തച്ഛന്‍ ഓര്‍മ്മിപ്പിക്കുന്നു.

‘പെണ്‍ ഭ്രൂണഹത്യ നിയമം മൂലം നിരോധിക്കപ്പെട്ടിട്ടും എത്രയോ പെണ്‍കുരുന്നുകള്‍ ഇന്നും ഭൂമി കാണാതെ ഒടുങ്ങുന്നുണ്ട്, പിറന്ന് വീഴുന്ന പെണ്ണുങ്ങളുടെ ദുരിതം കാണുമ്പോള്‍ അങ്ങിനെ ജനിക്കപ്പെടാതെ ഒടുങ്ങിയവര്‍ ഭാഗ്യവതികള്‍ എന്ന് സമ്മതിക്കേണ്ടി വരുന്നു. ‘പുസ്തകത്തിലെ ഈ അവസാന കുറിപ്പുകള്‍ കുറച്ചൊന്നുമല്ല വായനക്കാരനെ അലട്ടുന്നത്. ഇതില്‍ എഴുത്തുകാരന്‍ സഞ്ചരിച്ച വഴികളിലൂടെ ഒപ്പം സഞ്ചരിക്കുന്ന ഓരോ വായനക്കാരനും ഒട്ടനവധി പ്രാവശ്യം മനസില്‍ തോന്നുന്ന ഒരു സത്യം മാത്രമാണ്. പുസ്തകത്തെ അവലംബിച്ച് വിശുദ്ധ പാപങ്ങളുടെ ഇന്ത്യ എന്ന പേരില്‍ തന്നെ ഒരു ഡോക്യുമെന്ററിയും അരുണ്‍ തയ്യാറാക്കിയിട്ടുണ്ട്. ഡി സി ബുക്‌സ് ലിറ്റ്മസ് ഇംപ്രിന്റിലാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. പുസ്തകത്തിന്റെ 5-ാമത് പതിപ്പ് പുറത്തിറങ്ങി.

 

 

Comments are closed.